| Saturday, 4th April 2020, 2:00 pm

പ്രതിഭയുടെ പരാമര്‍ശം പൊതുപ്രവര്‍ത്തകയ്ക്ക് ചേരുന്നതല്ല; പത്രപ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുമെന്ന് വിശ്വസിക്കുന്നെന്നും ശബരിനാഥ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കായംകുളം എം.എല്‍.എ പ്രതിഭ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പരാമര്‍ശം പൊതുപ്രവര്‍ത്തകയ്ക്കു ചേര്‍ന്നതല്ലെന്ന് ശബരിനാഥന്‍ എം.എല്‍.എ. ജനങ്ങളോടും പത്രപ്രവര്‍ത്തകരോടും മാപ്പ് പറയുമെന്നും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുമെന്നും വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് ലൈവില്‍ വന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകരോട് ‘നിങ്ങള്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഭേദം, അത് ആണായാലും പെണ്ണായാലും’ എന്ന് പറയുന്നത് ഒരു പൊതുപ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല എന്നാണ് ശബരീനാഥന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.

”നമ്മള്‍ ജനപ്രതിനിധികളാണ്, കൂടുതല്‍ വിവേകവും ഔചിത്യവും ആത്മസംയമനവും പാലിക്കേണ്ടവരാണ്. ചിലപ്പോള്‍ എനിക്കും നിങ്ങള്‍ക്കുമൊക്കെ അലോസരം സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം, വാര്‍ത്തകള്‍ വന്നേക്കാം- അവയെ സമചിത്തതയോടെ നേരിടണം. ഇത്തരത്തിലുള്ള മറുപടി ഒരു ജനപ്രതിനിധി നല്‍കുമ്പോള്‍, ജനം മാര്‍ക്കിടുന്നത് നമുക്കാണെന്ന് പ്രിയ എം.എല്‍.എ ഓര്‍ക്കണം,” ഫേസ്ബുക്ക് കുറിപ്പില്‍ ശബരിനാഥന്‍ പറഞ്ഞു.

ആദ്യം ഇട്ട പോസ്റ്റിന് പിന്നാലെ ശബരിനാഥ് ഇട്ട രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതിഭ ജനങ്ങളോടും പത്രപ്രവര്‍ത്തകരോടും മാപ്പ് പറയുമെന്ന് വിശ്വസിക്കുന്നതായി ശബരിനാഥന്‍ പറഞ്ഞത്

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ വന്നുചേരുന്ന ജനപ്രതിനിധികളുടെ കാര്യാലയങ്ങള്‍ അടച്ചുതന്നെയാണ് ഇരിക്കേണ്ടതെന്നും എന്നാല്‍ എം.എല്‍.എമാര്‍ നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചു മുന്നോട്ടു പോകണമെന്നും സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. തന്റെ മണ്ഡലത്തില്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more