മലയാളത്തിന്റെ സുകുമാരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു 2008ല്‍ പുറത്തിറങ്ങിയ മിഴികള്‍ സാക്ഷി. ചിത്രത്തില്‍ സംസാരിക്കാന്‍ കഴിയാത്ത ഒരു അമ്മയുടെ കഥാപാത്രത്തെയായിരുന്നു അവര്‍ അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു സുകുമാരിയുടെ മകനായി എത്തിയിരുന്നത്. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സാബു സര്‍ഗം.
‘മിഴികള്‍ സാക്ഷി സിനിമയില്‍ അമ്മക്കായിരുന്നു പ്രാധാന്യം. മകന്‍ നഷ്ടപെടുന്ന അമ്മ, ഈ അമ്മക്ക് സംസാരശേഷി ഉണ്ടായിരുന്നില്ല. അപ്പോള്‍ അതില്‍ വളരെയധികം അഭിനയപ്രാധാന്യമുള്ള നടി അഭിനയിച്ചാല്‍ മാത്രമേ ഈ കഥാപാത്രം ശക്തമായി നില്‍ക്കുകയുള്ളൂ.
അതിനായി പല ആളുകളോടും ചോദിച്ച ശേഷമാണ് സുകുമാരിയമ്മയുടെ അടുത്തെത്തിയത്. പലരെയും അതിന് മുമ്പ് സമീപിച്ചെങ്കിലും ആരും ഏറ്റെടുത്തില്ല. അവരൊക്കെ പറഞ്ഞത് ഇങ്ങനെ ഒരു അമ്മവേഷം ചെയ്താല്‍ എന്താകുമെന്ന് പറയാന്‍ കഴിയില്ല എന്നാണ്.
പക്ഷേ സുകുമാരിയമ്മ കഥ കേട്ടതും ആളുടെ കണ്ണൊക്കെ നിറഞ്ഞു നന്നായിട്ടുണ്ടെന്ന് പറഞ്ഞു. സുകുമാരിയമ്മ ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മിഴികള്‍ സാക്ഷിയിലെ സംസാരിക്കാന്‍ കഴിയാത്ത ആ കഥാപാത്രമാണ് ആളുകളുടെ മനസിലുള്ളത്. മാത്രവുമല്ല ഒരുപാട് അംഗീകാരങ്ങളും അമ്മക്ക് കിട്ടിയിരുന്നു.
ആ അമ്മയായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രം. അങ്ങനെയുള്ളപ്പോള്‍ നമുക്ക് ഒരു മെയിന്‍ ഹീറോയെ സമീപിക്കാന്‍ കഴിയില്ല. കാരണം അവര്‍ നോക്കുമ്പോള്‍ കഥയില്‍ അമ്മക്കാണ് പ്രാധാന്യം. അതുകൊണ്ട് അവരൊക്കെ ആ സിനിമയില്‍ നിന്ന് പിന്മാറാന്‍ സാധ്യത ഉണ്ടായിരുന്നു.
അതേസമയം, സുകുമാരിയമ്മയായത് കൊണ്ട് അമ്മ പറഞ്ഞാല്‍ കേള്‍ക്കാത്ത നടന്മാര്‍ ഉണ്ടായിരുന്നില്ല. അവര്‍ എല്ലാവരുടെയും അമ്മയായിരുന്നു. അങ്ങനെ നമ്മള്‍ സുരേഷ് ഗോപിയെ നായകനാക്കാന്‍ തീരുമാനിച്ചാണ് സുകുമാരിയമ്മയുടെ അടുത്തേക്ക് പോകുന്നത്.
എന്നാല്‍ അമ്മ കഥകേട്ട ശേഷം പറഞ്ഞത്, സുരേഷിനേക്കാള്‍ ആ കഥാപാത്രത്തിന്റെ മുഖമായിട്ട് മനസിലേക്ക് വന്നത് ലാലിനെയാണ് എന്നായിരുന്നു. ലാല്‍ ഇവിടെ ഇല്ല, അമേരിക്കയിലാണ്. അവന്‍ വന്ന ശേഷം സംസാരിച്ചിട്ട് മാത്രം സുരേഷിനോട് പറഞ്ഞാല്‍ മതിയെന്ന് സുകുമാരിയമ്മ പറഞ്ഞു. ലാല്‍ ഓക്കേ പറഞ്ഞാല്‍ ലാലിനെ കൊണ്ട് ചെയ്യിക്കാമെന്നും പറഞ്ഞു.
അത് കേട്ടതും പ്രൊഡ്യൂസര്‍ ഞെട്ടി. കാരണം അന്ന് മോഹന്‍ലാലിന് നല്ല റേറ്റായിരുന്നു. ഏറ്റവും കൂടുതല്‍ റേറ്റ് വാങ്ങുന്ന മലയാള നടനായിരുന്നു മോഹന്‍ലാല്‍. അദ്ദേഹത്തെ കൊണ്ടുവന്നാല്‍ പടത്തിന്റെ രൂപം മാറും.
ഈ പടം എങ്ങനെ തിയേറ്ററില്‍ വിറ്റ് പോകുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇതിന് വേണ്ടി ലക്ഷവും കോടികളും മുടക്കാന്‍ കഴിയില്ല. എന്നാല്‍ നമ്മുടെ ചിന്തകളെ തകിടം മറിച്ച് മോഹന്‍ലാല്‍ ഈ സിനിമയിലേക്ക് വന്നു,’ സാബു സര്‍ഗം പറയുന്നു.
Content Highlight: Sabu Sargam Talks About Mizhikal Sakshi Movie