Advertisement
Entertainment
വേട്ടയ്യനിലെ എന്റെ റോളിനായി നാല് സംസ്ഥാനങ്ങളിലെ നടന്മാരെ നോക്കിയിരുന്നു, അവസാനം തുണയായത് ആ ചിത്രം: സാബുമോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 04, 03:14 am
Friday, 4th October 2024, 8:44 am

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജിനികാന്ത് ചിത്രമാണ് വേട്ടയ്യന്‍. ഒക്ടോബര്‍ പത്തിന് റിലീസാകുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ഫഹദ് ഫാസിലും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ മലയാളത്തില്‍ നിന്ന് സാബുമോനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

വേട്ടയ്യനില്‍ താന്‍ അഭിനയിക്കുന്നതിന് കുറിച്ച് പറയേണ്ടെന്ന് തോന്നിയെന്നും സ്വയം മാര്‍ക്കറ്റ് ചെയ്യുന്ന ആളല്ല താനെന്നും സാബുമോന്‍ പറയുന്നു. ട്രെയ്‌ലറില്‍ തന്റെ ഷോട്ടുകള്‍ ഉണ്ടായെന്നും എന്നാല്‍ പേരടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ചെയ്യുന്ന കഥാപാത്രത്തിലേക്ക് എങ്ങനെയാണ് തന്നെ കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോട് ചോദിച്ചിട്ടുണ്ടെന്നും തന്റെ കഥാപാത്രത്തിനായി നാല് സംസ്ഥാങ്ങളിലെ അഭിനേതാക്കളെ നോക്കിയിരുന്നെന്നും സാബുമോന്‍ പറയുന്നു. മറ്റൊരു നടനെ ഏകദേശം തീരുമാനിച്ചപ്പോള്‍ ആരോ ജല്ലിക്കെട്ട് സിനിമ സംവിധായകന് കാണിച്ച് കൊടുത്തെന്നും ആ വഴിയാണ് വേട്ടയ്യനിലേക്ക് എത്തിയതെന്നും സാബുമോന്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു വര്‍ഷത്തോളമായി സിനിമയുടെ വര്‍ക്കുകള്‍ തുടങ്ങിയിട്ട്. വേട്ടയ്യനില്‍ അഭിനയിക്കുന്നതിനെ കുറിച്ച് നേരത്തെ പറയേണ്ടെന്ന് തോന്നി. ഞാന്‍ അങ്ങനെ സ്വയം മാര്‍ക്കറ്റ് ചെയ്യുന്ന ആളുമല്ല. ഹൈദരാബാദ്, കന്യാകുമാരി ഷെഡ്യൂളുകളിലായിരുന്നു എന്റെ ഭാഗങ്ങളുണ്ടായിരുന്നത്.

ട്രെയ്‌ലറില്‍ എന്റെ മൂന്ന് ഷോട്ടുകളുണ്ടായിരുന്നു. ഡയലോഗ് വരുന്നതും രജിനികാന്ത് കഥാപാത്രത്തിന്റെ എതിരെ നില്‍ക്കുന്നതും പിന്നെ ഒരു വൈഡ് ഷോട്ടും. കഥാപാത്രത്തിന്റെ പേരടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ല. മുഖത്തെ വെട്ടിന്റെ പാടുകളടക്കം ചെറിയ മേക്കോവറുണ്ടായിരുന്നു എന്ന് മാത്രമേ ഈ ഘട്ടത്തില്‍ പറയാനാകൂ.

എങ്ങനെയാണ് എന്നെ ഈ റോളിലേക്ക് കാസ്റ്റ് ചെയ്തതെന്ന് സംവിധായകന്‍ ജ്ഞാനവേലിനോട് ചോദിച്ചിരുന്നു. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന് പറ്റിയ ഒരു അഭിനേതാവിനായി അവര്‍ നാല് സംസ്ഥാനങ്ങളിലും നോക്കിയിരുന്നു. പിന്നീട് മറാത്തിയിലെ ഒരു നടന്‍ ഏകദേശം ശരിയായ സമയത്താണ് ജല്ലിക്കെട്ട് അദ്ദേഹത്തിന് ആരോ കാണിച്ചുകൊടുക്കുന്നത്. അതിലെ എന്നെ കണ്ടപ്പോള്‍ അദ്ദേഹം അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. ജല്ലിക്കെട്ട് ആണ് എനിക്ക് വേട്ടയ്യനിലെ റോള്‍ തന്നത് എന്ന് പറയാം,’ സാബുമോന്‍ പറയുന്നു.

Content Highlight: Sabumon Talks About  His Character In Vettaiyan Movie