| Wednesday, 8th November 2023, 9:56 am

ലിഥിയം, ഹൈഡ്രജൻ പദ്ധതികളിൽ അഴിമതി; അന്വേഷണത്തെ തുടർന്ന് രാജിവെച്ച് പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിസ്ബണ്‍: രാജ്യത്തെ ലിഥിയം ഖനനം നടത്തുന്നതിലും ഹൈഡ്രജന്‍ പദ്ധതികളിലും അഴിമതി നടത്തിയെന്ന അന്വേഷണത്തെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ രാജിവെച്ചു. അന്വേഷത്തിനിടയില്‍ തന്റെ സ്റ്റാഫുകളെ പ്രോസിക്യൂട്ടർമാർ തടഞ്ഞുവെച്ചതാണ് രാജിക്ക് കാരണമായതെന്ന് അന്റോണിയോ കോസ്റ്റ പറഞ്ഞു.

സ്റ്റാഫുകളെ തടഞ്ഞുവെച്ചത് അന്വേഷണസംഘത്തിന്റെ പുതിയ രീതിയാണെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചതില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡി സൂസയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്റോണിയോ കോസ്റ്റ രാജി വെക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ രാജി സ്വീകരിക്കുമെന്ന് പ്രസിഡന്റ് റെബെലോ ഡി സൂസ വ്യക്തമാക്കി.

സോഷ്യലിസ്റ്റ് നേതാവായ കോസ്റ്റ തന്റെ നിരപരാതിധ്വം ന്യായീരികരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. താന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും സംശയങ്ങളുണ്ടെങ്കില്‍ ജുഡീഷ്യല്‍ അധികാരികള്‍ക്ക് പരിശോധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോസ്റ്റ പറഞ്ഞു. താന്‍ ഒരിക്കലും നിയമത്തിന് അതീതനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി രാജി അറിയിക്കുന്നതിന് മുന്നോടിയായി പൊതുസ്ഥാപനങ്ങളിലും മറ്റും നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് കോസ്റ്റയുടെ ചീഫ് ഓഫ് സ്റ്റാഫായ വിറ്റര്‍ എസ്‌കറിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രോസിക്യൂട്ടര്‍മാര്‍ പൊതുമരാമത്ത് മന്ത്രി ജോവോ ഗലാംബയെ അന്വേഷണ വിധേയമായി സംശയിക്കുകയും കോസ്റ്റയുടെ ചീഫ് ഓഫ് സ്റ്റാഫിനെ തടവിലാക്കുകയും ചെയ്തു. പോര്‍ച്ചുഗലിന്റെ പരിസ്ഥിതി ഏജന്‍സിയുടെ തലവനെയും കേസില്‍ പ്രതിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി ഏത് രീതിയിലാണ് കേസില്‍ ഉള്‍പ്പെട്ടതെന്നും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ കേസില്‍ നിന്ന് എങ്ങനെ അദ്ദേഹത്തെ ഒഴിവാക്കാമെന്നും പരിശോധിക്കുകയാണെന്ന് പരമോന്നത നീതിപീഠമായ കോടതി അറിയിച്ചു.

പോര്‍ച്ചുഗലിന്റെ വടക്കന്‍ അതിര്‍ത്തിയായ സ്‌പെയിനിന് സമീപമുള്ള ലിഥിയം ഖനി, സൈനസ് പട്ടണത്തിലെ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ്, ഡാറ്റാ സെന്റര്‍ എന്നിവക്കുള്ള പദ്ധതികളിലെ അഴിമതി, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ അഴിമതി, സ്വാധീനം ചെലുത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഭരണകൂടത്തിനെതിരെ ഉയരുന്നത്. അതേസമയം സര്‍ക്കാര്‍ അടിയന്തരായി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Content Highlight: sabotage of lithium and hydrogen projects; Antonio Costa resigns following investigation

We use cookies to give you the best possible experience. Learn more