| Tuesday, 28th May 2019, 12:45 pm

മുഖ്യമന്ത്രി ലണ്ടനില്‍ അടിച്ചത് സി.പി.ഐ.എമ്മിന്റെ മരണമണി; കിഫ്ബിയെന്നത് കിച്ചന്‍ ക്യാബിനെറ്റെന്നും ശബരീനാഥ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മസാലബോണ്ടുമായി ബന്ധപ്പെട്ട സംവാദത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ശബരീനാഥ് എം.എല്‍.എ നിയമസഭയില്‍. കിഫ്ബി വെബ്‌സൈറ്റില്‍ മസാലബോണ്ടുമായി ബന്ധപ്പെട്ട വിവരമില്ലെന്നും കിഫ്ബിയെന്നാല്‍ കിച്ചന്‍ ക്യാബിനെറ്റാണെന്നും ശബരീനാഥ് പരിഹസിച്ചു.

മസാല ബോണ്ടുകള്‍ ഭൂരിഭാഗവും വാങ്ങിച്ചിട്ടുള്ളത് കാനഡയിലെ ക്യൂബക് ആസ്ഥാനമായുള്ള എസ്.എന്‍.സി ലാവ് ലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യു എന്ന കമ്പനിയാണ്. ലാവ്‌ലിന്റെ 20% ഓഹരി ഈ കമ്പനിയുടെ കയ്യിലാണ്. എസ്.എന്‍.സി ലാവ്‌ലിനുമായി ബന്ധമുള്ള നിക്ഷേപത്തിന്റെ പേരില്‍ കനേഡിയന്‍ മന്ത്രിസഭയില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ എസ്.എന്‍.സി.ലാവ്‌ലിനുവേണ്ടി നിലകൊണ്ടത് സി.ഡി.പി.ക്യുവെന്ന ഈ കമ്പനിയാണ്.

ഈ കമ്പനിയുമായി സര്‍ക്കാറുണ്ടാക്കിയ കരാറിലെ ചില നിബന്ധനകളും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ശബരീനാഥ് ചൂണ്ടിക്കാട്ടി.

‘യാതൊരു വിധ വിവരമോ പ്രതിനിധീകരണമോ പുറത്തേക്ക് വിടുവാനോ വെളിപ്പെടുത്തുവാനോ ആര്‍ക്കും നമ്മള്‍ അധികാരം നല്‍കുന്നില്ലയെന്നാണ് കരാറിലെ ഒരു നിബന്ധന. ഇതാണ് കേരള സര്‍ക്കാര്‍ ഒപ്പുവെച്ചത്. നമ്മളുടെ ഈ മസാല ബോണ്ടുകള്‍ ഒരു നിക്ഷേപകരും വാങ്ങാന്‍ സാധ്യതയില്ല. 90%ലേറെ ഈ ബോണ്ടുകള്‍ വാങ്ങിച്ചത് സി.ഡി.പി.ക്യുവെന്ന കമ്പനിയാണ്. അങ്ങനെയിരിക്കെ വെറുതെ ഒരു പ്രഹസനമായാണ്, മലയാളികളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പോയി മണിയടിച്ചത്. ‘ ശബരീനാഥ് പറഞ്ഞു.

താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എത്രശതമാനം മസാല ബോണ്ടുകള്‍ സി.ഡി.പി.ക്യു വാങ്ങിച്ചു, എത്രശതമാനം മസാല ബോണ്ടുകള്‍ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി ഇപ്പോള്‍ ട്രാന്‍സാക്ഷന്‍ നടക്കുന്നുവെന്ന കാര്യം മന്ത്രി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മസാലബോണ്ടിന്റെ നിരക്കിലും റേറ്റിങ്ങിലും ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ റിങ്ങിങ്ങിലും മാത്രമല്ല സുതാര്യതയില്ലാത്തത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ ഭാഗമായി ഡിസൈന്‍ ചെയ്ത പ്രോജക്ടുകളിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

We use cookies to give you the best possible experience. Learn more