Spoiler Alert
വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ക്രൈം ത്രില്ലറാണ് ജോജു ജോര്‍ജ് നായകനായ ഇരട്ട. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇരട്ടകളായ പൊലീസുകാരെ കുറിച്ചാണ് ചിത്രം പറയുന്നത്. കാഴ്ചയില്‍ ഒരുപോലെയാണെങ്കിലും സ്വഭാവത്തിലും വളര്‍ന്നുവന്ന പശ്ചാത്തലത്തിലുമെല്ലാം രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് ഇരട്ടകളായ വിനോദും പ്രമോദും. ഇവരില്‍ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് മരണപ്പെടുന്നു. ഇയാള്‍ എങ്ങനെയാണ് മരിച്ചത്? മരണം ആത്മഹത്യയാണോ അതോ കൊലപാതകമോ? രണ്ടായാലും അതിന് പിന്നിലെ കാരണമെന്താണ്? ഈ ചോദ്യങ്ങള്‍ക്കാണ് ഇരട്ട എന്ന സിനിമ ഒറ്റ ദിവസത്തില്‍ ഉത്തരം കണ്ടെത്തുന്നത്.
എസ്.സി.പി.ഒ സന്ദീപ് എന്ന കഥാപാത്രമായി സാബുമോനും ചിത്രത്തിലെത്തിയിട്ടുണ്ട്. ജോജുവും സാബുമോനും തമ്മില്‍ ചിത്രത്തില്‍ ഒരു ഫൈറ്റ് സീനുണ്ട്. ഇരട്ടയില്‍ ഏറ്റവും മനോഹരമായി എക്‌സിക്യൂട്ട് ചെയ്യപ്പെട്ട രംഗമാണ് ഇത് എന്ന് പറയാം. ഒറ്റ ഷോട്ടില്‍ വളരെ റിയലിസ്റ്റിക്കായാണ് ഈ രംഗം ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരു ചെറിയ ചായക്കടയില്‍ നല്ല രീതിയില്‍ കൊണ്ടും കൊടുത്തുമാണ് സാബുമോനും ജോജുവും ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയിലേയും കുട്ടമണിക്ക് ശേഷം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന പ്രകടനവും കഥാപാത്രവുമായിരിക്കും സാബുമോന്റെ സന്ദീപ്.
ജോജു അവതരിപ്പിക്കുന്ന ഇരട്ട കഥാപാത്രങ്ങളിലൊന്നായ വിനോദ് ആര്‍ക്കും ഉപകാരമില്ലാത്ത ക്രൂരനായ പൊലീസുകാരനാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു ക്രിമിനലാണ് അയാള്‍. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് പോലും വിനോദ് കാരണം ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. ഇത് തന്നെയാണ് സന്ദീപുമായുള്ള തര്‍ക്കത്തിലേക്കും കയ്യാങ്കളിലയിലേക്കും വഴിവെക്കുന്നത്.
ഇരട്ട സഹോദരങ്ങളെ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളായി തന്നെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ജോജു ജോര്‍ജിന് അനായാസം കഴിഞ്ഞിട്ടുണ്ട്. വേഷവിധാനങ്ങളിലോ മറ്റേതെങ്കിലും ശാരീരിക ഘടകങ്ങളിലോ ഉള്ള വ്യത്യാസത്തേക്കാള്‍, ശരീരഭാഷയിലും സംഭാഷണത്തിലും മൊത്തം ആറ്റിറ്റിയൂഡിലുംമാറ്റം വരുത്തികൊണ്ടാണ് ഈ വ്യത്യാസത്തെ ജോജു ജോര്‍ജ് അവതരിപ്പിക്കുന്നത്.
ജോജു ജോര്‍ജ് മാത്രമല്ല, ചിത്രത്തിലെ ഓരോ അഭിനേതാക്കളും മികച്ച പെര്‍ഫോമന്‍സാണ് ഇരട്ടക്കായി പുറത്തെടുത്തിരിക്കുന്നത്. ഇമോഷണല്‍ ഡ്രാമയിലേക്ക് ഇടക്ക് സിനിമ ചെറുതായി തെന്നുന്നുണ്ടെങ്കിലും അഭിനേതാക്കളെ വേണ്ട രീതിയില്‍ പ്ലേസ് ചെയ്തുകൊണ്ട് സിനിമയുടെ നിലവാരം തുടരാന്‍ രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്.
Content Highlight: sabumon perfomance and character in iratta movie