Entertainment
'ട്രാന്‍സ് മൂഡിലായിരുന്നു'; എന്തായിരുന്നു അവിടെ സംഭവിച്ചത് എന്നാണ് മഞ്ജു വാര്യര്‍ ചോദിച്ചത്: സാബുമോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 05, 04:45 am
Saturday, 5th October 2024, 10:15 am

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജിനികാന്ത് ചിത്രമാണ് വേട്ടയ്യന്‍. ഒക്ടോബര്‍ പത്തിന് റിലീസാകുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, റിതിക സിങ്, ദുഷാര വിജയന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഒന്നിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ മലയാളത്തില്‍ നിന്ന് സാബുമോനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

വേട്ടയ്യന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് സാബുമോന്‍. ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പരിപാടി നടന്നതെന്നും പരിപാടി തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെ തലൈവരെ എന്ന ആര്‍പ്പുവിളിയായിരുന്നു സ്റ്റേഡിയം മുഴുവനുമെന്നും സാബുമോന്‍ പറയുന്നു. ഒരു ട്രാന്‍സ് മൂഡില്‍ ആയിരുന്നു അപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിക്ക് ശേഷം ഒരാള്‍ തന്നോട് ഇതാണ് ആരാധകരെന്ന് പറഞ്ഞെന്നും പിറ്റേന്ന് മഞ്ജു വാര്യരെ കണ്ടപ്പോള്‍ എന്തായിരുന്നു ഇന്നലെ അവിടെ സംഭവിച്ചതെന്ന് അത്ഭുതത്തോടെ ചോദിച്ചെന്നും സാബുമോന്‍ പറയുന്നു. ആദ്യമായാണ് താനും മഞ്ജു വാര്യരും അത്തരം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും സാബുമോന്‍ പറയുന്നു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ഓഡിയോ ലോഞ്ച്. പരിപാടി തുടങ്ങി അവസാനിക്കും വരെ ആരാധകരുടെ ആര്‍പ്പുവിളിയായിരുന്നു. തലൈവരേ… എന്ന വിളി അവസാനിക്കുകയേ ഇല്ല. നമുക്ക് ആലോചിക്കാനാകാത്ത വിധം വലുതാണ് അവരുടെ ആരാധന. ട്രാന്‍സ് മൂഡിലായിരുന്നു എന്ന് തന്നെ പറയാം.

പരിപാടിക്ക് ശേഷം ഞാന്‍ ആരോടോ പറഞ്ഞിരുന്നു, ഇതൊക്കെയാണ് ഫാന്‍സ് എന്ന്. പിറ്റേന്ന് മഞ്ജു വാര്യരെ കണ്ടപ്പോള്‍ അവരും ഇതേ അത്ഭുതം പങ്കുവെച്ചു. ‘എന്തായിരുന്നു അവിടെ സംഭവിച്ചത്!’ എന്നായിരുന്നു അവരുടെയും പ്രതികരണം. മഞ്ജു വാര്യരും ആദ്യമായാണ് അങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് പറഞ്ഞു,’ സാബുമോന്‍ പറയുന്നു.

Content Highlight: Sabumon Talks About Audio Launch Of Vettaiyan