| Thursday, 21st November 2013, 3:17 pm

സച്ചിന്‍ കളിക്കൂട്ടുകാരന്‍ വിനോദ് കാംബ്ലിയെ മറന്നു?

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: ക്രിക്കറ്റില്‍ നിന്ന്  വിരമിച്ചതിന് ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ സുഹൃത്തുക്കള്‍ക്കും സഹതാരങ്ങള്‍ക്കും മുന്‍താരങ്ങള്‍ക്കുമായി ഒരു പാര്‍ട്ടി നടത്തി. പക്ഷേ ഏകദേശം 450-ഓളം വരുന്ന ക്ഷണിതാക്കളുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രം അസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.

സച്ചിന്റെ ബാല്യകാല സുഹൃത്ത് വിനോദ് കാംബ്ലി.

ഇത് വെറുമൊരു നോട്ടപ്പിശകായിരുന്നില്ല. തങ്ങള്‍ ഇരുവരും സംസാരിച്ചിട്ട് ഏഴ് വര്‍ഷമായെന്ന് കാംബ്ലി സമ്മതിക്കുന്നു.

“സച്ചിനും ഞാനുമായി സംസാരിക്കാറുണ്ടോ എന്നാണ് ചോദ്യമെങ്കില്‍ ഇല്ല എന്നാണ് എന്റെ ഉത്തരം. കഴിഞ്ഞ ഏഴ് വര്‍ഷമായി ഞങ്ങള് പരസ്പരം സംസാരിച്ചിട്ട്. എങ്കിലും വിശേഷാവസരങ്ങളില്‍ ഞങ്ങള്‍ പരസ്പരം സന്ദേശങ്ങള്‍ അയച്ച് ആശംസകള്‍ കൈമാറാറുണ്ട്.” അദ്ദേഹം പറഞ്ഞു.

ശാരദാശ്രമം സ്‌കൂളിലെ പഴയ കളിക്കൂട്ടുകാരനോട് ബന്ധം പുലര്‍ത്താത്തതിന്റെ കാരണം സച്ചിന് മാത്രമേ പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

“ആരാധകരും പൊതുജനങ്ങളുമായി ധാരാളമാളുകള്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ സച്ചിന്‍ എന്റെ പേര് പരാമര്‍ശിക്കാത്തതിന്റെ കാരണം തിരക്കിയിരുന്നു. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറില്‍ പ്രധാനപങ്ക് വഹിച്ചവരെയും ഒപ്പം കളിച്ചവരെയും അദ്ദേഹം പാര്‍ട്ടിയ്ക്ക് ക്ഷണിച്ചിരുന്നു. അക്കൂട്ടത്തിലും ഞാന്‍ ഇല്ല.” അദ്ദേഹം പറഞ്ഞു.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ സച്ചിന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞിരുന്നെങ്കിലും ആരുടെയും പേര് എടുത്തു പറഞ്ഞിരുന്നില്ല.

വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം തന്റെ പേര് പറയാതിരുന്നതില്‍ വേദന തോന്നിയെന്ന് വിനോദ് കാംബ്ലി പറഞ്ഞു.

“സച്ചിന് പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ കരിയറിന്റെ ഭാഗമായിരുന്നു. എന്നിട്ടും വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം എന്റെ പേര് പരാമര്‍ശിക്കുകയോ പാര്‍ട്ടിയ്ക്ക് ക്ഷണിക്കുകയോ ഉണ്ടായില്ല. എന്നെ അദ്ദേഹം മറന്നതില്‍ എനിക്ക് വേദനയുണ്ടെന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല.

അന്നത്തെ ലോക റെക്കോര്‍ഡ് കൂട്ടുകെട്ട് ഞങ്ങള്‍ ഇരുവരുടെയും കരിയറിലെ ടേണിങ് പോയിന്റായിരുന്നു. അതില്‍ ഞങ്ങള്‍ ഇരുവരുടെയും സംഭാവനയുണ്ട്. പരസ്പരപിന്തുണയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നത്തെ ഞാനാകുമായിരുന്നില്ല. അദ്ദേഹവും ഇന്ന് കാണുന്ന പോലെ ഒരു ഇതിഹാസതാരമാകുമായിരുന്നില്ല.” കാംബ്ലി പറയുന്നു.

“അദ്ദേഹം എന്നെ സുഹൃത്തായി കരുതിയാലും ഇല്ലെങ്കിലും എനിക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം കുറയില്ല. ജീവിതം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള ധാരാളം നല്ല മുഹൂര്‍ത്തങ്ങളും ഓര്‍മ്മകളും എപ്പോഴും കൂട്ടിനുണ്ട്. .” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു

We use cookies to give you the best possible experience. Learn more