ചിത്രം കണ്ടപ്പഴേ സാമാന്യ യുക്തിക്ക് ചേരാത്തതായി തോന്നി; സമ്പത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് എം.എല്‍.എ
Kerala News
ചിത്രം കണ്ടപ്പഴേ സാമാന്യ യുക്തിക്ക് ചേരാത്തതായി തോന്നി; സമ്പത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2019, 8:20 pm

തിരുവനന്തപുരം: മുന്‍ എം.പി എ സമ്പത്തിന്റെ കാറില്‍ എക്‌സ് എം.പി ബോര്‍ഡ് വച്ചു എന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ സമ്പത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥന്‍.

ആറ്റിങ്ങല്‍ എം.പിയായിരുന്ന സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതല്‍ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നുവെന്നാണ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നിരന്തരം ഇരയാകാറുണ്ടെന്നും ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോള്‍ അറിയുന്നുവെന്നും ശബരീനാഥ് കൂട്ടി ചേര്‍ത്തു.

ഇത്തരം വിഷയങ്ങളൊക്കെ പൊളിറ്റിക്കലായി ചര്‍ച്ച ചെയ്യാമെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാര്‍ക്കും ഭൂഷണമല്ലെന്നും എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിഷയത്തില്‍ തൃത്താല എം.എല്‍.എ വി.ടി ബല്‍റാം ഫേസ് ബുക്കില്‍ പോസ്റ്റ് ഇടുകയും പിന്നാലെ അത് പിന്‍വലിക്കുകയും ചെയ്തിരുന്നു.

കാറിന്റെ ഉടമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നാണ് വി.ടി ബല്‍റാം ആരോപിച്ചത്.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എം.പിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും’- എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. കാറിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ആറ്റിങ്ങൽ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതൽ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോൾ അറിയുന്നു.

ഞാനടക്കമുള്ള രാഷ്ട്രീയപ്രവർത്തകർ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്.നമുക്ക് വിഷയങ്ങൾ പൊളിറ്റിക്കലായി ചർച്ച ചെയ്യാം, അതിൽ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ല.

Responsible driving എന്നതുപോലെ Responsible social media എന്നൊരു ക്യാമ്പയിൻ തുടങ്ങുന്നത് നല്ലതായിരിക്കും.