രഞ്ജി ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആറാം മത്സരത്തിനാണ് കേരളം കളത്തിലിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ കേരള നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 265 റണ്‍സിന് നാല് എന്ന നിലയിലാണ് കേരളം ബാറ്റിങ് തുടരുന്നത്.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടക്കം നിരാശപ്പെടുത്തിയ മത്സരത്തില്‍ സച്ചിന്‍ ബേബിയുടെ സെഞ്ച്വറിയും അക്ഷയ് ചന്ദ്രന്റെ അര്‍ധ സെഞ്ച്വറിയുമാണ് കേരളത്തിന് തുണയായത്. സച്ചിന്‍ 220 പന്തില്‍ 110 റണ്‍സുമായും അക്ഷയ് ചന്ദ്രന്‍ 150 പന്തില്‍ 76 റണ്‍സും നേടിയാണ് പുറത്താകാതെ നില്‍ക്കുന്നത്.
കേരളത്തിനായി സെഞ്ച്വറി നേടിയതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും സച്ചിന്‍ ബേബിയെ തേടിയെത്തിയിരുന്നു. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം എന്ന നേട്ടമാണ് താരത്തെ തേടിയെത്തിയത്.
ബംഗാളിനെതിരായ മത്സരത്തിന് മുമ്പ് 4,943 റണ്‍സായിരുന്നു താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. വരും മത്സരങ്ങളില്‍ 57 റണ്‍സ് കൂടി സ്വന്തമാക്കിയാല്‍ സച്ചിന് ഈ നേട്ടത്തിലെത്താമെന്നിരിക്കെ 110 റണ്‍സ് നേടിയ താരം പുറത്താകാതെ ബാറ്റിങ് തുടരുകയാണ്.
സീസണില്‍ സച്ചിന്റെ മൂന്നാം സെഞ്ച്വറിയാണിത്. ഇതിന് പുറമെ മൂന്ന് അര്‍ധ സെഞ്ച്വറിയും താരം ഈ സീസണില്‍ കുറിച്ചിട്ടുണ്ട്.
സച്ചിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് പിന്നാലെ ആരാധകരുടെ അഭിനന്ദനങ്ങളും താരത്തെ തേടിയെത്തുന്നുണ്ട്. നിലവില്‍ കേരളത്തിന്റെ ഏറ്റവും മികച്ച താരം, സഞ്ജുവിനെ പോലെ ഇവനും പിന്തുണയര്‍ഹിക്കുന്നു എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.
ഇതിന് പുറമെ ഛത്തീസ്ഗഡിനെതിരായ കഴിഞ്ഞ മത്സരത്തിന് പിന്നാലെ മറ്റൊരു നേട്ടവും സച്ചിനെ തേടിയെത്തിയിരുന്നു. ആഭ്യന്തര തലത്തില്‍ 10,000 റണ്‍സ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഛത്തീസ്ഗഡിനെതിരായ മത്സരത്തിലെ രണ്ട് ഇന്നിങ്സിലും ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് സച്ചിനെ തേടി ഈ നേട്ടമെത്തിയത്.
ഫസ്റ്റ് ക്ലാസ് കരിയറിലെ 88 മത്സരത്തിലെ 140 ഇന്നിങ്‌സില്‍ നിന്നും 38.92 ശരാശരിയിലാണ് സച്ചിന്‍ 4,943 റണ്‍സ് സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 12 സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 23 അര്‍ധ സെഞ്ച്വറികളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. (ബംഗാളിനെതിരായ മത്സരത്തിന് മുമ്പുള്ള കണക്കുകള്‍)
ലിസ്റ്റ് എ-യിലെ 95 ഇന്നിങ്‌സില്‍ നിന്നും 3,266 റണ്‍സാണ് താരം നേടിയത്. 40.32 എന്ന ശരാശരിയിലും 79.73 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ലിസ്റ്റ് എ ഫോര്‍മാറ്റില്‍ താരം സ്‌കോര്‍ ചെയ്യുന്നത്. നാല് സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും ലിസ്റ്റ് എയില്‍ താരത്തിന്റെ പേരിലുണ്ട്.
ടി-20 ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ 81 ഇന്നിങ്‌സില്‍ നിന്നും 1,925 റണ്‍സാണ് സച്ചിന്‍ സ്വന്തമാക്കിയത്. 130.86 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 28.73 എന്ന ആവറേജിലും സ്‌കോര്‍ ചെയ്യുന്ന സച്ചിന്‍ ബേബി 10 അര്‍ധ സെഞ്ച്വറിയും ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
Content Highlight: Sachin Baby completes 5,000 First Class runs