ഇന്ത്യയെ ഫൈനലിൽ എത്തിച്ചത് അവരുടെ പൊന്നും വിലയുള്ള 177 റൺസ്; 130 കോടി ജനതയുടെ ഹീറോസ്
Cricket
ഇന്ത്യയെ ഫൈനലിൽ എത്തിച്ചത് അവരുടെ പൊന്നും വിലയുള്ള 177 റൺസ്; 130 കോടി ജനതയുടെ ഹീറോസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th February 2024, 10:30 pm

അണ്ടര്‍ 19 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ രണ്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്.

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ ആദര്‍ശ് സിങ്ങിനെ പവലിയനിലേക്ക് മടക്കി ക്വന മഫാക്ക ഇന്ത്യക്ക് ആദ്യം തന്നെ വലിയ തിരിച്ചടിയാണ് നല്‍കിയത്.

സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് ആയപ്പോഴേക്കും മുഷീര്‍ ഖാനേയും ഇന്ത്യക്ക് നഷ്ടമായി. പിന്നീട് സ്‌കോര്‍ 25ല്‍ നില്‍ക്കേ അര്‍ഷിന്‍ കുല്‍ക്കര്‍ണിയേയും 32ല്‍ എത്തിയപ്പോള്‍ പ്രിയാന്‍ഷു മോലിയയെയും ഇന്ത്യക്ക് നഷ്ടമായി.

എന്നാല്‍ പിന്നീട് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നില്‍ നിന്നും നയിക്കുകയായിരുന്നു സച്ചിന്‍ ദാസും നായകന്‍ ഉദയ് സഹറനും. 95 പന്തില്‍ 96 റണ്‍സ് ആണ് സച്ചിന്‍ നേടിയത്. 11 ഫോറുകളും ഒരു സിക്‌സുമാണ് സച്ചിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 101.05 സ്‌ട്രൈക്ക് റേറ്റില്‍ ആണ് താരം ബാറ്റ് വീശിയത്. 42.1 ഓവറില്‍ ഇന്ത്യന്‍ ടീം സ്‌കോര്‍ 206ല്‍ നില്‍ക്കുമ്പോള്‍ സച്ചിന്‍ പുറത്താവുകയായിരുന്നു.

മറുഭാഗത്ത് ഇന്ത്യന്‍ നായകനും നിര്‍ണായകമായ പ്രകടനമാണ് നടത്തിയത്. 124 പന്തില്‍ 81 റണ്‍സാണ് ഉദയ് നേടിയത്. ആറ് ഫോറുകളാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്. സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് നിരയില്‍ എല്‍ഹുവാന്‍ ഡ്ര പ്രറ്റൊറിയോസ് 102 പന്തില്‍ 76 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും മൂന്ന് സിക്സറുകളുമാണ് എല്‍ഹുവാന്റെ ബാറ്റില്‍ നിന്നും പിറന്നത്.

റിച്ചാര്‍ഡ് സെലസ്റ്റ്വാവാനെ 100 പന്തില്‍ 64 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാലു ഫോറുകളും രണ്ട് സിക്സുമാണ് റിച്ചാര്‍ഡിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ രാജ് ലിംബാനി മൂന്ന് വിക്കറ്റും മുഷീര്‍ ഖാന്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

രണ്ടാം സെമി ഫൈനലില്‍ ഫെബ്രുവരി എട്ടിന് ഓസ്ട്രേലിയ-പാകിസ്ഥാന്‍ മത്സരം നടക്കും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിനെ ഇന്ത്യ ഫെബ്രുവരി 11ന് നടക്കുന്ന ഫൈനലില്‍ നേരിടും.

Content Highlight: Sachin das and Uday Saharan great performance in under 19 world cup for India cricket team.