| Tuesday, 30th January 2024, 8:05 am

നായകനാകുന്നത് നിവിന്‍ പോളിയോ ആസിഫ് അലിയോ ആയിരുന്നെങ്കില്‍ ആ സിനിമ വേറെ ലെവലായേനെ; കാരണം... സാബു സര്‍ഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അശോക് ആര്‍. നാഥ് സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പേര്‍ഷ്യക്കാരന്‍. ആദില്‍ ഇബ്രാഹിം, സുദക്ഷിണ, മുകേഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തില്‍ പ്രവീണ്‍ റാം, ജൂബി നൈനാന്‍, ഋഷി പ്രകാശ്, കൊച്ചു പ്രേമന്‍ എന്നിവരും അഭിനയിച്ചിരുന്നു.

മെച്ചപ്പെട്ട ജീവിതം സ്വന്തമാക്കാന്‍ ഗള്‍ഫില്‍ പോകുന്നവരുടെ ജീവിതവും കഷ്ടപ്പാടുകളും പ്രശ്‌നങ്ങളും വിജയവും പരാജയവുമാണ് പേര്‍ഷ്യക്കാരന്‍ എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചിരുന്നത്.

എന്നാല്‍ ചിത്രം അത്ര വലിയ വിജയമായിരുന്നില്ല നേടിയത്. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സാബു സര്‍ഗം.

‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ മുതല്‍ ഗള്‍ഫ് സിനിമകള്‍ മലയാളത്തില്‍ ഒരുപാട് ഉണ്ടായിരുന്നു. എന്നാല്‍ ഈ സിനിമയില്‍ ഇപ്പോഴത്തെ ഗള്‍ഫിന്റെ ശരിക്കുമുള്ള അവസ്ഥ കാണിക്കുന്നുണ്ട്.

വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയില്‍ മനുഷ്യര്‍ താമസിക്കുന്നത് ഒരു തകരപാട്ട കീറി അടുക്കി അതുകൊണ്ട് വീട് വെച്ചിട്ടാണ്. ഈ ചിത്രത്തില്‍ അങ്ങനെയല്ല.

ഇന്ന് ലക്ഷങ്ങള്‍ കയ്യില്‍ വെച്ച് അമ്മാനമാടുന്ന പയ്യന്മാരാണ്. ദുബായ്‌യുടെ കളറില്‍ ജീവിക്കുന്നവരാണ്. ഹോളി ആഘോഷിക്കുമ്പോള്‍ ദേഹം മുഴുവന്‍ കളറാകില്ലേ, അതുപോലെ ജീവിതത്തിന്റെ കളര്‍ ദേഹം മുഴുവന്‍ പിടിച്ച് നടക്കുന്നവരെയാണ് ദുബായില്‍ കാണാന്‍ കഴിയുന്നത്.

അതൊക്കെ ആദ്യമായി കൊണ്ടുവന്നത് ഈ സിനിമയിലൂടെയായിരുന്നു. അതിന്റെ നേര്‍പകുതിയായി മറ്റൊരു കാര്യമുണ്ട്. പാസ്‌പോര്‍ട്ട് പോലും പണയം വെച്ച് വീട്ടിലേക്ക് പൈസ അയക്കുന്നവരുണ്ട്. സിറ്റികളില്‍ പൊലീസിന്റെ മുന്നില്‍ പെട്ടാലോ എന്ന് പേടിച്ച് മരുഭൂമിയുടെ ഉള്ളില്‍ ജീവിക്കുന്നവരും ഉണ്ട്.

അവരുടെ കഥകൂടെയായിരുന്നു പേര്‍ഷ്യക്കാരന്‍. രണ്ട് നിറവും ഈ സിനിമയില്‍ കാണിച്ചു. നിവിന്‍ പോളിയോ ആസിഫ് അലിയോയായിരുന്നു ഇതിലെ നായകന്മാരെങ്കിലും ആ സിനിമ വേറെ ലെവലായേനെ.

ദുബായില്‍ ഓഡിഷന്‍ വെച്ചായിരുന്നു ഇതില്‍ കാസ്റ്റിങ് നടത്തിയത്. നായികയും നായകനും അവിടെ ഉള്ളതായിരുന്നു. ചെറുപ്പം മുതല്‍ അവിടെ വളര്‍ന്ന മലയാളികളായിരുന്നു,’ സാബു സര്‍ഗം പറയുന്നു.


Content Highlight: Sabu Sargam Talks About Persiakaran Movie

We use cookies to give you the best possible experience. Learn more