Kerala News
കെ.ടി. രാമ റാവു ക്ഷണിച്ചു; 3500 കോടിയുടെ നിക്ഷേപ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 08, 11:09 am
Thursday, 8th July 2021, 4:39 pm

കൊച്ചി: 3500 കോടിയുടെ നിക്ഷേപ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് പോകാനൊരുങ്ങുന്നു. തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് കിറ്റെക്‌സ് എം.ഡി. സാജു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം വെള്ളിയാഴ്ച ഹൈദരാബാദിലേക്ക് പോകുന്നത്.

എന്റെ വ്യവസായത്തപ്പറ്റിയെല്ലാം നേരത്തെ തെലങ്കാന വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ താത്പര്യമറിയിച്ചിട്ടുണ്ട്. വ്യവസായ മന്ത്രി കെ.ടി. രാമ റാവുവിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് ഹൈദരാബാദിലേക്ക് പോകുന്നതെന്നും സാബു എം. ജേക്കബ് പറഞ്ഞു.

ഇതിനായി തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി വെള്ളിയാഴ്ച കൊച്ചിയിലെത്തും. കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് തങ്ങളുടെ സംഘം ഹൈദരാബാദിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന സര്‍ക്കാര്‍ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബിനൊപ്പം ഡയറക്ടര്‍മാരായ ബെന്നി ജോസഫ്, കെ.എല്‍.വി. നാരായണന്‍, വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് ഹര്‍കിഷന്‍ സിംഗ് സോധി, സി.എഫ്.ഒ. ബോബി മൈക്കിള്‍, ജനറല്‍ മാനേജര്‍ സജി കുര്യന്‍ എന്നിവരാണ് സംഘത്തിലുള്ള മറ്റ് അംഗങ്ങള്‍.

നിക്ഷേപം നടത്താന്‍ മികച്ച സൗകര്യങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ.ടി. രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു എം. ജേക്കബ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്കായി സ്വകാര്യ ജെറ്റ് വിമാനം അയച്ച് കിറ്റെക്‌സിനെ തെലങ്കാന സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്.

കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്‌സ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇതുവരെ 9 സംസ്ഥാനങ്ങള്‍ നിക്ഷേപം നടത്താന്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കി കിറ്റെക്‌സിനെ ക്ഷണിച്ചിട്ടുണ്ടെന്നും കേരളം വ്യവസായ സൗഹൃദമല്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സാബു എം. ജേക്കബ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sabu M Jacob moves to Telangana with 3500 crore