| Tuesday, 19th September 2017, 8:39 am

'ഒരു യുദ്ധത്തിലും ഫാസിസ്റ്റുകള്‍ ജയിച്ച ചരിത്രമില്ല'; വിയോജിപ്പുകളെ ദേശദ്രോഹമാക്കി മാറ്റുന്നെന്ന് സച്ചിദാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനാധിപത്യം നല്‍കിയ അധികാരമുപയോഗിച്ച് ഭരണഘടനയെ ഫാസിസ്റ്റുകള്‍ നിശബ്ദരാക്കുകയാണെന്ന് കവി സച്ചിദാനന്ദന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ” ഇന്ത്യന്‍ ജനാധിപത്യം വഴിത്തിരിവില്‍” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങള്‍ അപകടകാരികളാണെന്ന് പെരുപ്പിച്ചുകാണിച്ച് വിദ്വേഷം പ്രചരിപ്പിക്കുകയാണ് ചിലര്‍. വിയോജിപ്പുകളെ ദേശദ്രോഹമാക്കി ചിത്രീകരിക്കുകയാണിവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

” ഫാസിസ്റ്റുകള്‍ സമാധാനത്തെയും സംവാദത്തെയും ഭയപ്പെടുന്നു. അതിനാലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. വെടിയേറ്റു വീണാലും ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കണം. ഒരു യുദ്ധത്തിലും ഫാസിസ്റ്റുകള്‍ ജയിച്ചിട്ടില്ല.”


Also Read: ഹാദിയ കേസ്; സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വനിതാ കമീഷന്‍


മതഗ്രന്ഥങ്ങള്‍ ഉപയോഗിച്ച് ജനാധിപത്യത്തിന്റെ ഇടം തകര്‍ക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തെ അമര്‍ച്ച ചെയ്യാനുള്ള അധികാരമല്ല ജനാധിപത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യം മുഴുവന്‍ ജയിലായി മാറുന്ന അവസ്ഥയാണിന്നുള്ളതെന്നും അടിയന്തരാവസ്ഥക്കാലത്തുപോലും ഇത്രയും വെല്ലുവിളി ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

We use cookies to give you the best possible experience. Learn more