തിരുവനന്തപുരം: തിരുവനന്തപുരം മലയന്‍കീഴില്‍ സംഘപരിവാറിന്റെ കലാപ ശ്രമം. പ്രദേശത്ത് വന്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. വനിതാ മതിലില്‍ പങ്കെടുത്ത ഒരു സ്ത്രീയുടെ വീടിനു നേരെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് സി.പി.ഐ.എമ്മും ബി.ജെ.പി-ആര്‍.എസ്.എസ് സംഘടനകളും തമ്മിലാണ് സംഘര്‍ഷം നടക്കുന്നത്.
സംഘപരിവാര്‍ പ്രവര്‍ത്തകള്‍ ടവ്വലു കൊണ്ട് മുഖം മറച്ച് പൊലീസിന് നേരെയും സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കു നേരെയും കല്ലും കുപ്പയും എറിയുകയും വടികൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. ആക്രമത്തില്‍ പൊലീസുകാര്‍ക്ക് പരിക്കുണ്ട്.
അതേസമയം, നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘപരിവാര്‍ ബോംബെറിഞ്ഞു. പൊലീസുകാര്‍ നിന്ന ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. മൂന്ന് ബോംബുകള്‍ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് അക്രമികള്‍ എറിഞ്ഞു. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടി. നെടുമങ്ങാട് എസ്.ഐയുടെ കൈ ഒടിഞ്ഞു.
നെടുമങ്ങാട്ടെ സി.പി.ഐ.എം കൗണ്‍സിലര്‍മാരുടേയും നേതാക്കളുടേയും വീടുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. തുടര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍മാരുടെ വീടുകളും ആക്രമിക്കപ്പെട്ടു. ഇരുവിഭാഗത്തിന്റേയും വീടുകള്‍ക്ക് നേരെ പരക്കെ ആക്രമണം നടന്നു. സംഘര്‍ഷം പരിസരപ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. വന്‍ പൊലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. എന്നിട്ടും നിയന്ത്രണാതീതമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോയതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
രാവിലെ ഒരു സ്വകാര്യബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓടിക്കാനെത്തിയ ബി.ജെ.പി-ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ചിരുന്നു. ഇവരെ വിരട്ടിയോടിക്കാന്‍ ശ്രമിച്ച പൊലീസുകാരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ എസ്.ഐക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.
തുടര്‍ന്ന് അറസ്റ്റിലായ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് എതിരെ മുദ്രാവാക്യം വിളികളുമായി സി.പി.ഐ.എം പ്രവര്‍ത്തകരും എത്തി. തുടര്‍ന്ന് സ്റ്റേഷന് മുന്നില്‍ ബി.ജെ.പി- ശബരിമല കര്‍മ്മസമിതി പ്രവത്തകരും സി.പി.ഐ.എം പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതിനിടയിലാണ് പൊലീസുകാര്‍ നിന്ന ഭാഗത്തേക്ക് ബോംബുകള്‍ എറിഞ്ഞത്.