കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ചും വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കുകയും ചെയ്ത സുപ്രീംകോടതിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. സമനില തെറ്റിയ ജഡ്ജിയാണ് വിധി പ്രസ്താവം നടത്തിയതെന്നും തലയ്ക്ക് വെളിവില്ലാത്ത ജഡ്ജി വിധി പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്തിനും ഏതിനും കോടതി ഇടപെടുന്നു. കുടുംബ ബന്ധങ്ങളാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനം. വിശ്വാസ കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടരുതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
“ഓരോ ക്ഷേത്രത്തിനും അതിന്റെതായ വിശ്വാസങ്ങളുണ്ട്. നിയമം കൊണ്ട് വ്യാഖ്യാനിക്കാന്‍ സാധിക്കുന്നതല്ല ക്ഷേത്ര വിശ്വാസം. തോന്നുംപോലെ നിയമം വ്യാഖ്യാനിക്കാന്‍ കോടതിക്ക് അധികാരമുണ്ടോയെന്ന് പുനഃപരിശോധിക്കണം”. സുധാകരന്‍ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആരും നിഷേധിച്ചിട്ടില്ല. ഹിന്ദു വിശ്വാസ പ്രകാരം അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ഒരു നിശ്ചിത സമയത്താണ് സ്ത്രീകള്‍ക്ക് അങ്ങോട്ടേക്ക് പ്രവശനമില്ലാത്തത്. അതൊരു വിശ്വാസമാണ്. ആ വിശ്വാസം സംരക്ഷിക്കാന്‍ നമുക്ക് സാധിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നും ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മറ്റൊരു വിധി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. ഭര്‍ത്താവ് സ്ത്രീകളുടെ യജമാനന്‍ അല്ല, സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.