ജ്ഞാനോദയത്തിന്റെ (enlightment) പരിമിതിയെ കുറിച്ചുള്ള ഒരു ആകുലതയില്‍ നിന്നാണ് അതിനെ കുറിച്ചുള്ള വിമര്‍ശങ്ങള്‍ ഉണ്ടാവുന്നത്. ജ്ഞാനോദയം പൂര്‍ണമായി തള്ളിക്കളയേണ്ടതാണ് എന്ന് ഒന്നുമല്ല പറഞ്ഞു വരുന്നത്. ശാസ്ത്രബോധം. യുക്തി ( scientific temper, reason) എന്നിവയെ അടിസ്ഥാനമാക്കിയ അതിന്റെ ലോജിക് ജ്ഞാനോത്പാദനത്തിനു അനുഗുണമായ ഒരു പരിസരം സൃഷ്ടിച്ചുവെന്നത് അംഗീകരിക്കുന്നു.
എന്നാല്‍ അതിന്റെ ഉല്പന്നമായ “സര്‍വ്വജനീനത”യും അത് സൃഷ്ടിച്ച ബൈനറികളും എങ്ങനെ സാമൂഹ്യ നൂനപക്ഷങ്ങളെ പാര്‍ശ്വവല്കരിച്ചുവെന്നും ഓര്‍ക്കേണ്ടതുണ്ട്. “സര്‍വ്വജനീനത” (Universal) വിഭജനമില്ലാത്ത സ്വത്വങ്ങളെ മാത്രമേ
അംഗികരിക്കുന്നുള്ളൂ.
വിഭജിത സ്വത്വങ്ങളെ (particular identities) അത് അപരമായി എണ്ണി. ജ്ഞാനോദയ ലോജികിന്റെ എക്സ്റ്റന്‍ഷനാണു അപരിഷ്‌കൃതരായ ” അവരെ” സംസ്‌കാരം പഠിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ട അധിനിവേശ ശക്തികളുടെ ഊര്‍ജം.
ജ്ഞാനോദയം വെളുത്ത യൂറോപ്യന്‍ ഹെട്രോ സെക്ഷ്വല്‍ പുരുഷനെ (white hetrosexual European male)നെ എല്ലാ കാലത്തെയും മനുഷ്യ മാതൃകയാക്കി പടിഞ്ഞാറന്‍ മുതലാളിത്വ നാഗരികതയെ മാനുഷികതയുടെ ശരി രൂപമായി ഉറപ്പിച്ചു. അതുകൊണ്ടാണ് മൂന്നാം ലോകത്തിന്റെ വിമോചന പദ്ധതികളുടെ കേന്ദ്രം ഇവയുടെ അപനിര്‍മാണമാണ് എന്ന് പോസ്റ്റ് കൊളൊണിയല്‍ ചിന്തകര്‍ പറയുന്നത്.
എഡ്വേഡ് സൈദ്
എഡ്വേഡ് സൈദ് പറയുന്നത്: പരനെ ഞങ്ങള്‍ അവര്‍ എന്ന ഋജുവായ ഒരു വിപരീത ദ്വന്തത്തില്‍ അടയാളപ്പെടുത്തി, അക്രമകാരിയായ അപരനെ നിയന്ത്രിക്കാന്‍ ഹിംസ ഉപയോഗിക്കുന്നതിനെ ഇത് സാധുകരിക്കുന്നു. കാരണം അപരന് മനസിലാക്കുന്ന ഭാഷ ഹിംസയുടേത് മാത്രമാണ്. അവര്‍ ഞങ്ങളെ പോലെ അല്ല അതിനാല്‍ ഭരിക്കപ്പെടേണ്ടവരാണ് എന്ന ബൈനറിയുണ്ടാവുന്നത് ജ്ഞാനോദയത്തിന്റെ പരിമിതിയില്‍ നിന്നാണ്( The other is setup within a straightforward oppositional relationship between `us” and `them” in which force is used to control the unruly other because `they” mainly understood force.or violence at the best:`They were not like use and for the reason deserved to be ruled.)
ട്രിന്‍ഹ് ടി മിന്‍ഹ് (Trinh T Minh) ഇതിനെ വിപുലികരിച്ചു: വീപരിതദ്വന്തങ്ങളുടെ സംരക്ഷണം വഴി (താന്‍/അന്യന്‍,ഞാന്‍/അത്/ഞങ്ങള്‍/അവര്‍ )ആഖ്യാതാവിനു ഒരു ആധിപത്യം ഉണ്ടാക്കാന്‍ ഈ ലോജിക്കിന് കഴിയുന്നു. (The conservation of systems of binary opposition (subject/object/I/It/We/They) which secures for the speaker a position of mastery).
പോസ്റ്റ് കൊളോണിയല്‍ ചിന്തകര്‍ മാത്രമല്ല, ഗ്രാംഷിയെ പോലുള്ള മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരും അതീശത്വങ്ങള്‍ അപരരാക്കിയ സ്വത്വങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഗ്രാംഷി തന്റെ സോഷ്യല്‍ ഹെഗമണി തിയറിയില്‍ നിലവിലുള്ള അധീശ വ്യവഹാരങ്ങള്‍ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും ചരിത്രപരവുമായി പിന്തള്ളുന്ന സ്വത്വങ്ങളെ പൊതുവില്‍ വിവരിക്കാന്‍ സബാള്‍ട്ടന്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്.
ആ ഗ്രാംഷിയന്‍ വിചാരധാരയെ പിന്തുടര്‍ന്നും, എന്നാല്‍ പലപ്പോഴും അതിനെ മറികടന്നും ഇത്തരം അധീശത്വങ്ങള്‍ അദൃശ്യത സൃഷ്ടിക്കുന്ന ജനവിഭാഗങ്ങളുടെ ദൃശ്യതയും പ്രാതിനിധ്യവും സാധുതയും ഉറപ്പു വരുത്തുന്ന, സൈദ്ധാന്തിക ഇടപെടലായാണ് റണജിത് ഗുഹയെ പോലുള്ളവര്‍ സബാള്‍ട്ടന്‍ എന്ന ചിന്താധാരയെ വിഭാവന ചെയ്തത്.
അധീശ വ്യവഹാരങ്ങള്‍ വിസ്മൃതിയിലാക്കിയ ചില ചെറുത്തുനില്‍പ്പുകളെ വീണ്ടെടുക്കാന്‍ അത്തരം പഠനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് മറന്നു കൂടാ.
ട്രിന്‍ഹ് ടി മിന്‍ഹ്
ദളിത്, സ്ത്രീ, ട്രാന്‍സ്ജന്റര്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍, ഇതര ഭാഷാതൊഴിലാളി, മുസ്‌ലീങ്ങള്‍ തുടങ്ങിയവയൊക്കെ (ഈ സ്വത്വങ്ങള്‍ മാത്രമാണ് സബാള്‍ട്ടന്‍ എന്നല്ല) നിലനില്‍ക്കുന്ന അധീശ വ്യവഹാരത്തില്‍ അദൃശ്യത അനുഭവിക്കുന്ന സബാള്‍ട്ടന്‍ സ്വത്വങ്ങള്‍ തന്നെയാണ്. ഇത്തരം സ്വത്വങ്ങള്‍ സാധുതയ്ക്കും, പ്രതിനിധിക്കരണത്തിനും, ദൃശ്യതയ്ക്കും വേണ്ടി നടത്തുന്ന സമരങ്ങളുടെ പൊതുപരിസരം വ്യക്തമാക്കാന്‍ സബാള്‍ട്ടന്‍ ചിന്ത പ്രസക്തമാണ്.
പൊതുവ്യവഹാരങ്ങള്‍ അദൃശ്യതയിലേക്ക് തള്ളിയവരുടെ അവകാശങ്ങളെ സംരക്ഷിക്കാനും അതിനു സാധുത നല്‍കാനുമാണ് ഇവരൊക്കെ ജ്ഞാനോദയത്തിന്റെ (enlightment) പരിമിതിയെ കുറിച്ച് ചിന്തിക്കുന്നത്. മുതിര്‍ന്നവരാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു വ്യവസ്ഥതിയില്‍ കുട്ടികളും അദൃശ്യത അനുഭവിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമത്തിനു കാരണമായേക്കാവുന്ന മനോവ്യവഹാരങ്ങളെ ന്യായീകരിക്കാന്‍ ജ്ഞാനോദയത്തിന്റെ പരിമിതികളെ അഭിസംബോധന ചെയ്യുന്ന ചിന്തകളെ ഉപയോഗിക്കുന്നത് അത്തരം ചിന്തകള്‍ ഉദയം ചെയ്ത സാമൂഹിക ബോധ്യത്തിന്റെ നിരാകരണമാണ്. ആ ചിന്തകളെ പീഡോഫൈല്‍സ് എന്ന സൈക്കാട്രിക്ക് ഡിസോര്‍ഡറിന്റെ ന്യായീകരണമായി ഉപയോഗിക്കുന്ന സൈദ്ധാന്തിക വ്യായാമങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ചെയ്തു കൊണ്ടിരിക്കുന്നത് അതാണ്.
അവരുടെ കൈയിലെ ഒരു ടൂള്‍ ഫുക്കോയായതുകൊണ്ട് അദ്ദേഹം യുക്തിയുടെ യുഗത്തിലെ (age of reason) മനസികരോഗങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്ന മാഡ്നെസ്സ് ആന്റ് സിവിലൈസേഷന്‍ എന്ന കൃതിയെ കുറിച്ച് ചിലത് പറയാതെ വയ്യ.
നവോത്ഥാനം മുതല്‍ ആധുനിക അനുഭവം വരെയുള്ള കാലഘട്ടത്തില്‍ മനസികരോഗത്തെ പറ്റിയുള്ള സാമുഹിക അവബോധത്തില്‍ വന്ന മാറ്റത്തെ പഠിക്കുന്നതാണ് ആ കൃതി. നവോത്ഥാന കാലഘട്ടത്തില്‍ (age of Renaissance) ഭ്രാന്തനെ കുറിച്ചുള്ള ഒരു അവബോധം ഒരു പ്രത്യേക തരം ജ്ഞാനമുള്ള, ലോകത്തിന്റെ പരിമിതികളെ കുറിച്ച് ബോധ്യമുള്ള ഒരാളാണ് ഭ്രാന്തന്‍ എന്നായിരുന്നു.
ഫുക്കോ
എന്നാല്‍ പതിനേഴാം നുറ്റാണ്ടിന്റെ മധ്യത്തോടെ, യുക്തിയുഗത്തിന്റെ (age of reason)ന്റെ പ്രഭാവ കാലഘട്ടത്തില്‍ സമുഹത്തിന്റെ പാര്‍ശ്വത്തില്‍ ജീവിച്ചിരുന്ന ഇവരെ സമുഹത്തില്‍ നിന്നും പൂര്‍ണമായി ബഹിഷ്‌കരിക്കണമെന്നും അതിനായി പുതിയ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ഉണ്ടാവണമെന്നുമുള്ള ചിന്തവന്നു(ഭ്രാന്തര്‍ക്കൊപ്പം ഇങ്ങനെ ബഹിഷ്‌കരിക്കപ്പെടെണ്ടവരായി ലൈംഗിക തൊഴിലാളികളെയും, അലഞ്ഞു തിരിയുന്നവരെയും, രാജ്യദ്രോഹികളെയും കാണുന്നതാണ് ആ യുക്തി.)
യുക്തിയില്ലായ്മ, ലൈംഗിക തൊഴില്‍, തുടങ്ങിയവ ഒരാള്‍ സ്വന്തന്ത്രമായ ഒരു ചോയിസായി സ്വീകരിച്ചതാണ് എന്നും അതൊരു സദാചാര ഭ്രംശമാണ് (moral error) എന്നും അതുകൊണ്ടുതന്നെ ശിക്ഷകള്‍, റിവാര്‍ഡുകള്‍ തുടങ്ങിയ നടപടികള്‍ വഴി ഇവരെ ഇവരുടെ ചോയിസുകളില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കാനാവുമെന്നുമാണ്. ഇത്തരം പുതിയ യുക്തിപരമായ ഇന്‌സ്ടിട്യൂഷനുകളെ (rational institution) നിയന്ത്രിക്കുന്ന ഭരണവ്യവസ്ഥകളുടെ (regime) യുക്തിയെന്നു ഫുക്കോ പറയുന്നു.
ഇത്തരം നിയന്ത്രണങ്ങളെ (confinement) സാധൂകരിക്കുന്ന സാമുഹിക ശക്തികളില്‍ അനഭിമതരെ ഒഴിവാക്കണമെന്നും തൊഴിലിലായ്മയും വേതനവും ക്രമീകരിക്കണമെന്നുമുള്ള യുക്തിയുമുണ്ട് എന്ന് ഫുക്കോ പറയുന്നു. (The cheap labour of the workhouses applied downward pressure on the wages of free labour).
തുടര്‍ന്ന് ഭ്രാന്തുള്ളവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ 18ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ രൂപം കൊണ്ട നിയന്ത്രണത്തിന്റെ (confinement) സ്ഥലങ്ങളെ കുറിച്ചൊക്കെ ഫുക്കോ വിവരിക്കുന്നുണ്ട്.(In the anxiety of the second half of the eighteenth century, the fear of madness grew at the same rate as the dread of unreason, and for that reason the twin obsessions.)
അതായത് ഫുക്കോ പറയുന്നത് ദുര്‍ബലരായവരുടെനേരെ നടക്കുന്ന ഹിംസകളെ കുറിച്ചാണ്. മുതിര്‍ന്നവരുടെ ലോകത്തില്‍ കുട്ടികള്‍ ഏറ്റവും ദുര്‍ബലരാണ്. അവരുടെ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നു കയറ്റങ്ങളെ സാധൂകരിക്കാന്‍ ഫുക്കോയെ ഉപയോഗിക്കുന്നത്, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യുക്തിപരമായ ഹിംസയാണ്. അതുകൊണ്ട് തന്നെ ഇത്തരം സൈദ്ധാന്തിക വായന നടത്തുന്നവരോട് :നിങ്ങളുടെ വായന നിങ്ങളുടെ ബാധ്യത മാത്രമാണ്. ഫുക്കോയുടേതല്ല.