'കോണ്‍ഗ്രസിനെ മറികടന്നു, ലക്ഷ്യം സി.പി.ഐ.എം'; ട്വന്റി 20യുടെ അംഗത്വ ക്യാമ്പയിന് വലിയ സ്വീകാര്യതയെന്ന് സാബു എം. ജേക്കബ്
Kerala News
'കോണ്‍ഗ്രസിനെ മറികടന്നു, ലക്ഷ്യം സി.പി.ഐ.എം'; ട്വന്റി 20യുടെ അംഗത്വ ക്യാമ്പയിന് വലിയ സ്വീകാര്യതയെന്ന് സാബു എം. ജേക്കബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th November 2022, 5:18 pm

കൊച്ചി: ട്വന്റി 20യുടെ സംസ്ഥാന അംഗത്വ ക്യാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് പാര്‍ട്ടിയുടെ ചീഫ് കോഡിനേറ്ററും കിറ്റക്സ് ഗാര്‍മെന്റ്സ് എം.ഡിയുമായ സാബു എം. ജേക്കബ്.

കേരളത്തില്‍ മാറ്റത്തിനുവേണ്ടി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്’ നല്‍കിയ അഭിമുഖത്തിലാണ് സാബു എം. ജേക്കബിന്റെ പ്രതികരണം.

ഏതാനും ആഴ്ചകള്‍ നീണ്ട പ്രചരണം കൊണ്ട് ട്വന്റി 20 പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കോണ്‍ഗ്രസിനെ മറികടന്നുവെന്നും സാബു എം. ജേക്കബ് പറഞ്ഞു.

‘ഇത്രയും നാള്‍ എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും മാറി മാറി തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടു.

അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചിട്ട് കുറഞ്ഞ ദിവസമേ ആയിട്ടുള്ളൂ. ഇന്നുവരെ കേരളത്തില്‍ ഞങ്ങള്‍ ഏതാണ്ട് ഏഴ് ലക്ഷം അംഗത്വം നേടിക്കഴിഞ്ഞു.

സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം അംഗങ്ങളുള്ള ഒരേയൊരു പാര്‍ട്ടി സി.പി.ഐ.എമ്മാണ്. കോണ്‍ഗ്രസിന് പോലും അഞ്ച് ലക്ഷം മെമ്പര്‍ഷിപ്പേ കേരളത്തിലുള്ളൂ,’ സാബു എം. ജേക്കബ് പറഞ്ഞു.

ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ ഊന്നിയുള്ളതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

‘ചില ആളുകള്‍ അവരുടെ രാഷ്ട്രീയ താല്‍പര്യംമൂലം ഞങ്ങളുടെ സഹായങ്ങള്‍ നിരസിച്ചു. ഭക്ഷ്യസുരക്ഷാ കാര്‍ഡുകള്‍ പോലും വേണ്ടെന്ന് പറഞ്ഞവരുണ്ട്. ഞങ്ങള്‍ക്ക് വോട്ട് ചെയ്തവരേയും ചെയ്യാത്തവരേയും വേര്‍തിരിച്ച് കാണാറില്ല.

ട്വന്റി 20 തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ യു.ഡി.എഫിന്റെ വോട്ടുകളാണ് കൊണ്ടുപോകുന്നതെന്നാണ് പൊതുവിലുള്ള വിശ്വാസം. അത് സത്യമല്ല. സി.പി.ഐ.എമ്മിന്റേയും കോണ്‍ഗ്രസിന്റേയും പ്രവര്‍ത്തകരില്‍ നിന്ന് ഞങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്,’ സാബു എം. ജേക്കബ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ജൂലൈ മുതല്‍ ട്വന്റി 20യുടെ സംസ്ഥാനതല അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചായിരിക്കും സംസ്ഥാന തലത്തില്‍ ട്വന്റി 20യുടെ പ്രവര്‍ത്തനമെന്ന് സാബു ജേക്കബ് നേരത്തെ പറഞ്ഞിരുന്നു.

ഡിജിറ്റലായിട്ടായിരുന്നു അംഗത്വ ക്യാമ്പയിന്‍. മൂന്ന് വിധത്തിലുള്ള അംഗത്വമാണ് ഉണ്ടായിരുന്നത്. കേരളത്തിലുള്ളവര്‍ക്ക്, കേരളത്തിനു പുറത്തുള്ളവര്‍ക്ക്, രാജ്യത്തിന് പുറത്തുള്ള മലയാളികള്‍ എന്നീ ക്യാറ്റഗറിയിലായിരുന്നു അംഗത്വം.

മറ്റ് പാര്‍ട്ടിയിലുള്ളവര്‍ക്ക് ആ അംഗത്വം ഒഴിവാക്കി ട്വന്റി 20യില്‍ അംഗത്വമെടുക്കാം. മുപ്പത് സെക്കന്‍ഡ് കൊണ്ട് ഒരാള്‍ക്ക് അംഗത്വം ലഭിക്കും. കൂടെ അവരുടെ അംഗത്വ കാര്‍ഡും ഡിജിറ്റലായി കിട്ടും. യുവതലമുറക്കൊപ്പം പഴയ തലമുറയേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലാകും കാര്യങ്ങളെന്നും സംഘടന അവകാശപ്പെടുന്നു.