| Sunday, 9th April 2023, 2:06 pm

ഗെഹ്‌ലോട്ടിനെതിരെ പടനയിച്ച് പൈലറ്റ്; കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ പ്രതിഷേധ സൂചകമായി ഏകദിന നിരാഹാര സമരം നടത്താനൊരുങ്ങി കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന സച്ചിന്‍ പൈലറ്റ്. രാജസ്ഥാന്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന പൈലറ്റിന്റെ സ്വന്തം സര്‍ക്കാരിനെതിരെയുള്ള സമരം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മുന്‍ ബി.ജെ.പി മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ ഗെഹ്‌ലോട്ട് സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞതായി.

ബി.ജെ.പി അധികാരത്തിലിരുന്ന കാലത്ത് തങ്ങള്‍ ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ഗെഹ്‌ലോട്ട് സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ലെന്നാണ് പൈലറ്റിന്റെ ആരോപണം. പ്രതിഷേധ സൂചകമായി ഏപ്രില്‍ 11ന് നിരാഹാര സമരം നടത്തുമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

2018ല്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് അന്നത്തെ മുഖ്യമന്ത്രി വസുന്ധര രാജക്ക് നേരെ നടത്തിയ ആരോപണങ്ങളില്‍ നടപടിയെടുക്കാന്‍ ഗെഹ്‌ലോട്ട് സര്‍ക്കാരിനായില്ലെന്ന് സച്ചിന്‍ പൈലറ്റ് ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് കൊണ്ട് താന്‍ നല്‍കിയ കത്തുകള്‍ക്കൊന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അധികാരത്തില്‍ കയറുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വസുന്ധരാ രാജ സിന്ധ്യയുടെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഞങ്ങള്‍ ഒരുമിച്ചാണ് ആരോപണം ഉന്നയിച്ചത്. അന്നത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ഞാനും അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഞാന്‍ പ്രതികാര രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ആളല്ല. പക്ഷെ പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഞങ്ങള്‍ക്ക് വ്യക്തതയുണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ അധികാരത്തിലെത്തിയത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി ബി.ജെ.പിക്കെതിരെ ഞങ്ങളുയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗെഹ് ലോട്ട് ജിയോട് ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയിട്ട്. വാക്ക് പറഞ്ഞാല്‍ പാലിക്കുന്നവരാണ് കോണ്‍ഗ്രസെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത നമുക്കുണ്ട്.

2022 മാര്‍ച്ച് 28നാണ് ഞാന്‍ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഞാന്‍ സര്‍ക്കാരിന് കത്തയക്കുന്നത്. പിന്നീട് നവംബറിലും ഞാന്‍ കത്തയച്ചിട്ടുണ്ട്. പക്ഷെ മറുപടി തരാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ജനങ്ങള്‍ നമ്മളെ വിശ്വസിച്ചത് കൊണ്ടാണ് 21 സീറ്റില്‍ നിന്നും 100 സീറ്റിലേക്കെത്താന്‍ നമുക്കായത്,’ സച്ചിന്‍ പൈലറ്റ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന രണ്ട് നേതാക്കളെന്ന നിലയില്‍ ഗെഹ്‌ലോട്ടിനും സച്ചിന്‍ പൈലറ്റിനുമിടയില്‍ നടക്കുന്ന പ്രതിസന്ധി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പുറത്ത് വന്ന ഭിന്നതകള്‍ ദേശീയ നേതൃത്വം ഇടപെട്ട് പരിഹരിച്ചെങ്ങിലും പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന സൂചനകളാണിതെന്നാണ് വിലയിരുത്തുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: sachin pilot against ashok gehlot

We use cookies to give you the best possible experience. Learn more