അജീഷ് ദാസിന്റെ പ്രസ്താവന വസ്തുതാപരമല്ല, നിര്‍ഭാഗ്യകരവും മുന്‍ വിധി നിറഞ്ഞതും; സ്ത്രീ എഴുത്തുകാര്‍ ആണ്‍കവികളെക്കാള്‍ പിന്നിലായി തോന്നിയിട്ടില്ലെന്ന് സച്ചിദാനന്ദന്
കോഴിക്കോട്: സ്ത്രീ എഴുത്തുകാര്‍ക്കെതിരെയുള്ള കവിയും എഴുത്തുകാരനുമായ അജീഷ് ദാസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എഴുത്തുകാരന്‍ സച്ചിദാനന്ദന്‍. സ്ത്രീ എഴുത്തുകാര്‍ക്കിടയില്‍ പുരുഷന്മാരേക്കാള്‍ നന്നായി എഴുതുന്നവര സച്ചിദാനന്ദന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുഗതകുമാരിയെപ്പോലെ ആറുപതിറ്റാണ്ട് എഴുതിയവരുമായി പുതിയ എഴുത്തുകാരെ താരതമ്യം ചെയ്യുന്നതില്‍ അപാകതയുണ്ടെന്നും താരതമ്യം ചെയ്യുന്നുണ്ടെങ്കില്‍ അഞ്ചു വര്‍ഷത്തിനിടയില്‍ എഴുതി തുടങ്ങിയ ആണ്‍കവികളുമായാണ് താരതമ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് അയച്ചു കിട്ടുന്ന പുതുകവിതകളുടെ സമാഹാരങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകവികളുടേതാണ്. സാമൂഹമാധ്യമങ്ങളിലും ഒരുപാട് കവിതകള്‍ വായിക്കാറുണ്ട്. അവയൊന്നും ഏതെങ്കിലും വിധത്തില്‍ ഇന്നെഴുതുന്ന ആണ്‍കവികളെക്കാള്‍ പിന്നിലായി തോന്നിയിട്ടില്ല.
അവരെ സുഗതകുമാരിയെപ്പോലെ ആറു പതിറ്റാണ്ട് എഴുതിയവരുമായി താരതമ്യം ചെയ്യുന്നതില്‍ അപാകതയുണ്ട്. എന്തിനു, വിജയലക്ഷ്മി, സാവിത്രി രാജീവന്‍, വി.എം. ഗിരിജ, അനിത തമ്പി ഇങ്ങനെ കുറച്ചു കാലമായി രംഗത്തുള്ള വരുമായും അവരെ താരതമ്യം ചെയ്യേണ്ടതില്ല. അവരെ താരതമ്യം ചെയ്യേണ്ടത് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എഴുതിത്തുടങ്ങിയ ആണ്‍ കവികളുമായാണ്, സച്ചിദാനന്ദന്‍ പറഞ്ഞു.
സ്ത്രീകളുടേയും പുരുഷന്മാരുടേയും കൂട്ടത്തില്‍ പലതരത്തിലുള്ള കവികളുമുണ്ടാകാമെന്നും ഇരുകൂട്ടരേയും സാമാന്യവത്കരിക്കുന്നത് ആരെയും സഹായിക്കുന്നില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
അജീഷ് ദാസ് നടത്തിയ പ്രസ്താവന വസ്തുതാപരമല്ലെന്നും നിര്‍ഭാഗ്യകരമാണെന്നും സച്ചിദാനന്ദന്‍ കൂട്ടിചേര്‍ത്തു.
കേരളത്തിലെ ഇപ്പോഴത്തെ പെണ്‍കവികളില്‍ 99 ശതമാനവും നല്ല എഴുത്തുകാരികളല്ലെന്നും നല്ല എഴുത്ത് എഴുതുന്ന പെണ്‍കവികളില്‍ പലരും വലിയ എഴുത്തുകാരാക്കാമെന്ന ആണ്‍ കവികളുടെ വാഗ്ദാനങ്ങളില്‍ വീണ് എഴുത്ത് അവസാനിപ്പിക്കുകയാണെന്നുമായിരുന്നു അജീഷ് ദാസന്റെ പരാമര്‍ശം.
വൈക്കം പി. കൃഷ്ണപിള്ള സ്മാരക ലൈബ്രറിയില്‍ വെച്ച് നടന്ന മീരബെന്നിന്റെ പെണ്‍മൊണോലോഗുകള്‍ എന്ന ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അജീഷിന്റെ വിവാദ പ്രസ്താവനയുണ്ടായത്.
അജീഷിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്നെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിയാലും ഈ വിഷയത്തില്‍ മാപ്പ് പറയില്ലെന്നാണ് അജീഷ് ദാസന്‍ പറഞ്ഞിരുന്നത്. താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും അജീഷ് ചോദിച്ചു.
താന്‍ പങ്കുവെച്ച അഭിപ്രായം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ അവരോട് ഐക്യപ്പെടുന്നു. ഇനി മേലില്‍ ഒരു പൊതു പരിപാടികളിലും പങ്കെടുക്കില്ല എന്നും അഭിപ്രായങ്ങള്‍ പറയില്ലെന്നും അജീഷ് ദാസന്‍ പറഞ്ഞിരുന്നു.
പ്രിയപ്പെട്ട അജീഷ് ദാസന്‍ എന്താണ് കേരളത്തിലെ ഇന്നത്തെ പെണ്കവികളെപ്പറ്റി പറഞ്ഞതെന്ന് ഞാന്‍ നേരിട്ട് കേട്ടില്ല. എന്നാല്‍ അതിന്നെതിരായ ധാരാളം പ്രതികരണങ്ങള്‍ കണ്ടു. എനിക്ക് അയച്ചു കിട്ടുന്ന പുതുകവികളുടെ സമാഹാരങ്ങളില്‍ മുക്കാല്‍ ഭാഗവും സ്ത്രീകവികളുടെതാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലും ഒരു പാട് പേരുടെ കവിതകള്‍ ഞാന്‍ വായിക്കാറുണ്ട്.
ഏതെങ്കിലും വിധത്തില്‍ അവര്‍ ഇന്നെഴുതുന്ന ആണ്‍ കവികളെക്കാള്‍ പിന്നിലായി തോന്നിയിട്ടില്ല. അവരെ സുഗതകുമാരിയെപ്പോലെ ആറു പതിറ്റാണ്ട് എഴുതിയവരുമായി താരതമ്യം ചെയ്യുന്നതില്‍ അപാകതയുണ്ട്, എന്തിനു, വിജയലക്ഷ്മി, സാവിത്രി രാജീവന്‍, വി.എം. ഗിരിജ, അനിത തമ്പി ഇങ്ങിനെ കുറച്ചു കാലമായി രംഗത്തുള്ള വരുമായും അവരെ താരതമ്യം ചെയ്യേണ്ടതില്ല, അവരെ താരതമ്യം ചെയ്യേണ്ടത് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എഴുതിത്തുടങ്ങിയ ആണ്‍ കവികളുമായാണ്, (ലിംഗം കവിതയ്ക്ക് ഒരു മാനദണ്ഡം ആണെങ്കില്‍) എങ്കില്‍ വലിയ പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ കവികള്‍ അവര്‍ക്കിടയിലുണ്ടെന്നു പറയാതെ വയ്യ. ഞാന്‍ ഒരു വെറും പൊതു പ്രസ്താവം നടത്തുകയല്ല.
ഞങ്ങള്‍ മൂന്നു പേര്‍ ചേര്‍ന്നു മലയാളത്തിലെ സ്ത്രീകവികളുടെ – (ആദ്യം മുതലുള്ള) ഒരു ഇംഗ്ലീഷ് പരിഭാഷാസമാഹാരം പ്രസിദ്ധീകരിക്കാനായി ചര്‍ച്ചകള്‍ നടത്തുകയുണ്ടായി, കുറെ പേരുടെ കവിതകള്‍ Indian Literature ദ്വൈമാസികത്തില്‍ വരികയും ചെയ്തു. വൈപുല്യം കൊണ്ടും രചനാ ചാതുര്യം കൊണ്ടും നമ്മുടെ പെണ്‍കുട്ടികള്‍ ആണ്‍ കവികളെക്കാള്‍ ഒട്ടും പിന്നിലല്ല. മുന്നിലാണോ എന്ന് സംശയമുണ്ട് താനും.
തീര്‍ച്ചയായും പല തരം കവികള്‍ അവരില്‍ ഉണ്ടാകാം, അത് ആണ്‍ കവികളെ സംബന്ധിച്ചും പറയാമല്ലോ. അത്തരം സാമാന്യവത്കരണങ്ങള്‍ ആരെയും സഹായിക്കുന്നില്ല. Poetic potential വെച്ച് നോക്കിയാല്‍ ചുരുങ്ങിയത് അമ്പതു പെണ്കവികള്‍ പുതുതലമുറയില്‍ നിന്ന് വളര്‍ന്നു വരാന്‍ ഇടയുണ്ട്. ( ഞാന്‌പേരുകള്‍ പറയുന്നില്ലെന്നേയുള്ളൂ, പറയാന്‍ കഴിയും) അവരില്‍ എല്ലാവരും ബാലാമണി അമ്മമാര്‍ അഥവാ സുഗതകുമാരിമാര്‍ ആവും എന്നൊന്നുമല്ല ഞാന്‍ പറയുന്നത്. ചിലര്‍ നാലോ അഞ്ചോ നല്ല കവിതകളെ എഴുതിക്കാണൂ എന്നും വരാം.
പക്ഷെ അജീഷിന്റെ പ്രസ്താവം വസ്തുതാപരമല്ല, , നിര്‍ഭാഗ്യകരവും മുന്‍ വിധി നിറഞ്ഞതും ആണ് എന്ന് വായനാനുഭവവും പരിഭാഷാനുഭവവും വെച്ച് എനിക്കു പറയാന്‍ കഴിയും. ഏതായാലും ഇത് ഞങ്ങളുടെ പ്രൊജക്റ്റ് അത്യാവശ്യവും അടിയന്തിര പ്രാധാന്യം ഉള്ളതും ആണെന്ന് ബോദ്ധ്യപ്പെടുത്താന്‍ സഹായകമായി. നന്ദി.