[]കൊല്‍ക്കത്ത: ഐ.പി.എല്‍ ക്രിക്കറ്റ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും, ഓസ്‌ത്രേലിയന്‍ മാസ്റ്റര്‍ ക്രിക്കറ്റര്‍ റിക്കി പോണ്ടിംഗും ഐ.പി.എല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു.
ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ പരിക്ക് മൂലം സച്ചിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ആദിത്യ താരെയാണ് ഫൈനലിലും ഡ്വെയ്ന്‍ സ്മിത്തിനൊപ്പം മുബൈയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.[]
നേരത്തെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സച്ചിന് ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നുണ്ട്. എന്നാല്‍ ടെസ്റ്റില്‍ നിന്നും സച്ചിന്‍ ഉടനെ വിരമിക്കുമെന്ന സൂചനയും സച്ചിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഫൈനലില്‍ മുംബൈ ഇന്ത്യസിന് കിരീടം നേടാന്‍ സാധിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും, ഈ മത്സരത്തോടെ ഐ.പി.എല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്നും സച്ചിന്‍ പറഞ്ഞു.
സച്ചിന്റെ വിരമിക്കല്‍ ഐ.പി.എല്ലില്‍ നിന്ന് കൂടുതല്‍ കാണികളെ അകറ്റാനിടയുണ്ട്. സച്ചിന്‍ കളിക്കുന്നത് കൊണ്ട് മാത്രം ഐ.പി.എല്‍ കാണാനെത്തുന്ന നിരവധി കാണികളുണ്ട്. അവരുടെ അഭാവം ഐ.പി.എല്‍ ക്രിക്കറ്റ് ലോകത്ത് നിന്ന് കൂടുതല്‍ കാണികളെ അകറ്റുമെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
പരിക്ക് മൂലം ഫൈനല്‍ മത്സരത്തില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും നേരത്തെയുള്ള കളികളിലും മികച്ച റണ്‍സ് കണ്ടെത്താന്‍ സച്ചിനായിരുന്നില്ല.
ക്രിക്കറ്റില്‍ സ്വന്തമായ ഇരിപ്പിടമുണ്ടാക്കിയ ഈ രണ്ട് ബാറ്റ്‌സ്മാന്‍മാരുടെ വിടവാങ്ങല്‍ വാരാനിരിക്കുന്ന ഐ.പി.എല്‍ ക്രിക്കറ്റിനു പുറമെ ട്വന്റി- ട്വന്റി മത്സരങ്ങള്‍ക്കും മങ്ങലേല്‍ക്കുമെന്നതില്‍ സംശയമില്ല.