കോഴിക്കോട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നവോത്ഥാന സംരക്ഷണത്തിനു വനിതാ മതില്‍ പ്രതിരോധം തീര്‍ക്കാനുള്ള സംഘാടക സമിതിയില്‍ 21 അംഗ വനിതാ സബ് കമ്മിറ്റിയും. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, എസ്.എന്‍.ഡി.പി വനിതാ വിഭാഗം നേതാവ് ഷീബ എന്നിവരുടെ നേതൃത്വത്തില്‍ 21 അംഗ വനിതാ സബ് കമ്മിറ്റിക്കാണ് രൂപം നല്‍കിയത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിലാണ് തീരുമാനം. ശിവഗിരി തീര്‍ത്ഥാടന സമാപന ദിവസമായതിനാല്‍ വനിതാ മതില്‍ ജനുവരി ഒന്നില്‍ നിന്ന് മാറ്റണമെന്ന നിര്‍ദേശത്തില്‍ അന്തിമ തീരുമാനമായില്ല.
അതേസമയം, വനിതാ മതിലിന് സര്‍ക്കാര്‍ പണം പ്രതീക്ഷിക്കുന്നില്ലെന്ന് സംഘാടക സമിതി പറഞ്ഞു. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ ഉദ്ഘാടനം നാളെ നടക്കും. 10,11,12 തിയതികളില്‍ ജില്ലാ തല സമിതി രൂപീകരണം നടക്കുക. പ്രാദേശിക തലങ്ങളില്‍ 20 ന് സമിതി രൂപീകരിക്കും.
“30,15,000 വനിതകള്‍ മതിലിന്റെ ഭാഗമാകുമെന്ന് കേരള പുലയര്‍ മഹാസഭ നേതാവ് പുന്നല ശ്രീകുമാര്‍ പറഞ്ഞു. കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്. ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകാനാകില്ല എന്ന പ്രഖ്യാപനത്തോടെ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ മുപ്പത് ലക്ഷത്തിപതിനയ്യായിരം സ്ത്രീകള്‍ പങ്കെടുക്കും” പരിപാടിയുടെ കണ്‍വീനര്‍ കൂടിയായ പുന്നല ശ്രീകുമാര്‍ പറഞ്ഞു.
വനിതാ മതില്‍ തീര്‍ക്കാനുള്ള സമിതിയില്‍ ഒരു സ്ത്രീയെപ്പോലും ഉള്‍പ്പെടുത്താത്തതിനെതിരെ ഇടതു സഹയാത്രികരടക്കമുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു.