| Tuesday, 6th November 2018, 2:29 pm

സംഘപരിവാറില്‍ നിന്ന് മര്യാദ പ്രതീക്ഷിച്ചിട്ട് കാര്യമില്ല; എങ്ങനെ നേരിടണമെന്ന് സര്‍ക്കാറിനറിയാം: ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശബരിമല: ശബരിമലയില്‍ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇ.പി ജയരാജന്‍.
ശബരിമലയില്‍ അക്രമം അതിരു കടന്നാല്‍ എങ്ങനെ നേരിടണം എന്ന് സര്‍ക്കാരിനറിയാമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.

“സംഘപരിവാറില്‍ നിന്ന് മര്യാദ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഭീകരവാദികളാണ് ശബരിമലയില്‍ അക്രമത്തിനായി തമ്പടിക്കുന്നത്. അക്രമം അതിരു കടന്നാല്‍ എങ്ങനെ നേരിടണം എന്ന് സര്‍ക്കാരിനറിയാം”. മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Read Also : “അടിച്ചു കൊല്ലെടാ അവളെ”; ദര്‍ശനത്തിനെത്തിയ 52 കാരിയെ കൊല്ലാന്‍ ആക്രോശിക്കുന്ന അക്രമിയുടെ വീഡിയോ പുറത്ത്

സ്ത്രീകള്‍ക്ക് നേരെ കൊലവിളി നടത്തുകയും ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ ആചാര ലംഘനം നടത്തിയതിനും പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇന്ന് രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷം വത്സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തു. പതിനെട്ടാം പടി പ്രസംഗ പീഠമാക്കിയ വത്സന്‍ തില്ലങ്കേരിയുടെ നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

പൊലീസ് മൈക്കിലൂടെയും വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം ഉണ്ടായിരുന്നു. ചോറൂണിനെത്തിയ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്ത സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വത്സന്‍ തില്ലങ്കേരി.

നേരത്തെ ശബരിമല സന്നിധാനത്ത് എത്തിയ 52 വയസുള്ള തൃശൂര്‍ സ്വദേശിനിയായ സ്ത്രീയെ കൊല്ലാന്‍ ആക്രോശം നടത്തുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് വേണ്ടിയെത്തിയ സ്ത്രീയെയാണ് “അടിച്ചു കൊല്ലെടാ അവളെ” എന്നാക്രോശിച്ച് ആക്രമിക്കാന്‍ ശ്രിമിച്ചത്. പൊലീസിന്റെ കരവലയത്തിലുള്ള സ്ത്രീയ്ക്ക് നേരെ ആക്രമിക്കാന്‍ ശ്രിമിക്കുന്നതും വീഡിയോയില്‍ കാണാം.

രാവിലെ ശബരിമല നടപ്പന്തലില്‍ എത്തിയ സ്ത്രീകളെ ഒരുവിഭാഗം പ്രതിഷേധക്കാര്‍ തടഞ്ഞത് വലിയ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇവര്‍ 50 വയസ്സ് തികഞ്ഞവരാണെന്ന് പൊലീസ് പറഞ്ഞെങ്കിലും ഭക്തരെന്ന് അവകാശപ്പെട്ട നൂറോളം പേര്‍ ഇവരെ തടയുകയായിരുന്നു. അക്രമത്തില്‍ രാധ എന്ന സ്ത്രീയുടെ കാലിന് പരിക്കേറ്റിരുന്നു.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാര കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ തടഞ്ഞുവെക്കല്‍, അപമര്യാദയായി പെരുമാറല്‍ എന്നീ വകുപ്പ് പ്രകാരമാണ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പൊലീസ് പറഞ്ഞു

We use cookies to give you the best possible experience. Learn more