| Thursday, 8th February 2024, 3:43 pm

നാളെ നിര്‍ണായകം; സഞ്ജുവിന് പോലുമില്ലാത്ത നേട്ടത്തിലേക്ക് ഇവനും; പതിനായിരം കടന്നു, ഇനി ലക്ഷ്യം അയ്യായിരം റണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കരിയല്‍ മൈല്‍ സ്‌റ്റോണ്‍ ലക്ഷ്യമിട്ട് കേരള സൂപ്പര്‍ താരം സച്ചിന്‍ ബേബി. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 5,000 റണ്‍സ് എന്ന നേട്ടമാണ് കേരളത്തിന്റെ സ്റ്റാര്‍ ബാറ്ററെ കാത്തിരിക്കുന്നത്.

നിലവില്‍ 4,943 റണ്‍സാണ് ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ സച്ചിന്‍ ബേബിയുടെ സമ്പാദ്യം. വെള്ളിയാഴ്ച രഞ്ജി ട്രോഫിയിലെ കേരളം – ബംഗാള്‍ മത്സരത്തില്‍ 57 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ നേട്ടം സ്വന്തമാക്കാന്‍ സച്ചിന് സാധിക്കും.

ഛത്തീസ്ഗഡിനെതിരായ കഴിഞ്ഞ മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെ ആഭ്യന്തര തലത്തില്‍ 10,000 റണ്‍സ് എന്ന നേട്ടത്തിലേക്ക് സച്ചിന്‍ ബേബിയെത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് സച്ചിനെ തേടി ഈ നേട്ടമെത്തിയത്.

ഫസ്റ്റ് ക്ലാസ് കരിയറിലെ 88 മത്സരത്തിലെ 140 ഇന്നിങ്സില്‍ നിന്നും 38.92 ശരാശരിയിലും 46.65 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് സച്ചിന്‍ ബേബി 4,943 റണ്‍സ് ആടിച്ചുകൂട്ടിയത്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 12 സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 23 അര്‍ധ സെഞ്ച്വറികളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

ലിസ്റ്റ് എ-യിലെ 95 ഇന്നിങ്സില്‍ നിന്നും 3,266 റണ്‍സാണ് സച്ചിന്‍ നേടിയത്. 40.32 എന്ന ശരാശരിയിലും 79.73 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് ഡൊമസ്റ്റിക് വണ്‍ ഡേ ഫോര്‍മാറ്റില്‍ താരം സ്‌കോര്‍ ചെയ്യുന്നത്. നാല് സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയുമാണ് ലിസ്റ്റ് എയില്‍ സച്ചിന്റെ സമ്പാദ്യം.

സയ്യിദ് മുഷ്താഖ് അലി ട്രോഫി അടക്കമുള്ള ടി-20 ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ 81 ഇന്നിങ്സില്‍ നിന്നും 1,925 റണ്‍സാണ് സച്ചിന്‍ സ്വന്തമാക്കിയത്. 130.86 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും 28.73 എന്ന ആവറേജിലും സ്‌കോര്‍ ചെയ്യുന്ന സച്ചിന്‍ ബേബി 10 അര്‍ധ സെഞ്ച്വറിയും ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഛത്തീസ്ഗഡിനെതിരെ നടന്ന മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഈ രണ്ട് തവണയും സെഞ്ച്വറിക്കടുത്തെത്തിയ ശേഷമാണ് താരം പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ 91 റണ്‍സ് നേടിയ സച്ചിന്‍ രണ്ടാം ഇന്നിങ്‌സില്‍ 94 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

രഞ്ജിയിലെ ഈ സീസണില്‍ അഞ്ച് മത്സരത്തിലെ ഒമ്പത് ഇന്നിങ്സില്‍ നിന്നും 67.75 എന്ന മികച്ച ശരാശരിയിലും 62.65 എന്ന സ്ട്രൈക്ക് റേറ്റിലും 542 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് സച്ചിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുള്ളത്.

Content highlight: Sachin Baby needs 53 runs to complete 5,000 runs in first class format

We use cookies to give you the best possible experience. Learn more