കുന്നത്തുനാട്: ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ട സംഭവത്തില്‍ കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജനെതിരെ രൂക്ഷ വിമര്‍ശനവുമായി കിറ്റക്‌സ് എം.ഡിയും ട്വന്റി-20 നേതാവുമായ സാബു ജേക്കബ്.
ദീപുവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും എം.എല്‍.എ ശ്രീനിജന്‍ സ്ഥലത്ത് ഗുണ്ടകളെ അഴിച്ച് വിട്ട് അവര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാന്‍ ലൈസന്‍സ് കൊടുത്തിരിക്കുകയാണന്നും സാബു ജേക്കബ് ആരോപിച്ചു.
എം.എല്‍.എ ശ്രീനിജനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ ഫോണ്‍ അടക്കമുള്ള രേഖകള്‍ പരിശോധിക്കണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു.
”ഇത് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്. ഞങ്ങള്‍ അക്രമരാഷ്ട്രീയത്തിനെയും ഗുണ്ടായിസത്തിനെയും എതിര്‍ക്കുന്നയാളുകളാണ്. പക്ഷെ നൂറുകണക്കിന് വരുന്ന ഞങ്ങളുടെ പ്രവര്‍ത്തകരെ പല സ്ഥലങ്ങളിലായി ഇവര്‍ കയ്യേറ്റം ചെയ്യുകയും അക്രമിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ പത്ത് മാസമായി, പുതിയ എം.എല്‍.എ ശ്രീനിജന്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏതാണ്ട് 50ഓളം ട്വന്റി20 പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ട്വന്റി20 ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും വലിയ ക്രമസമാധാന പ്രശ്‌നമാണുള്ളത്.
ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തില്‍ ഗ്രാമസഭ കൂടിയാല്‍, അതില്‍ വന്ന് ഞങ്ങളുടെ മെമ്പര്‍മാരെ അധിക്ഷേപിക്കുക, ഭരണം മോശമാണെന്ന് ചിത്രീകരിക്കുക എന്നിവയാണ് എം.എല്‍.എയുടെ പതിവ്.
എല്ലാ പഞ്ചായത്തിലും ഉദ്യോഗസ്ഥരായി സഖാക്കളെയാണ് നിര്‍ത്തിയിരിക്കുന്നത്. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും എം.എല്‍.എ നേരിട്ട് വിളിച്ച് നിര്‍ദേശങ്ങള്‍ കൊടുക്കുകയാണ്. അനുസരിക്കാത്തവരെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയാണ്.
സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമാധാനപരമായിട്ട് പ്രതിഷേധം നടത്തുന്നതിന്റെ ഭാഗമായാണ് അവരവരുടെ വീടുകളിലിരുന്ന് ലൈറ്റ് അണച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
ദീപു എന്ന ഞങ്ങളുടെ ഏരിയാ സെക്രട്ടറി, ലൈറ്റ് അണക്കല്‍ സമരത്തിന്റെ കാര്യം എല്ലാവരെയും ഓര്‍മിപ്പിക്കാന്‍ വൈകീട്ട് ആറരയോടെ വീടുകളില്‍ കയറിയിറങ്ങി. ഇങ്ങനെ ഒരു വീട്ടില്‍ നിന്നും ഇറങ്ങി വരുമ്പോഴാണ് ആക്രമണമുണ്ടായത്.
ഇവര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരം പതുങ്ങി ഇരിക്കുകയായിരുന്നു എന്നാണ് പറയുന്നത്. ദീപു ക്രൂരമായി ആക്രമിക്കപ്പെട്ടു. ഇതറിഞ്ഞ വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്താന്‍ 15 മിനിട്ടോളം എടുത്തു. മെമ്പര്‍ അവിടെ എത്തുമ്പോഴും മര്‍ദനം തുടരുകയാണ്.
ദീപുവിനെ മതിലിനോട് ചാരി നിര്‍ത്തി, കഴുത്തിന് പിടിച്ച് മൂന്ന്, നാല് പേര്‍ ചേര്‍ന്ന് ചവിട്ടുകയായിരുന്നു. ഇത് വളരെ പ്രൊഫണലായ കൊലയാളികള്‍ ചെയ്യുന്ന രീതിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്.
ഇത് യാദൃശ്ചികമല്ല. കാരണം, ദീപുവിന് പുറമെക്ക് ഒരു പരിക്കുമില്ല. എന്നാല്‍ ആന്തരികമായി ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു വക്കീലിന്റെയോ രാഷ്ട്രീയനേതാവിന്റെയോ കുരുട്ടുബുദ്ധിയില്‍ ചെയ്ത പ്രവര്‍ത്തിയായാണ് ഇതിനെ മനസിലാക്കേണ്ടത്.
സംഭവം പൊലീസില്‍ അറിയിച്ചാലോ, ആശുപത്രിയില്‍ പോയാലെ കുടുംബത്തെ വകവരുത്തും എന്ന ഭീഷണിയുമുണ്ടായിരുന്നു. പിറ്റേദിവസവും ദീപുവിന്റെ വീടിന് മുന്നില്‍ സി.പി.ഐ.എമ്മിന്റെ കാവലുണ്ടായിരുന്നു.
ക്രൂരമായി ഒരാളെ മര്‍ദിച്ച്, കൊല ചെയ്യാന്‍ ശ്രമിച്ച, അയാള് ചത്തോ എന്നറിയാന്‍ പോയതിന് പകരം, ബക്കറ്റ് പിരിവിന് പോയി, എന്നാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ പറഞ്ഞത്.
സ്ഥലത്തെത്തിയ വാര്‍ഡ് മെമ്പറോട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ പറഞ്ഞത്, എം.എല്‍.എയെ ഞങ്ങള്‍ വിളിച്ചിട്ടുണ്ട്. അദ്ദേഹം വന്നുകഴിഞ്ഞാല്‍ നിന്നെയും ഞങ്ങള്‍ കത്തിക്കും, നിന്റെ മുതലാളിയും വരട്ടെ, എന്നായിരുന്നു.
ഇതിനര്‍ത്ഥം, കൃത്യം നടത്തുന്നതിന് മുമ്പും അത് നടന്ന സമയത്തും അതിന് ശേഷവും പ്രതികളെല്ലാം എം.എല്‍.എയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഈ പ്രതികളും, എം.എല്‍.എയും സി.പി.ഐ.എമ്മിന്റെ മറ്റുചില മുതിര്‍ന്ന പ്രവര്‍ത്തകരുമെല്ലാം കൂടി അവിടെ ഒരു ചായക്കടയിലിരുന്ന് ഗൂഢാലോചന നടത്തുന്നതായുള്ള ദൃശ്യം പുറത്തുവന്നിരുന്നു.
ട്വന്റി-20 പ്രവര്‍ത്തകരെ കഴിഞ്ഞ പത്ത് മാസത്തോളമായി മാനസികമായും ഉദ്യോഗസ്ഥരെ വെച്ചു പീഡിപ്പിച്ചതിന് ശേഷം, ഒരു കൊലപാതകം നടത്തിയാല്‍ മാത്രമേ ഈ പ്രസ്ഥാനം ഇല്ലാതാവൂ, എന്ന് ചിലര്‍ കണക്കുകൂട്ടി.
ഫെബ്രുവരി അഞ്ചാം തീയതി ആണ് ഞങ്ങള്‍ ലൈറ്റണക്കല്‍ സമരം പ്രഖ്യാപിച്ചത്. ആ അഞ്ചാം തീയതിക്കും 12ാം തീയതിക്കും ഇടക്കുള്ള ഏഴ് ദിവസത്തെ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട്.
കേസില്‍ ഒന്നാം പ്രതിയായി ചേര്‍ക്കേണ്ടത് കുന്നത്തുനാട് എം.എല്‍.എയെയാണ്. സമാധാനപരമായി പോയിക്കൊണ്ടിരുന്ന ഈ കുന്നത്തുനാട്, കിഴക്കമ്പലം പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ പത്ത് മാസക്കാലമായി ഗുണ്ടകളെ അഴിച്ച് വിട്ടിരിക്കുകയാണ്. എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ, എന്ന് അവര്‍ക്ക് ലൈസന്‍സ് കൊടുത്തിരിക്കുകയാണ്.
കീഴ്‌ക്കോടതി മുതല്‍ സൂപ്രീംകോടതി വരെ സ്വാധീനമുള്ളയാളുകളാണ് ഇവര്‍. ഈ സീറ്റ് തന്നെ ശ്രീനിജന് കിട്ടിയത് പണം നല്‍കിയിട്ടാണ് എന്നാണ് പറയുന്നത്.
ആരെങ്കിലും എം.എല്‍.എക്കെതിരെ പ്രതികരിച്ചാല്‍ അവരെ പൊലീസിനെ ഉപയോഗിച്ച് കേസെടുത്ത് അറസ്റ്റ് ചെയ്ത്, ഭീഷണിപ്പെടുത്തുകയാണ്. എം.എല്‍.എയും അദ്ദേഹത്തിന്റെ ഗുണ്ടകളും വിളയാട്ടം നടത്തുകയാണ് ഇവിടെ.
അര്‍ഹതയില്ലാത്ത ആളുകള്‍ക്ക് അധികാരവും സമ്പത്തും കിട്ടിയതിന്റെ ഇരയാണ് ദീപു.
അദ്ദേഹത്തെ പ്രതിയാക്കി അറസ്റ്റ് ചെയ്യണം. അദ്ദേഹത്തിന്റെയും പ്രതികളുടെയും ഫോണുകള്‍ കസ്റ്റഡിയിലെടുക്കട്ടെ. അതിന് ആരാണ് ധൈര്യം കാണിക്കുക,” സാബു ജേക്കബ് പറഞ്ഞു.
ദീപു കൊവിഡ് പോസിറ്റീവ് ആയിരുന്നില്ലെന്നും നാല് ദിവസം ദീപുവിനെ ആശുപത്രിയില്‍ നിര്‍ത്തിയത് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കാന്‍ വേണ്ടിയായിരുന്നെന്നും സാബു ജേക്കബ് പറഞ്ഞു.
നേരത്തെ തന്നെ ദീപുവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ശ്രീനിജന്‍ എം.എല്‍.എയാണെന്ന് ട്വിന്റി-20 പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
ദീപുവിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പട്ടിയെപ്പോലെ തല്ലിച്ചതച്ചെന്നും ദീപുവിന് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും ലിവര്‍ സിറോസിസ് ആയിരുന്നെന്ന് ശ്രീനിജന്‍ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും ട്വിന്റി-20 ആരോപിച്ചിരുന്നു.
Content Highlight: Sabu Jacob against MLA PV Sreenijan on twenty 20 party member’s death