| Monday, 24th October 2016, 2:55 pm

ജിഗ്‌നേഷ് മേവാനി ഉയര്‍ത്തുന്ന സംവാദ സാദ്ധ്യതകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏകപക്ഷീയമായി ഇടതുപക്ഷം നിശ്ചയിക്കുന്ന അജണ്ടകളിലുള്ള സംവാദം ഇനി പറ്റില്ലെന്നും അംബേദ്കറൈറ്റ് ആശയങ്ങളെ ഇടതുപക്ഷം അഡ്രസ്സ് ചെയ്യുന്ന ഒരു തലത്തിലാണ് ചര്‍ച്ച വേണ്ടത് എന്നുമാണ് മേവാനി പറഞ്ഞു വെക്കുന്നത്. അതിനോട് ഇടതുപക്ഷം എങ്ങനെ റെസ്‌പോണ്ട് ചെയ്യും എന്ന് കൗതുകത്തോടെ കാത്തിരിക്കുന്നു. പ്രത്യേകിച്ചും ഗുജറാത്തിലെ ഉനയും ഉഡുപ്പിയിലേതും കഴിഞ്ഞു മൂന്നാമത്തെ ഭൂവകാശം പ്രധാന ഇതിവൃത്തമാക്കിയുള്ള സമരം ജനുവരി 26നു തിരുവനന്തപുരത്തായിരിക്കും എന്ന് മേവാനി വ്യക്തമാക്കിയ സാഹചര്യത്തില്‍.



ജിഗ്‌നേഷ് മേവാനിയുടെ രാഷ്ട്രീയം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത് ഇങ്ങനെയാണ്. ദളിതരുടെ പ്രാതിനിധ്യം, ദൃശ്യത എന്നിങ്ങനെയുള്ള ആശയങ്ങള്‍ മാത്രമല്ല, ഉത്പാദന ഉപാധികളുടെ മേലുള്ള ഉടമസ്ഥതയും മേവാനി മുന്നോട്ട് വെക്കുന്നുണ്ട്. വര്‍ഗ രാഷ്ട്രീയത്തോടുള്ള ഡയലോഗിനെ കുറിച്ച് പറയുമ്പോഴും മുന്‍പ് ഇതേ ആശയം മുന്നോട് വെച്ച ആനന്ദ് തെല്‍തുംടെയും (Anand Teltum-bde) മറ്റും പറയുന്ന  സമന്വയമല്ല (convergence), മറിച്ചു സഹകരണത്തെ കുറിച്ചാണ് മേവാനി പറയുന്നത്. അതും ഏത് മേഖലയില്‍ എന്നും വ്യക്തമായി മേവാനി പറയുന്നുണ്ട്.

അത് കൊണ്ടാണ് ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന എല്ലാവര്‍ക്കും പാര്‍പ്പിടം നല്‍കുന്ന പദ്ധതികള്‍ വഴി ഭൂരാഹിത്യം ഇല്ലാതെയാക്കുക എന്ന അജണ്ടയല്ല, ദളിതര്‍ക്ക് ഉത്പാദന ക്ഷേമമായ ഭൂമിയുടെ മേലുള്ള അവകാശം എന്ന അജണ്ടയെ കുറിച്ച് അദ്ദേഹം പറയുന്നത്. ക്ഷേമം എന്ന പ്രയോറിറ്റി മാറി, ശാക്തീകരണം എന്ന പ്രയോറിറ്റിയാണ് മേവാനി മുന്നോട്ട്
വെക്കുന്നത്.

ഇവിടെ ക്ഷേമ പദ്ധതി  ഉണ്ടാക്കിവെച്ച ഒരു വലിയ പരിമിതി ചൂണ്ടി കാണിക്കേണ്ടി വരുന്നു. ഇതേ ക്ഷേമം എന്ന അജണ്ടയുടെ പരിമിതിയാണ്, മുഖ്യധാരയ്ക്ക് പുറത്തു ദളിതരെ മൂന്നു സെന്റിന്റെ ലക്ഷം വീട് കോളനികളില്‍ ഒതുക്കി ഘെറ്റോയ്‌സേഷനു (ghettoisation) കാരണമായിട്ടുണ്ട്.

ഏകപക്ഷീയമായി ഇടതുപക്ഷം നിശ്ചയിക്കുന്ന അജണ്ടകളിലുള്ള സംവാദം ഇനി പറ്റില്ലെന്നും അംബേദ്കറൈറ്റ് ആശയങ്ങളെ ഇടതുപക്ഷം അഡ്രസ്സ് ചെയ്യുന്ന ഒരു തലത്തിലാണ് ചര്‍ച്ച വേണ്ടത് എന്നുമാണ് മേവാനി പറഞ്ഞു വെക്കുന്നത്. അതിനോട് ഇടതുപക്ഷം എങ്ങനെ റെസ്‌പോണ്ട് ചെയ്യും എന്ന് കൗതുകത്തോടെ കാത്തിരിക്കുന്നു. പ്രത്യേകിച്ചും ഗുജറാത്തിലെ ഉനയും ഉഡുപ്പിയിലേതും കഴിഞ്ഞു മൂന്നാമത്തെ ഭൂവകാശം പ്രധാന ഇതിവൃത്തമാക്കിയുള്ള സമരം ജനുവരി 26നു തിരുവനന്തപുരത്തായിരിക്കും എന്ന് മേവാനി വ്യക്തമാക്കിയ സാഹചര്യത്തില്‍.

പിന്നെ അംബേദ്കറൈറ്റ് രാഷ്ട്രീയപക്ഷവും ഇടത്പക്ഷവുമായി ഒരു രാഷ്ട്രീയ സഖ്യവും സാധ്യമല്ല എന്ന നിലപാട് എനിക്കില്ല. എന്നാല്‍ അതിന്റെ അജണ്ട ആരാണ് തീരുമാനിക്കുന്നത് എന്ന ചോദ്യമുണ്ട്. തൃശൂരില്‍ നടന്ന ഭൂ അധികാര പ്രഖ്യാപന കണ്‍വന്‍ഷനില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞുവെക്കുന്നുണ്ട്.

“അഹമ്മദാബാദില്‍ നിന്നും ഉന വരെ ചലോ ഉന എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഞങ്ങള്‍ നടത്തിയ പദയാത്രയില്‍ ഞങ്ങളോടൊപ്പം കേരളത്തില്‍ നിന്ന് സി.പി.ഐ.എമ്മിന്റെ കുറച്ച് പ്രവര്‍ത്തകരും ഞങ്ങളുടെ കൂടെ പശുവിന്റെ വാല്‍ നിങ്ങള്‍ സൂക്ഷിച്ചോളൂ ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് നല്‍കൂ എന്ന് മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഞാന്‍ അവരോട് പറയുന്നത് ഇതാണ്. വരും ദിവസങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ മുന്നിലും ഈ മുദ്രാവാക്യം വെക്കുന്നതാണ്. ഇവിടെയുള്ള മുഴുവന്‍ ദളിത് സമൂഹവും മുഴുവന്‍ അംബേദ്ക്കറൈറ്റുകളും ഒപ്പം ചേര്‍ന്ന് തിരുവനന്തപുരത്തെ റോഡുകള്‍ ഉപരോധിക്കുന്നു. അപ്പോള്‍ ഞാന്‍ ജിഗ്‌നേഷ് മേവാനി അവരുടെ മുന്നില്‍ അവരോടൊപ്പം തന്നെ ഉണ്ടാകും”

കേരളത്തിലെ ഇടതുപക്ഷം ദലിതര്‍ക്കായി ഒന്നും ചെയ്തില്ലെന്നോ, ഇനി ഒന്നും ചെയ്യില്ലെന്നോ അല്ല ഞാന്‍ പറയുന്നത്. ഭരണ നിര്‍വഹണത്തിന്റെ ഭാഗമായി ധാരാളം ക്ഷേമ പദ്ധതികള്‍ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാവും. ക്ഷേമ പ്രവര്‍ത്തനങ്ങളുടെ അഭാവത്തെ കുറിച്ചല്ല, ശാക്തീകരണത്തിനായി നയപരമായ ഭരണകൂട ഇടപെടലുണ്ടായിട്ടില്ല എന്നതാണ് പ്രസക്തമായ വിമര്‍ശനം.

വിഭവ വിതരണത്തിലെയും ജ്ഞാന മണ്ഡലത്തിലെയും, ഉദ്പാദന മേഖയിലെയും അദൃശ്യതകളെ ഒരു സര്‍ക്കാരും അഡ്രസ്സ്‌ചെയ്തില്ല . ഉദാഹരണങ്ങള്‍ പറയാം. കേരളത്തിലെ ദളിതരില്‍ 55 ശതമാനത്തിന്റെയും കൈയില്‍ നാമ മാത്ര ഭൂമിയെ ഉളളൂവെന്നു കിലെയുടെ പഠനങ്ങള്‍പറയുന്നു. മറ്റൊരു ജന വിഭാഗത്തിനും ഇങ്ങനെ
സാമൂഹികമായി ഭൂരാഹിത്യമില്ല.

വ്യക്തിപരമായി ഭൂരാഹിത്യം എന്ന അവസ്ഥ മറ്റു സമുദായങ്ങളില്‍ ഉള്ളവര്‍ക്കും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നു സമ്മതിക്കുന്നു. കേരളത്തിലെ മിച്ച ഭൂമികള്‍ ദളിതര്‍ക്ക് മാത്രം ഉള്ളതല്ല. എല്ലാ ഭവന ഭൂരഹിതര്‍ക്കും ജാതി മതം ലിംഗം നോക്കാതെ ലഭ്യമാക്കണമെന്നൊക്കെയുള്ള `നിഷ്‌കളങ്ക”മെന്നു തോന്നുന്ന ചില വാദങ്ങള്‍ ഭൂരാഷ്ട്രീയം ഉയരുന്ന
സാഹചര്യത്തില്‍ കേള്‍ക്കാറുണ്ട്.

എല്ലാ തരം ഭൂരാഹിത്യവും ഒരു പോലെയാണ് എന്ന ഒരു ചരിത്രവിരുദ്ധതയതിലുണ്ട്. മറ്റുള്ള വിഭാഗങ്ങളുടെ ഭൂരാഹിത്യം ഒരു സാമൂഹിക വിഷയമല്ല..ഒരുവ്യക്തിപരമായ വിഷയമാണ്. അത് പരിഹരിക്കാന്‍ ഭവന രഹിതര്‍ക്ക് ഭൂമി നല്‍കുന്ന ക്ഷേമ പദ്ധതികള്‍ മതിയാവും. എന്നാല്‍ ദളിതരുടെ ഭൂരാഹിത്യം സാമൂഹികമാണ്. ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല.

വ്യക്തിപരമായി ഒരാള്‍ക്ക് ഭൂമിയില്ല എന്നതല്ല പ്രശ്‌നം. ചരിത്രപരമായി ഉത്പാദനക്ഷേമമായ ഭൂമിയില്‍ നിന്നും അകറ്റി നിര്‍ത്തിയെന്നതാണു പ്രശ്‌നം. അതിന് പരിഹാരം ക്ഷേമ പദ്ധതിയല്ല. ശാക്തീകരണത്തിനായി കൃഷി ഭൂമി ലഭ്യമാക്കുകയാണ്. അത് കാണാന്‍ ഭൂപരിഷ്‌കരണത്തിന് കഴിയാതെ പോയി.

അടുത്തപേജില്‍ തുടരുന്നു

ദളിതരുടെ സാമൂഹികമായ അദൃശ്യതയ്ക്ക് കാരണം ഭൂമിയില്ലായ്മ മാത്രമല്ല. കേരളത്തിലെ ട്രഷറികളില്‍ നിന്നും ശമ്പളം പറ്റുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 70 ശതമാനം വരുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ (പൊതു വിദ്യാഭ്യാസ മേഖലയില്‍ 70% എയ്ഡഡ് മേഖലയിലാണ്. ഉന്നത വിദ്യാഭ്യസ മേഖലയുടെ കാര്യത്തില്‍ 78%വും) അദ്ധ്യാപക അനധ്യാപക തസ്തികകളില്‍ ദളിതരുടെ പ്രാതിനിധ്യം നാമമാത്രയാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉയര്‍ന്ന തസ്തികകളിലും നയ രൂപീകരണ വേദികളിലും ദളിതര്‍ വളരെ കുറവാണ്.  കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളിലെ 60 ശതമാനത്തില്‍ അധികം സീറ്റുകള്‍ കൈയിലുള്ള സ്വാശ്രയ കോളേജുകളില്‍ അദ്ധ്യാപക അനധ്യാപക തസ്തികയില്‍ മാത്രമല്ല 50 ശതമാനം മാനേജ്‌മെന്റ്  സീറ്റുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിലും ദളിതര്‍ പുറത്താണ്.

ഐ.ടി തുടങ്ങിയ തൊഴില്‍ മേഖലയിലും ദളിത് സാന്നിധ്യമില്ല. വ്യപാര മേഖലയാണ് മറ്റൊരു ദളിത് അസാന്നിധ്യം അനുഭവിക്കുന്ന മേഖല. ഇത്തരം എക്‌സ്‌ക്ലൂസീവ് ഇടങ്ങളും അവ സൃഷ്ടിക്കുന്ന അദൃശ്യതകളും അഡ്രസ്സ്
ചെയ്തില്ല എന്നതാണ് പ്രശ്‌നം. അവയുടെ മറുഭാഗത്തുള്ള പ്രബല സമുദായങ്ങളുടെ ദൃശ്യത അവരെ എങ്ങനെ ശാക്തികരിച്ചു എന്ന് ചിന്തിക്കുക. ഇത്തരം അദൃശ്യതകളെ അഡ്രസ്സ് ചെയ്യപ്പെട്ടിട്ടില്ല. ഇതിനൊപ്പം തന്നെയാണ് പ്രബലമായ രാഷ്ട്രീയ പാര്‍ട്ടികളുടെ നയരൂപികരണ സമിതികളിലെ അദൃശ്യത.

കേരളത്തിലെ ദളിതരുടെ അദൃശ്യതയുടെ കാരണം നിയോ ലിബറല്‍ കാലഘട്ടത്തിലെ നയങ്ങള്‍ മാത്രമാണ് എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അവ മാത്രമല്ല അതിന്റെ കാരണം. അവ ചരിത്രപരമാണ്. പാട്ട ഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യത്തിനു ദലിതരെ ഉള്‍കൊള്ളാന്‍ കഴിയാതെ പോയത്, ദളിതരെ കര്‍ഷക തൊഴിലാളിയല്ലാതെ കര്‍ഷകനാവാന്‍ അനുവദിക്കാതെ പോയ പാരമ്പര്യ നിയമങ്ങള്‍ ആയിരുന്നു.

ദേവസ്വം,രാജസ്വം എന്നിങ്ങനെ പരമ്പരാഗതമായി വിഭജിക്കപ്പെട്ട ഭൂമിയില്‍ ദളിതര്‍ക്ക് അവകാശമില്ലാത്ത പോയി. ദളിതരെ  കുടികിടപ്പ് എന്ന പരിമിതിയില്ലേക്ക് ഭൂമിക്ക് മേല്‍ അധ്വാനപരമായ ബന്ധം ഉണ്ടായിട്ടും പരിമിതപ്പെടുത്തിയെന്ന തിരിച്ചറിവില്ലാത്ത പോയതാണ്. കേരളത്തിന്റെ എയിഡഡ് മേഖലയുടെ വികസനത്തിന്റെ ചരിത്രത്തില്‍ ദളിതര്‍ ഇല്ലാതെ പോയതും സാമ്പത്തികമായി അവര്‍ക്ക് അത്തരം സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള ശക്തിയില്ലാതെ പോയത് കൊണ്ടാണ്. ഇത്തരം ചരിത്രപരമായ കാരണങ്ങള്‍ അഡ്രസ്സ് ചെയ്യപ്പെടണം.

കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ ദളിതരുടെ അവസ്ഥയുമായി താരതമ്യപ്പെടുത്തിയാണ് പലപ്പോഴും  കേരളീയ വികസന മാതൃകയ്ക്ക് ആദിവാസികളെയും ദളിതരെയും മറ്റും ഉള്‍കൊള്ളാന്‍ കഴിയാതെ പോയതിനെ കുറിച്ചുള്ള ചോദ്യങ്ങളെ ചിലര്‍ പ്രതിരോധിക്കുന്നത്.

കേരളത്തിലെ ദളിത് അവസ്ഥ താരതമ്യപ്പെടുത്തേണ്ടത് മറ്റ് സ്ഥലങ്ങളിലെ ദളിത് അവസ്ഥയുമായല്ല. കേരളത്തിലെ പ്രബല സമുദായങ്ങളുടെ അവസ്ഥയുമായിട്ടാണ്. കാരണം കേരളത്തില്‍ നിലനിന്ന  ചരിത്രപരമായ അദൃശ്യതകള്‍ ഉണ്ടാക്കുന്ന സാമൂഹിക സാഹചര്യങ്ങളുടെ സന്ദര്‍ഭത്തിലാണ് അവ ഉന്നയിക്കുന്നത്. അത് ദളിതരെ എത്തിക്കുന്ന ഘെറ്റോകളെ കുറിച്ചാണ്. എല്ലാ സമുദായത്തിലും ദരിദ്രര്‍ ഉണ്ടാവാം. എന്നാല്‍ ദളിതരെ പോലെ ഘെറ്റോയിഷേന്‍ (ghettoisation) ഒരു സമുദായവും നേരിടുന്നില്ല.

ദളിതരെയും മറ്റു വിഭാഗങ്ങളെയും അദൃശ്യരാക്കുന്ന കാരണങ്ങളെന്ത് എന്നു അന്വേഷിക്കേണ്ടി വരുമ്പോഴാണ് സാമൂഹിക  സംവിധാനങ്ങളില്‍ വരെ നിലനില്‍ക്കുന്ന അദൃശ്യതയെ കുറിച്ച് പറയേണ്ടി വരുന്നത്. അപ്പോഴാണ് അംബേദ്കര്‍ ജാതി
നശീകരണത്തിലും (annihilation of caste) മറ്റും പറയുന്ന ചിലരെ ബഹുമാന്യരും മറ്റു ചിലരെ നിന്ദ്യരുമാക്കുന്നതി (structured discrimination)ന്റെ സാമൂഹിക സാഹചര്യങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് നമ്മുടെ സാമൂഹിക  സംവിധാനങ്ങളില്‍ കീഴാളരുടെ പ്രതിനിധ്യം ഇല്ലാതെ വരുന്നത് എന്ന് പറയേണ്ടി വരുന്നത്.

ദളിതരുടെ പ്രാതിനിധ്യം ദൃശ്യത എന്നീ ആശയങ്ങളോട് ചേര്‍ന്ന് തന്നെയാണ് ഉത്പാദന ഉപാധിക്കളുടെ മേലുള്ള ഉടമസ്ഥതയും നില്‍ക്കുന്നത്. മേവാനിയുടെ രാഷ്ട്രീയത്തിന്റെ സാധ്യത അത് ഇടതുപക്ഷവും സംവാദത്തിനു ചില അജണ്ടകള്‍ മുന്നോട്ട് വെക്കുന്നുവെന്ന ഇടത്തിലാണ്. ഇത്തരം അജണ്ടകളോട് കേരളത്തിലെ ഇടതുപക്ഷം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആനന്ദ് തെല്‍തുംടെയും മറ്റും പറയുന്നത് പോലെ  ദളിത്പക്ഷം  തൊഴിലാളി വര്‍ഗപക്ഷവുമായി സമന്വയിക്കപ്പെടേണ്ടതിന്റെ ആവശ്യകതയല്ല മേവാനി മുന്നോട്ട് വെക്കുന്നത്. ദളിത്പക്ഷവും  വര്‍ഗരാഷ്ട്രീയവും തമ്മിലുള്ള സംവാദാത്മകമായ ഒരു ബന്ധം സ്ഥാപിക്കപ്പെടേണ്ടതുണ്ട് എന്നാണ് മേവാനി പറഞ്ഞുവെക്കുന്നത്.

ചിത്രം കടപ്പാട്:  ഷഫീഖ് താമരശ്ശേരി

We use cookies to give you the best possible experience. Learn more