മമ്മൂട്ടി ജയരാജ് ടീമിന്റെ ജോണിവാക്കര്‍ എന്ന ചിത്രത്തില്‍ ഏറെ ഇഷ്ടമുള്ളൊരു രംഗമുണ്ട്. ക്ലാസ് റൂമില്‍ ലെക്ച്ചറര്‍ ഇംഗ്ലീഷ് കവിത ചൊല്ലുമ്പോള്‍ അതിലെ വരികള്‍ കേട്ടു ‘നിലാവിന്റെ റിബണ്‍ പോലുള്ള നാട്ടു വഴികളിലൂടെ കുതിരപ്പുറത്തു വരുന്ന കൊള്ളക്കാരനെ’ സ്വപ്നം കാണുന്ന ജോണി.
അത് പോലെ ‘ക്രിയേറ്റിവിറ്റിയില്‍ ദൈവത്തിന്റെ കയ്യൊപ്പു’ പതിഞ്ഞ ഒരു കോഴിക്കോട്ടുകാരന്‍ തങ്ങളോടൊപ്പം ഉള്ളത് കൊണ്ട് തിരക്കഥയിലെ രംഗങ്ങളുടെ ചിത്രീകരണത്തെ കുറിച്ചു പരിമിതികളില്ലാതെ സ്വപ്നം കാണുവാന്‍ ഭരതന്‍, പ്രിയന്‍, ശങ്കര്‍, രാജമൗലി, മണിരത്നം തുടങ്ങിയ സംവിധായകരെ വരെ പ്രേരിപ്പിച്ച ഒരു മനുഷ്യന്‍ ഉണ്ട് ക്യാമറക്കു പിന്നില്‍.
ടയര്‍ ട്യൂബ് കൊണ്ട് ‘ചോരയും നീരുമുള്ള’ പെടക്കണ കൊമ്പന്‍ സ്രാവിനെ ഉണ്ടാക്കികൊണ്ടു അമരത്തിലൂടെ സിനിമയിലേക്ക് കടന്നു വന്നൊരാള്‍. കല്യാണ മണ്ഡപത്തെ മണിക്കൂറുകള്‍ കൊണ്ട് ആശുപത്രി ആയി രൂപപ്പെടുത്തി സംവിധായകനടക്കം എല്ലാവരും പച്ചക്കൊടി കാണിച്ചപ്പോളും ‘പ്രേക്ഷകരുടെ കണ്ണില്‍ ഇത് ഇപ്പോള്‍ ഒരു ആശുപത്രി ആയിട്ടുണ്ടാവാം പക്ഷെ ഇവിടെ അഭിനയിക്കാന്‍ നില്‍ക്കുന്നവര്‍ക്ക് ഇതൊരു ആശുപത്രി ആവണമെങ്കില്‍ അല്പം കൂടി പണി ബാക്കിയുണ്ട്..’ എന്നും പറഞ്ഞു ഡെറ്റോളും ഫിനോയിലും മിക്‌സ് ചെയ്ത് തറയില്‍ തളിച്ച് തന്റെ ജോലിയുടെ പെര്‍ഫെക്ഷന്‍ വെളിപ്പെടുത്തുന്ന അയാള്‍ (പവിത്രം).
തടിയന്‍ കഥാപാത്രത്തിന്റെ കഥ പറഞ്ഞ അങ്കിള്‍ ബണ്ണില്‍ നായക കഥാപാത്രത്തിന് തടി കൂടുതല്‍ തോന്നിപ്പിക്കാനായി വസ്ത്രത്തിനിടക്ക് കോട്ടണ്‍ വേസ്റ്റുകള്‍ തിരുകി കയറ്റാം എന്ന് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വെള്ളം നിറക്കാവുന്ന വലിയ പോക്കറ്റുകളുള്ള റബര്‍ സ്യൂട് ഉണ്ടാക്കി, അതില്‍ വെള്ളം നിറച്ചു നായകനെ ആരും കണ്ടാല്‍ അമ്പരപ്പാടെ നോക്കുന്ന രീതിയിലുള്ള തടിയന്‍ ആക്കി മാറ്റിയൊരാള്‍.
പുറംകടലില്‍ ബോട്ടു തകരുന്ന ഹെവി എക്‌സ്‌പെന്‍സ് ആയുള്ള രംഗം (കന്നതില്‍ മുത്തമിട്ടാല്‍) ഷൂട്ട് ചെയ്യാനായി ടാങ്കില്‍ വെള്ളം നിറച്ചു സര്‍ഫ് കലക്കി നുരയും പതയും ഉണ്ടാക്കി ബോട്ടിന്റെ ചലനത്തില്‍ തിരയും ഉണ്ടാക്കി കണ്മുന്നിലെ ടാങ്കിനുള്ളില്‍ പുറംകടല്‍ സൃഷ്ടിച്ചു ഏവരെയും ഞെട്ടിച്ചൊരാള്‍.
‘സാബു.. കാര്യം ബേണി ഇഗ്‌നേഷ്യസ്മാര്‍ ഉണ്ടാക്കിയ ഒരു നല്ല പാട്ട് ഉണ്ട് കയ്യില്‍ പക്ഷെ ചിത്രീകരിക്കാനുള്ള ഫണ്ട് ഇല്ലെന്നാണ് നിര്‍മ്മാതാവ് പറയുന്നത് എന്നാ ചെയ്യാന്‍ പറ്റും?’ എന്ന പ്രിയന്റെ ചോദ്യത്തിന് ‘ഇവിടെയുള്ള എല്ലാ പാഴ് വസ്തുക്കളും ഉപയോഗിച്ച്, ചിലവ് ചുരുക്കി ഒരു സെറ്റ് ഇടാം..’ എന്നും പറഞ്ഞു 13000 രൂപയില്‍ താഴെ മാത്രം ചിലവ് ഒതുക്കി ഒരു പാട്ടിനായി സെറ്റൊരുക്കിയ അയാള്‍.. (എന്റെ മനസിലൊരു നാണം : തേന്മാവിന്‍ കൊമ്പത്ത്)
‘ഹേ റാം’ ന് വേണ്ടി കൊല്‍ക്കത്തയും ഡല്‍ഹിയും, മഹാരാഷ്ട്രയും ചെന്നൈയിലും, ‘ആയുധ എഴുത്തി’നായി ചെന്നൈ ഹാര്‍ബര്‍ മുംബൈയിലും സൃഷ്ടിച്ചു കാഴ്ചക്കാരെ പറ്റിച്ചു രസിച്ചൊരു മനുഷ്യന്‍. സ്‌റ്റൈല്‍ മന്നന്റെ ലുക്കില്‍ ഉള്ളൊരു റോബോട്ടിനെ സൃഷ്ടിക്കാന്‍ വിദേശി ടെക്നീഷ്യന്മാര്‍ 5 കോടി വിലയിട്ടപ്പോള്‍ 6 ലക്ഷം രൂപയ്ക്കു ആ ഐറ്റം ഉണ്ടാക്കി കാണിച്ചു ഏവരെയും അമ്പരപെടുത്തിയൊരു മനുഷ്യന്‍.
ചെന്നൈയില്‍ സെറ്റ് ഇട്ട ഗര്‍ദിഷ് സിനിമയുടെ ക്ലൈമാക്സ് കണ്ടിട്ട് ‘നിങ്ങള്‍ എങ്ങനെയാണു ഇത് മഹാലക്ഷ്മി സൗത്ത് മുംബൈയില്‍ ഷൂട്ട് ചെയ്തത്?’ എന്ന് ചോദിക്കത്തക്ക രീതിയില്‍ അമിതാഭ് ബച്ചനേയും, അദ്വൈതത്തിന്റെ ഷൂട്ടിങ്ങിനിടെ അമ്പലത്തിന്റെ സെറ്റ് കണ്ടു തിരിച്ചറിയാനാകാതെ ചെരുപ്പ് അഴിച്ചു വച്ച് അകത്തു കയറി നേര്‍ച്ച ഇട്ട ശ്രീവിദ്യയേയും, തഞ്ചാവൂര്‍ ഉള്ള ത്യാഗരാജ സംഗീത സദസ്സും അമ്പലവും 350 കിലോമീറ്റര്‍ അപ്പുറെയുള്ള ചെന്നൈയില്‍ കണ്ടപ്പോള്‍ (അന്യന്‍) ഇതെങ്ങനെ സംഭവിക്കും എന്നതിശയിച്ച കുന്നക്കുടി വൈദ്യനാഥനയേയും തന്റെ കൈവിരുതു കൊണ്ട് കണ്‍കെട്ടി മയക്കിയ ഒരു മനുഷ്യന്‍.
ബോബിയുടെയും നീനയുടെയും കഥ പറഞ്ഞ ഫ്രയിമുകള്‍ക്കു ജീവനേകിയ അതെ ലാഘവത്തോടെ ബാഹുബലിയുടെ മഗിഴ്മതി സാമ്രാജ്യവും, ആന്‍ഡമാനിലെ ജയിലുകളും ബ്രിട്ടീഷ് ഭരണകാലവും, മനുഷ്യവികാരമുള്ള റോബോര്‍ട്ടിന്റെ വിക്രിയകള്‍ക്കും ജീവനേകിയ ഒരു അസാമാന്യ മനുഷ്യന്‍.
അദ്വൈതം എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ വിഷ്വല്‍സില്‍ ഗുരുവായൂരമ്പലം കാണിക്കുന്നുണ്ട്. അന്ന് ഏതോ ഒരു അവാര്‍ഡ് ചടങ്ങില്‍ ‘ആര്‍ട്ട് ഡയറക്ടര്‍’ എന്ന കാറ്റഗറി വന്നപ്പോള്‍ അതില്‍ നോമിനേഷന്‍ ചെയ്ത പേരില്‍ ‘സാബു സിറില്‍’ എന്ന ഒരു പേരും ഉണ്ടായിരുന്നു. പക്ഷെ അവാര്‍ഡ് ജൂറികള്‍ ഒട്ടും മടി കൂടാതെ സാബു സിറില്‍ സാറിന്റെ പേരു നീക്കം ചെയ്തു. കാര്യം അന്വേഷിച്ച് അവരെ സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞത്: ‘ഗുരുവായൂരമ്പലം അതേപടി ഷൂട്ട് ചെയ്ത് വന്നിട്ട് അത് ആര്‍ട്ട് ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനും മാത്രം മണ്ടരാണോ ഞങ്ങള്‍.’
സാബു സിറില്‍
അന്ന് സാബു സാര്‍ പറഞ്ഞ മറുപടി, ‘ഇതിനെക്കാള്‍ വലിയ അവാര്‍ഡ് എനിക്കിനി കിട്ടാനില്ല’ എന്നായിരുന്നു. സ്‌ക്രീനില്‍ അയാളുടെ പേര് തെളിഞ്ഞപ്പോള്‍ എല്ലാം ഒരിക്കലും മറക്കാനാകാത്ത, സംസാരിക്കുന്ന ഫ്രയിമുകള്‍ തന്നു കൊണ്ടിരിക്കുന്നതിനാലാവാം തിരശീലയില്‍ ‘സാബു സിറില്‍’ എന്ന് കാണുമ്പോള്‍ എല്ലാം ഹൃദയത്തില്‍ നിന്നെല്ലാം കയ്യടികള്‍ ഉയരുന്നതും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക