| Thursday, 20th June 2019, 1:53 pm

സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം; വരാനിരിക്കുന്ന ഭീകരമായ നാളുകളെക്കുറിച്ചുള്ള ദു:സൂചനയെന്ന് സച്ചിദാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച നടപടിയെ വിമര്‍ശിച്ച് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്‍. ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത പ്രതികാരനടപടിയാണിതെന്ന് സച്ചിദാനന്ദന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

‘ഒരു ജനാധിപത്യസര്‍ക്കാരിനും ഭൂഷണമല്ലാത്ത രീതിയിലുള്ളൊരു പ്രതികാരനടപടിയാണ്. എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കും ബോധ്യമുള്ളതുപോലെ വളരെ സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഗുജറാത്തിലെ നരഹത്യ ചരിത്രത്തില്‍ നിന്ന് പൂര്‍ണ്ണമായി നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഒരു തരത്തിലും അര്‍ഹിക്കാത്ത ശിക്ഷ അദ്ദേഹത്തിന് വിധിച്ചത്. ‘

നീതിയ്ക്കും ന്യായത്തിനും സത്യത്തിനും വേണ്ടി നില്‍ക്കുന്ന ആളുകള്‍ ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നത് വരാനിരിക്കുന്ന ഭീകരമായ നാളുകളിലേക്കുള്ള ദുസൂചനയാണെന്നും മോദിസര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.


‘വളരെ നാളുകള്‍ക്ക് മുന്‍പ് തന്നെ ഇത് ദൃശ്യമായതാണ്. ധബോല്‍ക്കര്‍, പന്‍സാരെ തുടങ്ങിയവരുടെ അവസ്ഥ നമുക്കറിയാവുന്നതാണ്. അതുപോലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍. ഒരുപക്ഷെ കൂടുതല്‍ വ്യക്തമായ മുന്നറിയിപ്പാണ് സഞ്ജീവ് ഭട്ടിനെ ശിക്ഷിക്കുന്നതിലൂടെ നല്‍കുന്നത്.’

എന്നാല്‍ ഇത്തരം നടപടികള്‍ കൊണ്ടൊന്നും ആരുടേയും പ്രതികരണശേഷി നഷ്ടപ്പെടില്ലെന്നും തുടര്‍ന്നും ശക്തമായ വിമര്‍ശനങ്ങള്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉന്നയിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിലാണ് സഞ്ജീവ് ഭട്ടിനെ ശിക്ഷിച്ചത്.

സഞ്ജീവ് ഭട്ട് ജാംനഗറില്‍ അഡീഷണല്‍ പൊലീസ് സുപ്രണ്ടായിരിക്കെ 1990 ല്‍ നടന്ന കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒരു വര്‍ഗീയ സംഘര്‍ഷ വേളയില്‍ സഞ്ജീവ് ഭട്ട് നൂറിലേറെ ആളുകളെ കസ്റ്റഡിയിലെടുക്കുകയും അതില്‍ ഒരാള്‍ മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ വാദം.

കേസില്‍ 11 സാക്ഷികളെക്കൂടി വിസ്തരിക്കണമെന്നാവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹരജി ജൂണ്‍ 12ന് സുപ്രീം കോടതി തള്ളിയിരുന്നു. കേസില്‍ നീതിയുക്തമായ തീരുമാനത്തിലെത്താന്‍ ഈ സാക്ഷികളെ വിസ്തരിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ വാദം.

വേറൊരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 2018 സെപ്റ്റംബര്‍ 22 മുതല്‍ സഞ്ജീവ് ഭട്ട് ജയിലിലാണ്. രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസില്‍ കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ഇപ്പോള്‍ ജയിലില്‍ക്കഴിയുന്നത്. ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്ത് 1998-ലാണ് കേസിനാസ്പദമായ സംഭവംനടന്നത്.

2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015-ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more