| Saturday, 9th October 2021, 9:31 am

അടുത്ത 50 വര്‍ഷത്തേക്ക് ഞാന്‍ ഇവിടെ തന്നെയുണ്ടാകും; ഗെലോട്ടിനെതിരെ സച്ചിന്റെ ഒളിയമ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും ഗെലോട്ട്- പൈലറ്റ് പോര്. ഉന്നത നേതൃത്വം ഇടപെട്ട് സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നെങ്കിലും സച്ചിനും പക്ഷവും ഗെലോട്ടിനെതിരെയുള്ള എതിര്‍പ്പ്  പരോക്ഷമായി പ്രകടിപ്പിച്ചുതുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെ സച്ചിന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

” അടുത്ത 50 വര്‍ഷത്തേക്ക് ഞാന്‍ ഇവിടെ തന്നെയുണ്ടാകും. എവിടേക്കും പോകുന്നില്ല. ചെയ്ത് തീര്‍ക്കാനുള്ള ജോലികള്‍ ചെയ്ത് തീര്‍ക്കും,” എന്നായിരുന്നു സച്ചിന്‍ പറഞ്ഞത്. അശോക് ഗെലോട്ടിനുള്ള മറുപടിയായാണ് സച്ചിന്റെ പ്രതികരണത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അടുത്ത 15-20 വര്‍ഷം താന്‍ ഇവിടെത്തന്നെ ഉണ്ടാകുമെന്നും അധികാരത്തില്‍ തിരിച്ചെത്തി സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമായിരുന്നു ഗെലോട്ടിന്റെ പരാമര്‍ശം. ഇതിന് പിന്നാലെയായിരുന്നു സച്ചിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ചുരുങ്ങിയ കാലയളവില്‍ ഒരുപാട് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പഞ്ചാബില്‍ നേതൃമാറ്റം നടന്നതിന് പിന്നാലെ രാജസ്ഥാനിലും നേതൃമാറ്റം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സെപ്റ്റംബര്‍ അവസാനം സച്ചിന്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗന്ധിയേയും രാഹുല്‍ ഗാന്ധിയേയും കണ്ടിരുന്നു.

രാജസ്ഥാന്‍ സര്‍ക്കാരില്‍ തന്റെ പക്ഷത്തിന് പരിഗണന വേണമെന്നാണ് സച്ചിന്റെ ആവശ്യം. എന്നാല്‍ സച്ചിനെയോ സച്ചിന്‍ പക്ഷത്തേയോ സര്‍ക്കാറില്‍ ഉള്‍പ്പെടുത്താന്‍ ഗെലോട്ട് സമ്മതിക്കുന്നില്ല. നേരത്തെ, ഉപ മുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ ഗെലോട്ടുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ് പാര്‍ട്ടി വിട്ടിരുന്നു.

പിന്നീട് പ്രിയങ്കയും രാഹുലും ചേര്‍ന്നാണ് അദ്ദേഹത്തെ തിരിച്ചെത്തിച്ചത്. പാര്‍ട്ടി തീരുമാനത്തില്‍ ഗെലോട്ടിന് അതൃപ്തിയുണ്ടായിരുന്നെങ്കിലും നേതൃത്വം അത് പരിഗണിച്ചില്ല. പ്രിയങ്കയ്ക്കും രാഹുലിനും സച്ചിനോട് പ്രത്യേക താല്‍പര്യമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: “Here For 50 Years, Not Going Anywhere,” Says Sachin Pilot

Latest Stories

We use cookies to give you the best possible experience. Learn more