| Thursday, 16th June 2016, 8:50 pm

ഇന്ത്യന്‍ ടീം പരിശീലകനെ തെരെഞ്ഞെടുക്കുന്നത് സച്ചിനും ദാദയും വി.വി.എസും ചേര്‍ന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുളള ചുമതല സച്ചിനും ഗാംഗുലിയും ലക്ഷ്മണനും ഉള്‍പ്പെടുന്ന ഉപദേശക സമിതിക്ക്. ആകെ ലഭിച്ച 57 അപേക്ഷകളില്‍ നിന്നും തയാറാക്കിയ 21 പേരുടെ വിശദാംശങ്ങളടങ്ങുന്ന പട്ടിക ബി.സി.സി.ഐ ഇവര്‍ക്ക് കൈമാറി. ജൂണ്‍ 22ന് മുന്‍പ് പുതിയ പരിശീലകനാരാകണമെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇവര്‍ ബി.സി.സി.ഐയ്ക്ക് നല്‍കും.

ബി.സി.സി.ഐ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനാകുന്നതിന് അപേക്ഷ ക്ഷണിച്ച ബി.സി.സി.ഐയ്ക്ക് ലഭിച്ച അപേക്ഷകളില്‍നിന്ന് തയാറാക്കിയ 21 പേരുടെ വിശദാംശങ്ങളാണ് ഇവര്‍ക്ക് കൈമാറുകയെന്നും സമ്പൂര്‍ണ പട്ടിക വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടാല്‍ അതും ലഭ്യമാക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു.

മുന്‍ ബി.സി.സി.ഐ സെക്രട്ടറിയും ദേശീയ ടീം സെലക്ടറുമായിരുന്ന സഞ്ജയ് ജഗ്ദലെയുടെ സഹായത്തോടെയാകും ഇവര്‍ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക. നിലവില്‍ ഇംഗ്ലണ്ടില്‍ അവധിക്കാലം ചെലവഴിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും ചര്‍ച്ചകളില്‍ പങ്കാളിയാവുക.

ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജര്‍ കൂടിയായ രവി ശാസ്ത്രി, മുന്‍ ടീം സെലക്ടര്‍ സന്ദീപ് പാട്ടീല്‍, മുന്‍ ഇന്ത്യന്‍ താരങ്ങളായ അനില്‍ കുംബ്ലെ, വെങ്കിടേഷ് പ്രസാദ് എന്നിവര്‍ ഇന്ത്യന്‍ പരിശീലകനാകുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്‌

We use cookies to give you the best possible experience. Learn more