ഗെലോട്ടിന്റെ നേതാവ് വന്ധുര രാജെ; സോണിയ അല്ല; വിമര്‍ശനവുമായി സച്ചിന്‍ പൈലറ്റ്
national news
ഗെലോട്ടിന്റെ നേതാവ് വന്ധുര രാജെ; സോണിയ അല്ല; വിമര്‍ശനവുമായി സച്ചിന്‍ പൈലറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th May 2023, 3:17 pm

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രതിസന്ധി കാലത്ത് സര്‍ക്കാരിനെ രക്ഷിച്ചത് ബി.ജെ.പി നേതാവ് വസുന്ധര രാജെയാണെന്ന അശോക് ഗെലോട്ടിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ഗെലോട്ടിന്റെ നേതാവ് വസുന്ധര രാജെയാണെന്നും സോണിയ അല്ലെന്നും പത്രസമ്മേളനത്തില്‍ സച്ചിന്‍ വിമര്‍ശിച്ചു.

‘ ഗെലോട്ടിന്റെ പ്രസംഗം കേട്ടിട്ട് അവരുടെ നേതാവ് വസുന്ധര രാജെ ആണെന്നാണ് തോന്നുന്നത്, സോണിയ അല്ല’, സച്ചിന്‍ പറഞ്ഞു.

2020ല്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി കാലത്ത് തന്റെ സര്‍ക്കാരിനെ രക്ഷിക്കാന്‍ വസുന്ധര രാജെയും ബി.ജെ.പി നേതാക്കളായ ശോഭ റാണിയും കൈലാഷ് മേഘ്വാളും തന്നെ സഹായിച്ചതായി രാജസ്ഥാനിലെ ദോല്‍പുരില്‍ വെച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ ഗെലോട്ട് പറഞ്ഞിരുന്നു.

2020ല്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള 18 എം.എല്‍.എമാര്‍ ഗെലോട്ടിനെതിരെ രംഗത്ത് വന്നിരുന്നു. ഈ പ്രതിസന്ധി ഒരു മാസത്തോളം നീണ്ടുനില്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് കേന്ദ്ര നേതാക്കള്‍ ഇടപെട്ട് സച്ചിന്‍ പൈലറ്റിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയതോടെയായിരുന്നു പാര്‍ട്ടിയിലെ പ്രതിസന്ധി ഒത്തുതീര്‍പ്പായത്.

അതേസമയം, അഴിമതിയുയര്‍ത്തി കാട്ടി മെയ് 11 മുതല്‍ അഞ്ച് ദിവസത്തേക്ക് അജ്മീര്‍ മുതല്‍ ജയ്പൂര്‍ വരെ ‘ജന്‍ സംഘര്‍ഷ് യാത്ര’ നടത്തുമെന്നും ഗെലോട്ട് പറഞ്ഞു. യാത്ര ആര്‍ക്കും എതിരല്ലെന്നും അഴിമതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ചില ആളുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ അവരെ ഞങ്ങള്‍ ഒരിക്കലും വിജയിക്കാന്‍ അനുവദിക്കില്ല. വസുന്ധര രാജെ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ എന്ത് കൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് അശോക് ഗെലോട്ടിന്റെ പ്രസംഗം കേട്ടതിന് ശേഷം മനസിലായെന്നും സച്ചിന്‍ പറഞ്ഞു.

ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി സാധ്യതകള്‍ ഉപേക്ഷിച്ച കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

Contenthighlight: Sachin pilot against ashok gehlot