national news
'ബി.ജെ.പി. തങ്ങളുടെ റിപ്പോർട്ട് കാർഡ് ജനങ്ങളിൽ നിന്നും മറയ്ക്കുന്നു': സച്ചിൻ പൈലറ്റ്
ജയ്പൂർ: ബി.ജെ.പി, രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങളായ തൊഴിലില്ലായ്മയെക്കുറിച്ചും, കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സംസാരിക്കാൻ മടി കാണിക്കുന്നുവെന്ന് വിമർശനവുമായി രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. കേന്ദ്രസർക്കാരിന്റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ കാണിക്കുന്ന റിപ്പോർട്ട് കാർഡും ജനങ്ങൾക്ക് മുൻപിൽ വെളിവാക്കാൻ ബി.ജെ.പി. തയ്യാറാകുന്നില്ലെന്നും പൈലറ്റ് കുറ്റപ്പെടുത്തി.
‘മികച്ചൊരു പ്രചാരണമാണ് കോൺഗ്രസ് നടത്തിയത്. നിക്ഷേപങ്ങൾ , കർഷകരുടെ പ്രശ്നങ്ങൾ, തൊഴിൽ എന്നീ വിഷയങ്ങളിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബി.ജെ.പിയാണെങ്കിൽ, ഇത്തരം കാര്യങ്ങളെക്കുറിച്ച് യാതൊന്നും മിണ്ടുന്നുമില്ല. കർഷകരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും മോദിയും ബി.ജെ.പിക്കാരും ഒന്നും മിണ്ടുന്നില്ല.’ സച്ചിൻ പൈലറ്റ് പറഞ്ഞു.
അഞ്ച് വർഷക്കാലം രാജസ്ഥാൻ ഭരിച്ചിട്ടും അവിടെ എത്ര വിമാനത്താവളങ്ങൾ നിർമ്മിച്ചുവെന്നോ, യൂണിവേഴ്സിറ്റികളും ആശുപത്രികളും പ്രവർത്തനം തുടങ്ങിയെന്നോ ഉള്ള കണക്കുകൾ ബി.ജെ.പിയുടെ കൈവശം ഇല്ല. തങ്ങൾ എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കിയോ എന്നും അവർ പറഞ്ഞിട്ടില്ല. പൈലറ്റ് കുറ്റപ്പെടുത്തി.
‘പാചകത്തിനുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകൾക്ക് ഒരെണ്ണത്തിന് ആയിരം രൂപയാണ് വില. പെട്രീയലിനും ഡീസലിനും വില കൂടി. ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം, മോദിയും ബി.ജെ.പിയും മന്മോഹൻ സിങ്ങിനെയും, സോണിയ ഗാന്ധിയെയും, യു.പി.എ. സർക്കാരിനെയും പഴിചാരുകയാണ്. ‘അദ്ദേഹം പറഞ്ഞു.
‘വൻ ഭൂരിപക്ഷത്തോടെയാണ് നിങ്ങൾ(ബി.ജെ.പി.) തെരഞ്ഞെടുക്കപ്പെട്ടത്. സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡ് അപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, ക്‌ളീൻ ഇന്ത്യ എന്നിങ്ങനെ പല പദ്ധതികളും നിങ്ങൾ പ്രഖ്യാപിച്ചു. ഇക്കാര്യങ്ങളിൽ എന്തെങ്കിലും പുരോഗമനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.’ പൈലറ്റ് പറഞ്ഞു.
കർഷകരും ചെറുപ്പക്കാരും ബി.ജെ.പിയുടെ ജനവിരുദ്ധ രാഷ്ട്രീയത്തെ എതിർക്കുകയാണെന്നും ബി.ജെ.പി നേതാക്കൾ അങ്ങേയറ്റം മോശമായാണ് തങ്ങളുടെ രാഷ്ട്രീയ എതിരാളികളോട് പ്രതികരിക്കുന്നതെന്നും സച്ചിൻ പൈലറ്റ് ചൂണ്ടിക്കാട്ടി. രാജസ്ഥാനിൽ കോൺഗ്രസിന്റെ ഭരണ കാലത്തായി കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി എം.ജി.എൻ.ആർ.എ. പ്രകാരം ഗുണം ലഭിച്ചവരുടെ എണ്ണം കഴിഞ്ഞ ഡിസംബറിൽ ഒൻപത് ലക്ഷത്തിൽ നിന്നും 31 ലക്ഷ്യത്തിലേക്ക് ഉയർന്നുവെന്നും പൈലറ്റ് അവകാശപ്പെട്ടു.
‘രാജ്യത്തെ സൈനികരെ ജനങ്ങളെല്ലാം ബഹുമാനിക്കുന്നുണ്ട്. രാജ്യത്തിന് എന്തെങ്കിലും ആക്രമണം നേരിടുമ്പോൾ സൈന്യം തക്ക മറുപടി കൊടുക്കുമെന്നും ജനങ്ങൾക്കറിയാം.എന്നാൽ തങ്ങളുടെ തോൽവികൾ മറയ്ക്കാൻ ബി.ജെ.പി. നിരന്തരം സൈന്യത്തെ ഉപയോഗപ്പെടുത്തുകയാണ്.’ സച്ചിൻ പൈലറ്റ് പറഞ്ഞു.
25 ലോക്സഭാ സീറ്റുകളാണ് രാജസ്ഥാനിലുള്ളത്. ഇതിൽ 13 മണ്ഡലങ്ങളിൽ ഏപ്രിൽ 29ന് തെരഞ്ഞെടുപ്പ് നടന്നു. ബാക്കിയുള്ള 12 മണ്ഡലങ്ങളിൽ മേയ് 6നാണു വോട്ടെടുപ്പ് നടക്കുക. മേയ് 23നു വോട്ടെണ്ണും.