| Tuesday, 30th May 2023, 3:43 pm

'അരിക്കൊമ്പന്‍ കേരളത്തിന്റെ സ്വത്ത്'; സുരക്ഷയും ചികിത്സയും ഉറപ്പാക്കാന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി സാബു ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി ട്വന്റി- ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. അരിക്കൊമ്പന് ചികിത്സ നല്‍കണമെന്നും തമിഴ്‌നാട് പിടികൂടിയാല്‍ കേരളത്തിന് കൈമാറണമെന്നും ഹരജിയില്‍ പറയുന്നു.

‘അരിക്കൊമ്പന് സുരക്ഷ ഉറപ്പാക്കണം. ആവശ്യമായ ചികിത്സ നല്‍കണം. അരിക്കൊമ്പന്‍ കേരളത്തിന്റെ സ്വത്താണ്. കേരളത്തിന്റെ വനമേഖലയിലുള്ള ആനയാണ് അരിക്കൊമ്പന്‍. കേരള ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അരിക്കൊമ്പനെ പെരിയാറില്‍ കൊണ്ടുപോയത്.

ഇപ്പോഴത്തെ സ്ഥിതിയില്‍ അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കേരള സര്‍ക്കാര്‍ ഇടപെടണം. അരിക്കൊമ്പന്റെ തുമ്പിക്കൈക്ക് മുറിവേറ്റിട്ടുണ്ട്. അരിക്കൊമ്പന് ആവശ്യമായ ചികിത്സ നല്‍കണം. അരിക്കൊമ്പനെ പിടികൂടണ്ട, മയക്ക് മരുന്ന് വെക്കണ്ടയെന്നല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. പകരം അരിക്കൊമ്പനെ സുരക്ഷിതമായിടത്ത് മാറ്റണം,’ ഹരജിയില്‍ പറയുന്നു.

ചിന്നക്കനാലിനോട് ബന്ധപ്പെട്ട് നില്‍ക്കുന്ന പെരിയാര്‍ വന്യജീവി സങ്കേതത്തിന് പകരം മറ്റ് ഏതെങ്കിലും വനത്തിലേക്ക് മാറ്റണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. കേരള സര്‍ക്കാറിനെയും കേന്ദ്ര സര്‍ക്കാറിനെയും തമിഴ്‌നാട് ചീഫ് സെക്രട്ടറിയേയും എതിര്‍ കക്ഷിയാക്കിയാണ് ഹരജി നല്‍കിയത്.

അതേസമയം അരിക്കൊമ്പനെ പിടികൂടാന്‍ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. മുതുമല കടുവാ സങ്കേതത്തിലെ മീന്‍ കാളന്‍, ബൊമ്മന്‍, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് അഞ്ചംഗ ആദിവാസി സംഘത്തിലുള്ളത്.

content highlight: sabu jackob about arikkomban

We use cookies to give you the best possible experience. Learn more