ഇന്ത്യന്‍ സിനിമകളില്‍ റേപ്പ് രംഗങ്ങളെ ചിത്രീകരിക്കുന്ന രീതിയെ വിമര്‍ശിച്ച് നടനും അവതാരകനുമായ സാബുമോന്‍. റേപ്പ് കഴിഞ്ഞാല്‍ ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമാണ് സിനിമയില്‍ കാണിക്കാറുള്ളതെന്നും യഥാര്‍ത്ഥ റേപ്പ് ക്രൂരമാണെന്നും സാബുമോന്‍ പറഞ്ഞു. യഥാര്‍ത്ഥത്തിലുള്ള ക്രൂരത കണ്ടാല്‍ അത് കാണുന്നവര്‍ക്ക് അനുകരിക്കാന്‍ തോന്നില്ലെന്നും അറയ്ക്കുമെന്നും സാബുമോന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യന്‍ സിനിമകളില്‍ റേപ്പ് കാണിക്കുന്നത് കണ്ടിട്ടുണ്ടോ? സെന്‍സര്‍ഷിപ്പ് ലോ പ്രകാരം സ്ത്രീകളുടെ ചില ഭാഗങ്ങള്‍ കാണിക്കാന്‍ പാടില്ല എന്ന് നിയമമുണ്ട്. എന്നാല്‍ ബിഗ് ബജറ്റ് സിനിമകളില്‍ അത് കാണിക്കുകയും ചെയ്യും. ഈ നിയമം ഉള്ളതുകൊണ്ട് സിമ്പോളിക്കായി റേപ്പ് കാണിക്കാന്‍ തുടങ്ങി. റേപ്പ് സീനിന് ശേഷം കാണിക്കുന്നത് തേഞ്ഞുപോയ കുങ്കുമക്കുറിയും ചളുങ്ങിപ്പോയ കുറച്ച് പൂക്കളുമൊക്കെയാണ്.
ഒറിജില്‍ റേപ്പിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോയി നോക്കണം. റേപ്പിന് ശേഷം മിക്കവാറും ശരീരം വികൃതമായിട്ടായിരിക്കും അതിജീവിതകളെ കിട്ടുന്നത്. കാരണം റേപ്പിനിടക്ക് സ്ത്രീകള്‍ പ്രതികരിച്ചുകൊണ്ടിരിക്കും. ഞാന്‍ ഇതിന്റെ കേസ് സ്റ്റഡീസ് കുറേ പഠിച്ചിട്ടുണ്ട്.
തലയുടെ വലതുഭാഗമോ ഇടതുഭാഗമോ ഇടിച്ച് ബോധം കെടുത്തി കളയും. അല്ലാതെ റേപ്പ് നടക്കില്ല. തലക്ക് ഇടിച്ച് ബ്രെയ്ന്‍ ഡാമേജ് വരെ ഉണ്ടാക്കും. അതാണ് സത്യത്തില്‍ റേപ്പ്. അത്രയും ഡാമേജിങ് ആയിട്ടുള്ള സാധനത്തെ സിനിമയില്‍ ഇങ്ങനെ കാണിക്കരുത്. ഇത് ചെയ്യാന്‍ പോകുന്നവന്‍ ആകെക്കൂടി ഇച്ചിരി പൂ ചതയും, കുങ്കുമം തേയും എന്നേ വിചാരിക്കൂ.
മോണിക്ക ബലൂചിയെ ഒരു സബ്‌വേയില്‍ വെച്ച് റേപ്പ് ചെയ്യുന്ന സീനുണ്ട് ഒരു സിനിമയില്‍ (ഇറിവേഴ്‌സിബിള്‍). അങ്ങനെ കുറച്ച് സിനിമയില്‍ ശരിക്കും റേപ്പ് എങ്ങനെയാണ് എന്ന് കാണിച്ചിട്ടുണ്ട്. റേപ്പ് എന്നാല്‍ പെനട്രേഷനല്ല. റേപ്പ് വയലന്‍സാണ്. അങ്ങനെ വയലന്റായ, മനുഷ്യത്വമില്ലാത്ത പ്രവൃത്തിയെ കാണിക്കരുത് എന്നാണ് പറയുന്നത്. കാണിച്ചാല്‍ ആളുകള്‍ അനുകരിക്കുമെന്നാണ് പറയുന്നത്. ശരിക്കും പൂവ് കാണിച്ചാലാണ് അനുകരിക്കുന്നത്. ശരിക്കുമുള്ളത് കാണിച്ചാല്‍ അനുകരിക്കില്ല. കാണുന്ന മനുഷ്യരുടെ നെഞ്ച് പിടിച്ചുപോവും. ഒരു മനുഷ്യജീവിയോട് ഇങ്ങനെ ചെയ്യാമോ എന്ന് തോന്നും.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കാണിക്കാന്‍ പാടുണ്ടോ എന്നാണ് നിങ്ങള്‍ ചോദിച്ചത് (അവതാരകയോട്). സ്ത്രീകള്‍ക്കെതിരായ സാധനങ്ങള്‍ കാണിച്ച് പറഞ്ഞുകൊടുക്കണം, ഇത് എന്താണെന്ന്. അവരെ എജ്യുക്കേറ്റ് ചെയ്യണം. ഇത് ഞാന്‍ ചെയ്യരുതെന്ന് കാണുന്നവര്‍ക്ക് തോന്നണം. ആണുങ്ങളോടുള്ള ക്രൂരതയും കാണിക്കണം. സഹജീവിയോട് ഇങ്ങനെ ചെയ്യരുതെന്ന് തോന്നണം. അല്ലാതെ ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവും കാണിച്ചുകഴിഞ്ഞാല്‍ അത് അത്രയേ ഉള്ളുവെന്ന് വിചാരിച്ച് റേപ്പ് ചെയ്യാന്‍ പോവും. ശരിക്കുമുള്ള സീന്‍ കണ്ടാല്‍ റേപ്പ് ചെയ്യാന്‍ തോന്നില്ല, അറയ്ക്കും,’ സാബുമോന്‍ പറഞ്ഞു.
Content Highlight: Sabumon criticism against Indian cinema