| Saturday, 12th November 2022, 7:26 pm

തോല്‍വിയില്‍ മനം നൊന്ത് ഞാന്‍ 2007ല്‍ വിരമിക്കുമായിരുന്നു, എന്നാല്‍... : സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാത്ത വര്‍ഷമാണ് 2013. കായിക ലോകം കണ്ട ലെജന്‍ഡറി താരങ്ങളിലൊരാളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 22 യാര്‍ഡ് പിച്ചിനോട് വിട പറഞ്ഞ വര്‍ഷമായിരുന്നു 2013.

എണ്ണമറ്റ റെക്കോഡുകളും റണ്‍സും ഒപ്പം ക്രിക്കറ്റ് ആരാധകരുടെ കണ്ണീരും ഏറ്റുവാങ്ങിയാണ് സച്ചിന്‍ ഐതിഹാസികമായ കരിയറിനോട് വിട പറഞ്ഞത്. നൂറ് സെഞ്ച്വറി തികച്ച് 101ാം സെഞ്ച്വറിയുടെ പ്രതീതി വളര്‍ത്തിയായിരുന്നു അവസാന മത്സരത്തില്‍ സച്ചിന്‍ പുറത്തായത്.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ താന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

2007 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ വിരമിക്കലിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് കാരണമാണ് താന്‍ ക്രിക്കറ്റില്‍ തുടര്‍ന്നതെന്നും പറയുകയാണ് സച്ചിന്‍.

കുണാല്‍ പ്രധാന് നല്‍കിയ അഭിമുഖത്തിലായിരുന്നു സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ മോശം പ്രകടനങ്ങളിലൊന്നായിരുന്നു 2007ലേത്. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റായിരുന്നു ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായത്.

മൂന്ന് മത്സരത്തില്‍ നിന്നും 64 റണ്‍സ് മാത്രമായിരുന്നു സച്ചിന് നേടാന്‍ സാധിച്ചത്. ഇതിന് പിന്നാലെ വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നാണ് താരം പറയുന്നത്.

‘2007ല്‍, ഞാന്‍ വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്നു. ആ സമയത്ത് ആന്റിഗ്വയില്‍ നിന്നും സര്‍ വിവ് റിച്ചാര്‍ഡ്‌സ് എന്നെ വിളിക്കുകയും എന്നില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു,’ സച്ചിന്‍ പറയുന്നു.

എക്കാലത്തേയും ക്രിക്കറ്റ് ഇതിഹാസമായ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ ആദ്യമായി നേരില്‍ കണ്ട അനുഭവവും സച്ചിന്‍ പറഞ്ഞു.

‘അദ്ദേഹം എന്റെ റോള്‍ മോഡലുകളില്‍ ഒരാളാണ്. മറ്റൊരാള്‍ ഗവാസ്‌കറാണ്. എനിക്ക് അദ്ദേഹത്തിന്റെ സ്‌റ്റൈല്‍ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം നടക്കുന്നതാവട്ടെ ബാറ്റ് ചെയ്യുന്ന രീതിയാകട്ടെ എല്ലാം എനിക്ക് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജായിരുന്നു എനിക്ക് ഏറെയിഷ്ടം.

1992ലായിരുന്നു. അന്ന് സഞ്ജയ് മഞ്ജരേക്കര്‍ക്കൊപ്പം ഓസ്‌ട്രേലിയയിലെ ഒരു ഹോട്ടലില്‍ നില്‍ക്കുമ്പോള്‍ കുറച്ച് ജന്റില്‍മാന്‍മാര്‍ അവിടേക്ക് വന്നു. ഞാന്‍ അതിലൊരാളുടെ നടത്തത്തിന്റെ രീതി പെട്ടെന്ന് തിരിച്ചറിഞ്ഞു.

18 വയസുകാരനായ ഞാന്‍ വളരെ പെട്ടന്ന് 12 വയസുകാരനായി മാറി. എനിക്കദ്ദേഹത്തെ കാണണമെന്ന് ഞാന്‍ സഞ്ജയ്‌യോട് പറഞ്ഞു. ഞാനും സഞ്ജയും റൂമിലെത്തി അദ്ദേഹത്തെ നേരിട്ടുകണ്ടു. അന്നാദ്യമായിട്ടായിരുന്നു ഞാന്‍ സര്‍ വിവിനെ കാണുന്നത്,’ സച്ചിന്‍ പറഞ്ഞു.

2007ല്‍ വിരമിക്കലിനെ കുറിച്ച് ചിന്തിച്ച സച്ചിന്‍ വീണ്ടും ആറ് വര്‍ഷം കൂടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരുന്നു. 2011ല്‍ ലോകകപ്പടക്കം നേടിയാണ് സച്ചിന്‍ പാഡഴിച്ചത്.

Content highlight: Sachin on Viv Richards changing his retirement decision

We use cookies to give you the best possible experience. Learn more