| Monday, 10th August 2020, 11:14 pm

'ഇപ്പോള്‍ ഗെലോട്ടിനും പൈലറ്റിനും സന്തോഷമായിക്കാണും': കെ.സി വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനായി മൂന്നംഗ സമിതി നിയോഗിച്ചതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍.

ഇപ്പോള്‍ ഗെലോട്ടിനും സച്ചിന്‍ പൈലറ്റിനും സന്തോഷമായിക്കാണും- എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഈ തീരുമാനമെടുത്തത് ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ ജനാധിപത്യ നയങ്ങള്‍ക്കെതിരെയുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

‘പൈലറ്റ് ഇപ്പോള്‍ സന്തോഷവാനാണ്. മുഖ്യമന്ത്രിയായ ഗെലോട്ടും സന്തുഷ്ടനാണ്. ബി.ജെ.പിക്കെതിരെയുള്ള ഒരു തിരിച്ചടിയാണ് ഇത്.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വീഴ്ത്താന്‍ കുതിരകച്ചവടം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരാണ് ബി.ജെ.പി പാര്‍ട്ടിയിലുള്ളത്. ആ പാര്‍ട്ടിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കും തെറ്റായ നിലപാടുകള്‍ക്കും എതിരെയുള്ള സന്ദേശമാകുമിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് വിരാമമാകുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സച്ചിന്‍ പൈലറ്റിനൊപ്പം പുറത്താക്കിയ വിമത എം.എല്‍.എമാരെ തിരിച്ചെടുത്തേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയ എം.എല്‍.എമാര്‍ക്ക് തിരികെ മന്ത്രിസ്ഥാനം നല്‍കും. പെട്ടെന്ന് തന്നെ ഇതില്‍ തീരുമാനമുണ്ടായേക്കില്ലെങ്കിലും മന്ത്രിസഭാ പുനസംഘാടനം ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ വിമത നേതാവ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രി അശോക് ഗെലോട്ടും പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രിയങ്കയും രാഹുലും സമ്മതിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പൈലറ്റ് ക്യാമ്പിന്റെ ആവലാതികള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് ഒരു പാര്‍ട്ടി പാനലിനെ ഉത്തരവാദിത്തപ്പെടുത്തിയിട്ടുണ്ട്.

രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയെ ഹൃദയങ്ങളുടെ കൂടിക്കാഴ്ചയെന്നാണ് പൈലറ്റ് ക്യാമ്പ് വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി പൈലറ്റ് ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുഭവത്തിന് നേര്‍ വിപരീതമാണിത്.

കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് പ്രിയങ്ക ഗാന്ധിയുമായി പൈലറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നെന്നാണ് വിവരം. പൈലറ്റിനെയും വിമത എം.എല്‍.എമാരെയും അനുനയിപ്പിച്ച് കൂടെ നിര്‍ത്തണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:kc venugopal response  on asok gehlot sachin pilot issue

We use cookies to give you the best possible experience. Learn more