| Saturday, 28th September 2019, 9:21 am

ചരിത്രവിധി; ശബരിമല യുവതിപ്രവേശ വിധിയ്ക്ക് ഇന്ന് ഒരാണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നിയമവിധേയമാക്കുന്ന സുപ്രീംകോടതി വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി.

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച അപൂര്‍വ്വം കേസുകളിലൊന്നായിരുന്നു ശബരിമല. വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവര്‍ക്കും ഒരുപോലെയാകണം എന്നതായിരുന്നു ശബരിമല വിധിയുടെ അന്തസത്ത.

മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്.

2006-ല്‍ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കു ക്ഷേത്രപ്രവേശനം വിലക്കാന്‍ നിയമ പിന്‍ബലം നല്‍കുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിലെ മൂന്നാം(ബി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു മുഖ്യ ആവശ്യം. ആദ്യവര്‍ഷം ഹര്‍ജിയില്‍ കാര്യമായി ഒന്നും സംഭവിച്ചില്ല.


2007-ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ സ്ത്രീപ്രവേശത്തിന് അനുകൂലമായി സത്യവാങ്മൂലം നല്‍കി. ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഈ വിഷയം പഠിക്കാന്‍ കമ്മിഷനെ വെക്കണമെന്നും സ്ത്രീകള്‍ക്കുമാത്രമായി പ്രത്യേക സീസണ്‍ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.


എട്ടുവര്‍ഷത്തോളം കേസില്‍ കാര്യമായൊന്നും സംഭവിച്ചില്ല. 2016-ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചിനുമുമ്പാകെ കേസെത്തി. അപ്പോള്‍ അധികാരത്തിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീപ്രവേശം ആവശ്യമില്ലെന്നും തത്സ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുമാറ്റത്തെ കോടതി വാക്കാല്‍ ചോദ്യംചെയ്തു.

പിന്നീട്, കേസ് ഭരണഘടനാബെഞ്ച് പരിഗണിച്ചപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരായിരുന്നു അധികാരത്തില്‍. സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്ന ആദ്യ സത്യവാങ്മൂലത്തിലെ നിലപാടാണു തങ്ങള്‍ക്കെന്ന് ഇടതുസര്‍ക്കാര്‍ അറിയിച്ചു. സ്ത്രീവിലക്കിനെതിരേ ശക്തമായി വാദിക്കുകയും ചെയ്തു.

2018 സെപ്തംബര്‍ 28 ന് പുറപ്പെടുവിച്ച വിധിയെ തുടര്‍ന്ന് കേരളത്തില്‍ തീവ്ര വലതുപക്ഷ ശക്തികള്‍ കലാപത്തിനായി ശ്രമിച്ചിരുന്നു. വിധിയെ ആദ്യം സ്വാഗതം ചെയ്ത ബി.ജെ.പിയും കോണ്‍ഗ്രസും രാഷ്ട്രീയ ലക്ഷ്യത്തോടെ നിലപാട് മാറ്റിയപ്പോള്‍ ഇടതുപക്ഷവും സര്‍ക്കാരും വിധിയെ അനുകൂലിച്ചു.


സ്ത്രീപ്രവേശനത്തിനായി ഹരജി നല്‍കിയവരുടെ ആര്‍.എസ്.എസ് ബന്ധവും ആര്‍.എസ്.എസ് അടക്കമുള്ള ഹിന്ദുത്വസംഘടനകള്‍ വിധിയ്ക്ക് മുന്‍പ് സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടെടുത്തിരുന്നതും ചര്‍ച്ചയായി. കലാപ ലക്ഷ്യത്തോടെ നിലപാട് മാറ്റി പ്രളയാനന്തര കേരളത്തില്‍ സംഘര്‍ഷത്തിനായി ബി.ജെ.പി ശ്രമിച്ചു.

ആചാരസംരക്ഷണത്തിന്റെ പേരില്‍ സന്നിധാനത്ത് രക്തം വീഴ്ത്താന്‍ പദ്ധതിയുണ്ടായിരുന്നെന്ന് കലാപത്തിന് നേതൃത്വം നല്‍കിയവര്‍ തന്നെ തുറന്നു പറഞ്ഞു. ശബരിമല കലാപ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരായ വത്സന്‍ തില്ലങ്കേരി അടക്കമുള്ളവര്‍ സന്നിധാനത്ത് നിലയുറപ്പിക്കുകയും ഭക്തയുടെ തലയില്‍ തേങ്ങയെറിയാന്‍ ശ്രമിക്കുകയും ചെയ്തു.


വിധിയുടെ ചുവടുപിടിച്ച് ക്ഷേത്രദര്‍ശനത്തിനെത്തിയ സ്ത്രീകളെ ആക്രമിച്ചു. ആന്ധ്രാ സ്വദേശിനിയായ മാധവിയായിരുന്നു ശബരിമല വിധി വന്നതിന് ശേഷം കുടുംബസമേതം ക്ഷേത്രസന്ദര്‍ശത്തിനെത്തിയ ആദ്യ യുവതി. എന്നാല്‍ ഇവരെ പമ്പയില്‍ വെച്ച് തന്നെ കലാപകാരികള്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചു.

വിധിയ്ക്ക് ശേഷം ശബരിമലയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ ന്യൂയോര്‍ക്ക് ടൈംസിന്റെ മാധ്യമപ്രവര്‍ത്തകയായ സുഹാസിനി രാജിനെയും സന്നിധാനത്തേക്കുള്ള യാത്രാമധ്യേ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു.

പിന്നീടും പലപ്പോഴായി വന്ന യുവതികള്‍ സംഘര്‍ഷത്തില്‍പ്പെട്ട് മടങ്ങിപ്പോകേണ്ടി വന്നു. ഇതിനിടയില്‍ തന്ത്രിയും പന്തളം മുന്‍ രാജകുടുംബവും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയതോടെ ശബരിമല ക്ഷേത്രം സംബന്ധിച്ച അധികാരത്തര്‍ക്കവും ഉടലെടുത്തു.


നേരത്തെ സ്ത്രീപ്രവേശനമാകാമെന്ന നിലപാടെടുത്ത് സോഷ്യല്‍മീഡിയയിലടക്കം പോസ്റ്റ് ചെയ്ത ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് മന:പൂര്‍വം തറയിലെറിഞ്ഞ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും നടത്തി. കലാപശ്രമത്തിന് സുരേന്ദ്രനടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശബരിമല വിധി സുവര്‍ണാവസരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള രഹസ്യയോഗത്തില്‍ പറഞ്ഞതിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിധിയെ സ്വാഗതം ചെയ്തപ്പോള്‍ സംസ്ഥാന നേതൃത്വം പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിച്ചത്.

വിധിയെ വിശദീകരിക്കാനും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാനും ഇടതുപക്ഷവും രംഗത്തിറങ്ങി. കേരളത്തിലുടനീളം എല്‍.ഡി.എഫ് നേതൃത്വത്തില്‍ വിശദീകരണയോഗങ്ങളും നവോത്ഥാന സദസുകളും സംഘടിപ്പിക്കപ്പെട്ടു. പുരോഗമന-മതേതര വിശ്വാസികളും സര്‍ക്കാരിന് പിന്തുണയുമായി രംഗത്തെത്തി.


ശബരിമലയിലെ സവര്‍ണ ബ്രാഹ്മണാധിപത്യങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. കേരളം ഗതകാലത്ത് നേടിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ വീണ്ടും ചര്‍ച്ചയായി. മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രചരണത്തിന് നേതൃത്വം നല്‍കി. സാമുദായിക-പുരോഗമന സംഘടനകളുമായി ചേര്‍ന്ന് നവോത്ഥാനസമിതി രൂപീകരിച്ചു.

നവോത്ഥാന സമിതിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കപ്പെട്ടു. ജാതി-മതാടിസ്ഥാനത്തില്‍ കേരളത്തിന്റെ മതേതരത്വത്തിനും നവോത്ഥാനമൂല്യങ്ങള്‍ക്കും നേരെ നടന്ന ആക്രമണത്തെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ ഒന്നടങ്കം വനിതാ മതിലില്‍ കണ്ണികളായി. ജനുവരി രണ്ടിന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കനകദുര്‍ഗ, ബിന്ദു എന്നീ രണ്ട് യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തി.

ഇതിന് പിന്നാലെ വീണ്ടും സംഘര്‍ഷത്തിലേക്ക് ബി.ജെ.പിയും ഹിന്ദുത്വശക്തികളും ഒരുങ്ങി. ഇതിനിടെ ശബരിമല വിധി അടിയന്തരമായി പുന:പരിശോധിക്കണമെന്ന ഹരജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. വിധിയ്ക്ക് സ്‌റ്റേ നല്‍കാനാവില്ലെന്നും തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വിധിക്കെതിരെ പുനഃപരിശോധനാ ഹരജികളും റിട്ടും ഉള്‍പ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മുന്‍പാകെ എത്തിയത്. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ശേഷം ചീഫ് ജസ്റ്റിസായി എത്തിയ രഞ്ജന്‍ ഗൊഗോയിയാണ് ഇപ്പോഴത്തെ ഭരണഘടന ബെഞ്ചിന്റെ അദ്ധ്യക്ഷന്‍.


പുനഃപരിശോധന ഹരജികളില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്. ഭരണഘടന ബെഞ്ചിലുള്ള ജസ്റ്റിസുമാരായ റോഹിന്‍ടണ് നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, എ.എന്‍ ഖാന്‍വീല്‍ക്കര്‍ എന്നിവര്‍ ശബരിമല വിധിയില്‍ ഉറച്ചുനിന്നാല്‍ ഭൂരിപക്ഷ തീരുമാനപ്രകാരം പുനഃപരിശോധന ഹരജികള്‍ തള്ളിപ്പോകും.

പക്ഷേ, വിശ്വാസത്തിന്റെ ഭരണഘടന അവകാശത്തില്‍ വിശദമായ പരിശോധന വേണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് തോന്നിയാല്‍ കേസ് ഏഴംഗ ഭരണഘടന ബെഞ്ചിലേക്ക് വിടാം.

സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പ് കാലത്ത് സജീവമായിരുന്നു. പുനഃപരിശോധന ഹരജികളിലെ തീരുമാനം നോക്കി മതി അത്തരം നീക്കങ്ങളെന്നാണ് ഇപ്പോള്‍ കേന്ദ്ര നിലപാട്. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രഞ്ജന്‍ ഗൊഗോയി വിരമിക്കും. അതിന് മുന്‍പ് പുന:പരിശോധനാ ഹരജികളില്‍ തീരുമാനമെടുക്കാനാണ് സാധ്യത.

We use cookies to give you the best possible experience. Learn more