സച്ചിനും രേഖയും രാജ്യസഭാ നടപടികളില്‍ പങ്കെടുക്കണം- ഉപാദ്ധ്യക്ഷന്‍
Daily News
സച്ചിനും രേഖയും രാജ്യസഭാ നടപടികളില്‍ പങ്കെടുക്കണം- ഉപാദ്ധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th August 2014, 3:29 pm

[] കൊച്ചി: എം.പിമാരായ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും നടി രേഖയും സഭാ നടപടികളില്‍ പങ്കെടുക്കണമെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍. രാജ്യം ഇവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് എം.പി സ്ഥാനം നല്‍കിയത്. ആദരവ് തിരിച്ചും നല്‍കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. തിങ്കഴാള്ച സഭചേരുമ്പോള്‍ ഇരുവരും സഭയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

സച്ചിനും രേഖയും പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാത്തതിനെ സഭാംഗങ്ങള്‍ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ഇത്തരം ആളുകളെ മേലില്‍ രാജ്യസഭയിലേക്ക് ആരും നാമനിര്‍ദേശം ചെയ്യരുതെന്ന് എന്‍.സി.പി നേതാവ് ഡി.പി ത്രിപാഠി ആവശ്യപ്പെട്ടിരുന്നു.

ഇതുവരെയായി മൂന്നു ദിവസവും രേഖ ഏഴു ദിവസവുമാണ് സഭയില്‍ ഹാജരായത്. സച്ചിന്‍ ഈ വര്‍ഷം ഒരു ദിവസംപോലും സഭാനടപടികളില്‍ പങ്കെടുത്തിട്ടില്ല. വന്നപ്പോഴാകട്ടെ ഒരൊറ്റ ചര്‍ച്ചയിലും പങ്കാളിയായതുമില്ല.

കോണ്‍ഗ്രസാണ് സച്ചിനെയും രേഖയെയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
60 ദിവസം സഭയില്‍ ഹാജരായില്ലെങ്കില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിക്കുമെന്നാണ് നിയമം. എന്നാല്‍, ഇരുവരും 40 ദിവസം മാത്രമാണ് സഭയില്‍ ഹാജരാകാതിരുന്നതെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ കുര്യന്‍ സഭയല്‍ അറിയിച്ചിരുന്നു. സി.പി.ഐ.എം അംഗം പി.രാജീവാണ് ഇരുവരും സഭയില്‍ ഹാജരാകാത്ത കാര്യം ചൂണ്ടിക്കാണിച്ചത്.

സഹോദരന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍മൂലമാണ് ദിവസങ്ങളോളം സഭയില്‍ എത്താതിരുന്നതെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സഹോദരന്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ സാഹചര്യത്തില്‍ അദ്ദേഹത്തെ സഹായിക്കേണ്ടിവന്നു. ഒരു സ്ഥാപനത്തെയും അനാദരിച്ചിട്ടില്ലെന്നും സച്ചിന്‍ പറഞ്ഞു.

2012 ജൂണിലാണ് സച്ചിനെ രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കുന്നത്. 2പാര്‍ലമെന്റ് അംഗത്തിന് ലഭിക്കുന്ന എം പി ഫണ്ട് സച്ചിന്‍ തീരെ ഉപയോഗിക്കാത്തതിനെതിരെയും നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്ന് വര്‍ഷംകൊണ്ട് ലഭിച്ച 15 കോടി രൂപ സച്ചിന്‍ വിനിയോഗിച്ചിട്ടില്ല.