സുകുമാരി കേന്ദ്രകഥാപാത്രമായി എത്തിയ മിഴികള്‍ സാക്ഷിയെ കുറിച്ച് പറയുകയാണ് സാബു സര്‍ഗം. 2008ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ആദ്യം സുകുമാരിയമ്മയുടെ മകനായി സുരേഷ് ഗോപിയെ ആയിരുന്നു കരുതിയതെന്നും അവസാനം മോഹന്‍ലാലില്‍ എത്തുകയായിരുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാബു സര്‍ഗം.
‘അമ്മക്ക് ഏറെ പ്രാധാന്യമുള്ള സിനിമയായിരുന്നു മിഴികള്‍ സാക്ഷി. സംസാരശേഷി ഇല്ലാത്ത, മകനെ നഷ്ടപെടുന്ന അമ്മ. അങ്ങനെയൊരു സിനിമയിലേക്ക് വളരെയധികം അഭിനയപ്രാധാന്യമുള്ള നടിയെ കൊണ്ടുവന്നാല്‍ മാത്രമേ ഈ കഥാപാത്രം ശക്തമായി നില്‍ക്കുകയുള്ളൂ. അതിന് വേണ്ടി പല ആളുകളോടും ചോദിച്ച ശേഷമാണ് ഞങ്ങള്‍ സുകുമാരിയമ്മയുടെ അടുത്തെത്തിയത്. പലരെയും അതിന് മുമ്പ് കണ്ട് സംസാരിച്ചെങ്കിലും ആരും ഈ സിനിമ ഏറ്റെടുത്തില്ല. അവരൊക്കെ പറഞ്ഞത് ഇങ്ങനെയൊരു അമ്മവേഷം ചെയ്താല്‍ എന്താകുമെന്ന് പറയാന്‍ കഴിയില്ലെന്നാണ്. പക്ഷേ സുകുമാരിയമ്മ കഥ കേട്ടതും നിറഞ്ഞ കണ്ണുകളോടെ നന്നായിട്ടുണ്ടെന്ന് പറഞ്ഞു.
സുകുമാരിയമ്മ ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മിഴികള്‍ സാക്ഷിയിലെ സംസാരിക്കാന്‍ കഴിയാത്ത ആ കഥാപാത്രമാണ് എന്നും ആളുകളുടെ മനസിലുള്ളത്. അത് മാത്രവുമല്ല ഒരുപാട് അംഗീകാരങ്ങളും അമ്മയെ തേടി എത്തിയിരുന്നു. ആ അമ്മയായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രം. അങ്ങനെയുള്ളപ്പോള്‍ നമുക്ക് ഒരു മെയിന്‍ ഹീറോയെ സമീപിക്കാന്‍ കഴിയില്ലായിരുന്നു. കാരണം അവര് നോക്കുമ്പോള്‍ കഥയില്‍ അമ്മക്കാണ് പ്രാധാന്യമുള്ളത്. അതുകൊണ്ട് അവരൊക്കെ സിനിമയില്‍ നിന്ന് പിന്മാറാന്‍ സാധ്യതയുണ്ട്.
എന്നാല്‍ സുകുമാരിയമ്മയായത് കൊണ്ട് അമ്മ പറഞ്ഞാല്‍ കേള്‍ക്കാത്ത നടന്മാര്‍ ഉണ്ടായിരുന്നില്ല. കാരണം അവര്‍ എല്ലാവരുടെയും അമ്മയായിരുന്നു. നമ്മള്‍ സുരേഷ് ഗോപിയെ നായകനാക്കാന്‍ തീരുമാനിച്ചാണ് സുകുമാരിയമ്മയുടെ അടുത്ത് പോകുന്നത്. പക്ഷെ അമ്മ കഥകേട്ട ശേഷം പറഞ്ഞത്, സുരേഷിനേക്കാള്‍ ആ കഥാപാത്രത്തിന്റെ മുഖമായിട്ട് മനസിലേക്ക് വന്നത് ലാലിനെയാണെന്നാണ്. ലാല്‍ ഇപ്പോള്‍ അമേരിക്കയിലാണ്. അവന്‍ വന്ന ശേഷം സംസാരിച്ചിട്ട് മാത്രം സുരേഷിനോട് പറഞ്ഞാല്‍ മതിയെന്നും ലാല്‍ ഓക്കേ പറഞ്ഞാല്‍ ലാലിനെ കൊണ്ട് ചെയ്യിക്കാമെന്നും സുകുമാരിയമ്മ പറഞ്ഞു.
അന്ന് അമ്മ പറഞ്ഞത് കേട്ടതും പ്രൊഡ്യൂസര്‍ ഞെട്ടി. അന്ന് മോഹന്‍ലാലിന് നല്ല റേറ്റായിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ റേറ്റ് വാങ്ങുന്ന മലയാള നടനായിരുന്നു മോഹന്‍ലാല്‍. ഒരുപക്ഷെ അദ്ദേഹത്തെ കൊണ്ടുവന്നാല്‍ പടത്തിന്റെ രൂപം തന്നെ മാറും. ഈ സിനിമയാണെങ്കില്‍ എങ്ങനെ തിയേറ്ററില്‍ വിറ്റ് പോകുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അതിനാല്‍ ഈ സിനിമക്കായി ലക്ഷവും കോടികളും മുടക്കാന്‍ കഴിയില്ല. എന്നാല്‍ ഞങ്ങളുടെ ചിന്തകളെ തകിടം മറിച്ച് മോഹന്‍ലാല്‍ ഈ സിനിമയിലേക്ക് വരികയായിരുന്നു,’ സാബു സര്‍ഗം പറയുന്നു.
Content Highlight: Sabu Sargam Talks About Sukumari