മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെന്നല്ല ലോക ക്രിക്കറ്റില്‍ തന്നെ ദൈവം എന്ന വിശേഷണത്തിനുടമയാണ് സച്ചിന്‍ ടെണ്ടുുല്‍ക്കര്‍. ക്രിക്കറ്റിന്റെ വിവിധമേഖലകളില്‍ റെക്കോര്‍ഡുകള്‍ സ്വന്തംപേരില്‍ എഴുതിചേര്‍ത്ത സച്ചിനെ മറികടക്കാന് അടുത്ത കാലത്തൊന്നും ആര്‍ക്കും കഴിയില്ലെന്ന് വിശ്വസിച്ചവരില്‍ ഏറെയായിരുന്നു ക്രിക്കറ്റാരാധകരില്‍ ഏറെയും.
എന്നാല്‍ സച്ചിന്‍ കളിയവസാനിപ്പിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിനൊരു അനുയായിയും അവതരിക്കുകയുണ്ടായി റണ്‍സിന്റെ കാര്യത്തിലും സെഞ്ച്വറികളുടെ കാര്യത്തിലും യഥാര്‍ത്ഥ പിന്‍ഗാമിയായണ് വിരാട് കോഹ്‌ലിയെന്ന ഇന്ത്യന്‍ നായകന്‍ സഞ്ചരിക്കുന്നത്. കോഹ്‌ലി സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഇന്ന് കടുത്ത സച്ചിനാരാധകരും.
ഇന്നലെ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കവേ ഇത്തരത്തിലൊരു ചോദ്യം ചോദിച്ചയാളോട് സച്ചിന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.
മുംബൈയില്‍ ബോറിയ മജൂംദാറുടെ “ഇലവന്‍ ഗോഡ്‌സ് ആന്റ് എ ബില്യണ്‍ ഇന്ത്യന്‍സ്” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍. ഇതിനിടെ സദസില്‍ നിന്നൊരാള്‍ ചോദിച്ച ചോദ്യത്തിനു സച്ചിന്‍ നല്‍കിയ മറുപടി മനം കവരുന്നതായിരുന്നു.
ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോര്‍ഡ് കോഹ്‌ലി സ്വന്തമാക്കിയാല്‍ സമ്മാനമായി 50 ഷാംപെയിന്‍ ബോട്ടിലുകള്‍ അയച്ചു കൊടുക്കുമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. എന്നാല്‍ സച്ചിന്‍ അതിനു നല്‍കിയ മറുപടി “റെക്കോര്‍ഡ് തകര്‍ത്താല്‍ കോഹ്‌ലിക്ക് ഷാംപെയിന്‍ ബോട്ടിലുകള്‍ അയച്ചു കൊടുക്കില്ല, പകരം ഒരു ബോട്ടില്‍ വാങ്ങി അദ്ദേഹത്തിന്റെ വീട്ടില്‍ പോവും, അവിടെയിരുന്ന് ഒരുമിച്ച് കഴിക്കും” എന്നായിരുന്നു.
സച്ചിന്റെ 49 ഏകദിന സെഞ്ച്വറി എന്ന റെക്കോഡിനെ മറികടക്കാന്‍ കോഹ്‌ലിക്ക് ഇനി 15 സെഞ്ച്വറികൂടി മതി. നിലവില്‍ 35 സെഞ്ച്വറിയാണ് വിരാടിനുള്ളത്.