| Saturday, 10th November 2018, 10:00 pm

ശബരിമല സ്ത്രീപ്രവേശനം: സുപ്രീംകോടതി വിധിയുടെ സംക്ഷിപ്ത രൂപം; സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്

എഡിറ്റര്‍

മുഖവുര

ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശനം നിഷേധിക്കുന്നതു ചോദ്യം ചെയ്ത് ഏതാനും സ്ത്രീകള്‍ സമര്‍പ്പിച്ച കേസില്‍ സുപ്രീം കോടതി കല്പിച്ച വിധി പരക്കെ സ്വാഗതം ചെയ്യപ്പെട്ട ഒന്നാണ്. എന്നാല്‍, അതിനെ സ്വാഗതം ചെയ്തവരില്‍ത്തന്നെ ചിലര്‍ പിന്നീടു വിധിക്കെതിരെ രംഗത്തു വന്നു. സാധാരണജനങ്ങളുടെ മനസില്‍ സുപ്രീം കോടതിവിധിയെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ മുതലെടുത്ത് ആശങ്കയും കാലുഷ്യവും വിദ്വേഷവും കുത്തിവയ്ക്കുന്ന രീതിയിലേക്കു സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിച്ചു വലിയ പ്രചാരണംതന്നെ ഇക്കൂട്ടര്‍ അഴിച്ചുവിട്ടു. ശാന്തമായിരുന്ന കേരളസമൂഹത്തെ ഇതു പൊടുന്നനെ കലുഷമാക്കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചും വികാരം ഇളക്കിവിട്ടും ചെറുതല്ലാത്ത ആശയക്കുഴപ്പമാണ് ഒരുകൂട്ടര്‍ സൃഷ്ടിച്ചത്. മഹാപ്രളയത്തില്‍നിന്നു കൂട്ടായ പരിശ്രമത്തിലൂടെ കരകയറാന്‍ വെമ്പുന്ന, നവകേരളസൃഷ്ടിക്ക് ഒരുങ്ങുന്ന സവിശേഷവേളയില്‍ ഉണ്ടാക്കിയ ഈ ആശയക്കുഴപ്പവും സംഘര്‍ഷവും കേരളത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് ഇതുസംബന്ധിച്ച യഥാര്‍ത്ഥവസ്തുതകള്‍ ജനങ്ങള്‍ക്കുമുന്നില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്. ആ ശ്രമത്തിന്റെ ഭാഗമാണ് ഈ ലഘുപുസ്തകം.

സുപ്രീം കോടതിവിധിയുടെ സംഗ്രഹമാണ് ഇതിലെ മുഖ്യ ഉള്ളടക്കം. അതേസമയം, ഇങ്ങനെയൊരു വിധി ഉണ്ടാകാനിടയായ സാഹചര്യം മനസിലാക്കുന്നതിനായി അതിന്റെ പശ്ചാത്തലംകൂടി അറിയേണ്ടതുണ്ട്. അതുസംബന്ധിച്ച ഒരു കുറിപ്പും ഇതില്‍ ചേര്‍ക്കുന്നുണ്ട്. പ്രതിഷേധവും അക്രമവുമെല്ലാം സംഘടിപ്പിച്ചത് സുപ്രീം കോടതിവിധി നടപ്പാക്കുന്നതിനെതിരെ ആണെങ്കിലും പ്രചാരണം നടന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ എന്തോ ചെയ്തിട്ടാണ് കേസും വിധിയുമൊക്കെ ഉണ്ടായത് എന്ന മട്ടിലാണ്. ആകെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്തത് കോടതി ആവശ്യപ്പെട്ടപ്രകാരം ഒരു സത്യവാങ്മൂലം നല്‍കുക മാത്രമാണ്. മതവിശ്വാസത്തിനും ആരാധനയ്ക്കും എല്ലാ പൗരര്‍ക്കുമുള്ള ഭരണഘടനാവകാ
ശം ഉയര്‍ത്തിപ്പിടിച്ച ആ സത്യവാങ്മൂലം ആചാരപരമായ കാര്യത്തില്‍വച്ച നിര്‍ദ്ദേശം ആ മേഖലയില്‍ പാണ്ഡിത്യമുള്ളവരുടെ ഒരു കമ്മിഷനെ വച്ച് അക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കണമെന്നാണ്. ഇക്കാര്യത്തില്‍ നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീം കോടതിവിധി എന്തായാലും അതു നടപ്പിലാക്കുമെന്നും വ്യക്തമാക്കി. ഇതാണു വസ്തുത എന്നു മനസിലാക്കാന്‍ ആ സത്യവാങ്മൂലത്തിന്റെ പരിഭാഷയും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ ആചാരങ്ങളുടെയും മീതെയാണു ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളെന്നു സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി. ഭരണഘടനാസദാചാരം പടുത്തുയര്‍ത്തിയിരിക്കുന്നത് അന്തസ്സ്, സമത്വം, സ്വാതന്ത്ര്യം എന്നീ മൂന്നു തൂണുകളിന്മേല്‍ ആണെന്നും അസന്ദിഗ്ദ്ധമായി കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ സമത്വം എന്ന സങ്കല്പനം ജാതി-മത-വംശ-ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും അനുഭവവേദ്യമാകണമെന്നാണു വിവക്ഷ. ഇത്തരം ഭരണഘടനാമൂല്യങ്ങളും പൗരാവകാശങ്ങളും അവസരസമത്വവുമാണ് വിധിതീര്‍പ്പിനു കോടതി ആധാരമാക്കിയത്.

തന്ത്രിയും എന്‍.എസ്.എസും അയ്യപ്പസേവാസംഘവും അടക്കം കക്ഷിചേര്‍ന്നിരുന്ന കേസാണിത്. ഇന്നു പ്രക്ഷോഭത്തെ പിന്‍തുണയ്ക്കുന്നവര്‍ ഉന്നയിക്കുന്ന വാദങ്ങളെല്ലാം സുപ്രീം കോടതിയില്‍ ഉന്നയിച്ചവയാണ്. ഇതെല്ലാം പരിശോധിച്ചാണ് സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് വിധി പറഞ്ഞത്. കോടതി തള്ളിക്കളഞ്ഞതും പരിഗണിക്കാത്തതുമായ വാദങ്ങള്‍ ഉയര്‍ത്തി നടത്തുന്ന പ്രക്ഷോഭം വാസ്തവത്തില്‍ സുപ്രീം കോടതിയോടും ഭരണഘടനയോടുമുള്ള അവഹേളനമാണ്. വിധിയില്‍ തെറ്റു പറ്റിയിട്ടുണ്ടെന്നു തോന്നുന്നെങ്കില്‍ ആ അഭിപ്രായക്കാരാണ് പുനഃപരിശോധനയ്ക്കു ഹര്‍ജി നല്‌കേണ്ടത്. ഇതിനു സര്‍ക്കാരിന് ഒരു തടസവുമില്ല. അല്ലാതെ, വിധി എന്തുതന്നെയായാലും നടപ്പാക്കിക്കൊള്ളാം എന്നു സത്യവാങ്മൂലം നല്കിയ സംസ്ഥാനസര്‍ക്കാര്‍ എങ്ങനെയാണു പുനഃപരിശോധനാഹര്‍ജി നല്കുന്നത്? ഇക്കാര്യ
ത്തില്‍ ഒരു നിയമനിര്‍മ്മാണവും നടത്തില്ലെന്നു സുപ്രീം കോടതിയില്‍ ഉറപ്പു നല്കിയ സര്‍ക്കാരിന് അതിനു കഴിയില്ലെന്നാണു നിയമജ്ഞരെല്ലാം അഭിപ്രായപ്പെടുന്നത്. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ക്കുമേലാണു പുണ്യഭൂമിയായി പതിനായിരങ്ങള്‍ കരുതുന്ന ശബരിമലയെയും കേരളത്തെപൊതുവിലും കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിച്ചത്.

സര്‍ക്കാര്‍ സുപ്രീം കോടതിവിധി നടപ്പാക്കാന്‍ നിര്‍ബ്ബന്ധിതരാണ്. അതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മറിച്ചൊരു വിധി വന്നാല്‍ അതും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതുസംബന്ധിച്ച വസ്തുതകള്‍ ബോദ്ധ്യപ്പെട്ട വിശ്വാസികള്‍ക്കു സുഗമമായി ശബരിമല ക്ഷേത്രദര്‍ശനം നടത്താനും നാട്ടിലെ ക്രമസമാധാനം പരിപാലിക്കാനും സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക്
എല്ലാ ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പിണറായി വിജയന്‍,
മുഖ്യമന്തി
തിരുവനന്തപുരം
01-11-2018


ശബരിമല യുവതീപ്രവേശം:

കേസിന്റെ പശ്ചാത്തലവും ലഘുചരിത്രവും

എസ്. മഹേന്ദ്രന്‍ എന്ന വ്യക്തി 1990 ല്‍ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് അയച്ച കത്ത് പൊതുതാത്പര്യഹര്‍ജിയായി ഹൈക്കോടതി പരിഗണിച്ചതോടെയാണ് ശബരിമലയിലെ യുവതീപ്രവേശവിഷയം കേരളത്തില്‍ കോടതിവ്യവഹാരരംഗത്തു സജീവമായത്. മഹേന്ദ്രന്റെ കത്ത്
ശബരിമലയില്‍ യുവതികള്‍ കയറുന്നുവെന്നും പ്രാര്‍ത്ഥന നടത്തുന്നുവെന്നുമാണു മഹേന്ദ്രന്‍ കത്തില്‍ ഉന്നയിച്ചത്. വിഐപികളുടെ ഭാര്യമാര്‍ക്കു പ്രത്യേകപരിഗണന നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ദേവസ്വം മുന്‍കമ്മിഷണര്‍ ജെ. ചന്ദ്രികയും മകളും ബന്ധുക്കളായ മറ്റു സ്ത്രീകളും പങ്കെടുത്തു പേരക്കുട്ടിയുടെ ചോറൂണു നടത്തിയത് 19.08.1990ല്‍ “ജന്മഭൂമി” പത്രത്തില്‍ വന്ന ഫോട്ടോ സഹിതം ഉദാഹരണമായി ഉന്നയിച്ചു. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ നിരോധിക്കണമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ ഉചിതനടപടി സ്വീകരിക്കണമെന്നും ആയിരുന്നു ആവശ്യം. തുടര്‍ന്ന് കോടതി ബന്ധപ്പെട്ടയാളുകള്‍ക്കു നോട്ടീസ് അയയ്ക്കുകയും കേസ് ആരംഭിക്കുകയും
ചെയ്തു. അങ്ങനെയാണ് ഈ വിഷയം കോടതിക്കുമുന്നില്‍ എത്തുന്നത്; അല്ലാതെ സര്‍ക്കാരോ ബന്ധപ്പെട്ടവരോ കോടതിയെ സമീപിച്ചിട്ടല്ല.

കോടതിയുടെ അഭിപ്രായം

1991 ലെ ഹൈക്കോടതിവിധിയില്‍ ഇതുസംബന്ധിച്ച് ഇങ്ങനെ വിശദീകരിക്കുന്നു: “പരാതിക്കാരനായ ശ്രീ. മഹേന്ദ്രന്‍, ശ്രീമതി ചന്ദ്രിക, ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ എന്നിവരുടെ വിശദീകരണം കേട്ടുകഴിഞ്ഞപ്പോള്‍ ശബരിമലക്ഷേത്രത്തിന്റെ വിശ്വാസത്തെക്കുറിച്ച് അടിസ്ഥാനപരമായതും വലിയ സ്വാധീനം ചെലുത്തുന്നതുമായ ചോദ്യങ്ങളാണു പരിഗണനയ്ക്കായി ഉയര്‍ന്നുവരുന്നത് എന്നു ഞങ്ങള്‍ക്കു തോന്നി. അതിനാല്‍ പരാതി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം പൊതുതാത്പര്യഹര്‍ജി എന്ന നിലയില്‍ ഒ.പി 9015/1990 ആയി പരിഗണിച്ചു.”

ഈ കേസില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്‌സിന്റെ കേരളഘടകം, കേരള ക്ഷേത്രസംരക്ഷണസമിതിയുടെ പ്രസിഡന്റ് എം.വി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ കക്ഷിചേരാന്‍ അനുമതി തേടുകയും ഹൈക്കോടതിനിയമങ്ങളുടെ 152(2) ചട്ടമനുസരിച്ച് ഇത് അനുവദിക്കു
കയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണു കേസ് പുരോഗമിച്ചത്. വിചാരണയില്‍ വന്ന വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഈ കേസിന്റെ വിചാരണയില്‍ ഉയര്‍ന്നുവന്നു. ഓരോ കക്ഷിയും ഉന്നയിച്ച വാദങ്ങള്‍ 1991ലെ കോടതിവിധിയില്‍ വിശദീകരിച്ചിട്ടുണ്ട്. ആ വിധിയുടെ ഭാഗമായി കോടതി പരിശോധിച്ച കാര്യങ്ങള്‍ മനസ്സിലാക്കുന്നത് വ്യക്തതയ്ക്ക് ഏറെ സഹായകമാണ്. കൊല്ലവര്‍ഷം 1115ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ യുവതിയായ മഹാറാണിയും ദിവാനും ഒപ്പമുണ്ടായിരുന്നുവെന്ന വാദം ഉയര്‍ന്നുവന്നു. അടുത്തവര്‍ഷങ്ങളില്‍ നിരവധിഭക്തര്‍ അവിടെ കുട്ടികളുടെ ചോറൂണിനായി എത്തിയിരുന്നതും അത്തരം സന്ദര്‍ഭങ്ങളില്‍ നിര്‍ദ്ദിഷ്ടചാര്‍ജ്ജുകള്‍ വാങ്ങി ദേവസ്വം ബോര്‍ഡ് രസീതു നല്‍കിയിരുന്നതും ചൂണ്ടിക്കാട്ടി. ശബരിമലയിലെ ആചാരക്രമങ്ങളില്‍ വന്ന മാറ്റങ്ങളും കോടതിവിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പ്രതിമാസപൂജയ്ക്കായി അമ്പലം തുറക്കുമ്പോള്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്കു സന്ദര്‍ശിക്കാന്‍ 20 വര്‍ഷമായി അനുവാദമുണ്ടായിരുന്നു എന്നതും മണ്ഡലം, മകരവിളക്ക്, വിഷുക്കാലങ്ങളില്‍ മാത്രമാണു സ്ത്രീകള്‍ക്കു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നത് എന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. പഴയകാലത്തു കൊടുംകാട്ടിലൂടെയുളള യാത്ര സ്ത്രീകള്‍ക്കു ദുഷ്‌കകരമായിരുന്നെങ്കിലും ആധുനികസൗകര്യങ്ങള്‍ വന്നതോടെ ആ സാഹചര്യത്തിനു മാറ്റമുണ്ടായെന്നും ഹിന്ദുമതം സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.
ഇത്തരം കാര്യങ്ങള്‍ വച്ചുകൊണ്ട് ക്ഷേത്രത്തിന്റെ ആചാരങ്ങളും മതവികാരങ്ങളും പരിഗണിച്ചു ചെയ്യേണ്ട കാര്യമാണ് ഇവയെന്നും ഇതു മൗലികാവകാശങ്ങളില്‍ ഒന്നുപോലും ലംഘിക്കുന്നതല്ലെന്നും ഇങ്ങനെയൊരു പരാതി ഫയല്‍ ചെയ്യാന്‍ ഭരണഘടനയുടെ 226-ാം അനുച്ഛേദപ്രകാരം ഹര്‍ജിക്കാരന് അവകാശമില്ലെന്നും അതുകൊണ്ട് ഹര്‍ജി തള്ളണമെന്നുമാണ് ദേവസ്വം ബോര്‍ഡ് വാദിച്ചത് എന്നും വിധിയില്‍ വ്യക്തമാകു
ന്നുണ്ട്.

ചന്ദ്രികയുടെ മറുപടി

ദേവസ്വം കമ്മിഷണറായിരുന്ന ചന്ദ്രിക താന്‍ കൊല്ലവര്‍ഷം 1166 ചിങ്ങം ഒന്നാം തീയതി ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ടെന്നും പേരക്കുട്ടിയുടെ ചോറൂണു നടത്തിയിട്ടുണ്ടെന്നും കോടതിയില്‍ പറഞ്ഞു. മണ്ഡല, മകരവിളക്ക്, വിഷു ഒഴികെയുള്ള സമയങ്ങളില്‍ 10 മുതല്‍ 50 വരെ വയസുള്ള സ്ത്രീകളുടെ പ്രവേശനത്തിനു നിയന്ത്രണമില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രതിമാസപൂജകള്‍ നടക്കുമ്പോള്‍ എല്ലാ പ്രായക്കാരായ സ്ത്രീകളും ശബരിമല സന്ദര്‍ശിക്കാറുണ്ട്. ഇത് ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്കു വിരുദ്ധമല്ല എന്ന് അവര്‍ വിശദീകരിച്ചതായും വിധിയില്‍ പറയുന്നു
ണ്ട്.

ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ തിരുക്കൊച്ചി ക്ഷേത്രപ്രവേശനനിയമത്തിലെ മൂന്നാം വകുപ്പു പ്രകാരം എല്ലാ ഹിന്ദുവിനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധന നടത്താനും അവകാശമുണ്ടെന്നും വ്യക്തമാക്കി. ശബരിമലക്ഷേത്രത്തില്‍ 10 മുതല്‍ 50വരെ പ്രായമുള്ള വനിതകളുടെ പ്രവേശനം മണ്ഡലം, മകരവിളക്ക്, വിഷുസമയത്തു നിരോധിച്ചുകൊണ്ട് എല്ലാ വര്‍ഷവും ദേവസ്വം ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും അതു തള്ളിക്കളയണമെന്നും ചീഫ് സെക്രട്ടറിയും അഭ്യര്‍ത്ഥിച്ചു.

കുമ്മനം രാജശേഖരന്റെ കത്ത്

ഹിന്ദുമുന്നണിയുടെ അക്കാലത്തെ സംസ്ഥാനസെക്രട്ടറി കുമ്മനം രാജശേഖരന്‍ ക്ഷേത്രം തന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരര്‍ക്ക് ഒരു കത്ത് അയച്ചിരുന്നു. ഈ കത്തിന് അദ്ദേഹം അയച്ച മറുപടി കോടതിമുമ്പാകെ വന്നു. കുമ്മനം രാജശേഖരന്റെ കത്തിന്റെ വിശദാംശങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവന്നു. ശബരിമലയില്‍ വിവാഹച്ചടങ്ങുകളും വനിതകളുടെ ഡാന്‍സും സിനിമാഷൂട്ടിങ്ങും നടന്നു എന്ന കാര്യം ആ കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതു കാണിക്കുന്നത് അക്കാലത്തു ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനവും അവര്‍ പങ്കെടുക്കുന്ന ചടങ്ങുകളും കലാപരിപാടികളുമൊക്കെ നടന്നുവന്നിരുന്നു എന്നാണ്.

ഹൈക്കോടതിവിധി

വാദങ്ങളെല്ലാം പരിശോധിച്ച ഹൈക്കോടതി, ശബരിമല കയറാന്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ശബരിമലയിലെ കാലാതിവര്‍ത്തിയായ ആചാരമാണ് എന്ന നിഗമനത്തിലാണ് എത്തിയത്. ആ നിയന്ത്രണം എല്ലാ തീര്‍ത്ഥാടനവേളയിലും നടപ്പിലാക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചു. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. പോലീസ് ഉള്‍പ്പെടെയുള്ള എല്ലാ സഹായവും ദേവസ്വം ബോര്‍ഡിനു നല്‍കണമെന്നു കേരള സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചു. നേരത്തേ ഉണ്ടായിരുന്നു എന്നു തെളിയിക്കപ്പെട്ട സ്ത്രീപ്രവേശത്തിന്
ഇങ്ങനെ അറുതി വരുത്തുകയാണ് കോടതി 1991 ഏപ്രില്‍ 5ലെ വിധിയിലൂടെ ചെയ്തത്.

സര്‍ക്കാര്‍ ചെയ്തത്

1991നുശേഷം ഈ വിധിയാണ് ഇപ്പോഴത്തെ സുപ്രീം കോടതിവിധിവരെ നടപ്പാക്കിവന്നത്. ഇതറിയാതെ എത്തുന്ന ഭക്തയുവതികളെ പമ്പയില്‍വച്ചു നിരുത്സാഹപ്പെടുത്തി തിരിച്ചയയ്ക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. വിധി നടപ്പാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരുകളടക്കം
എല്ലാ സര്‍ക്കാരും വേണ്ട സഹായവും നല്‍കിവന്നു.

സുപ്രീം കോടതിയിലെ പുതിയ റിട്ട്

ഈ നില തുടരവെ, 2006-ല്‍ ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിമുമ്പാകെ റിട്ട് പരാതിയായി വരിക
യായിരുന്നു. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും മറ്റുള്ളവരുമാണ് ഈ റിട്ട് നല്‍കിയത്. സംസ്ഥാനസര്‍ക്കാരിനെ എതിര്‍കക്ഷി
യായി ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ സര്‍ക്കാരിനോട് സുപ്രീംകോടതി അഭിപ്രായം ചോദിച്ചു.

ആദ്യ സത്യവാങ്മൂലം

അന്ന് അധികാരത്തിലിരുന്ന വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ 13.11.2007ല്‍ ഇതുസംബന്ധിച്ച് സത്യവാങ്മൂലം നല്കി. എന്നാല്‍ പിന്നീ
ടുവന്ന യുഡിഎഫ് സര്‍ക്കാര്‍ അവരുടെ കാലാവധി അവസാനിക്കുന്ന അടുത്ത തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് 05.02.2016ന് ഈ സത്യവാ
ങ്മൂലം പിന്‍വലിക്കാന്‍ അനുമതി തേടിക്കൊണ്ട് യുവതീപ്രവേശത്തെ എതിര്‍ത്തുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം നല്കി. വീണ്ടും 2016ല്‍ ഇടതുപക്ഷജനാധിപത്യമുന്നണി അധികാരത്തില്‍ വന്നപ്പോള്‍, സര്‍ക്കാര്‍ ഏതു സത്യവാങ്മൂലമാണ് അവലംബിക്കുന്നതെന്നു സുപ്രീംകോടതി ആരായുകയും 2007ല്‍ സര്‍ക്കാര്‍ നല്കിയിരുന്ന ആദ്യ സത്യവാങ്മൂലം നിലനിര്‍ത്താന്‍ തീരുമാനിക്കുകയും അതു കോടതിയെ അറിയിക്കുകയും ചെയ്തു.

സംസ്ഥാനസര്‍ക്കാര്‍ എടുത്ത നിലപാട്

ഈ സത്യവാങ്മൂലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ഇവയാണ്:

1. സ്ത്രീകള്‍ക്കോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിനോ എതിരെഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന് സര്‍ക്കാര്‍ എതിരാണ്. സാമൂഹികനീതി ഉറപ്പുവരുത്തുക എന്നതാണ് നിലവിലുള്ള സംസ്ഥാനസര്‍ക്കാരിന്റെ നയം. അതുകൊണ്ടുതന്നെ യുവതീ പ്രവേശത്തിനു സര്‍ക്കാര്‍ എതിരല്ല.

2. മുന്‍കാലങ്ങളിലും സ്ത്രീകള്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു എന്നതിന്റെ ചരിത്രപരമായ കാര്യങ്ങള്‍ ഇതില്‍ വ്യക്തമാക്കി. മഹാരാജാവിനൊപ്പം യുവതിയായ മഹാറാണിയും ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു എന്നതുപോലുള്ള കാര്യങ്ങളും ചൂണ്ടിക്കാണിച്ചു.

3. അതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുമതാചാരത്തിലും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നവരെ ശബരിമലക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനോ ആരാധന നടത്തുന്നതിനോ പ്രായവ്യത്യാസമില്ലാതെ അനുവദിക്കണം എന്ന നിലപാടു സര്‍ക്കാര്‍ സ്വീകരിച്ചു.

4. അതേസമയംതന്നെ, ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പിന്തുടരുന്ന സമ്പ്രദായം ജനങ്ങള്‍ സ്വീകരിച്ച വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ബാദ്ധ്യതപ്പെട്ട ഹൈക്കോടതിവിധി നിലവിലുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.

5. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു നിര്‍ദ്ദേശം സുപ്രീം കോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ വച്ചു. ഹിന്ദുധര്‍മ്മശാസ്ത്രത്തില്‍ ആധികാരികപരിജ്ഞാനമുള്ള പ്രമുഖപണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സമൂഹപരിഷ്‌ക്കര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മിഷനെ നിയോഗിച്ച്, പ്രായവ്യത്യാസമില്ലാതെ എല്ലാവിഭാഗം സ്ത്രീകള്‍ക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതില്‍ അവരുടെ നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും വാങ്ങി അതിന്റെയടിസ്ഥാനത്തില്‍ തീരുമാനം എടുക്കണമെന്നും ആയിരുന്നു അത്.

6. സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്രമസമാധാനപ്രശ്‌നവും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും ഉണ്ടാവും എന്നതാണു ഭയമെങ്കില്‍ സ്ത്രീകള്‍ക്കു പ്രത്യേക
സന്ദര്‍ശനകാലം നിശ്ചയിച്ച് അതു പരിഹരിക്കാമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത്തരമൊരു ആശങ്ക സര്‍ക്കാരിനില്ലെന്ന കാര്യവും എടുത്തുപറഞ്ഞു.

7. ആചാരങ്ങളിലെ മാറ്റം ശബരിമലയിലും ഉണ്ടായിട്ടുണ്ട് എന്നതും ഓര്‍മ്മിപ്പിച്ചു. എല്ലാ മലയാള മാസത്തിലും ഒന്നാംതീയതി മാത്രം ആയിരുന്ന പൂജ ഇപ്പോള്‍ ആദ്യത്തെ അഞ്ചുദിവസം നടക്കുന്നുണ്ട് എന്നതും അടുത്തകാലത്ത് ഈ കീഴ്‌വഴക്കം തുടങ്ങിയത് ജനത്തിരക്ക് കുറയ്ക്കാനാണെന്നതും ഉദാഹരണമായി ചൂണ്ടിക്കാട്ടി. കൊടിയേറ്റവും പടിപൂജയും മുന്‍പു ചടങ്ങില്‍ പെട്ടിരുന്നില്ല. മുമ്പില്ലാതിരുന്ന തുലാഭാരം എന്ന ആചാരം ആരംഭിച്ച കാര്യവും ഓര്‍മ്മിപ്പിച്ചു.

8. ഇക്കാര്യങ്ങള്‍ പറഞ്ഞശേഷം, എന്തുതന്നെയാണെങ്കിലും ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല എന്ന കാര്യവും വ്യക്തമാക്കി.

10. മറ്റുചില കാര്യങ്ങളും ഇതോടൊപ്പം എടുത്തുപറഞ്ഞു:

a. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തടയുന്നതിനുള്ള സാദ്ധ്യമായ എല്ലാ നടപടികളും നിലവിലുള്ള കോടതിനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.

b. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല.

c. സുപ്രീം കോടതിവിധി എന്തുതന്നെ ആയാലും സര്‍ക്കാര്‍ അതുപ്രകാരം പ്രവര്‍ത്തിക്കും.

സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്

കോടതിവിധി എന്തായാലും അതു നടപ്പിലാക്കാമെന്നാണു സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. യുവതീപ്രവേശത്തില്‍ അനുകൂലമായാലും പ്രതികൂലമായാലും ആ വിധി സ്വീകരിച്ചു നടപ്പിലാക്കുമെന്നാണ് ഇതിനര്‍ത്ഥം. പിന്നെങ്ങനെ പുനഃപരിശോധനാഹര്‍ജി നല്കും? മാത്രമല്ല, അത് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന് എതിരായിത്തീരുകയും ചെയ്യും. അതൊക്കെക്കൊണ്ടുകൂടിയാണ് റിവ്യൂ ഹര്‍ജി നല്കില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. അതേസമയം, മറ്റാരെങ്കിലും പുനഃപരിശോധനാഹര്‍ജിക്കു പോകുന്നതിനു സര്‍ക്കാരിനു
തടസ്സവുമില്ല. അതുകൊണ്ട് നിലവിലുള്ള സുപ്രീം കോടതിവിധി സര്‍ക്കാര്‍ നടപ്പാക്കുന്നു. അതു സര്‍ക്കാരിന്റെ ഭരണഘടനാബാദ്ധ്യതയാണ്. അതു നിറവേറ്റണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതും. ഇതാണു വസ്തുതകള്‍.

സുപ്രീംകോടതിവിധിക്കുശേഷം ഹൈക്കോടതി

സുപ്രീംകോടതിവിധിക്കുശേഷം ഉണ്ടായ ഹൈക്കോടതിയുടെ ചിലനിരീക്ഷണങ്ങള്‍ പരാമര്‍ശിക്കേണ്ടതായുണ്ട്. അഹിന്ദുക്കള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ് 2018 ഒക്ടോബര്‍ 23-നു നല്കിയ റിട്ട് പെറ്റീഷന്‍ ഹൈക്കോടതി തള്ളിക്കൊണ്ടാണീ പരാമര്‍ശം നടത്തിയത്. ശബരിമല എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നു കോടതി പ്രഖ്യാപിച്ചു. സന്നിധാനം വാവരുസ്വാമിയുടെ ഹൃദയം ഇരിക്കുന്ന സ്ഥലമാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. പതിനെട്ടാംപടിവഴി അല്ലെങ്കില്‍ ഇരുമുടിക്കെട്ടില്ലാതെയും ശബരിമല ദര്‍ശനം നടത്താമെന്നും കോടതി അഭിപ്രായപ്പെട്ടു. മറ്റൊരു കേസില്‍ ശബരിമലപ്രവേശത്തിനെത്തുന്ന യുവതികള്‍ക്കു സംരക്ഷണം നല്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദ്ദേശിക്കുകയുണ്ടായി. രണ്ടുസ്ത്രീകള്‍ നല്കിയ ഹര്‍ജിയിലായിരുന്നു ഈ പരാമര്‍ശം. സുപ്രീംകോടതിവിധി നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണെന്നും
മറ്റൊരുകേസില്‍ കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ വിധി നടപ്പാക്കാതെ മറ്റൊരുത്തരവിനായി കാത്തുനില്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.


ശബരിമല സുപ്രീംകോടതി വിധിയുടെ
സംക്ഷിപ്തം*

(* കോടതിവിധിയുടെ പ്രസക്തഭാഗങ്ങളുടെ സ്വതന്ത്രസംഗ്രഹീതപരിഭാഷ.
ആധികാരികമായ കോടതിവിധി സുപ്രീംകോടതി വെബ്‌സൈറ്റില്‍ ഇംഗ്ലിഷ്
ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)

ആമുഖം

ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് 29.09.2018ന് ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചു. 1965ലെ കേരള ഹിന്ദു പ്ലേസസ് ഓഫ് വര്‍ഷിപ് (ആതറൈസേഷന്‍ ഓഫ് എന്‍ട്രി) ആക്റ്റിന്റെ കീഴില്‍ രൂപവത്കരിച്ച ചട്ടത്തിലെ 3 (ബി) പ്രകാരം സ്ത്രീകള്‍ക്കു ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്കും അതിനെ ശരിവെച്ചുകൊണ്ട് 1991ലെ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മഹേന്ദ്രന്‍ കേസിലെ വിധിയും ഈ സുപ്രീംകോടതി വിധിയോടെ അപ്രസക്തമായി.

ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും മറ്റും ബോധിപ്പിച്ചതും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം സുപ്രീംകോടതി പരിഗണിച്ചതുമായ റിട്ട് ഹര്‍ജി (സിവില്‍) നമ്പര്‍ 373/2006 കേസിലാണ് ഈ വിധി ഉണ്ടായത്. പ്രസ്തുത കേസില്‍ സ്ത്രീപ്രവേശത്തെ അനുകൂലിച്ച് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍, ഇന്ദിരാജെയ്‌സിംഗ് നേതൃത്വം നല്‍കുന്ന സംഘടന, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരും സ്ത്രീപ്രവേശത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നായര്‍ സര്‍വ്വീസ് സൊസൈറ്റി, പന്തളം രാജകുടുംബം, തന്ത്രികുടുംബം, അയ്യപ്പഭക്തരുടെ സംഘടന തുടങ്ങിയവരുമാണ് പ്രധാനമായ വാദങ്ങള്‍ ഉന്നയിച്ചത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍കര്‍ എന്നിവര്‍ സംയുക്തമായും ജ: ആര്‍.എഫ്. നരിമാന്‍, ജ: ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ പ്രത്യേകമായും ശബരിമല സ്ത്രീപ്രവേശത്തെ അനുകൂലിച്ചു വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചു. ശബരിമലയില്‍ സ്ത്രീപ്രവേശം വേണ്ട എന്ന് ജ: ഇന്ദു മല്‍ഹോത്ര വിയോജനവിധിയും പുറപ്പെടുവിച്ചു. ഗഹനമായ നിയമവിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പുറപ്പെടുവിച്ച ഈ വിധിന്യായങ്ങളുടെ സംക്ഷിപ്ത രൂപം താഴെ ചേര്‍ക്കുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം. ഖാന്‍വില്‍കറും പുറപ്പെടുവിച്ച സംയുക്തവിധി

ചരിത്രാതീതകാലം മുതല്‍ സ്ത്രീകള്‍ക്ക് അസമത്വം കല്പിക്കുകയും അപ്രകാരം വീക്ഷിക്കുകയും ചെയ്തുപോരുന്ന ഒരു സമൂഹമാണുള്ളത് എന്നതിനാലാണു പലര്‍ക്കും സ്ത്രീപക്ഷാവകാശങ്ങള്‍ക്കുവേണ്ടി പോരാടേണ്ടി വന്നത്. ജീവിതത്തിന്റെ എല്ലാതുറകളിലും പുരുഷനെപ്പോലെ സ്ത്രീക്ക് അവരുടെ കയ്യൊപ്പു പതിപ്പിക്കാനുള്ള ഇടമില്ല. ദൈവികതയെ സമീപിക്കുന്നതിനുള്ള പാതയിലും ഈ അസമത്വമുണ്ട്. ദിവ്യത കല്‍പ്പിക്കുന്ന ഭക്തി സര്‍വ്വസാധാരണമായ സമൂഹത്തിലെ ലിംഗഭേദങ്ങള്‍ക്കു വിധേയമാകരുത്. ഒരു വശത്ത് സ്ത്രീകളെ ദേവതകളായി ആരാധിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ മറുഭാഗത്ത് അവള്‍ക്കു കര്‍ശനനിയന്ത്രണങ്ങള്‍ ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരില്‍ ഏര്‍പ്പെടുത്തുന്ന മതത്തിന്റെ ദ്വന്ദ്വഭാവം ഉപേക്ഷിക്കപ്പെടണം. അത്തരം പ്രവണതകളും കടന്നുകയറ്റമനോഭാവവും സ്ത്രീകള്‍ക്ക് അപമാനകരവും അവരുടെ അന്തസ്സിനു കോട്ടം തട്ടുന്നതുമാണ്. സ്ത്രീകളില്‍നിന്നുമാത്രം ചാരിത്രം, പരിശുദ്ധി എന്നിവ പ്രതീക്ഷിക്കുന്ന പുരുഷമേധാവിത്വത്തിന്റെ പ്രചാരകരില്‍നിന്നു വ്യത്യസ്തമായി സ്ത്രീയെ പുരുഷനെക്കാള്‍ ഒരു തരത്തിലും ദുര്‍ബ്ബലയോ കുറഞ്ഞതോ താഴ്ന്നതോ ആയ വ്യക്തിത്വമായി കാണാതെ, സമത്വം വിളയിക്കുംവിധം സമൂഹം പ്രത്യക്ഷത്തില്‍ മാറേണ്ടതുണ്ട്. ഈ സമത്വം കൊണ്ടുവരുന്നതിനുള്ള ശ്രമകരമായ ദൗത്യം നിയമത്തിനും സമൂഹത്തിനുമുണ്ട്.

വിശ്വാസത്തില്‍നിന്ന് ഉരുത്തിരിയുന്ന പരിശുദ്ധഭക്തിയുടെ അംശത്തെയും മതത്തില്‍ വിശ്വസിക്കുന്നതിനും ആചാരങ്ങള്‍ പാലിക്കുന്നതിനുമുള്ള ഒരാളുടെ സ്വാതന്ത്ര്യത്തെയും മതത്തിലെ പുരുഷാധിപത്യംകൊണ്ടു മറികടക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. ജീവശാസ്ത്രപരവും ശാരീരികവുമായ ഘടകങ്ങളുടെ മറവില്‍ സ്ത്രീകളെ ഇകഴ്ത്തിക്കാട്ടുന്നതിനും അടിച്ചമര്‍ത്തുന്നതിനും നിയമപരിരക്ഷ നല്‍കാന്‍ കഴിയില്ല. ജീവശാസ്ത്രപരമായ സവിശേഷതകള്‍ കാരണം സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതോ വിവേചനം കാട്ടുന്നതോ ആയ ഏതു ചട്ടവും യുക്തിഹീനവും ന്യായീകരിക്കാനാകാത്തതും അടിസ്ഥാനമില്ലാത്തതും ഭരണഘടനാപരമായി നിലനില്‍ക്കാത്തതുമാണ്.

വിശ്വാസവും മതവും ഒരു തരത്തിലുള്ള വിവേചനത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നതു സാര്‍വ്വത്രികസത്യമാണ്. എന്നാല്‍ പലപ്പോഴും മതപരമായ അനുഷ്ഠാനങ്ങള്‍ പുരുഷാധിപത്യത്തെ പരിപാലിക്കുന്നതായും അതുവഴി വിശ്വാസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെയും ലിംഗസമത്വത്തെയും ധ്വംസിക്കുന്നതായും കാണാവുന്നതാണ്. സാമൂഹികമനോഭാവങ്ങള്‍ പോലും പുരുഷമേധാവിത്വത്തില്‍ കേന്ദ്രീകരിക്കുന്നതും അതിനെ വലംവയ്ക്കുന്നതും സ്ത്രീകളുടെ സാമൂഹികവും മതപരവുമായപദവിയെ താഴ്ത്തിക്കെട്ടുന്നതുമാണ്. എല്ലാ മതങ്ങളും സാര്‍വ്വത്രികമായ ഒന്നിലേക്ക് എത്താനുള്ള വ്യത്യസ്തമായ മാര്‍ഗങ്ങളാണ്. ദൈവികതയുമായി ബന്ധപ്പെട്ടുള്ള ഒരാളുടെ അസ്തിത്വത്തെ സാക്ഷാത്കരിക്കുന്നതിനുള്ള ജീവിതരീതിയാണു മതം. പക്ഷെ, ചില സിദ്ധാന്തങ്ങളും സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും, മതത്തിന്റെ വിശ്വാസവും അന്തഃസത്തയും പുരുഷാധിപത്യമുന്‍വിധികളാല്‍ പ്രചാരത്തിലായ ആചാരങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ചിലപ്പോള്‍ ഇത്തരം ആചാരങ്ങള്‍ തീഷ്ണമായി പ്രചരിപ്പിക്കപ്പെടുന്നു.

ഭരണഘടനാബെഞ്ച് മുന്‍പാകെ ഈ കേസ് വരുന്നത് സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ചിന്റെ റഫറന്‍സ് പ്രകാരമാണ്. ഈ കേസില്‍ ഉള്‍പ്പെട്ട വാദമുഖങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അമിക്കസ് ക്യൂറിയായി മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രന്‍, കെ. രാമമൂര്‍ത്തി എന്നിവരുടെ സഹായം സുപ്രീംകോടതി തേടുകയുണ്ടായി. ഭരണഘടനാബെഞ്ച് മുന്‍പാകെ പരിഗണനയ്ക്കു വന്നിട്ടുള്ള വിഷയങ്ങള്‍ താഴെ പറയും പ്രകാരമാണ്.

എ) ആചാരനിഷ്ഠ ഭരണഘടനാലംഘനമോ?

1. സ്ത്രീകള്‍ക്കു മാത്രമുള്ള ജീവശാസ്ത്രപരമായ ഒരു ഘടകത്തിന്റെ അടിസ്ഥാനത്തില്‍ നടന്നുവരുന്ന ഒഴിവാക്കലാചാരങ്ങള്‍ വിവേചനപരമാകുമോ? അതിലൂടെ ഭരണഘടനയുടെ 14, 15, 17 അനുഛേദങ്ങളുടെ അന്തഃസത്ത ലംഘിക്കപ്പെടുകയും ഭരണഘടനയുടെ 25, 26
അനുഛേദങ്ങളില്‍ പറഞ്ഞിട്ടുള്ള ധാര്‍മ്മികതയുടെ സംരക്ഷണം അവര്‍ക്ക് ഇല്ലാതാകുകയും ചെയ്യുമോ?

2. സ്ത്രീകളെ മാത്രമായി ഒഴിവാക്കുന്ന അത്തരം ആചാരങ്ങള്‍ ഭരണഘടനയുടെ 25-ാം അനുഛേദം അനുവദിക്കുന്ന അത്യന്താപേക്ഷിതമായ മതാചാരങ്ങളുടെ പ്രയോഗം ആകുമോ? മതപരമായ കാര്യങ്ങള്‍ നടത്താന്‍ മതസ്ഥാപനങ്ങള്‍ക്കുള്ള അവകാശത്തിന്റെ പേരില്‍ ഇത്തരം ആചാരങ്ങള്‍ തുടരണമെന്നു നിര്‍ബന്ധിക്കാനാകുമോ?

3. ശബരിമല അയ്യപ്പക്ഷേത്രത്തിന് ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്വഭാവം ഉണ്ടോയെന്നും അങ്ങനെയുണ്ടെങ്കില്‍ ഭരണഘടനയുടെ 296 – എ അനുഛേദപ്രകാരം സര്‍ക്കാരിന്റെ സഞ്ചിതനിധിയില്‍ നിന്നു സഹായം സ്വീകരിക്കുന്ന സ്റ്റാറ്റിയൂട്ടറി ബോര്‍ഡിനു പ്രത്യേകമതവിഭാഗത്തെ നിയന്ത്രിക്കാന്‍ അവകാശമുണ്ടോ? ആയത് ഭരണഘടനയുടെ 14, 15(3), 39(A) 51 A(E)എന്നീ അനുഛേദങ്ങളില്‍പ്പറയുന്ന തത്വങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും എതിരാണോ?

4. ഈ പ്രത്യേക മതവിഭാഗത്തിന് 10-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ക്ഷേത്രപ്രവേശനം കേരള ഹിന്ദു പ്ലേസസ് ഓഫ് വര്‍ഷിപ് (ആതറൈസേഷന്‍ ഓഫ് എന്‍ട്രി) ചട്ടങ്ങളിലെ ചട്ടം 3 പ്രകാരം നിരോധിക്കാന്‍ അവകാശമുണ്ടോ? ഉണ്ടെങ്കില്‍ അപ്രകാരമുള്ള സ്ത്രീവിവേചനപരമായ പ്രവേശനനിരോധനം ഭരണഘടനയുടെ 14, 15(3) അനുഛേദങ്ങള്‍ പ്രകാരം നിയമപരമായി ആശാസ്യമാണോ?

5. 1965-ലെ കേരള ഹിന്ദു പ്ലേസസ് ഓഫ് വര്‍ഷിപ് (ആതറൈസേഷന്‍ ഓഫ് എന്‍ട്രി) ചട്ടങ്ങളിലെ ചട്ടം 3(b), കേരള ഹിന്ദു പ്ലേസസ് ഓഫ് വര്‍ഷിപ് (ആതറൈസേഷന്‍ ഓഫ് എന്‍ട്രി) ആക്ടിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണോ? എന്നും അല്ലെങ്കില്‍ പ്രസ്തുത ചട്ടം ഭരണഘടനയുടെ പാര്‍ട്ട് 3-ലെ വ്യവസ്ഥകളുടെ ലംഘനമാണോ?

10നും 50നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകളുടെ ശബരിമലപ്രവേശം നിരോധിച്ച കേരള ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കേരള ഹൈക്കോടതി നിരീക്ഷിച്ചത് ഇപ്രകാരമാണ്. ശബരിമല അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠ തന്ത്രിയുടെ അഭിപ്രായപ്രകാരം ബ്രഹ്മചാരിയാണ്. ഈ പ്രതിഷ്ഠ അച്ചന്‍കോവില്‍, ആര്യന്‍കാവ്, കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ പ്രതിഷ്ഠകളില്‍നിന്നു വിഭിന്നമാണ്. താന്ത്രികപ്രമുഖനായ പുതുമന നാരായണ്‍ നമ്പൂതിരിയുടെ അഭിപ്രായപ്രകാരം, ശബരിമല അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാണെന്നും അതിനാലാണു സ്ത്രീകള്‍ക്ക് അവിടെ ആരാധനാസ്വാതന്ത്ര്യം അനുവദിക്കാത്തതെന്നും പറയുന്നു. പ്രതിഷ്ഠ നൈഷ്ഠികബ്രഹ്മചാരിയുടേത് ആയതിനാല്‍ ചെറുപ്രായത്തിലുള്ള സ്ത്രീകള്‍ക്കു ക്ഷേത്രാരാധാന അനുവദിച്ചുകൂടെന്നും പ്രതിഷ്ഠയുടെ ആചാരപ്രകാരമുള്ള നിഷ്ഠകള്‍ക്കു സ്ത്രീകളുടെ സാമീപ്യം മൂലം ചെറിയ ഇളക്കം പോലും തട്ടരുതെന്നും പറയുന്നുണ്ട്. അതിനാലാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ക്ഷേത്രപ്രവേശം നിഷേധിക്കുന്നതെന്നും അവര്‍ക്ക് ജൈവപരവും ശാരീരികവുമായ കാരണങ്ങളാല്‍ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കാനാകില്ലെന്നും ആര്‍ത്തവഘട്ടം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഏതുസമയത്തും ക്ഷേത്രത്തില്‍ പ്രവേശിക്കുകയും പ്രാര്‍ത്ഥന നടത്തുകയുംചെയ്യാമെന്നും പറയുന്നു.

ഈ വാദങ്ങളുടെ അടിസ്ഥാനത്തില്‍ 10നും 50നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശനാനുമതി നിഷേധിച്ചത് ആചാരപരമാണെന്നും ദേവസ്വം ബോര്‍ഡിന്റെ പ്രസ്തുത നടപടി ഭരണഘടനയുടെ 15, 25, 26 അനുഛേദങ്ങളുടെ ലംഘനമല്ലെന്നും പ്രസ്തുത നിയന്ത്രണം കേരള ഹിന്ദു പ്ലേസസ് ഓഫ് വര്‍ഷിപ് (ആതറൈസേഷന്‍ ഓഫ് എന്‍ട്രി) നിയമത്തിന്റെ ലംഘനമല്ലെന്നും അത് ഹിന്ദുമതത്തിലെ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമായി കാണാവുന്നതല്ലെന്നും സ്ത്രീകളിലെ ഒരു പ്രത്യേക പ്രായത്തിലുള്ള വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയതു മാത്രമാണെന്നും കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

അയ്യപ്പഭക്തര്‍ പ്രത്യേക മതവിഭാഗമല്ല

തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദുമതസ്ഥാപനങ്ങള്‍ ആക്ടിന്റെ കീഴിലാണ് ശബരിമലക്ഷേത്രമെന്നും പ്രസ്തുത നിയമത്തിന്‍കീഴില്‍ രൂപവത്കരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്നതാണെന്നും നിയമനങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ മുഖാന്തരം പൊതുവില്‍ നടത്തുന്നതാണെന്നും അപ്രകാരം ശബരിമല ക്ഷേത്രമാനേജ്മെന്റ് സര്‍ക്കാര്‍സംവിധാനമായ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത ശേഷം ഹിന്ദുമതത്തിലെ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ ഗണത്തില്‍ വരുന്ന ക്ഷേത്രമായിട്ടല്ല തുടരുന്നതെന്നും കേസിലെ ഹരജിക്കാര്‍ ബോധിപ്പിച്ചു. ഭരണഘടന നിലവില്‍വന്നശേഷം അനുഛേദം 297 -എ ഉള്‍പ്പെടുത്തിയെന്നും അതുവഴി സര്‍ക്കാരിന്റെ സഞ്ചിതനിധിയില്‍നിന്നു ദേവസ്വം ബോര്‍ഡിനു ധനസഹായം ലഭ്യമാണെന്നും അതിനുശേഷം ഭരണഘടനാതത്ത്വങ്ങള്‍ക്കെതിരായി ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഒരുതരത്തിലുള്ള ദുരാചാരവും അനുഷ്ഠിക്കാന്‍പാടില്ല എന്നു നിഷ്‌കര്‍ഷ ഉണ്ടെന്നും വാദിച്ചു.

ശബരിമലവിശ്വാസികള്‍ പ്രത്യേകമതവിഭാഗത്തിന്റെ ഗണത്തില്‍വരുന്നതല്ല. അങ്ങനെയൊരു മതവിഭാഗം രൂപവത്കരിക്കണമെങ്കില്‍ അതിന്റെ ആചാരങ്ങളും ഭരണനിര്‍വ്വഹണവും പ്രത്യേകവും വ്യത്യസ്തവുമായിരിക്കണം. നിയമപ്രകാരം രൂപവത്കരിച്ച ഒരു ബോര്‍ഡിനു കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്ക് ഐകരൂപ്യം ഇല്ലെങ്കില്‍, ചില ആചാരങ്ങള്‍ വ്യത്യസ്തമായിരുന്നാല്‍പ്പോലും, ഭരണനിര്‍വഹണം കേന്ദ്രീകൃതമായി ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്നതിനാല്‍ അത്തരം ക്ഷേത്രത്തിലെ വിശ്വാസികള്‍ക്ക് ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്വത്വം നിയമപരമായി കൈവരിക്കാനാകില്ല.

വിശ്വാസികള്‍ക്ക് ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഗണത്തില്‍ വരുന്നതിനും ഒരു പ്രത്യേക മതവിഭാഗമായി രൂപപ്പെടുന്നതിനും അങ്ങനെയുള്ള വിശ്വാസികള്‍ പ്രത്യേകമായ ആചാരാനുഷ്ഠാനങ്ങളും കീഴ്വഴക്കങ്ങളും പാലിക്കുന്നതിനും അവര്‍ തമ്മിലുള്ള പ്രത്യേകബന്ധവും നിയമാനുസൃതമായി അവരുടേതായ സ്വന്തം മതസ്ഥാപനങ്ങളും ഉണ്ടായിരിക്കണം. മാത്രമല്ല, അത്തരം സ്ഥാപനങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും ശാശ്വതമായ പിന്തുടര്‍ച്ചാവകാശം ഉണ്ടായിരിക്കേണ്ടതുമാണ്. ഇങ്ങനെ ഇല്ലാത്ത ഒരു വിഭാഗത്തിന് ഒരു മതസ്ഥാപനവും പ്രത്യേകമായി സ്ഥാപിക്കാനോ മതപരമായ കാര്യങ്ങള്‍ പ്രത്യേകമായി ആചരിക്കാനോ കഴിയുന്നതല്ല. ഹിന്ദുക്ഷേത്രങ്ങളില്‍ തുടര്‍ന്നുവരുന്ന ആചാരങ്ങളുടെ ചില വ്യത്യാസങ്ങള്‍കൊണ്ടു മാത്രം ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്ഥാനം ലഭിക്കുന്നതല്ല. അവിടുത്തെ പൂജാസമയങ്ങളില്‍ പാലിക്കുന്ന ആചാരങ്ങളും മതപരമായ ചടങ്ങുകളും മറ്റ് ഏതൊരു ഹിന്ദുക്ഷേത്രത്തിലെയും ചടങ്ങുകള്‍ക്കു സമാനമാണ്. ദേവസ്വം ബോര്‍ഡിനു കീഴിലെ മറ്റെല്ലാ ക്ഷേത്രങ്ങളെയും പോലെ ഭരണനിര്‍വ്വഹണം നടത്തപ്പെടുന്ന ക്ഷേത്രമാണിത്. ഈ സാഹചര്യത്തില്‍ ഭരണഘടനയുടെ 26-ാം അനുഛേദപ്രകാരം മതപരമായ ആചാരങ്ങള്‍ പാലിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുമ്പോഴും ആചാരങ്ങളുടെ അവശ്യഘടകം മാത്രമാണു സംരക്ഷി
ക്കപ്പെടേണ്ടത്. അത്തരം ആചാരങ്ങള്‍ ഭരണഘടനാതത്വങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ മതത്തിന്റെ സത്തയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാണോ എന്നു വ്യക്തമാക്കപ്പെടേണ്ടതുമാണ്.

ഈ നിയമസാധുത ചൂണ്ടിക്കാണിക്കുന്നതിനായി The Commissioner Hindu Religous Endowments, Madras V. Sri. Lakshmindra Theertha Swamiar of Sri. Shirur Mttu (Shirur Mttu case), Durgah Commttiee, Ajmer V. Syed Husain Ali (Durgah Ajmer case) എന്നീ കേസുകളിലെസുപ്രീംകോടതിവിധികള്‍ ഹര്‍ജിക്കാര്‍ ഉദ്ധരിച്ചു. ഭരണഘടന ഏതെങ്കിലും മതവിഭാഗങ്ങള്‍ക്കു പുതിയ അവകാശങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നും അവരുടെ നിലവിലെ അവകാശങ്ങള്‍ സംരക്ഷിക്കുക മാത്രമാണു ചെയ്യുന്നതെന്നും മതപരമായ കാര്യങ്ങളില്‍ അന്ധവിശ്വാസം പോലെയുള്ള ധാരാളം ദുരാചാരങ്ങള്‍ കാലക്രമത്തില്‍ മതവിഭാഗങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ പ്രസ്തുത ആചാരങ്ങള്‍ പരമപവിത്രമായ ഒന്നല്ല എന്നും ചരിത്രപരമായ കാരണങ്ങളാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട അത്തരം വിഷയങ്ങള്‍ ആ മതവിഭാഗത്തിന്റെ അന്തസത്തയായി മാറിയിട്ടുണ്ടെങ്കില്‍പ്പോലും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കു വിരുദ്ധമാണെങ്കിലും 26 (ബി) അനുഛേദപ്രകാരമുള്ള സംരക്ഷണം ലഭിക്കുകയില്ല എന്നും ദര്‍ഗ അജ്മീര്‍ കേസ് വിധിയില്‍ സുപ്രീംകോടതി എടുത്തുപറഞ്ഞതായി ഹരജിക്കാര്‍ വാദിച്ചു. ഹിന്ദുമതം സ്ത്രീകളോടു വിവേചനം കാണിക്കുന്നില്ല. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഇത്തരം വിവേചനങ്ങള്‍ ഹിന്ദുമതവുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനമോ ആചാരമോ അല്ല. മറിച്ച്, ഹിന്ദുമതം പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് ഉന്നതസ്ഥാനം നല്‍കുന്നു എന്നതിനാല്‍ അത്തരം വിവേചനം ഹൈന്ദവവിരുദ്ധം കൂടിയാണ്. അത് ഹിന്ദുമതത്തിന്റെ അന്തഃസത്തയ്ക്കു നിരക്കുന്നതല്ല. ശബരിമലക്ഷേത്രവും വിശ്വാസികളും ഒരു പ്രത്യേക മതവിഭാഗത്തില്‍ പെടുന്നു എന്നു കരുതിയാല്‍പ്പോലും സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്നും അയ്യപ്പനു സ്ത്രീദര്‍ശനം ഉണ്ടാകാന്‍ പാടില്ല എന്നുമുള്ള ആചാരങ്ങള്‍ ഉണ്ടാകാന്‍പാടില്ല.

ബ്രഹ്മചര്യവും ആര്‍ത്തവവും

കേവലമായ സ്ത്രീദര്‍ശനംകൊണ്ടു മാത്രം ബ്രഹ്മചര്യത്തിനു പ്രതിജ്ഞയെടുത്ത ഒരാളുടെ ബ്രഹ്മചര്യം ഭംഗപ്പെടുകയില്ല. അങ്ങനെ ആകുന്നപക്ഷം അത്തരം പ്രതിജ്ഞകള്‍ അര്‍ത്ഥശൂന്യമാണ്. മാത്രമല്ല, ഭക്തര്‍ ശബരിമലയില്‍ പോകുന്നത് ബ്രഹ്മചര്യപ്രതിജ്ഞയെടുക്കാനല്ല, മറിച്ച് അയ്യപ്പഭഗവാന്റെ അനുഗ്രഹം തേടാനാണ്. ബ്രഹ്മചര്യം പാലിക്കുന്നത് അത് ആഗ്രഹിക്കുന്നവരുടെ മാത്രം കാര്യമാണ്. അതില്‍ ക്ഷേത്രഭരണസംവിധാനത്തിന് ഇടപെടാന്‍ ഒരു ന്യായവുമില്ല. നേരെമറിച്ച്, സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന വനത്തി
ലുള്ളിലൂടെയുള്ള മലചവിട്ടല്‍ പ്രയാസകരമായതുകൊണ്ടാണ് അവര്‍ക്ക് ഈ ആചാരം പാലിക്കാന്‍ കഴിയാത്തത് എന്നും ദേവസ്വം ബോര്‍ഡ് പറയുന്നുണ്ട്. ഏതെങ്കിലും ഒരു വര്‍ഗ്ഗത്തെയോ വിഭാഗങ്ങളെയോ പൂര്‍ണമയും ഒഴിവാക്കാനോ നിരോധിക്കാനോ ഒരു മതവിഭാഗത്തിനും കഴിയുകയില്ല. ചില പ്രത്യേക സമയങ്ങളില്‍ ചില വിഭാഗങ്ങള്‍ക്കു പ്രവേശനനിയന്ത്രണം ആകാമെന്നല്ലാതെ ഒരു വിഭാഗത്തെയും ശാശ്വതമായിവിലക്കാനാകില്ല. അത്തരത്തില്‍ ചട്ടങ്ങള്‍ രൂപവത്ക്കരിച്ചിട്ടുണ്ടെങ്കില്‍ അതു ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്. ഹര്‍ജിക്കാരെ അനുകൂലിക്കുന്ന സംഘടനകളും വ്യക്തികളും ഈ വാദങ്ങള്‍ക്കുപുറമെ, സ്ത്രീകള്‍ക്കു മാത്രമുള്ള ശാരീരികപ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ആരാധനയില്‍നിന്നും ക്ഷേത്രപ്രവേശനത്തില്‍നിന്നും വിലക്കുന്ന നടപടികള്‍ ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ ലംഘനമാണെന്നും പറഞ്ഞു. അത്തരം തരംതിരിക്കലുകള്‍ ഭരണഘടനാപരമായ ലക്ഷ്യം അല്ലെന്നും സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ പ്രത്യേക തരംതിരിവു ചില വിഷയങ്ങളില്‍ സാദ്ധ്യമാകുമെങ്കിലും സ്ത്രീകളില്‍ ആര്‍ത്തവം പോലെയുള്ള ശാരീരികാവസ്ഥയുടെ പേരില്‍ ഒരു വിഭാഗത്തെ, 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവരെ, പ്രത്യേകമായി തരംതിരിച്ചുകൂട എന്നും വാദിച്ചു. വിവേചനപരമായ അത്തരം നടപടികള്‍ക്കു യുക്തിസഹമായ വിശദീകരണം ഇല്ല. പ്രതിഷ്ഠ അശുദ്ധമാകുന്നതിനാല്‍ സ്ത്രീകളുടെ പ്രവേശനം തടയുക എന്നതാണു ലക്ഷ്യമെങ്കില്‍, അതു സ്ത്രീത്വത്തിന്റെ അന്തഃസത്തയ്ക്കു ചേരുന്നതല്ല. സ്ത്രീസമത്വം, നിയമത്തിനു മുന്‍പിലുള്ള തുല്യത എന്നീ പരിപാവനമായ ഭരണഘടനാതത്ത്വങ്ങളെ അതു ലംഘിക്കുന്നു. അത്തരം തരംതിരിക്കല്‍നടപടി വിവേചനപരം മാത്രമല്ല, ഏകപക്ഷീയവുമാണ്. ആര്‍ത്തവമെന്ന ശാരീരികസവിശേഷത സ്ത്രീകള്‍ക്കുമാത്രം ബാധകമായതിനാല്‍ ഇത്തരം വിവേചനപരമായ ആചാരങ്ങള്‍ ലിംഗവിവേചനം ആയതിനാല്‍ ഭരണഘടനയുടെ 15 (1) അനുഛേദത്തിന് വിരുദ്ധമാണ്. ആര്‍ത്തവഘട്ടത്തിലുള്ള സ്ത്രീകളെ അശുദ്ധരായി കരുതിയിട്ടുള്ള ഒഴിവാക്കല്‍ ഭ്രഷ്ട് കലിപ്പിക്കുന്നതിനു സമാനമാണ്.

അത് അവരില്‍ മാനസികാഘാതം സൃഷ്ടിക്കുന്നതും ഭരണഘടനയുടെ 17-ാം അനുഛേദത്തിന്റെ ലംഘനവും വിവേചനപരമായ തൊട്ടുകൂടായ്മയുമാണ്. 1955ലെ പൗരാവകാശസംരക്ഷണ (Protection of C-ivil Rights) നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമല്ല കേരള ഹൈക്കോടതിയുടെ മഹേന്ദ്രന്‍ കേസിലെ വിധി. സ്ത്രീകളെ ഈ രൂപത്തില്‍ ആരാധനാസ്വാതന്ത്ര്യത്തില്‍നിന്നും ക്ഷേത്രപ്രവേശനത്തില്‍നിന്നും അണ്ഡോല്പാദനത്തിന്റെയും ആര്‍ത്തവത്തിന്റെയും പേരില്‍ ഒഴിവാക്കുന്നതു ഭരണഘടനയുടെ 21-ാം അനുഛേദത്തിനു വിരുദ്ധവും അവരുടെ
ദൈനംദിനസാമൂഹികയിടപെടലുകളെ ദോഷകരമായി ബാധിക്കുകന്നതും അന്തസ്സിനെ ഇകഴ്ത്തിക്കാട്ടുകന്നതും ആയ നടപടിയാണ്. പൊതുജനങ്ങള്‍ക്കായുള്ള ഹിന്ദുക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഹിന്ദുമതത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും എല്ലാ ജാതിയില്‍ ഉള്ളവര്‍ക്കും അവകാശമുണ്ട്.ഹിന്ദുവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് ഈ അവകാശം ഉള്ളതിനാല്‍ത്തന്നെ ശബരിമലക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവകാശമുന്നയിക്കുന്ന സ്ത്രീകള്‍ക്കും നിയമപരിരക്ഷ ഉണ്ട്. സ്ത്രീകള്‍ക്കു പൊതുക്ഷേത്രങ്ങളിലുള്ള പ്രവേശനം തടയുന്ന ഏതു പ്രവൃത്തിയും 1965ലെ ക്ഷേത്രപ്രവേശന നിയമത്തിന്റെയും ഭരണഘടനയുടെയും ലംഘനമാണ്. അതിനാല്‍ ഒരു പ്രത്യേകമതവിഭാഗം എന്ന പരിഗണന ഇല്ലാത്ത ഹിന്ദുമതാചാരങ്ങള്‍ പാലിക്കുന്ന ക്ഷേത്രം എന്ന നിലയില്‍ ശബരിമലയില്‍ പ്രത്യേകമായി നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ഒരു ആചാരമല്ല സ്ത്രീപ്രവേശനനിരോധം. പ്രത്യേകമതവിഭാഗങ്ങളുടെ ഗണത്തില്‍പ്പെടുന്നു എങ്കില്‍പോലും ഇത് ഒരു അവശ്യാചാരമല്ല. ഭരണഘടനയുടെ 25-ാം അനുഛേദപ്രകാരം ഉറപ്പുനല്‍കുന്ന മതാചരണത്തിനുള്ള അവകാശം സ്ത്രീകള്‍ക്കുംതുല്യമായി അനുവദിക്കേണ്ടതാണ്.

സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കാനുള്ള കണ്‍വെന്‍ഷന്‍ (Convention of Elimination of all forms of Discrimination Against Women CEDAW) എന്ന അന്താരാഷ്ട്ര ഉടമ്പടിയില്‍ ഇന്ത്യയും കക്ഷിയാണ്. പ്രസ്തുത കണ്‍വെന്‍ഷന്റെ അടിസ്ഥാനത്തില്‍ ആചാരങ്ങളുടെയോ പാരമ്പര്യങ്ങളുടെയോ അടിസ്ഥാനത്തില്‍ ആര്‍ത്തവത്തെ ആധാരമാക്കി കല്‍പ്പിക്കുന്ന ഭ്രഷ്ട് ഇല്ലാതാക്കേണ്ടത് ഓരോ രാജ്യത്തിന്റെയും കര്‍ത്തവ്യമാണെന്നും ഈ കര്‍ത്തവ്യത്തില്‍നിന്ന് ആചാരത്തിന്റെയോ പാരമ്പര്യത്തിന്റെയോ പേരില്‍ ഒഴിഞ്ഞുമാറാന്‍ പാടില്ലെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. വിശാഖാകേസിലെ വിധിപ്രകാരം ഇത്തരം വിഷയങ്ങളില്‍ ആഭ്യന്തരനിയമങ്ങള്‍ ഇല്ലാതിരിക്കുകയോ വ്യവസ്ഥകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവുകയോ ചെയ്താല്‍ അന്താരാഷ്ട്രയുടമ്പടികള്‍ പാലിക്കപ്പെടേണ്ടതാണെന്നു സുപ്രീംകോടതിതന്നെ വിധിച്ചിട്ടുമുണ്ട്.

കേരളസര്‍ക്കാരിന്റെ നിലപാട്

ഒന്നാം എതിര്‍കക്ഷിയായ കേരളസര്‍ക്കാര്‍ എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ച 65ലെ കേരള നിയമവും ചട്ടങ്ങളും ഭരണഘടനയുടെ 25 (2) (ബി) അനുഛേദവുമായി പൊരുത്തപ്പെട്ടതാണെന്നു ബോധിപ്പിച്ചു. എന്നാല്‍ നിയമത്തിലെ മൂന്നാം വകുപ്പുപ്രകാരം ഹിന്ദുക്കള്‍ക്കു പൊതുവായോ ഒരു വിഭാഗത്തിനോ ഉള്ള ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ നിരോധം എന്ന ആശയം സങ്കല്‍പ്പിച്ചിട്ടില്ല എന്നും പ്രസ്തുതനിയമത്തിന്റെ കീഴില്‍ ഒരു നിരോധവും ഒരു വിഭാഗത്തിനും ഇല്ല എന്നും വിശ്വാസികളായ പുരുഷന്‍മാര്‍ക്കു പ്രവേശിക്കാവുന്ന എല്ലായിടത്തും സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നും ഒരു വേര്‍തിരിവുമില്ല എന്നുമാണ് സര്‍ക്കാരിന്റെ നിലപാടെന്നും കോടതിയെ അറിയിച്ചു.
സ്ത്രീപ്രവേശത്തെ എതിര്‍ത്തവരുടെ വാദങ്ങള്‍ എന്നാല്‍ ഹര്‍ജിയെ എതിര്‍ക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, തന്ത്രികുടുംബം, പന്തളം കൊട്ടാരം, അയ്യപ്പഭക്തസംഘടന കള്‍ എന്നിവര്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടാണു സ്വീകരിച്ചത്. അവരുടെ വാദങ്ങള്‍ താഴെ പറയും പ്രകാരമാണ്.

ദേവസ്വം ബോര്‍ഡ്

ശബരിമലക്ഷേത്രം നൈഷ്ഠികബ്രഹ്മചര്യം എന്ന സങ്കല്പമാണു പിന്തുടരുന്നതെന്നും 41 ദിവസത്തെ ആചാരാനുഷ്ഠാനം, കഠിനവ്രതം, ബ്രഹ്മച
ര്യം, എന്നിങ്ങനെയുള്ള ആചാരങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീപ്രവേശം നിഷിദ്ധമാണെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു.

തന്ത്രികുടുംബം

ശബരിമലയില്‍ തീപിടുത്തത്തിനുശേഷം കണ്ഠരര് ശങ്കരര് ആണ് നിലവിലുള്ള പ്രതിഷ്ഠ നടത്തിയതെന്നും 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശത്തിന് അനുമതിയില്ലെന്നും 41 ദിവസത്തെ വ്രതം ആത്മീയശുദ്ധീകരണം നേടുന്നതിനായി നിഷ്‌കര്‍ഷിക്കപ്പെട്ടതാണെന്നും വ്രതത്തിന്റെ ഭാഗമായി വ്യക്തി സ്വയം എല്ലാ കുടുംബബന്ധങ്ങളില്‍നിന്നും 41 ദിവസത്തേക്കു മാറിനില്‍ക്കേണ്ടതാണെന്നും പറയുകയുണ്ടായി. ദാമ്പത്യബന്ധം പോലെയുള്ളവ നിഷിദ്ധമാണെന്നും 41 ദിവസത്തെ വ്രതത്തിനിടയ്ക്കു സ്ത്രീകള്‍ക്ക് ആര്‍ത്തവം സംഭവിക്കുന്നതിനാല്‍ അവര്‍ക്കതു പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നും തന്ത്രികുടുംബം വാദിച്ചു. ആര്‍ത്തവസമയത്തു സ്ത്രീകള്‍ ഹൈന്ദവാചാരപ്രകാരം ക്ഷേത്രത്തില്‍ പോവുകയോ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാറില്ലെന്നും ക്ഷേത്രാരാധനയുടെ അടിസ്ഥാനഗ്രന്ഥമായ “കേരളതന്ത്രസമുച്ചയ”ത്തിന്റെ പത്താം അദ്ധ്യായത്തില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ടെന്നും പറയുന്നു. തീര്‍ത്ഥാടനത്തിനുള്ള ഒരു ഉപാധിയാണ് 41 ദിവസത്തെ വ്രതാചരണം. അതു പൂര്‍ത്തീകരിക്കാത്ത ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. അതിനാല്‍ ആര്‍ത്തവചക്രത്തിന് അകത്തു വരുന്നവര്‍ ഒഴിച്ചുള്ള സ്ത്രീകള്‍ക്കു മാത്രമേ ശബരിമല തീര്‍ത്ഥാടനം നടത്താന്‍ കഴിയൂ. കുടുംബത്തിലെ ജനനമോ മരണമോ കാരണം വ്രതം മുടങ്ങുന്ന പുരുഷന്മാര്‍ക്കുപോലും ആ വര്‍ഷത്തെ തീര്‍ത്ഥാടനം നടത്താന്‍ അനുവാദമില്ലെന്നും തന്ത്രികുടുംബം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മതപരമായ ആചാരങ്ങളും പരമ്പരാഗത ആയുര്‍വ്വേദചികിത്സകളും ആര്‍ത്തവഘട്ടത്തെ വിശ്രമത്തിനുള്ള അവസരമായും ശരീരത്തിന്റെ വൃത്തിഹീനത്വത്തിന്റെ കാലയളവായും കരുതുന്നുണ്ട്. അതിനാല്‍ 41 ദിവസത്തെ കഠിന ആത്മീയ അച്ചടക്കം ആചരിക്കല്‍ സാധ്യമല്ല. കാമവിചാരങ്ങളില്‍നിന്നു തീര്‍ത്ഥാടകരുടെ ശ്രദ്ധതിരിച്ച് ആത്മീയശിക്ഷണത്തിന്റെ പരിശീലനത്തിനായുള്ള സാഹചര്യം സൃഷ്ടിക്കലാണു തീര്‍ത്ഥാടനത്തിന്റെ മുഖ്യലക്ഷ്യം. നിരോധം സാമൂഹികവിവേചനമല്ലെന്നും ഈ പ്രത്യേക തീര്‍ത്ഥാടനകാലയളവുമായി ബന്ധപ്പെട്ടുള്ള അവശ്യമായ ധാര്‍മ്മികാച്ചടക്കത്തിന്റെ ഭാഗമാണെന്നും വാദിക്കുകയും ചെയ്യുന്നു. അതിനാല്‍ അര്‍ത്ഥവത്തായ തീര്‍ത്ഥാടനത്തിനായി വിലക്കപ്പെട്ട പ്രായപരിധിയില്‍പ്പെട്ട സ്ത്രീകള്‍ സ്വയം അകന്നുനില്‍ക്കുന്നതാണു വിവേകം. ഇതിനുപുറമെ അമ്പലത്തിന്റെ പരിധിക്കുള്ളില്‍ ചെറുപ്പക്കാരായ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആരാധനാമൂര്‍ത്തിയുടെ ഹിതത്തിന് അനുസൃതമല്ലെന്നും അതിനാല്‍ പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ ക്ഷേത്രകാര്യങ്ങളില്‍ പങ്കെടുപ്പിക്കാത്ത സമ്പ്രദായം നിലനിര്‍ത്തണമെന്നും ദേവപ്രശ്‌നം അനുശാസിക്കുന്നതായും പറയുന്നു. കേരള ഹൈക്കോടതിയുടെ മഹേന്ദ്രന്‍ കേസിലെ വിധിയില്‍ അത്തരം ആചാരപരമായ കാര്യങ്ങള്‍ അടങ്ങുന്നുണ്ടെന്നും പ്രതിഷ്ഠ അനുഷ്ഠിക്കുന്ന സന്ന്യാസത്തില്‍നിന്നും ബ്രഹ്മചര്യത്തില്‍നിന്നും ചെറിയ വ്യതിയാനങ്ങള്‍പോലും ഒഴിവാക്കാനാണ് ചെറുപ്പക്കാരായ സ്ത്രീകള്‍ക്കു പ്രവേശനം നല്കാത്തതെന്നും തന്ത്രികുടുംബം വാദിച്ചു.

എന്‍.എസ്.എസ്. അടക്കമുള്ള സംഘടനകള്‍ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് 1965ലെ നിയമത്തിനു കീഴിലുള്ള ചട്ടങ്ങള്‍ ഭരണഘടനയുടെ ലംഘനമല്ല എന്നു വാദിക്കുകയുണ്ടായി.

അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ നിലപാട്

കേസില്‍ കോടതിയെ സഹായിക്കാനായി ചുമതലപ്പെടുത്തിയ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍, ശബരിമല ശ്രീ ധര്‍മ്മശാസ്താക്ഷേത്രം പൊതുജനങ്ങള്‍ക്ക് അവരുടെ അവകാശം എന്ന രീതിയില്‍ ആരാധനയ്ക്കായി പ്രവേശിക്കാവുന്ന ഒരു പൊതുക്ഷേത്രമാണെന്നും അവിടേക്കുള്ള പ്രവേശനം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനോ ഉപവിഭാഗത്തിനോ ആയി പരിമിതപ്പെടുത്തിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ പൊതുസ്വഭാവം ഭക്തര്‍ക്കു നല്‍കുന്നത് ദര്‍ശനത്തിനോ ആരാധനയ്ക്കോവേണ്ടി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുള്ള അവകാശമാണ്. ഈ സാര്‍വ്വത്രികാവകാശം ക്ഷേത്രാധികാരികളുടെ അനുവാദത്തെ ആശ്രയിച്ചുകൊണ്ടോ അടിസ്ഥാനപ്പെടുത്തിയോ ഉള്ള ഒന്നല്ലെന്നും ഭരണഘടനയുടെ അനുഛേദം 25 പ്രകാരം അംഗീകരിച്ചിട്ടുള്ളതാണെന്നും ഈ അവകാശം ഭരണഘടനയുടെ ആമുഖത്തില്‍ കൈവരിക്കേണ്ടതായി പറയുന്ന ലക്ഷ്യവും ഭരണഘടനയുടെ വീക്ഷണവും അനുസരിച്ചുള്ള വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം കൂടിയാണെന്നും കോടതിയെ ധരിപ്പിച്ചു.

ദൈവഭക്തയായും ഹിന്ദുമതവിശ്വാസിയായും ഒരു ക്ഷേത്രം സന്ദര്‍ശിക്കാനും അവിടെ പ്രവേശിക്കാനും ഉള്ള ഒരു സ്ത്രീയുടെ അവകാശം അവരുടെ ആരാധനാവകാശത്തിന്റെ അവശ്യഘടകമാണ്. അല്ലാത്തപക്ഷം, അവരുടെ അവകാശത്തെ ദോഷകരമായി ബാധിക്കുന്നു. വിശ്വാസത്തിനകത്തുള്ള തുല്യതയാണ് ഭരണഘടന പ്രദാനം ചെയ്യുന്നത്. അതു വിവേചനപരമല്ലാത്തതും ഒരേ വിശ്വാസം പിന്തുടരുന്ന സ്ത്രീക്കും പുരുഷനും തുല്യമായി ലഭിക്കേണ്ടതുമാണ്. ഭരണഘടനയുടെ 17-ാം അനുഛേദത്തില്‍ ഏതു രൂപത്തിലുള്ള തൊട്ടുകൂടായ്മയും ശുദ്ധി, അശുദ്ധി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആചാരങ്ങളും നിരോധിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്തിട്ടുള്ളതാണ്. ഭരണഘടനയിലെ ഈ വ്യവസ്ഥകള്‍ പ്രകാരം ആര്‍ത്തവമുള്ള സ്ത്രീകളെ ആചാരങ്ങളില്‍നിന്ന് ഒഴിവാക്കുന്നത് അടിച്ചമര്‍ത്തപ്പെട്ട മതവിഭാഗങ്ങളെ ഒഴിവാക്കുന്നതുപോലെയുള്ള വിവേചനമാണ്. ഏതുതരത്തിലുള്ള തൊട്ടുകൂടായ്മയും ആചരിക്കുന്നതും പ്രോത്സാഹനം നല്‍കുന്നതും പ്രചോദനം നല്‍കുന്നതും 1955ലെ പൗരാവകാശനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്. ശുദ്ധിയുടെയും അശുദ്ധിയുടെയും സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ ഒഴിവാക്കലും വിവേചനവും പൗരവകാശനിയമത്തിന്റെ പശ്ചാത്തലത്തില്‍ വേണം മനസിലാക്കേണ്ടത്.

1955ലെ പൗരവകാശനിയമത്തില്‍ ഒരേ മതവിഭാഗത്തില്‍പ്പെട്ട എല്ലാവിഭാഗം ആളുകള്‍ക്കും ആരാധനയ്ക്ക് അവകാശമുണ്ടെന്നും അത്തരത്തില്‍പ്പെട്ട ആളുകളെ അങ്ങനെയുള്ള ആരാധനാലയങ്ങളില്‍നിന്നു വിവേചനപരമായി ഒഴിവാക്കുന്നതു കുറ്റമാണെന്നും പറയുന്നു. ഒരു പൊതുക്ഷേത്രത്തില്‍ പ്രവേശത്തിനും ആരാധനയ്ക്കും ആഗ്രഹിച്ച് അവിടെയെത്തുന്ന ഏതു ഭക്തരുടെയും പ്രവേശം ലിംഗഭേദംവച്ചു തടയാന്‍ കഴിയുന്നതല്ലെന്നും അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ ബോധിപ്പിച്ചു.

ശബരിമലയിലെ തര്‍ക്കവിഷയമായ ആചാരം പ്രയോഗത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി സ്ത്രീകളെ അവരുടെ ആര്‍ത്തവനിലയും പ്രായവും സ്വമേധയായല്ലാതെ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുഛേദം അനുശാസിക്കുന്ന അന്തസ്സിനും സ്വകാര്യതയ്ക്കുമുള്ള അവകാശം ലംഘിക്കുന്നതിനു കാരണമാകുന്നു. ഇത്തരം വിവേചനപരമായ ഒഴിവാക്കല്‍നടപടികളെ തള്ളിക്കളയുന്നത് ഭരണഘടനയുടെ ഉദ്ദേശ്യം ഉള്‍ക്കൊള്ളുന്ന നടപടിയാണ്. ഇത് ആചാരം, പൊതുസമാധാനം പാലിക്കല്‍, അല്ലെങ്കില്‍ ധാര്‍മ്മികത എന്നിവയുടെ അടിസ്ഥാനത്തില്‍ ന്യായീകരിക്കാവുന്നതല്ല. വ്യക്ത്യധിഷ്ഠിതമോ വര്‍ഗ്ഗാധിഷ്ഠിതമോ ആയ രീതിയിലുള്ള ധാര്‍മ്മികതയല്ല ഭരണഘടനയുടെ 25, 26 അനുഛേദങ്ങളില്‍ പരാമര്‍ശിക്കുന്നത്. ഇത്തരം വിവേചനപരമായ ഒഴിവാക്കലുകള്‍ മതപരമായ ആചാരത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനഘടകമാണെന്നും അതില്ലാതെ മതത്തിനു നിലനില്പില്ലെന്നും പ്രത്യേകം തെളിയിക്കാനാകണം. എന്നാല്‍ ഇതു തെളിയിക്കുന്നതിനുള്ള ഒരുവിധ മതഗ്രന്ഥങ്ങളും തെളിവുകളും സ്ത്രീപ്രവേശത്തെ എതിര്‍ക്കുന്നവര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. 1965ലെ കേരള ഹിന്ദു പ്ലേസസ് ഓഫ് വര്‍ഷിപ് (ആതറൈസേഷന്‍ ഓഫ് എന്‍ട്രി) ആക്റ്റിന്റെ 3, 4 വകുപ്പുകള്‍ നല്‍കുന്ന അവകാശങ്ങളുടെയും അധികാരത്തിന്റെയും പരിധിക്കു പുറത്താണ് പ്രസ്തുത നിയമത്തിന്‍ കീഴിലെ ചട്ടം 3 (ബി) യില്‍ ഉള്ള നിയന്ത്രണം. അയ്യപ്പവിശ്വാസികള്‍ ഒരു പ്രത്യേക മതവിഭാഗത്തിലോ ഗണത്തിലോ പെടുന്നതാണെന്നു തെളിയിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് ആയിട്ടില്ല. കേരളഹൈക്കോടതിയുടെ മഹേന്ദ്രന്‍ കേസിലെ വിധിന്യായത്തില്‍ ഇതൊരു പ്രത്യേക മതവിഭാഗമാണെന്നു കണ്ടെത്തിയിട്ടില്ല. പ്രസ്തുത വിധിന്യായത്തില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് ഒരു അനുഷ്ഠാനം മാത്രമാണെന്നും അല്ലാതെ അത് അവശ്യമായ ഒരു ആചാരമാണെന്നു കണ്ടെത്തിയിട്ടില്ലെന്നും അമിക്കസ് ക്യൂറി ബോധിപ്പിച്ചു. അയ്യപ്പഭക്തര്‍ ഒരു പ്രത്യേക മതവിഭാഗമാണ് എന്നു വന്നാല്‍ത്തന്നെ, അത്തരം നിയന്ത്രണങ്ങള്‍ ഭരണഘടനയ്ക്ക് അനു
സൃതമായിരിക്കണം.

അമിക്കസ് ക്യൂറി കെ. രാമമൂര്‍ത്തി

എന്നാല്‍ മറ്റൊരു അമിക്കസ് ക്യൂറിയായ കെ. രാമമൂര്‍ത്തിയുടെ നിലപാട് വ്യത്യസ്തമായിരുന്നു. അയ്യപ്പഭക്തരെ പ്രത്യേകമതവിഭാഗത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാകുമെന്നും ഇത്തരം വിവാദപരമായതും എല്ലാ പ്രമുഖക്ഷേത്രങ്ങളിലും നിലനില്‍ക്കുന്നതുമായ മതവിശ്വാസത്തില്‍ അധിഷ്ഠിതമായ ആചാരങ്ങള്‍ ഭരണഘടനയുടെ 14, 15, 17, 21, 25 എന്നീ അനുഛേദങ്ങളുടെ ലംഘനമാകുമോ എന്നതു പൊതുവില്‍ പരിശോധിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. ആരാധനയുടെ സ്വഭാവവും ക്ഷേത്രത്തില്‍ തുടര്‍ന്നുവരുന്ന ആചാരങ്ങളും അടിസ്ഥാനമാക്കി ഭരണഘടനയുടെ 26-ാം അനുഛേദത്തില്‍ വിഭാവനം ചെയ്യുന്ന ഒരു പ്രത്യേകമതവിഭാഗംതന്നെയാണ് ശബരിമല അയ്യപ്പക്ഷേത്രം എന്നും ഹിന്ദുമതത്തിലെ എല്ലാ വിഭാഗങ്ങളും സ്വീകരിച്ചുപോരുന്ന മതവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ആചാരം അംഗീകരിച്ചിട്ടുള്ള ഒരു മതവിഭാഗമാണ് അയ്യപ്പഭക്തര്‍ എന്നുമായിരുന്നു അദ്ദേഹത്തിന്റ നിലപാട്. വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം മതപരമായ ആചാരങ്ങള്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വാഭാവികമായ അവകാശവുമായി പൊരുത്തപ്പെടാത്തതോ മൗലികാവകാശങ്ങളുടെ ലംഘനമോ ആണെന്നുള്ള വാദം അങ്ങനെ മതാചാരത്തെ വിശ്വസ്തതയോടെ പിന്തുടരുന്ന പൂര്‍വ്വികരുടെ സാമാന്യബോധത്തെയുംജ്ഞാനത്തെയും എതിര്‍
ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രിംകോടതിയുടെ വിധി

മേല്‍ പ്രസ്താവിച്ച വാദങ്ങള്‍ പരിഗണിച്ച് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍കര്‍ എന്നിവര്‍ താഴെ പറയുന്ന നിഗമനങ്ങളിലാണ് എത്തിച്ചേര്‍ന്നത്.

ഭരണഘടനയുടെ 26-ാം അനുഛേദപ്രകാരം എല്ലാ മതവിഭാഗങ്ങള്‍ക്കും മതപരവും ധര്‍മ്മപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി സ്ഥാപനങ്ങള്‍ ഉണ്ടാക്കാവുന്നതും സംരക്ഷിക്കാവുന്നതുമാണ്. ഈ അനുച്ഛേദം മതപരമായ വിഷയങ്ങളില്‍ സ്വന്തം കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിനും സ്ഥാവരജംഗമസ്വത്തുക്കള്‍ ആര്‍ജിക്കുന്നതിനും നിയമപരമായി അവയുടെ ഭരണനിര്‍വ്വഹണം നടത്തുന്നതിനും അതിന്മേലുള്ള അവകാശം പൊതുസമാധാനത്തിനും ധാര്‍മ്മികതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും വിധേയമായി വിനിയോഗിക്കുന്നത് ഉറപ്പുനല്‍കുന്നുണ്ട്.

ഒരു പ്രത്യേകമതവിഭാഗം എന്ന നിലയില്‍ ഒരു വിഭാഗത്തെ അംഗീകരിക്കുന്നതിനുള്ള നിയമപരമായ തത്വങ്ങള്‍ ഷിരൂര്‍ മഠം കേസിലും എസ്.പി. മിത്തല്‍ കേസിലും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകമതവിഭാഗം എന്ന സംരക്ഷണം ആവശ്യപ്പെട്ട വിഭാഗങ്ങളെ ഈ കേസുകളില്‍ നിര്‍വ്വചിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഗണത്തില്‍ വരുന്നതിന് അതിലെ അംഗങ്ങള്‍ക്കു പ്രത്യേകമായ ആരാധനാസമ്പ്രദായവും അതിന് ആവശ്യമായ ആത്മീയതത്വസംഹിതയും പൊതുവിശ്വാസവും ആവശ്യമാണ്. അതിനൊരു പൊതുസംഘടനാരൂപം ഉണ്ടാകുകയും പ്രത്യേകപേരില്‍ അറിയപ്പെടുകയും വേണം. അവര്‍ക്കു സാധാരണ ഹിന്ദുവിഭാഗത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ അല്ലാതെ പ്രത്യേകമായ ആചാരങ്ങള്‍ നിലവിലുള്ളതായി തെളിയിക്കപ്പെടുകയും വേണം. അങ്ങനെയുള്ള പ്രത്യേകതകള്‍ ഉള്ള വിഭാഗത്തെ മാത്രമേ ഒരു പ്രത്യേക ഗണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയൂ. ശബരിമല സന്ദര്‍ശിക്കാന്‍ വരുന്ന തീര്‍ത്ഥാടകര്‍ അയ്യപ്പഭക്തരായതിനാല്‍ അവരെ അയ്യപ്പന്മാര്‍ എന്നാണു വിളിക്കുന്നതെന്നും അതിനാല്‍ അവര്‍ ഒരു പ്രത്യേക ഗണമാണെന്നും പറയുന്നത് അംഗീകരിക്കാനാകില്ല. ശബരിമലക്ഷേത്രം പൊതുവായ ഒരു മതപരമായ എന്‍ഡോവ്മെന്റ് ആണെന്നും മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ പോകുന്ന ഭക്തര്‍ക്ക് ഇത്തരം ആചാരങ്ങളൊന്നും ഇല്ല. ഇതു തെളിയുന്നതിനാല്‍ പ്രത്യേകമായി തിരിച്ചറിയാന്‍ കഴിയുന്ന അനുയായികളും വിശ്വാസികളും ശബരിമലക്ഷേത്രത്തിനു മാത്രമായി ഇല്ലെന്ന് ഈ കോടതി അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. അയ്യപ്പഭക്തര്‍ക്കു മാത്രമായി ഹിന്ദുമതത്തിനു പൊതുവായുള്ള പ്രത്യേകതകളല്ലാതെ വിശ്വാസികള്‍ക്ക് ആത്മീയസാക്ഷാത്കാരത്തിന് ഉതകുന്ന പൊതുവായ മതസിദ്ധാന്തങ്ങള്‍ നിലവിലുണ്ടെന്നു തെളിയിക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ അയ്യപ്പഭക്തര്‍ ഹിന്ദുമതത്തിലെ പൊതുവിഭാഗത്തില്‍പ്പെടുന്നവരാണ്; ഒരു പ്രത്യേകമതവിഭാഗമായി നിലനില്‍ക്കുന്നവരല്ല. ചില ആചാരങ്ങള്‍ ദീര്‍ഘകാലം പാലിച്ചു എന്നതുകൊണ്ടുമാത്രം ഒരു പ്രത്യേക ഗണം
ഉണ്ടാകുന്നില്ല.

തിരുവിതാംകൂര്‍ ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമത്തിന്റെ പരിധിയില്‍ വരുന്ന, ഭരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമായ, ഒരു പൊതുക്ഷേത്രമാണ് ശബരിമല അയ്യപ്പക്ഷേത്രം. ഈ സാഹചര്യത്തില്‍ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനുമുള്ള അവകാശം ഭരണഘടനയുടെ 25 (1) അനുഛേദത്തില്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കു വിധേയമായി സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാ വ്യക്തികള്‍ക്കും ലഭ്യമാണ്.

ഭരണഘടനയുടെ 25 (1) അനുഛേദം ഉറപ്പാക്കുന്ന അവകാശത്തിനു ലിംഗഭേദമോ സ്ത്രീകള്‍ക്കു മാത്രമായ ചില ശാരീരികഘടകങ്ങളോ ആയി ഒരു ബന്ധവുമില്ല. സ്വതന്ത്രമായി മതാചാരങ്ങള്‍ പാലിക്കുന്നതിനും ക്ഷേത്രം സന്ദര്‍ശിക്കുന്നതിനും പ്രവേശിക്കുന്നതിനും 25 (1) അനുഛേദം ഏതു മനുഷ്യര്‍ക്കും ഉറപ്പാക്കുന്ന അത്രയുംതന്നെ അവകാശം ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കുമുണ്ട്. ഹിന്ദുമതം ആചരിക്കുന്നതിനും ക്ഷേത്രത്തില്‍ പോകുന്നതിനും പ്രവേശിക്കുന്നതിനും സ്ത്രീകളെ ഒഴിവാക്കുന്ന ആചാരം സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ്. ഭരണഘടനയുടെ 25 (1) അനുഛേദം ഉറപ്പാക്കുന്ന അവകാശം മതങ്ങള്‍ തമ്മിലുള്ള തുല്യത മാത്രമല്ല, മതത്തിന് അകത്തുള്ള തുല്യതകൂടി ആണ്. ആചാരപരമായ അവകാശം അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഒരേ മതാചരത്തില്‍ വിശ്വസിക്കുന്ന എല്ലാ പ്രായത്തിലുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യമായി ലഭ്യമാകേണ്ടതാണ്. അതുകൊണ്ട് 1965ലെ ചട്ടങ്ങളിലെ വിവാദവിഷയമായ ചട്ടം 3 (ബി) സ്ത്രീകളുടെ മതവിശ്വാസം ആചരിക്കുന്നതിനുള്ള അവകാശത്തിന്റെ ലംഘനമാണ്. അതുമൂലം അനുഛേദം 25 (1) ല്‍ പറയുന്ന അവകാശം ഹനിക്കപ്പെടും. ഒരു ക്ഷേത്രത്തിലേക്കു പ്രവേശനം ആഗ്രഹിക്കുന്ന പ്രായലിംഗഭേദമന്യേയുള്ള ഭക്തര്‍ക്ക് അതിനുള്ള നിയമപരമായ അവകാശമുണ്ട്. ഹിന്ദുക്കളായ സ്ത്രീകള്‍ പ്രത്യേക പ്രായത്തിലുള്ളവരായതുകൊണ്ട് അയ്യപ്പഭക്തരെന്നനിലയ്ക്കു ശബരിമലക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും പ്രതിഷ്ഠയ്ക്കു മുന്‍പില്‍ പ്രാര്‍ത്ഥിക്കുന്നതിനും നിയമപരമായ ഒരു തടസ്സവും ഇല്ലാത്തതാണ്. ഇത്തരമൊരു ക്ഷേത്രപ്രവേശനാവകാശം ഒരുതരത്തിലുമുള്ള പൊതുസമാധാനത്തിനോ ധാര്‍മ്മികതയ്ക്കോ ആരോഗ്യത്തിനോ ഭരണഘടന യുടെ ഭാഗം IIIലെ മറ്റേതെങ്കിലും വ്യവസ്ഥകള്‍ക്കോ വിരുദ്ധമോ അപകടമോ ആണെന്നു പറയാനാവില്ല.

മൗലികാവകാശങ്ങളുടെ ലംഘനമുണ്ടാകുമ്പോള്‍ ധാര്‍മ്മികത എന്ന പദത്തിനു ഭരണഘടനാപരമായ ധാര്‍മ്മികത എന്നാണ് സ്വാഭാവികമായ അര്‍ത്ഥം. 10 മുതല്‍ 50 വരെ വയസുള്ള ഭക്തകളെ ശബരിമലക്ഷേത്രത്തില്‍ ആരാധനയ്ക്കു പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നത് പൊതുസമാധാനത്തിനോ പൊതുആരോഗ്യത്തിനോ ഹാനികരമാകുന്ന കാര്യമല്ല. ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന ധാര്‍മ്മികത, പൊതുധാര്‍മ്മികതയെ സംബന്ധിച്ചിടത്തോളം ബാഹ്യമായി അടിച്ചേല്‍പ്പിക്കപ്പെട്ടതല്ല. മറിച്ച്, ഈ രാജ്യത്തെ ജനങ്ങള്‍ സ്വീകരിച്ച, അവര്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള, ഭരണഘടനയിലെ ധാര്‍മ്മികത എന്ന അര്‍ത്ഥത്തില്‍ പൊതുധാര്‍മ്മികതയെ വിവക്ഷിക്കേണ്ടതുമാണ്. പൊതുധാര്‍മ്മികത ഭരണഘടനാധാര്‍മ്മികതയ്ക്ക് വിധേയവുമാണ്.

അയ്യപ്പഭക്തര്‍ ഒരു പ്രത്യേകമതവിഭാഗമായി നിലനില്‍ക്കുന്നില്ല എന്നു കണ്ടെത്തിയിട്ടുള്ളതിനാല്‍ അയ്യപ്പഭക്തര്‍ ഹിന്ദുമതാനുയായികളാണ് എന്നതാണു വസ്തുത. ശബരിമലക്ഷേത്രപ്രവേശത്തിനു 10 മുതല്‍ 50 വരെ വയസ്സുള്ള സ്ത്രീകളെ ഒഴിവാക്കിയിരിക്കുന്നത് അവശ്യമായ ഒരു ആചാരമാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. ഒരു മതത്തിന്റെ ആചാരങ്ങള്‍ പാലിക്കുന്നതില്‍ അവശ്യമായ ആചാരങ്ങള്‍ എന്തൊക്കെയാണെന്നു മനസ്സിലാക്കണം. 10 മുതല്‍ 50 വരെ വയസ്സുള്ള സ്ത്രീകളെ ക്ഷേത്രദര്‍ശനത്തില്‍നിന്ന് ഒഴിവാക്കുന്ന രീതി ഹിന്ദുമതാചാരത്തിന്റെ ഏതെങ്കിലും തത്വങ്ങളില്‍ വരുന്നതാണോ എന്നും ഹിന്ദുമതാചാരത്തിന്റെ ഒരു അവശ്യഘടകമായ ആചാരമായി പരിഗണിക്കേണ്ടതുണ്ടോയെന്നും ഹിന്ദുമതത്തിന്റെ പൊതുസ്വഭാവം പ്രസ്തുത സ്ത്രീപ്രവേശം ഒഴിവാക്കുന്ന ആചാരം പാലിക്കപ്പെടുന്നില്ലെങ്കില്‍ മാറ്റപ്പെടുമോ എന്നും
തീരുമാനിക്കേണ്ടതുണ്ട് എന്നും കോടതി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ വിവിധ മുന്‍കാലവിധികള്‍ പരിശോധിച്ച സുപ്രീംകോടതി ഒരു
പശ്ചാത്തലത്തിലും ഏതു പ്രായത്തിലുമുള്ള സ്ത്രീകളെയും ക്ഷേത്രാരാധനയില്‍നിന്ന് ഒഴിവാക്കുന്നത് ഹിന്ദുമതത്തിന്റെ നിലനില്പിനുള്ള അവശ്യാചാരമാണ് എന്നു കരുതാനാവില്ല എന്ന് അഭിപ്രായപ്പെട്ടു.

മറിച്ച്, ഹിന്ദുമതാനുയായികളായ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധന നടത്താനും അനുവദിക്കേണ്ടത് ഹിന്ദുമതത്തിന്റെ അവശ്യഭാഗം കൂടിയാണ് എന്നു കണ്ടെത്തി. വേദപാഠങ്ങളിലേയോ ഗ്രന്ഥങ്ങളിലേയോ തെളിവുകളുടെ അഭാവത്തില്‍, ശബരിമലക്ഷേത്രത്തില്‍ തുടര്‍ന്നുവരുന്ന സ്ത്രീപ്രവേശനിരോധം എന്ന ആചാരത്തെ ഹിന്ദുമതത്തിന്റെ അവശ്യാചാരമെന്ന രീതിയില്‍ അംഗീകരിക്കാവുന്നതല്ല.

ശബരിമലക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ച് ആരാധന നടത്താന്‍ അനുവദിക്കുന്നതുമൂലം ഹിന്ദുമതത്തിന്റെ രീതികള്‍ക്ക് ഒരുതരത്തിലും അടിസ്ഥാനമാറ്റം വരുമെന്നു സങ്കല്‍പ്പിക്കാനാവില്ല. അതിനാല്‍ 1965ലെ നിയമത്തിനു കീഴിലുണ്ടാക്കിയ ചട്ടം 3 (ബി) യുടെ പിന്‍ബലത്തില്‍ നടത്തുന്ന സ്ത്രീവിവേചനപരമായ ഒഴിവാക്കല്‍, ഹിന്ദുമതാനുയായികളായി അയ്യപ്പഭക്തര്‍ തുടരുന്നതിന് അവശ്യമോ അവിഭാജ്യമോ ആയ ഘടകമല്ല. ഒരു വ്യക്തിയുടെ മതപരമായ ആചാരത്തിന് ഒരു പ്രത്യേക ദിവസം മുതല്‍ക്കോ ഒരു സംഭവം മുതല്‍ക്കോ മാറ്റം വന്നിട്ടുണ്ടെന്ന് ആര്‍ക്കും പറയാനാകില്ല. അപ്രകാരമുള്ള മാറ്റത്തിനു വിധേയമാകാവുന്ന ഏത് ആചാരവും മതത്തിന്റെ സത്തയല്ലാത്തതാണ്. അവശ്യഘടകമല്ലാത്ത ആചാരങ്ങള്‍ കേവലം ആലങ്കാരികമാണ് എന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ.

ഒരു ആചാരം അവശ്യാചാരമായി മാറുന്നതിന് തടസ്സമേതുമില്ലാത്ത ഒരു തുടര്‍ച്ച അനിവാര്യമാണ്. 10 മുതല്‍ 50 വരെ വയസ്സുള്ള സ്ത്രീകളായ
ഭക്തര്‍ ക്ഷേത്രദര്‍ശനം നടത്തുകയും അവരുടെ കുട്ടികളുടെ ചോറൂണുചടങ്ങ് എല്ലാ മാസവും അഞ്ചുദിവസം ക്ഷേത്രത്തില്‍വച്ചു നടത്തുകയും എല്ലാ മാസവും അഞ്ചുദിവസം പൂജകള്‍ ചെയ്യുകയും ചെയ്തുവരുന്ന പതിവുണ്ടായിരുന്നു എന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതി മുന്‍പാകെ സമ്മതിച്ചതായി കേരള ഹൈക്കോടതിയുടെ മഹേന്ദ്രന്‍ കേസിലെ വിധിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത സ്ത്രീകള്‍ക്കു ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് മണ്ഡലം, മകരവിളക്ക്, വിഷു ദിവസങ്ങളില്‍ മാത്രമായിരുന്നു എന്ന നിലപാടും ആ കേസില്‍ സ്വീകരിച്ചിട്ടുണ്ട്. 1950ലെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുന്‍പ് എല്ലാ പ്രായത്തിലുള്ള സ്ത്രീകളും അവരുടെ കുട്ടികളുടെ ചോറൂണുചടങ്ങിനു ക്ഷേത്രദര്‍ശനം നടത്തിയിരുന്നു എന്നതിനാല്‍ വിവാദമായിരിക്കുന്ന സ്ത്രീകളെ ഒഴിവാക്കല്‍ ആചാരം ഒരു ദുരാചാരമാണെന്നു സീനിയര്‍ അഭിഭാഷിക ഇന്ദിരജയ്‌സിങ്ങും ചൂണ്ടിക്കാണിച്ചിരുന്നു. അതിനാല്‍ ഈ ഒഴിവാക്കലാചാരത്തിന് അനുസ്യൂതമായ തുടര്‍ച്ചയില്ല എന്നു കാണുന്നതിനാല്‍ അത് ഒരു അവശ്യാചാരമായി കണക്കാക്കാവുന്നതല്ല.

1965ലെ കേരള ഹിന്ദു പ്ലേസസ് ഓഫ് വര്‍ഷിപ് (ആതറൈസേഷന്‍ ഓഫ് എന്‍ട്രി) ആക്റ്റിന്റെ 2-ാം വകുപ്പില്‍ പറയുന്ന നിര്‍വ്വചനങ്ങള്‍ പരിശോധിച്ചാല്‍ ഹിന്ദു എന്ന നിര്‍വ്വചനത്തില്‍ ബുദ്ധ, സിഖ്, ജൈനമതങ്ങള്‍ ആചരിക്കുന്നവരും ഉള്‍പ്പെടുന്നു. ഹിന്ദുവായ ആള്‍ എന്നതില്‍
എല്ലാ ലിംഗവിഭാഗങ്ങളും ഉള്‍പ്പെടുന്നു. ജാതി, ഉപജാതി, മതശാഖ എന്നിവ പരാമര്‍ശിക്കുന്ന ഒരിടത്തും പുരുഷവിഭാഗം, ഉപവിഭാഗം എന്നിങ്ങനെ പരിമിതി നിര്‍ദ്ദേശിക്കുന്നില്ല. നിയമത്തിലെ മൂന്നാംവകുപ്പ് പൊതുആരാധനാസ്ഥലങ്ങള്‍ എല്ലാ വിഭാഗങ്ങളിലും തരത്തിലും ഉള്‍പ്പെട്ട ഹിന്ദുക്കള്‍ക്കു പ്രാപ്യമാക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. അത്തരം പൊതു ആരാധനാസ്ഥലത്തു പ്രവേശിക്കുന്നതില്‍നിന്നോ ആരാധനനടത്തുന്നതില്‍നിന്നോ മതപരമായ ചടങ്ങ് ആചരിക്കുന്നതില്‍നിന്നോ ഏതെങ്കിലും വിഭാഗത്തിലോ വര്‍ഗ്ഗത്തിലോ പെട്ട ഒരു ഹിന്ദുവിനെയും
നിരോധിക്കാനോ തടസ്സപ്പെടുത്താനോ നിരുത്സാഹപ്പെടുത്താനോ പാടുള്ളതല്ല. 3-ാം വകുപ്പിലെ വ്യവസ്ഥകളുടെ സൂക്ഷ്മമായ അവലോകനം വെളിപ്പെടുത്തുന്നത് കേരളത്തിലെ പൊതുവായ ആരാധനാസ്ഥലങ്ങളും, വിരുദ്ധമായ നിയമങ്ങളുടേയോ ആചാരങ്ങളുടേയോ കോടതിവി
ധിപ്രകാരമുള്ള തടസ്സങ്ങളുടേയോ അഭാവത്തില്‍, എല്ലാ ഹിന്ദുക്കള്‍ക്കും പ്രാപ്യമാകേണ്ടതാണ് എന്നാണ്. ഇവിടെ വിവക്ഷിക്കുന്ന വിഭാഗംഎന്ന പദത്തില്‍ ലിംഗഭേദമെന്യേ എല്ലാവരും ഉള്‍പ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആചാരമോ കീഴ്‌വഴക്കമോ എന്തുതന്നെ ആയിരുന്നാലും നിയമത്തിനാണു പ്രാബല്യം നല്‍കേണ്ടത്. നിയമത്തിന്റെ അഞ്ചാം വകുപ്പിലും മൂന്നാം വകുപ്പിലും വ്യവസ്ഥ ചെയ്യുന്ന അവകാശങ്ങളുടെ ലംഘനത്തിനു ശിക്ഷ നിഷ്‌കര്‍ഷിക്കുന്നുണ്ട്. 4-ാം വകുപ്പില്‍ ചട്ടങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരം സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രസ്തുത വകുപ്പിനു കീഴില്‍ ഉണ്ടാക്കുന്ന ചട്ടങ്ങള്‍ ലിംഗഭേദമന്യേ ഒരു ഹിന്ദുവിനും പ്രത്യേകവിഭാഗത്തിലോ ക്ലാസിലോ പെടുന്നതാണെന്ന കാരണത്താല്‍ വിവേചനപരമാവില്ലെന്നു ശ്രദ്ധിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേകവിഭാഗം എന്നതില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും ഉള്‍പ്പെടുന്നു. എന്നാല്‍ 4-ാം വകുപ്പിലെ 1-ാം ഉപവകുപ്പു പ്രകാരം ചട്ടങ്ങള്‍ രൂപവത്ക്കരിച്ചതില്‍ ചട്ടം 3 (ബി) യില്‍ “”ആചാരങ്ങളും കീഴ്‌വഴക്കങ്ങളും പ്രകാരം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകളെ അനുവദിക്കാത്ത സമയങ്ങളില്‍”” അവര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി പറയുന്നതാണ് വിവാദവിഷയമായ ചട്ടം. ഒരു ചട്ടം നിര്‍മ്മിക്കുന്നതിനുള്ള അധികാരം നിയമത്തിനു കീഴില്‍ ഒരു അധികാരസ്ഥാനത്തിനു നല്‍കുമ്പോള്‍ അത്തരം അധികാരം ആ നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിധേയമായി വിനിയോഗിക്കപ്പെടേണ്ടതുണ്ട്. അത് ചട്ടരൂപവത്ക്കരണത്തിനുള്ള അധികാരപരിധിക്കുള്ളില്‍ ആയിരിക്കേണ്ടതുമാണ്. ഇതില്‍ ഏതെങ്കിലും ഒരു നിബന്ധന പാലിക്കാത്തപക്ഷം അത്തരം ചട്ടങ്ങള്‍ റദ്ദ് ചെയ്യപ്പെടും. ചട്ടനിര്‍മ്മാണം നടത്തുന്ന അധികാരസ്ഥാപനം മൂലനിയമത്തില്‍ പറയുന്ന വ്യവസ്ഥകളുടെ പരിധിയില്‍ നിന്നുകൊണ്ട് ഏല്‍പ്പിച്ചുകൊടുത്ത അധികാരം വിനിയോഗിച്ചു ചട്ടം രൂപവത്ക്കരിക്കേണ്ടതാണ്. നിയമത്തിനുകീഴില്‍രൂപവത്ക്കരിക്കുന്ന ചട്ടങ്ങള്‍ മൂലനിയമത്തില്‍ വ്യവസ്ഥ ചെയ്യാത്ത സ്ഥിരമായ അവകാശങ്ങളോ കര്‍ത്തവ്യങ്ങളോ ഇല്ലായ്മ ചെയ്യാനോ നടപ്പില്‍ വരുത്താനോ അധികാരം നല്‍കുന്നില്ല.

നിയമത്തിലെ ഒരു നിര്‍ബന്ധിതവ്യവസ്ഥയ്ക്കു പ്രത്യക്ഷത്തില്‍ വിരുദ്ധമാണു രൂപവത്ക്കരിച്ച ചട്ടമെങ്കില്‍ മറ്റു കാര്യങ്ങള്‍ പരിഗണിക്കാതെകോടതി പ്രസ്തുത ചട്ടം അസാധുവായി പ്രഖ്യാപിക്കുന്നതാണ്. പൊതുആരാധനാസ്ഥലത്തു സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ഹിന്ദുമതവിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ക്ക്, ചില ആചാരങ്ങളും കീഴ്വഴക്കങ്ങളും ചൂണ്ടിക്കാണിച്ച് ചില പ്രത്യേകസമയങ്ങളില്‍ പ്രവേശനം അനുവദിക്കാതിരിക്കുന്നതിലൂടെ മൂലനിയമത്തില്‍ ഉദ്ദേശിക്കാത്ത ചില ആചാരങ്ങളും കീഴ്‌വഴക്കവും സംരക്ഷിക്കാന്‍ ചട്ടം 3 (ബി) കൊണ്ട് ഉദ്ദേശിക്കുന്നതായി കാണുന്നു. അത് നിയമത്തിലെ 3-ാം വകുപ്പിന്റെയും 4-ാം വകുപ്പിന്റെയും പരിധിക്കുപുറത്താണ്. പൊതു ആരാധനയുടെ പേരില്‍ ആരാധനാസ്വാതന്ത്ര്യം ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്നതിനാല്‍ അതു കണക്കിലെടുത്തുവേണം അതിനു വിരുദ്ധമായ ആചാരങ്ങളും കീഴവഴക്കവും പരിഗണിക്കേണ്ടത്. 1965ലെ നിയമത്തില്‍ ഇതിന് അനുസൃതമായാണു വ്യവസ്ഥകളുള്ളത്. അതിനാല്‍ നിയമത്തിലെ ഉദ്ദേശ്യത്തെയും ഭരണഘടനയുടെ 25 (1) അനുഛേദത്തിനു കീഴില്‍ ഉറപ്പുവരുത്തിയിട്ടുള്ള മതാചരണത്തിനുള്ള മൗലികാവകാശത്തെയും ഹനിക്കുന്നതാണു ചട്ടം 3 (ബി) യിലെ വ്യവസ്ഥ എന്നു വ്യക്തമാണ്.

വിധിയുടെ സംഗ്രഹം

മുകളില്‍ ചേര്‍ത്ത വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ കോടതി എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ താഴെ പറയുന്നു.

1. അയ്യപ്പഭക്തര്‍ ഒരു പ്രത്യേക മതവിഭാഗമല്ല. ഹിന്ദുമതത്തില്‍ പൊതുവായതല്ലാതെ പ്രത്യേകമായ ആത്മീയാഭിവൃദ്ധിക്ക് അനുഗുണമായ അവരുടേതായ സവിശേഷ മതപ്രമാണങ്ങള്‍ അയ്യപ്പഭക്തര്‍ക്ക് ഇല്ലാത്തതിനാലും അവര്‍ ഹിന്ദുമതത്തില്‍ പൊതുവില്‍ ഉള്‍പ്പെടുന്നവരായതിനാലും അവരെ പ്രത്യേക മതവിഭാഗം എന്ന ഗണത്തില്‍കണക്കാക്കേണ്ടതില്ല.

2. ഭരണഘടനയുടെ 25 (1) അനുഛേദത്തില്‍ വിവരിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കു വിധേയമാണെങ്കിലും എല്ലാ വ്യക്തികള്‍ക്കും അവരവരുടെ മനഃസാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനും ഉള്ള സ്വാതന്ത്ര്യം പ്രകടമായിത്തന്നെ ഉള്ളതാണ്. ഭരണഘടനയുടെ 25 (1) അനുഛേദത്തിനുകീഴില്‍ ഉറപ്പുവരുത്തിയിട്ടുള്ള ഈ അവകാശങ്ങള്‍ക്ക് ലിംഗഭേദമോ സ്ത്രീകള്‍ക്കു മാത്രം ബാധകമായിട്ടുള്ള പ്രത്യേകമായ ചില ശാരീരികഘടകങ്ങളോ തടസ്സമാവുകയില്ല.

3. 1965ലെ 3 (ബി) ചട്ടപ്രകാരം ശബരിമലക്ഷേത്രത്തില്‍ അനുവര്‍ത്തിച്ചുവരുന്ന സ്ത്രീകളെ വിവേചനപരമായി ഒഴിവാക്കുന്ന ആചാരം ഹിന്ദുസ്ത്രീകളുടെ ആരാധനയുടെയും മതവിശ്വാസങ്ങളുടെയും ലംഘനമാണ്. ഇങ്ങനെ നിഷേധിക്കുന്നത് അവരുടെ ആരാധനാവകാശത്തെ ഇല്ലായ്മചെയ്യുന്നു. ഭരണഘടനയുടെ 25 (1) അനുഛേദപ്രകാരമുള്ള മതാചരണത്തിനുള്ള അവകാശം എല്ലാ പ്രായത്തിലുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യമായി ലഭ്യമാണ്.

4. 1965ലെ നിയമത്തിനുകീഴില്‍ രൂപവത്ക്കരിക്കപ്പെട്ട ചട്ടങ്ങളിലെ വിവാദമായ ചട്ടം 3 (ബി) 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീവി ഭാഗങ്ങളുടെ ക്ഷേത്രപ്രവേശനം ഒഴിവാക്കാന്‍ വ്യവസ്ഥ ചെയ്യുന്നത്, ഹിന്ദു സ്ത്രീകള്‍ക്ക് അവരുടെ മതവിശ്വാസങ്ങള്‍ ആചരിക്കാനുള്ള അവകാശത്തെ പ്രകടമായി ലംഘിക്കുന്നതും 25 (1) അനുഛേദത്തില്‍ വിവക്ഷിക്കുന്ന മൗലികമായ മതാവകാശം ഇല്ലാതാക്കുന്ന
തുമാണ്.

5. ഭരണഘടനയുടെ 25 (1) അനുഛേദത്തില്‍ പറയുന്ന ധാര്‍മ്മികത എന്ന പദം, ഒരു വ്യക്തി, ഒരു വിഭാഗം അഥവാ ഒരു മതവിഭാഗം അര്‍ത്ഥമാക്കുന്ന ധാര്‍മ്മികതയുടെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തുന്ന രീതിയില്‍ സങ്കുചിതമായി കാണാന്‍ കഴിയില്ല. ഈ രാജ്യത്തെ ജനങ്ങള്‍ സ്വീകരിക്കുകയും അവര്‍ക്കുതന്നെ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ള ഭരണഘടനയുടെ 25 (1) അനുഛേദത്തില്‍ പറയുന്ന ഭരണ ഘടനാധാര്‍മ്മികതയുടെ പര്യായമായാണ് “ധാര്‍മ്മികത” മനസിലാക്കേണ്ടത്

6. പൊതുസമാധാനം, ധാര്‍മ്മികത, ആരോഗ്യം (PUBLIIC ORDER, MORALTIY, HEALTH) എന്നീ ഭരണഘടനാസങ്കല്‍പ്പങ്ങളെ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അവരുടെ സ്വതന്ത്രമായ മതം ആചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനും ശബരിമലക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്താനുള്ള നിയമപരമായ വ്യവസ്ഥയെ നിഷേധിക്കുന്നതിനും അവര്‍ക്കെതിരെ വിവേചനപരമായി നിലപാട് എടുക്കുന്നതിനും ഒരു ഉപായമായി ഉപയോഗിക്കരുത്.

7. ശബരിമലക്ഷേത്രത്തില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശം നിഷേധിക്കുന്ന തരത്തിലുള്ള ആചാരം മതാചാരത്തിന്റെ അവിഭാജ്യഘടകമാണെന്ന ദേവസ്വം ബോര്‍ഡിന്റെ അവകാശവാദം സ്വീകരിക്കാന്‍ കഴിയില്ല.

8. ആനന്ദമാര്‍ഗ്ഗി കേസിലെ സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍, ശബരിമലക്ഷേത്രത്തില്‍ പിന്തുടര്‍ന്നുവരുന്ന സ്ത്രീകളെ ഒഴിവാക്കുന്ന ആചാരം പാലിക്കപ്പെടാതിരിക്കുന്നത് ഹിന്ദുമതത്തിന്റെ പൊതുസ്വഭാവത്തില്‍ മാറ്റം വരുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഒന്നായി കരുതാന്‍ കഴിയില്ല. കൂടാതെ 10 മുതല്‍ 50വരെ വയസ്സുള്ള ഭക്തകള്‍ ക്ഷേത്രത്തില്‍ വരാറുണ്ടെന്നും കുട്ടികളുടെ ചോറൂണുചടങ്ങുമായി ബന്ധപ്പെട്ട് എല്ലാ മാസവും അഞ്ചുദിവസം പൂജകള്‍ ചെയ്യാറുണ്ടെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതി മുന്‍പാകെ സമ്മതിച്ചിട്ടുള്ളതിനാല്‍ സ്ത്രീകളെ ഒഴിവാക്കുന്ന ആചാരം കാലാകാലങ്ങളായി തടസ്സങ്ങളില്ലാതെ തുടര്‍ന്നുവരുന്നതായി കരുതാനാകില്ല.

9. 1965ലെ നിയമത്തിന്‍കീഴില്‍ ഉണ്ടാക്കിയ ചട്ടം 3 (ബി)യുടെ പിന്‍ബലത്തിലുള്ള ഇത്തരം ഒഴിവാക്കലാചാരങ്ങള്‍ മതത്തിന്റെ അത്യന്താപേക്ഷിതമോ അവിഭാജ്യമോ ആയ ഘടകമല്ല.

10. 1965ലെ 3 (ബി) ചട്ടം ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുമ്പോള്‍ അത് 1965ലെ നിയമത്തിലെ 3-ാം വകുപ്പിനും 4-ാം വകുപ്പിനും വിരുദ്ധമാണെന്നു വ്യക്തമാണ്. ഏതെങ്കിലും ആചാരമോ കീഴ്വഴക്കമോ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുക്കളിലെ എല്ലാവിഭാഗങ്ങളും തടസ്സമാകാത്ത രീതിയില്‍ പൊതു ആരാധനാലയം പ്രാപ്യമാക്കണം എന്നാണ് 1965ലെ നിയമത്തിലെ 3-ാം വകുപ്പു വ്യക്തമാക്കിയിട്ടുള്ളത്.

11. 1965ലെ നിയമത്തിലെ 4 (1) നു കീഴില്‍ ഉണ്ടാക്കുന്ന ചട്ടങ്ങള്‍ ഹിന്ദുവിഭാഗത്തില്‍പ്പെട്ട ഒരു വിഭാഗത്തിലുള്ള ആള്‍ക്കാര്‍ക്കും എതിരെ വിവേചനപരമായ രീതിയില്‍ ആകാന്‍ പാടില്ലാത്തതാണ് എന്നു വ്യവസ്ഥ ചെയ്തിട്ടുള്ളതിനാല്‍ ചട്ടം 3 (ബി) നിയമത്തിലെ 4-ാം വകുപ്പിന്റെ പരിധി ലംഘിക്കുന്നു.

12. 1965ലെ നിയമത്തിലെ 3, 4 വകുപ്പുകള്‍ വ്യക്തമാക്കുന്നത് ആചാരങ്ങളും കീഴ്‌വഴക്കവും പൊതുആരാധനാസ്ഥലങ്ങളില്‍ ആരാധനനടത്താനുള്ള എല്ലാവിഭാഗം ഹിന്ദുക്കളുടെയും അവകാശങ്ങള്‍ കണക്കിലെടുത്താകണം എന്നാണ്. അതിനു വിരുദ്ധമായ എല്ലാ വ്യാഖ്യാ
നങ്ങളും 1965ലെ നിയമത്തിന്റെ ഉദ്ദേശ്യത്തെ ഇല്ലാതാക്കുന്നതും 25 (1) അനുഛേദത്തില്‍ ഉറപ്പുനല്‍കുന്ന മതം ആചരിക്കുന്നതിനുള്ള മൗലികാവകാശത്തിനു ഭംഗം വരുത്തുന്നതുമാണ്. അതിനാല്‍ ചട്ടം 3 (ബി) മൂലനിയമത്തിന്റെ പരിധി ലംഘിക്കുന്നതാണ്.

മേല്‍ വിശകലനങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടപ്രകാരം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു
പ്രവേശനം അനുവദിച്ചുകൊണ്ട് റിട്ട് ഹര്‍ജി അനുവദിക്കുന്നു.

ജസ്റ്റിസ് ആര്‍. എഫ്. നരിമാന്‍

ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് ഖാന്‍വില്‍കറുടെയും വിധിപ്രസ്താവത്തോടു പൂര്‍ണമായും യോജിച്ചുകൊണ്ട് പ്രത്യേകമായി ജ: ആര്‍. എഫ്. നരിമാന്‍ പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസിന്റെ വിധിയില്‍ വിശദമായി പരാമര്‍ശിച്ചിട്ടുള്ള കണ്ടെത്തലുകളോട് ഈ വിധി യോജിക്കുകയാണ്. മതപരമായ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിന് ശബരിമലഭക്തര്‍ക്കു മതപരമായ പ്രത്യേകവിഭാഗം എന്ന സ്റ്റാറ്റസ് ഉണ്ടോ എന്നു പ്രത്യേകം
പരിശോധിച്ചു. സുപ്രീംകോടതിയുടെ മുന്‍ വിധികളില്‍ ഇതുമായി ബന്ധപ്പെട്ട നിയമവശം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രസ്തുത വിധികള്‍ അവലോകനം ചെയ്തുകൊണ്ട് താഴെ പറയുന്ന നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നു.

1. എല്ലാ വ്യക്തികള്‍ക്കുമുള്ള മൗലികാവകാശത്തെ ഭരണഘടനയുടെ 25-ാം അനുഛേദം അംഗീകരിക്കുന്നു.

2. ഈ മൗലികാവകാശം എല്ലാവ്യക്തികള്‍ക്കും തുല്യതയോടെ അവകാശപ്പെട്ടതാണ്. ഒരു മതവിഭാഗത്തില്‍പ്പെട്ട ആചാരം അനുഷ്ഠിക്കാന്‍ ഒരു വ്യക്തിക്കുള്ള അവകാശം അയാള്‍ അനുഷ്ഠിക്കുന്നിടത്തോളം കാലം അതേ മതവിഭാഗത്തില്‍പ്പെട്ട ആ ആചാരം അനുഷ്ഠിക്കുന്നത് തടയാന്‍ കഴിയുന്നതല്ല.

3. ഭരണഘടനയുടെ ആമുഖത്തില്‍ മൗലികാവകാശത്തിന്റെ ഉള്ളടക്കമെന്നു പറയുന്നത് ചിന്തിക്കാനും വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം എന്നാണ്. അതുവഴി എല്ലാവ്യക്തികള്‍ക്കും അവരുടെ മനഃസാക്ഷിക്ക് അനുസൃതമായി സ്വതന്ത്രമായി മതം ആചരിക്കുന്നതിനും വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അവകാശമുണ്ടായിരിക്കുന്നതാണ്.

4. മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പാലിക്കാനും പ്രചാരണം നടത്താനുമുള്ള അവകാശം വിശ്വാസത്തിനും ആരാധനയ്ക്കും നടത്താ
നുമുള്ള അവകാശം കൂടി ഉള്‍പ്പെടുന്നതാണ്.

5. മതം എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ത്തന്നെ അതിലുള്ള അവകാശങ്ങളും അടങ്ങിയിട്ടുണ്ട്. ഭരണഘടനയുടെ ഈ അനുഛേദത്തില്‍ മതം എന്ന് ഉദ്ദേശിക്കുന്നത് വ്യക്തികളുടെയും സമൂഹത്തിന്റെയും വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തുന്ന തത്വങ്ങള്‍ വഴി ആത്മീയാഭിവൃദ്ധിക്കു പ്രേരകമായ വിഷയങ്ങള്‍ കൂടിയാണ്. ഇത് ഏകദൈവവിശ്വാസികളെ മാത്രമല്ല, അവിശ്വാസികളും നിരീശ്വരവാദികളുമായ വ്യക്തികളെക്കൂടി ഉള്‍ക്കൊള്ളുന്നതുമാണ്.

6. മതേതരപ്രവര്‍ത്തനങ്ങളില്‍നിന്നു വിഭിന്നമായി മതത്തിന്റെ അനുപേക്ഷണീയമായ ഘടകമാണ് മൗലികാവകാശങ്ങളുടെ വിഷയം. ബാഹ്യമായ അന്ധവിശ്വാസങ്ങളും അനാവശ്യമായ ആചാരങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളും മറ്റും മതത്തിന്റെ അവിഭാജ്യഘടകങ്ങളായി കണക്കാക്കാന്‍ കഴിയുന്നതല്ല. ഒരു മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ അത്യന്താപേക്ഷിതമായ ഘടകങ്ങള്‍ ഏതെല്ലാമാണെന്ന് കോടതിമുന്‍പാകെ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടേണ്ടതും അത് അത്യന്താപേക്ഷിതമാണ് എന്ന് ആ മതവിഭാഗംതന്നെ പറയേണ്ടതുമാണ്. അത്തരത്തിലുള്ള ഒരു അത്യന്താപേക്ഷിതഘടകം മതത്തിന്റെ ആചാരങ്ങളില്‍നിന്നു നീക്കംചെയ്യുന്ന പക്ഷം മതവിഭാഗം അതുപോലെ നിലനില്‍ക്കുമോ എന്നും മാറ്റം കൈവരിക്കുമോ എന്നുമാണ് ഇക്കാര്യത്തില്‍ പരിശോധിക്കേണ്ട ഒരു സംഗതി. എന്നാല്‍ ഒരു മതവിഭാഗത്തിലെ വ്യത്യസ്തവിഭാഗങ്ങള്‍ കോടതിമുന്‍പാകെ മതത്തിന്റെ അത്യന്താപേക്ഷിതഘടകം ഏതെന്നതു സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ അത് അവശ്യഘടകമാണോ അല്ലയോ എന്നു കോടതിക്കു തീരുമാനിക്കാം. മതപരമായ പ്രവൃത്തികള്‍ മതേതരമായ പ്രവൃത്തികളുമായി കൂടിക്കലര്‍ന്നുകിടക്കാവുന്ന സംഗതികളില്‍, സാഹചര്യങ്ങളില്‍, ഏതു പ്രവൃത്തിക്കാണു പ്രാമുഖ്യം നല്‍കേണ്ടതെന്നു തീരുമാനിക്കേണ്ടതുണ്ട്. പ്രായോഗികപരിഗണനയുടെ അടിസ്ഥാനത്തിലാണു കോടതികള്‍ പ്രവര്‍ത്തിക്കേണ്ടത്.

7. വ്യക്തിപരമായ അവകാശങ്ങളില്‍നിന്ന് ഒരാളെ മാറ്റിനിര്‍ത്തുന്നത് പൊതുസമാധാനം, സദാചാരം, ആരോഗ്യം എന്നീ ഘടകങ്ങള്‍ വച്ചു കൊണ്ടാണ്. പൊതുസമാധാനം എന്നത് ക്രമാസമാധാനത്തില്‍നിന്നു ഭിന്നമാണ്. പൊതുസമാധാനലംഘനം പൊതുസമാധാനത്തെ വലിയ തോതില്‍ ബാധിക്കുന്നതുമാണ്. സദാചാരം എന്ന പദം നിര്‍വ്വചിക്കാന്‍ പ്രയാസമുള്ള ഒന്നാണെങ്കിലും പരിഷ്‌കൃതസമൂഹത്തിന് അങ്ങേയറ്റം അനിഷ്ടദായകമോ ചൂഷണമോ അപമാനകരമോ ആകാവുന്നതോ ആയ ആചാരത്തെ സദാചാരവിരുദ്ധമെന്നു തല്‍ക്കാലം പറയാം. ശബ്ദമലിനീകരണം, രോഗനിയന്ത്രണം എന്നിവആരോഗ്യനിയന്ത്രണത്തില്‍ ഉള്‍പ്പെടുന്നതാണ്.

8. അനുഛേദം 25 (1) പ്രകാരമുള്ള മൗലികാവകാശം ഭരണഘടനയുടെ ഭാഗം മൂന്നിലെ മറ്റു വ്യവസ്ഥകള്‍ക്കു വിധേയമാണ്. ഒരാള്‍ മറ്റൊരാളെ മറ്റൊരു മതവിശ്വാസത്തിലേക്കു പരിവര്‍ത്തനം നടത്തിക്കൊണ്ടുള്ള രീതിയില്‍ തന്റെ മതം പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ അത്തരമൊരു മതപരിവര്‍ത്തനം പ്രസ്തുത വ്യക്തിയുടെ വിശ്വാസസ്വാതന്ത്ര്യവുമായി ഏറ്റുമുട്ടുന്നത് ആകയാല്‍ അതൊരു മതാചാരത്തിനുള്ള വിലക്കായി മാറുന്നതാണ്. മതാചരണത്തില്‍ സ്റ്റേറ്റിന്റെ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ ഭരണഘടനയുടെ 14, 15, 19, 21 എന്നീഅനുഛേദങ്ങള്‍ നല്‍കുന്ന അവകാശങ്ങള്‍ ബാധകമാകും. സ്റ്റേറ്റ് അല്ലാതെയുള്ളവരില്‍നിന്നു നടപടികളുണ്ടാകുമ്പോള്‍ അനുഛേദം15 (2), 17 എന്നിവ ബാധകമാകും.

9. ഭരണഘടനയുടെ അനുഛേദം 25 (2), (25) (1)നു വിധേയമാണ്. അത് മതാചാരവുമായി ബന്ധപ്പെട്ടതും ധനകാര്യം, സാമ്പത്തികം, രാഷ്ട്രീയം എന്നിങ്ങനെയുള്ള മതനിരപേക്ഷപ്രവര്‍ത്തനങ്ങളുമായിബന്ധപ്പെട്ടതുമാണ്.

10. ഹിന്ദുമതവിശ്വാസങ്ങള്‍ ആചരിക്കുന്ന എല്ലാ വ്യക്തികള്‍ക്കും, എല്ലാവിഭാഗത്തിലുംപെട്ട ഹിന്ദുക്കള്‍ക്കും, പൊതുസ്വഭാവമുള്ള എല്ലാ ഹിന്ദുമതസ്ഥാപനങ്ങളും തുറന്നിടേണ്ടതാണ്.

11. ഭരണഘടനയുടെ അനുഛേദം 25 (1) പ്രകാരമുള്ള മൗലികാവകാശം മതസമുദായങ്ങള്‍ക്കും അതിലെ വിഭാഗങ്ങള്‍ക്കുമുള്ളതാണ്. വ്യക്തി
കളുടെ പൊതുവിശ്വാസത്തിന്റെയോ പൊതുസംഘടനയുടെയോ പ്രത്യേക പേരിന്റെയോ അടിസ്ഥാനത്തിലാണ് ഒരു മതസമുദായത്തെ പ്രത്യേകവിഭാഗമായോ ഗണമായോ നിര്‍ണയിക്കുന്നത്. അവരെ ആ മതവിഭാഗത്തിലെ മറ്റ് ആളുകളില്‍നിന്നു വേര്‍തിരിക്കാവുന്നതു
മാണ്.

12. 26-ാം അനുഛേദത്തില്‍ പ്രത്യേക മതവിഭാഗങ്ങള്‍ക്കു നല്‍കിയിട്ടുള്ള വിഭിന്നമായ അവകാശങ്ങള്‍ താഴെ പറയുന്നു.

• മതപരവും ധാര്‍മ്മികവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക.
• മതപരമായ വിഷയങ്ങളില്‍ അതിന്റേതായ കാര്യങ്ങള്‍ നടത്തിപ്പോവുക
• സ്ഥാവരവും ജംഗമവുമായ വസ്തുവകകള്‍ ആര്‍ജിക്കുകയും കൈവശം വെക്കുകയും ചെയ്യുക
• അങ്ങനെ സ്വത്തുക്കളുടെ നിയമാനുസൃതഭരണം നടത്തുക
ഈ കാര്യങ്ങളാണ് അത്യന്താപേക്ഷിതമായ മതപരമായ വിഷയങ്ങള്‍ എന്ന നിലയില്‍ സംരക്ഷിച്ചിട്ടുള്ളത്.

13. ഭരണഘടനയുടെ അനുഛേദം 26 (ബി) പ്രകാരം മതങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ നല്‍കപ്പെട്ടിട്ടുള്ള അവകാശം പൊതുസ്വഭാവത്തിലുള്ള മതസ്ഥാപനങ്ങള്‍ ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യമാക്കണമെന്ന ഭരണഘടനാനുസൃതമായ നിയമങ്ങള്‍ക്കു വിധേയമായിരിക്കും.

14. പൊതുസ്വഭാവമുള്ള ഹിന്ദുമതസ്ഥാപനത്തിലെ വ്യക്തികള്‍ക്കുള്ള ക്ഷേത്രപ്രവേശനാധികാരം അതിനായുള്ള നിയമത്തിനു വിധേയമായിരിക്കുമെങ്കിലും ചില വ്യക്തികള്‍ പ്രവേശിക്കുന്നതില്‍നിന്നു പൂര്‍ണമായുംതടയാത്തിടത്തോളംവിവേചനപരമല്ലാത്തതിനാല്‍ ആയത് ഭരണാഘടനപ്രകാരം നിലനില്‍ക്കുന്നതാണ്.

കേരള ഹൈക്കോടതിയുടെ മഹേന്ദ്രന്‍ കേസിലെ വിധി പരിശോധിച്ചാല്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശാരീരികമായ പ്രത്യേകതകള്‍ മൂലം 41 ദിവസത്തെ വ്രതം അനുഷ്ഠിക്കാനാവില്ല എന്ന് കണ്ടെത്തിയതായി കാണാവുന്നതാണ്. പഴയ ആചാരങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് അവിടെ നിരോധനമൊന്നും ഇല്ലാതിരുന്നതിന്റെ ഫലമായി അപൂര്‍വ്വമായിട്ടാണെങ്കിലും സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തിയിരുന്നുവെന്ന് പ്രസ്തുത വിധിയില്‍ കേരള ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി ഫയല്‍ ചെയ്യപ്പെട്ട സത്യവാങ്മൂലത്തില്‍ സമീപവര്‍ഷങ്ങളില്‍പ്പോലും 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ കുട്ടികളുടെ ചോറൂണുചടങ്ങിനായി ശബരിമല അമ്പലത്തില്‍ പോയിട്ടുള്ളതായി പറഞ്ഞിട്ടുണ്ട്. ബോര്‍ഡ് ഇത്തരം അവസരങ്ങളില്‍ നിശ്ചിതചാര്‍ജ് ഈടാക്കി രസീത് നല്‍കിയ സാഹചര്യംപോലും ഉണ്ടായിട്ടുണ്ട്. പിന്നീട് ശബരിമല അമ്പലത്തിന്റെ പവിത്രതകാത്തുസൂക്ഷിക്കുന്നതിന് പുരോഹിതന്റെ ഉപദേശപ്രകാരം മാറ്റങ്ങള്‍ കൊണ്ടുവന്നു. മാസപൂജയ്ക്കായി നടതുറക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അവരുടെ പ്രായഭേദമന്യേ സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ മണ്ഡലം, മകരവിളക്ക്, വിഷു അവസരങ്ങളില്‍ ക്ഷേത്രപ്രവേശം നിഷേധിച്ചിരുന്നതായും ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി. തെളിവുകള്‍ പരിശോധിച്ച ഹൈക്കോടതി പ്രായമായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ അനുവദിച്ചിരുന്നില്ല എന്ന വിധി പ്രസ്താവിച്ചു. ജ്യോതിഷികള്‍ നടത്തിയ ദേവപ്രശ്ത്തില്‍ ക്ഷേത്രപരിസരത്ത് യുവതീസാന്നിധ്യം ദേവന്‍ ഇഷ്ടപ്പെടുന്നില്ല എന്ന ചിന്താഗതി ബലപ്പെടുത്തി. അതിനുശേഷം 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശാരീരികമായകാരണങ്ങളാല്‍ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കാനാകില്ല എന്ന കാരണത്താല്‍ അവരെ ശബരിമലയില്‍ പോകാന്‍ അനുവദിച്ചിരുന്നില്ല എന്ന വിധിയും പ്രസ്താവിക്കുകയുണ്ടായി. കൂടാതെ ദേവന്‍ നൈഷ്ഠികബ്രഹ്മചാരിയാണെന്നും യുവതികള്‍ക്ക് ശബരിമല അമ്പലത്തില്‍ ആരാധന നടത്തുവാന്‍പാടില്ല എന്നും സ്ത്രീകളുടെ സാന്നിധ്യത്താല്‍ ഏതെങ്കിലും നേരിയ വ്യതിയാനം ബ്രഹ്മചര്യത്തിനോ നിഷ്ഠകള്‍ക്കോ ഉണ്ടാകരുതെന്നും പ്രസ്താവിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതി 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് കീഴ്‌വഴക്കങ്ങള്‍ക്ക് അനുസൃതമാണെന്നും ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിലക്ക് ഭരണഘടനാലംഘനമല്ലെന്നും ഒരു പ്രത്യേക വിഭാഗത്തെ പൂര്‍ണമായും നിരോധിച്ചിട്ടില്ലാത്തതിനാലും വിലക്ക് പ്രത്യേക പ്രായത്തില്‍പ്പെട്ട സ്ത്രീ
കള്‍ക്കു മാത്രമായതിനാലും അത്തരം വിലക്ക് 1965ലെ നിയമത്തിനു വിരുദ്ധമല്ലെന്നും ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു.

സുപ്രീംകോടതിയില്‍ ക്ഷേത്രതന്ത്രി 23.4.2014ന് ഫയല്‍ ചെയ്ത സത്യവാങ്മൂലം രസകരമാണ്. പരശുരാമമഹര്‍ഷിയുടെ പരീക്ഷയ്ക്കുവിധേയരായ രണ്ടു ബ്രാഹ്മണസഹോദരന്മാര്‍ “തരണം”, “താഴമണ്‍” എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ടെന്നും നിലവിലെ തന്ത്രി താഴമണ്‍ സഹോദരന്റെ പിന്‍ഗാമിയാണെന്നും പറയുന്നു. എല്ലാ മലയാളമാസത്തിലെയും ആദ്യ അഞ്ചുദിവസത്തിലും കൂടാതെ മണ്ഡല, മകരവിളക്ക്, വിഷു ഉത്സവകാലങ്ങളിലും മാത്രമാണ് ശബരിമലക്ഷേത്രം തുറന്നിരിക്കുന്നത്. വ്രതം ആചരിച്ചുകൊണ്ടുമാത്രമേ ക്ഷേത്രദര്‍ശനം നടത്താവൂ
എന്നും തന്ത്രി പറയുന്നുണ്ട്.

ശബരിമലതീര്‍ത്ഥാടനം നടത്തുന്നതിന് വ്രതം അനുഷ്ഠിക്കുന്നതിന്റെ ഭാഗമായി വ്യക്തി തന്റെ കുടുംബബന്ധങ്ങളില്‍നിന്നു മോചിതനാവുകയും ഋതുമതികളായ സ്ത്രീകളോടു ബന്ധമില്ലാതെ ആത്മീയാന്വേഷി ആയിരിക്കുഅകയും വേണമെന്നും വീട്ടില്‍ ആരെങ്കിലും വ്രതം എടുക്കുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവാശുദ്ധി വരുമ്പോള്‍ അവര്‍ വീടു വിട്ടുപോകണമെന്നും സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കാന്‍ ശാരീരികപ്രത്യേകതകള്‍ മൂലം കഴിയില്ലെന്നും തന്ത്രി ബോധിപ്പിച്ചു. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോവുകയോ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യാറില്ലെന്നത് അടിസ്ഥാന താന്ത്രികഗ്രന്ഥമായ തന്ത്രസമുച്ചയത്തില്‍ പറയുന്നുണ്ടെന്നും ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയതുകൊണ്ടാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തതെന്നും പറയുന്നുണ്ട്.

സ്ത്രീകളെ ശബരിമല പ്രവേശനത്തില്‍ നിന്നും വിലക്കിയത് അവരുടെ ശാരീരികവും ജൈവശാസ്ത്രപരവുമായ പ്രതിഭാസമായ ആര്‍ത്തവം മുന്‍
നിര്‍ത്തിയാണെന്ന് വ്യക്തമാണ്. രണ്ടാമതായി നൈഷ്ഠിക ബ്രഹ്മചാരിയായ ദേവന്റെ ബ്രഹ്മചര്യത്തെയും നിഷ്ഠയെയും യുവിതകളായ സ്ത്രീകള്‍
വ്യതിചലിപ്പിക്കരുത് എന്ന കാരണവും ബോധിപ്പിച്ചിട്ടുണ്ട്. സ്ത്രീകളിലെ ആര്‍ത്തവ പ്രതിഭാസത്തെ അശുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് അവരെ
മതപരമായ ചടങ്ങുകളില്‍ നിന്നും തടയുകയാണ് മിക്കവാറും പുരാതനമതങ്ങള്‍ ചെയ്തിട്ടുള്ളത്.

ശബരിമല ക്ഷേത്രത്തെയും വിശ്വാസികളെയും ഒരു പ്രത്യേക മതവിഭാഗമായി കാണാനാവില്ല. എല്ലാതരം ഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലീങ്ങളും തുടങ്ങിയ എല്ലാ മതങ്ങളിലും ഉള്ളവരും വ്യക്തികളും മതത്തിന്റെ വ്യത്യാസമില്ലാതെ എല്ലാവരും തങ്ങളുടെ മതങ്ങളില്‍ നിന്നും മാറാതെ ആരാധകരായി അവിടെ സന്ദര്‍ശിക്കുന്നു എന്നത് വ്യക്തമാണ്. ഇത് സംബന്ധിച്ച് സമാനമായ മുന്‍ സുപ്രീംകോടതി വിധികളെ അടിസ്ഥാനപ്പെടുത്തി വിശകലനം ചെയ്താല്‍ ശബരിമലയില്‍ മാത്രമല്ല, ആയിരത്തിലധികം വിവിധ അയ്യപ്പ ക്ഷേത്രങ്ങളിലായി അയ്യപ്പനെ
ആരാധിച്ചുപോരുന്ന ഒരുപാട് വിഭാഗങ്ങളുണ്ട്. ആയതിനാല്‍ ഇവര്‍ ഒരു വ്യത്യസ്ത മതവിഭാഗമായി പരിഗണിക്കപ്പെടുന്നില്ല. പ്രസ്തുത സാഹചര്യത്തില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയുന്നത് ആചാരങ്ങള്‍ക്കും കീഴ്‌വഴക്കങ്ങളും അനുസൃതമാണെന്ന് പറയുന്നത് 1965 ലെ നിയമത്തിലെ 3-ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമാണ്.

എല്ലാ സ്ത്രീകളെയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞിട്ടില്ല എന്ന വാദം നിരര്‍ത്ഥകമാണ്. 10നും 50നും വയസ്സിന് മദ്ധ്യേ പ്രായമുള്ള സ്ത്രീകളെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. ഈ വിഭാഗം സ്ത്രീകള്‍ക്ക് ശബരിമല ഒഴിച്ചുള്ള മറ്റ് അയ്യപ്പ ക്ഷേത്രങ്ങളില്‍ ആരാധന
നടത്താവുന്നതാണെന്ന വാദം അവര്‍ക്ക് ഇഷ്ടമുള്ള ക്ഷേത്രത്തില്‍ ആരാധന നടത്താനുള്ള അവകാശം പ്രദാനം ചെയ്യുന്ന മതാചാര പ്രയോഗത്തിനുള്ള മൗലിക അവകാശം നിഷേധിക്കുന്നതിന് തുല്യമാണ്. ഇക്കാരണത്തിന്റെ അടിസ്ഥാനത്തിലും തന്ത്രിമാരും മറ്റ് ചിലരും പറ
യുന്ന മതാചാരപ്രകാരമുള്ള നിരോധനത്തിനുള്ള അവകാശം ശരിയല്ലാത്തതും സ്ത്രീകളുടെ ജീവശാസ്ത്രപരമായ ഘടകമായ ആര്‍ത്തവത്തിന്റെ പേരില്‍ അവരെ പൂര്‍ണമായും വിലക്കുന്നതും മൗലികാവകാശത്തിന് വിരുദ്ധവുമാണ്. ആയതിനാല്‍ റിട്ട് ഹര്‍ജി അനുവദിക്കുന്നതോടൊപ്പം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തെ അനുകൂലിക്കുകയും 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന ആചാരമോ കീഴ്‌വഴക്കമോ ഭരണഘടനയുടെയും 1965 ലെ നിയമത്തിന്റെയും ലംഘനമാണെന്നു വിധി പ്രസ്താവിക്കുകയും ചെയ്യുന്നു.

ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്

മുകളില്‍ വിശദമായി പ്രതിപാദിച്ചതും ഈ കേസില്‍ ഉള്‍പ്പെട്ടതുമായ വാദങ്ങളുടെയും തെളിവുകളുടെയും നിയമപ്രശ്‌നങ്ങളുടെയും സമഗ്രമായ ഒരു അവലോകനമാണ് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധിയിലുള്ളത്. എന്നാല്‍ വിധി പൂര്‍ണമായും ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് നരിമാന്റെയും വിധികളോട് യോജിക്കുകയാണ്. വിധിന്യായത്തിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കപ്പെടാന്‍ ആവശ്യമെന്ന് സുപ്രീംകോടതി പലവിധികളിലും നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങളില്‍ ശബരിമല അയ്യപ്പക്ഷേത്രവും ഭക്തരും ഉള്‍പ്പെടുന്നില്ല.

2. സ്ത്രീകളെ മതാരാധാനയില്‍നിന്ന് ഒഴിവാക്കണമെന്നുള്ളത് മതഗ്രന്ഥങ്ങളില്‍ ഉണ്ടെങ്കില്‍പ്പോലും അതു ഭരണഘടനാമൂല്യങ്ങളായ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും സമത്വത്തിനും വിധേയമാണ്. അത്തരം ആചാരങ്ങള്‍ ഭരണഘടനാധാര്‍മ്മികതയ്ക്ക് എതിരാണ്.

3. ശബരിമലക്ഷേത്രത്തില്‍നിന്നു സ്ത്രീകളെ ഒഴിവാക്കുന്ന ആചാരം മതപരമായ ആചാരപ്രയോഗത്തിന് അവശ്യമായ ഒന്നല്ല. അത് സ്ത്രീകളുടെ അന്തസ്സിനെയും പൗരാവകാശതുല്യതയ്ക്കുള്ള അവരുടെ അവകാശത്തെയും നിന്ദിക്കുന്നതിനാല്‍ അത്തരം ആചാരങ്ങള്‍ക്ക് ഭരണഘടനാപരമായ സാധുത നല്‍കുന്ന കാര്യത്തോട് കോടതി വിയോജിക്കുന്നു.

4. ആര്‍ത്തവാവസ്ഥയെ അടിസ്ഥാനമാക്കി സാമൂഹികമായ ബഹിഷ്‌കരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാപരമായ മൂല്യങ്ങള്‍ക്കു ഭ്രഷ്ട് കല്‍പ്പിക്കുന്നതുപോലെയുള്ള ഒരു തരം തൊട്ടുകൂടായ്മയാണ്. വ്യക്തികള്‍ക്കു ഭ്രഷ്ട് കല്‍പ്പിക്കുന്ന ശുദ്ധിയുടെയും അശുദ്ധിയുടെയും അടിസ്ഥാനത്തിലുള്ള ആശയങ്ങള്‍ക്കു ഭരണഘടനാക്രമത്തില്‍ ഒരു സ്ഥാനവുമില്ല.

5. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ക്ഷേത്രപ്രവേശം തടഞ്ഞുകൊണ്ട് 1955 ഒക്ടോബര്‍ 21നും 1956 നവംമ്പര്‍ 27നും ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ 1965 ലെ കേരള ഹിന്ദു പ്ലേസസ് ഓഫ് വര്‍ഷിപ് (ആതറൈസേഷന്‍ ഓഫ് എന്‍ട്രി) ആക്റ്റിന്റെ 3-ാം വകുപ്പിനും ഭരണഘടനയ്ക്കും വിരുദ്ധമാണ്.

6. 1965ലെ നിയമത്തിന്റെ 3-ാം വകുപ്പിനു വിരുദ്ധമായ ഒരു ആചാരം നടപ്പാക്കുന്ന ഒന്നാണ് 1965ലെ ചട്ടം 3 (ബി). അത് 3-ാം വകുപ്പില്‍ പ്രതിപാദിച്ചിട്ടുള്ള ക്ഷേത്രപ്രവേശത്തിനുള്ള അവകാശത്തിനു പ്രത്യക്ഷത്തില്‍ വിരുദ്ധമാണ്. 1965ലെ ആക്ടിനു വിരുദ്ധമാണ് പ്രസ്തുത 3 (ബി) ചട്ടം.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

അഞ്ചംഗ ഭരണഘടനാബെഞ്ചിലെ നാലു ജഡ്ജിമാരും പറഞ്ഞ വിധിക്കു വിരുദ്ധമായി ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജനവിധിയിലുള്ളത്.

ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച കേരള ഹൈക്കോടതിയിലെ മഹേന്ദ്രന്‍ കേസിലെ വിധിന്യായം അന്തിമമായിട്ടുള്ളതും പ്രസ്തുത വിധി പിന്നീട് ഒരിക്കലും നിയമപ്രകാരം ചോദ്യം ചെയ്തിട്ടില്ലാത്തതും ആണ്. ഭരണഘടനയുടെ 226-ാം അനുഛേദപ്രകാരം ഉള്ള റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതി പ്രഖ്യാപിച്ച വിധി ഏവര്‍ക്കും ബാധകമായതും അതു നിലനില്‍ക്കെ മറ്റൊരു വിധി പ്രസ്താവിക്കുന്നതു നിയമപ്രകാരമല്ലാത്തതുമാണ്. ആ സാഹചര്യത്തില്‍ ഭരണഘടനയുടെ 32-ാം അനുഛേദപ്രകാരം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഒരു ഹര്‍ജിയിലൂടെ പ്രസ്തുത വിധി പുനഃപരിശോധിക്കപ്പെടുന്നതു നിയമപരമല്ല എന്നും ജ. ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടു.

ഹിന്ദു ആരാധനാമൂര്‍ത്തികള്‍ക്കു ഭൗതികവും ലൗകികവും താത്വികവുമായ ഭാവങ്ങളുണ്ട്. ഒരേ ആരാധനാമൂര്‍ത്തിക്കുതന്നെ വ്യത്യസ്തമായ ശാരീകവും ആത്മീയവും ആയ ഭാവങ്ങളും ആവിര്‍ഭാവങ്ങളും ഉണ്ടായിരിക്കും. ഈ രൂപങ്ങളെ ഓരോന്നിനെയും എല്ലാ വ്യക്തികളും ആരാധി
ക്കണം എന്നില്ല.

ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠ ഒരു നൈഷ്ഠികബ്രഹ്മചാരിയുടെ രൂപത്തിലുള്ളതാണ്. ആരാധനാമൂര്‍ത്തിയിലും അതിന്റെ സ്വയം ആവിര്‍ഭവിക്കപ്പെട്ട രൂപത്തിലുമുള്ള വിശ്വാസം ഭരണഘടനയുടെ 25 (1) അനുഛേദപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൗലികാവകാശമാണ്. കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന അനിവാര്യമതാചരണത്തെ അടിസ്ഥാനമാക്കിയാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശം നിയന്ത്രിച്ചിട്ടുള്ളത്. ഇക്കാര്യം കേരള ഹൈക്കോടതിയുടെ വിധിയിലും പരാമര്‍ശിക്കുന്നുണ്ട്. ആരാധനാമൂര്‍ത്തിയുടെ ആവിര്‍ഭാവം സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുവരുന്ന മതപരമായ ആചാരങ്ങളും അതുമായി ബന്ധപ്പെട്ട ആരാധനകളും ശബ
രിമലക്ഷേത്രത്തിലുള്ള പ്രത്യേകതകളാണ്. ഈ മതവിഭാഗത്തിന്റെ ആരാധനാസമ്പ്രദായങ്ങളിലും രീതിയിലുമുള്ള ഏതൊരു ഇടപെടലും ക്ഷേത്രത്തിന്റെ സവിശേഷതയ്ക്കു കോട്ടമുണ്ടാക്കാന്‍ സാദ്ധ്യതയുള്ളതും ക്ഷേത്രാരാധകരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഹനിക്കാവു
ന്നതുമാണ്. അത് ഒരു അനിവാര്യമായ മതാചരണമാണെന്ന എതിര്‍കക്ഷിയുടെ വാദം ന്യായമാണ്. ഇത്തരത്തിലുള്ള ഒഴിവാക്കലുകള്‍ തൊട്ടുകൂടായ്മ ആകുന്നതല്ല. ഒരു നിശ്ചിതപ്രായത്തിലുള്ള സ്ത്രീകള്‍ക്കു മാത്രമാണ് പ്രവേശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭരണഘടനയിലെ 17-ാം അനുഛേദത്തില്‍ വിവക്ഷിക്കുന്ന തൊട്ടുകൂടായ്മ എന്നത് ഹിന്ദുസമൂഹത്തിലെ കീഴ്ജാതിക്കാര്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും എതിരെയുള്ള ആചാരമാണെന്നും അത് ഹര്‍ജിക്കാര്‍ ആരോപിക്കുന്നതുപോലെ സ്ത്രീകള്‍ക്ക് എതിരെയുള്ള ഒന്നല്ല എന്നും വ്യക്തമാണ്.

ശബരിമലക്ഷേത്രം പിന്തുടര്‍ന്നുവരുന്ന ആചാരങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും ഉള്ള ഒരു നിയമപരമായ അംഗീകാരമാണ് 1965ലെ ചട്ടം 3 (ബി) നല്‍കുന്നത്. ക്ഷേത്രത്തില്‍ അനാദികാലം മുതല്‍ നിലനിന്നിരുന്നതും ആചരിച്ചുവരുന്നതുമായ ആചാരങ്ങളും കീഴ്‌വഴക്കങ്ങളും അംഗീകരിക്കപ്പെടുന്നു എന്നതുകൊണ്ട് പ്രസ്തുത ചട്ടം 3 (ബി) 1965ലെ ആക്ടിന്റെ 3-ാം വകുപ്പിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമാണ്. ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് അവശ്യം വേണ്ട ഒരു ആചാരവും ആചരണവും ആയതിനാലാണ് ദേവസ്വം ബോര്‍ഡ് 1956ല്‍ വിജ്ഞാപനം മൂലം പ്രസ്തുത സ്ത്രീപ്രവേശം നിയന്ത്രിച്ചിട്ടുള്ളത്. ചട്ടം 3 (ബി) 1965ലെ നിയമത്തിന്റെ മൂന്നാം വകുപ്പിനു വിരുദ്ധമാണെന്ന പരാതിക്കാരുടെ വാദം നിയമത്തിലെ 3-ാം വകുപ്പിലെ നിബന്ധനവ്യവസ്ഥകള്‍ പരിഗണിക്കാതെയുള്ളതാണ്. ആയതിനാല്‍ ഈ റിട്ട് ഹര്‍ജി നിയമപ്രകാരം നിലനില്‍ക്കുന്നതല്ല.

ശബരിമല ക്ഷേത്രത്തിലെ അയ്യപ്പന്‍മാര്‍ക്കും വിശ്വാസികള്‍ക്കും ഭരണഘടനയുടെ 26-ാം അനുഛേദം ഉറപ്പുനല്‍കുന്ന സംരക്ഷണത്തിന് അര്‍ഹതയുള്ള ഒരു മതവിഭാഗത്തിന്റെ അല്ലെങ്കില്‍ അതിന്റെ ഉപവിഭാഗത്തിന്റെ സവിശേഷതകള്‍ ഉണ്ടെന്നുള്ള എതിര്‍കക്ഷികളുടെ വാദം പ്രസക്തമാണ്. ഇത് ഒരു സിവില്‍ കോടതി മുന്‍പാകെ തീര്‍ച്ചപ്പെടുത്തേണ്ട സംഗതിയാണ്. ചട്ടം 3 (ബി), 1965ലെ 3-ാം വകുപ്പിന് വിരുദ്ധമാകുന്നതല്ല. *

ഇക്കാരണങ്ങളാല്‍ സ്ത്രീപ്രവേശം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ നിലനില്‍ക്കത്തക്കതല്ല.

* ഭരണഘടനാബഞ്ചിലെ ചീഫ് ജസ്റ്റിസ് അടക്കമുള്ള നാലു ജഡ്ജിമാര്‍ പ്രഖ്യാപിച്ച യോജിപ്പുള്ള വിധിയാണ് ഇക്കാര്യത്തില്‍ നിയമപരമായി ബാധകമായത്. എഡിറ്റര്‍


അനുബന്ധം 1

സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം (പ്രസക്തഭാഗങ്ങള്‍)

1. പുണ്യമലയായ ശബരിമല കയറുന്നതിനും ശബരിമല ശ്രീകോവിലില്‍ ആരാധന നടത്തുന്നതിനും 10നും 50നും ഇടയില്‍പ്രായമുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം ചോദ്യചെയ്തുകൊണ്ടാണ് ബഹുമാനപ്പെട്ട ഈ കോടതി മുമ്പാകെ 2006ലെ 373 -ാം നമ്പര്‍ സിവില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. പ്രസ്തുത മല കയറുന്നതിനും അമ്പലത്തില്‍ ആരാധന നടത്തുന്നതിനും പ്രായപരിധി പരിഗണിക്കാതെ എല്ലാ സ്ത്രീകളെയും അനുവദിക്കാമോ എന്നതാണ് ഉന്നയിച്ചിട്ടുള്ള പ്രശ്‌നം. ഈ വിഷയത്തില്‍, ശബരിമലയില്‍ സ്ത്രീപ്രവേശം നിയന്ത്രിച്ചുകൊണ്ട് AIR 1993 KER 42ല്‍ റിപ്പോര്‍ട്ട് ചെയ്ത 05.04.1991 തീയതിയിലെ OP NO. 9015/1990 കേസില്‍ ഹൈക്കോടതിയുടെ വിധി ഉണ്ട്. അതുകൊണ്ട്, തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി അന്തിമതീര്‍പ്പ് ഉണ്ടാക്കുന്നതിനുമുമ്പായി, നിലനില്‍ക്കുന്ന ആചാരങ്ങള്‍ക്കു വിരുദ്ധമായി സ്വതന്ത്രമായ ഒരു നിര്‍ദേശം പുറപ്പെടുവിക്കാന്‍ സര്‍ക്കാരിനു കഴിയില്ല.

എന്നിരിക്കിലും, സ്ത്രീകളോടൊ പൊതുജനങ്ങളില്‍ ഏതെങ്കിലും വിഭാഗത്തോടൊ ഏതെങ്കിലും തരത്തിലുള്ള വിവേചനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ല. ഈ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ക്കു സര്‍ക്കാര്‍ എതിരല്ല. സമൂഹനീതി ഉറപ്പാക്കുക എന്നത് കേരളത്തിലെ നിലവിലുള്ള സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന നയമാണ്. സമൂഹനീതിയും ലിംഗസമത്വവും ഉറപ്പുവരുത്താനാണ് തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ അംഗത്വത്തില്‍ ഓരോന്നുവീതം വനിതകള്‍ക്കു സംവരണം ചെയ്ത് 1950ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ട് ഭേദഗതി ചെയ്ത് 2007ലെ അഞ്ചാംനമ്പര്‍ നിയമംസര്‍ക്കാര്‍ കൊണ്ടുവന്നത്.

ജാതി, മതം, വംശം, ലിംഗം, മതവിശ്വാസം എന്നിവ പരിഗണിക്കാതെ പൗരരുടെ മൗലികവാകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ലിംഗസമത്വവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്. എല്ലാ വ്യക്തികള്‍ക്കും മനഃസാക്ഷിസ്വാതന്ത്ര്യത്തിനും ആരാധനയ്ക്കും തുല്യസ്വാതന്ത്ര്യം ഭരണഘടന പ്രദാനം ചെയ്യുന്നു. അതുകൊണ്ട് ഒരുവിഭാഗം സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കുന്നതിലും ആരാധന നടത്തുന്നതിലും നിന്നു തടയുന്നതു ന്യായമല്ല. ശബരിമലയില്‍ വരാന്‍ ശരീരശേഷി ഉള്ളവരെ ക്ഷേത്രം സന്ദര്‍ശിക്കാനും ആരാധന നടത്താനും അനുവദിക്കണം. ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ തടയുന്നതു തീര്‍ച്ചയായും പൊതു അവകാശത്തെ ബാധിക്കുന്നതും അതിനാല്‍ പൊതുതാത്പര്യവിഷയവും ആണ്.

2. കഴിഞ്ഞ അന്‍പതുവര്‍ഷത്തിനിടെ, പ്രത്യേകിച്ച് തീപിടിത്തദുരന്തത്തെ തുടര്‍ന്നു ക്ഷേത്രം പുനര്‍നിര്‍മ്മിച്ച ശേഷം, ശബരിമലയില്‍ മതപരമായ കീഴ്‌വഴക്കങ്ങളിലും ആചാരങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പഴയ ആചാരങ്ങള്‍ നിലനിന്നപ്പോഴും സ്ത്രീകള്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ലഭ്യമായ തെളിവുകള്‍പ്രകാരം മുന്‍കാലങ്ങളില്‍ തിരുവിതാംകൂര്‍ മഹാരാജാവ് മഹാറാണിയോടൊപ്പം ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. അതുകാണിക്കുന്നത് പഴയകാലങ്ങളില്‍ സ്ത്രീകളെ നിയന്ത്രിച്ചിരുന്നില്ലെന്നാണ്.

3. ശബരിമലക്ഷേത്രം അതിപുരാതനമായ ഒന്നായതിനാല്‍ ചട്ടങ്ങള്‍ എങ്ങനെ വന്നു എന്നത് ആര്‍ക്കുമറിയില്ല. എന്നിരുന്നാലും പൊതുവില്‍, മാറ്റങ്ങള്‍ എല്ലായ്പോഴും ചെറുക്കപ്പെട്ടിട്ടുണ്ട്; അനായാസം സ്വീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട്, ശരിയും പുരോഗമനകരവുമായ ഏതുതരം മാറ്റത്തെയും സമൂഹനവീകരണമായാണു കാണേണ്ടത്. നീതിബോധമുള്ള ഒരു സമൂഹത്തിനും ലിംഗവിവേചനവും മുന്‍വിധിയും ആധാരമാക്കാന്‍ കഴിയില്ല; അത് സുശക്തമായ ഉദാരതത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കണം. ഹിന്ദുമതാചാരം പിന്‍തുടരുകയും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുകയും ചെയ്യുന്ന ഒരാളെയും പ്രായഭേദമെന്യെ ശബരിമലക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്തുന്നതില്‍നിന്നു തടയരുതെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം.

4. അതുകൊണ്ട്, ഒരാളുടെയും ആരാധനാവകാശം തടസ്സപ്പെടുത്താന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. എന്നാല്‍, വര്‍ഷങ്ങളായി പിന്‍തുടരുന്ന സമ്പ്രദായവും ജനങ്ങള്‍ സ്വീകരിച്ച വിശ്വാസവും മൂല്യങ്ങളുമായി ബന്ധപ്പെട്ടതും നടപ്പിലാക്കാന്‍ ബാദ്ധ്യതയുള്ള ഹൈക്കോടതിവിധി ഉള്ളതുമാണു ശബരിമലപ്രവേശനകാര്യം എന്നതു പരിഗണിച്ച് ഈ കോടതിയോട് ഒരു അഭ്യര്‍ത്ഥന നടത്തേണ്ടതുണ്ടെന്നുസര്‍ക്കാരിനുതോന്നുന്നു. എല്ലാസ്ത്രീകള്‍ക്കും പ്രായവ്യത്യാസമില്ലാതെ ക്ഷേത്രാരാധനയ്ക്ക് അനുമതിനല്‍കാമോ എന്നവിഷയത്തില്‍ നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും സമര്‍പ്പിക്കാന്‍ഹിന്ദു ധര്‍മ്മശാസ്ത്രത്തില്‍ ആധികാരികജ്ഞാനമുള്ള പ്രമുഖപണ്ഡിതരും അറിയപ്പെടുന്നവരും അഴിമതിരഹിതരുമായ സമൂഹപരിഷ്‌കര്‍ത്താക്കളും ഉള്‍പ്പെടുന്ന ഒരു കമ്മിഷനെ നിയമിക്കണം എന്നതാണത്.

5. എല്ലാവര്‍ക്കും സ്വീകാര്യമായ ന്യായവും നീതിയുക്തവുമായ തീരുമാനത്തില്‍ പരമോന്നതകോടതിക്ക് എത്തിച്ചേരാനും ഈ തര്‍ക്കവിഷയത്തില്‍ ശരിയായ കണക്കെടുപ്പും തിട്ടപ്പെടുത്തലും നടത്താനും വേണ്ടിയാണ് പണ്ഡിതരുടെ കമ്മിഷനെ നിയമിക്കാനുള്ള അഭ്യര്‍ത്ഥന സര്‍ക്കാര്‍ നടത്തുന്നത്. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ അനുവദിച്ചാല്‍ ക്രമസമാധാനം തകരാറിലാകാനും മറ്റു നിയമവിരുദ്ധപ്രവൃത്തികള്‍ കൂടാനും സാദ്ധ്യതയുണ്ടെന്നതാണ് സ്ത്രീപ്രവേശത്തെയും ആരാധനയെയും എതിര്‍ക്കുന്നവരുടെ ഒരു വാദം. ഈ ഭയം ശരിയാണെങ്കില്‍ സ്ത്രീകള്‍ക്കു പ്രത്യേക തീര്‍ത്ഥാടനസീസണുകള്‍ നിശ്ചയിച്ച് അതു പരിഹരിക്കാനാകും. എന്നാല്‍ ഈഭയം സര്‍ക്കാരിനില്ല.

6. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ ശ്രീ. കെ. എല്‍. മോഹനവര്‍മ്മയുടെ അഭിപ്രായത്തില്‍ സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശം നിഷേധിച്ചത് ഏതെങ്കിലും താന്ത്രികമായ കാരണങ്ങള്‍ കൊണ്ടല്ല. ക്ഷേത്രം നിബിഡവനത്തിലാണ് സ്ഥിതി ചെയ്തിരുന്നത്. അയ്യപ്പസ്വാമിയെ ആരാധിക്കാനായി ഭക്തര്‍ രാത്രിയും പകലും കൊടുംകാട്ടിലൂടെ യാത്ര ചെയ്യേണ്ടിയിരുന്നു. വന്യമൃഗങ്ങളില്‍നിന്നുള്ള ആക്രമണത്തിനും സാദ്ധ്യതകളുണ്ടായിരുന്നു. ഇതുമാത്രമാണ് ആദ്യകാലങ്ങളില്‍ സ്ത്രീകളെ ശബരിമലയില്‍ വിലക്കിയത്. “കാനനവാസന്‍” എന്നാണ് അയ്യപ്പസ്വാമിയെ ഭക്തര്‍ വിളിക്കുന്നത്, അയ്യപ്പസ്വാമിയുടെ വാഹനം മാംസഭോജിയായ പുലിയാണ്.

7. ഇപ്പോള്‍ ശബരിമല ഒരു ടൗണ്‍ഷിപ്പായി വികസിച്ചു. ഭക്തര്‍ക്ക് വാഹനങ്ങളില്‍ ക്ഷേത്രത്തിന്റെ വളരെയടുത്ത് എത്താം. ഗതാഗതസൗ കര്യത്തിന്റെയും ആശയവിനിമയത്തിന്റെയും ആധുനികകാലത്ത് അത്തരം നിയന്ത്രണങ്ങള്‍ക്കു നിലനില്ക്കാനാവില്ല. എന്നാല്‍, സൗകര്യങ്ങള്‍ വളരെ പരിമിതമായതിനാല്‍, ദശലക്ഷക്കണക്കിനു ഭക്തര്‍ എത്തുന്ന നവംബര്‍ മുതല്‍ ജനുവരി വരെയുള്ള തീര്‍ത്ഥാടനകാലത്ത് 50നുമുകളിലും പത്തിനുതാഴെയുമുള്ള സ്ത്രീകളെമാത്രം പ്രവേശിപ്പിക്കുന്ന നിലവിലെ രീതി തുടരുന്നതാണു പ്രായോഗികം എന്നതാണ് ഒരു വിഭാഗം ഭക്തരുടെ അഭിപ്രായം. സ്ത്രീകള്‍ക്കുമാത്രമായി ഒരു സീസണ്‍ അനുവദിക്കുന്നതോ മണ്ഡലപൂജ മകരവിളക്ക് ഒഴിച്ചുള്ള എല്ലാ സീസണിലും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു ദര്‍ശനം അനുവദിക്കുന്നതോ പരിഗണിക്കാവുന്ന കാര്യമാണ്. പന്തളം പ്രവശ്യ ഭരിച്ചിരുന്ന പാണ്ഡ്യവംശത്തിന്റെ അന്നത്തെ ഭരണാധികാരിയാണ് ഇപ്പോഴത്തെ തന്ത്രികുടുംബത്തെ നിയമിച്ചതെന്നും ശ്രീ. മോഹനവര്‍മ്മ സ്ഥാപിക്കുന്നു. അതിനര്‍ഥം, തന്ത്രിയെ നിയമിച്ചതു ഭരണാധികാരിമാത്രമാണ് എന്നതാണ്

8. പ്രത്യേക സീസണില്‍ സ്ത്രീകള്‍ക്കു ശ്രീകോവിലില്‍ ദര്‍ശനം നടത്താമോ എന്നതും വ്രതത്തിന്റെ കാലാവധി ആചാരപ്രകാരമുള്ള 41 ദിവസത്തില്‍നിന്നു കുറയ്ക്കാമോ എന്നതും പരിശോധിക്കണം. പ്രത്യേകസീസണില്‍ തന്ത്രിയും ശാന്തിക്കാരും സുരക്ഷാജീവനക്കാരും ഒഴികെ ആരാധന സ്ത്രീകള്‍ നടത്തിക്കണമെന്നും നിഷ്‌ക്കര്‍ഷിക്കാവുന്നതാണ്.

9. പ്രമുഖ ഹിന്ദുതത്വചിന്തകനും പ്രൊഫസറും സംസ്‌ക്കാരവിശ്വാസവിഷയങ്ങളിലെ എഴുത്തുകാരനുമായ ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മയുടെ അഭിപ്രായം പരാമര്‍ശിക്കുന്നത് ഈ ഘട്ടത്തില്‍ ഉചിതമായിരിക്കും. ആചാരങ്ങള്‍ മാറുകയാണ്. കൊടിയേറ്റവും പടിപൂജയും മുന്‍പു ചടങ്ങില്‍ പെട്ടിരുന്നില്ല. ക്ഷേത്രത്തിനു ചുറ്റും ഉണ്ടായിരുന്ന വളരെയേറെ കിണറുകള്‍ മൂടിയിട്ടുണ്ട്. ഭസ്മക്കുളത്തിനും പാത്രക്കുളത്തിനും മാറ്റങ്ങള്‍ ഉണ്ടായി. ലഭ്യമായ രേഖകള്‍ പ്രകാരം, സ്വാതന്ത്ര്യത്തിനുമുന്‍പ് തിരുവിതാകൂറിലെ റാണി മഹാരാജാവിനോടൊപ്പം പതിനെട്ടാംപടി കയറാതെ വടക്കുഭാഗത്തുകൂടി ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്.

10. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനു ചുറ്റുവട്ടത്തുള്ള സ്ത്രീകള്‍ കുട്ടികളോടൊപ്പം ആരാധനാമൂര്‍ത്തിയെ സന്ദര്‍ശിച്ചിരുന്നതാ
യും അറിയാം. അവര്‍ പടി കയറാതെ വടക്കുഭാഗത്തുകൂടിയാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നത്. അയ്യപ്പക്ഷേത്രത്തിനു വളരെ അടുത്തായാണു മാളികപ്പുറത്തമ്മയെ പ്രതിഷ്ഠിച്ചിട്ടുള്ളത്. വ്രതമാലയിട്ട സ്ത്രീകളെ മാളികപ്പുറത്തമ്മ എന്നാണു വിളിക്കാറ്. മുന്‍കാലങ്ങളില്‍ മാളികപ്പുറത്തമ്മയ്ക്കു പൂജ നടത്തിയിരുന്നില്ല. ഇപ്പോള്‍ അയ്യപ്പസ്വാമിയെപ്പോലെ മാളികപ്പുറത്തമ്മയ്ക്കും ദിവസം രണ്ടുനേരം പൂജ നടത്തുന്നുണ്ട്. വനം വെട്ടിത്തെളിച്ചാണു കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിഞ്ഞിട്ടുള്ളത്. മുന്‍പ് ശ്രീകോവിലിനെക്കാള്‍ ഉയരത്തില്‍ ഫ്‌ലൈ ഓവര്‍ ഉണ്ടായിരുന്നില്ല. സമീപകാലത്താണു കെട്ടിടങ്ങള്‍പണിതത്. അവബഹുമാനപ്പെട്ട ഈ കോടതിനിയമിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ഇക്കോ സ്മാര്‍ട്ട് എന്ന സ്ഥാപനം തയ്യാറാക്കിയ ശബരിമല മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് ഇപ്പോള്‍ പൊളിക്കാന്‍ പോകുകയുമാണ്. ഇപ്പോള്‍ 10നും 50നും ഇടയിലുള്ള സ്ത്രീകള്‍ രഹസ്യമായി ക്ഷേത്രം സന്ദര്‍ശിക്കുന്നുവെന്ന് ആരോപണവുമുണ്ട്. നിയമസംഹിതയായ “മനുസ്മൃതി” പറയുന്നു: “യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ” (എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നോ അവിടെ ദേവകള്‍ വിളയാടും). ശ്രീ ശങ്കരാചാര്യര്‍ “സൗന്ദര്യലഹരി”യില്‍ പറയുന്നു: “ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും ന ചേദേവം ദേവോ ന ഖലു കുശലഃസ്പന്ദിതുമപി” (ശക്തി/പാര്‍വ്വതിയോടു ചേര്‍ന്നുനില്‍ക്കുമ്പോള്‍ മാത്രമാണു മഹാദേവന്‍ പൂര്‍ണ്ണത പ്രാപിക്കുന്നത്, അല്ലെങ്കില്‍ അദ്ദേഹത്തിനു ചലിക്കാന്‍ പോലും കഴിയില്ല).

അറിയപ്പെടുന്ന പണ്ഡിതനായ പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ 02.08.2007ല്‍ എഴുതിയത്, രേഖകള്‍ പ്രകാരം അമ്മമഹാറാണിയുടെ ജനനം മലയാളവര്‍ഷം 1072 (AD 1897)ല്‍ ആണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, 1939ല്‍ മഹാറാണി ശബരിമല സന്ദര്‍ശിച്ചപ്പോള്‍ അവരുടെ പ്രായം 42 മാത്രം ആയിരുന്നിരിക്കും എന്നുമാണ്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രകാരനായ ശ്രീ. ജോണ്‍ ജെ. കട്ടക്കയം “നമ്മുടെ രാജകുടുംബം” എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളത് അമ്മമഹാറാണി മലയാള മാസം 1114 (AD 1939)ല്‍ ആണ് ശബരിമല സന്ദര്‍ശിച്ചത് എന്നാണ്. തിരുവിതാംകൂര്‍ രാജവംശത്തിലെ ആധികാരികചരിത്രകാരനും പ്രസിദ്ധനാടകകൃത്തും രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ആളും ആയ ശ്രീ. റ്റി.എന്‍. ഗോപിനാഥന്‍ നായര്‍ “അവസാനത്തെ നാടുവാഴിയുടെ അമ്മ” എന്ന പുസ്തകത്തിന്റെ 1999ല്‍ പ്രസിദ്ധീകരിച്ച രണ്ടാം പതി
പ്പിലും മുകളില്‍ പറഞ്ഞ കാര്യം ഉറപ്പിക്കുന്നുണ്ട്. കൂടാതെ, ശ്രീ. ജോണ്‍ ജെ. കട്ടക്കയത്തിന്റെ പുസ്തകം തിരുവിതാംകൂറിലെ ആറാം സ്റ്റാന്‍ഡേര്‍ഡ് പാഠപുസ്തകം ആയിരുന്നു. ആലപ്പുഴ ജില്ലയിലെ കലവൂര്‍ പോലുള്ള കേരളത്തിലുള്ള നിരവധി അയ്യപ്പക്ഷേത്രങ്ങളില്‍
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ആരാധന നടത്താന്‍ ഇന്നും അനുവദിക്കുന്നുണ്ട്.

11. രാജാവിനു ഭാര്യയോടു ചേര്‍ന്നു മാത്രമേ യാഗം നടത്താന്‍ പാടുള്ളൂ. സീതയെ ഉപേക്ഷിച്ച ഭഗവാന്‍ രാമന്‍ യാഗം നടത്തിയതു സാങ്കല്പികപ്രതിഷ്ഠയായ കാഞ്ചനസീതയുടെ സാന്നിദ്ധ്യത്തിലായിരുന്നു. മുന്‍പും സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നു. അതിനാല്‍ ഇത്
പുതുതായി സ്ഥാപിച്ചുകിട്ടേണ്ട ഒരു അവകാശമല്ല, മറിച്ച് പഴയ അവകാശത്തിന്റെ പുനഃസ്ഥാപിക്കലാണ്.

12. 1936ലെ ക്ഷേത്രപ്രവേശനവിളംബരം പഴയ ആചാരങ്ങളില്‍ മിക്കതിലും വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. മതപരമായ ആചാരങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നവയാണ്. സ്ത്രീപ്രവേശന കാര്യത്തിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതും കൂടുതല്‍ മാറ്റങ്ങള്‍ ആവശ്യമുള്ളതുമാണ്. ഇപ്പോള്‍, എല്ലാ മലയാളമാസവും ആദ്യ അഞ്ചുദിവസം പൂജ നടക്കുന്നുണ്ട്. ജനത്തിരക്കു കുറയ്ക്കാനാണ് ഈ രീതിനടപ്പിലാക്കിയത്. ഇപ്പോള്‍ ഭഗവാന്‍ അയ്യപ്പനോടൊപ്പം ദിവസം മൂന്നുനേരം മാളികപ്പുറത്തമ്മയ്ക്കും പൂജകളും നിവേദ്യങ്ങളും അര്‍പ്പിക്കുന്നുണ്ട്. മുന്‍പ് ഇല്ലായിരുന്ന തുലാഭാരം എന്ന ആചാരം പുതുതായിആരംഭിച്ചിട്ടുണ്ട്.

13. ഒരേ മതം ആചരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും മതപരമായ തുല്യാവകാശങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. അതുകൊണ്ട്, ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശം നിഷേധിച്ചാല്‍ അതു ഭരണഘടനാവകാശങ്ങളുടെ ലംഘനമാകും. ശാസ്താവ് സ്ത്രീവിരുദ്ധ ആരാധനാമൂര്‍ത്തിയല്ല. ശാസ്താവിന്റെ “അഷ്ടോത്തരശതക”പ്രകാരം ശാസ്താവിനു “പൂര്‍ണ്ണ”, “പുഷ്‌കല” എന്ന രണ്ടു ഭാര്യമാരും “സത്യകന്‍” എന്ന മകനും ഉണ്ടെന്നാണു വിശ്വാസം. അയ്യപ്പന്‍ മനുഷ്യാവതാരലക്ഷ്യം പൂര്‍ത്തീകരിച്ചശേഷം ശാസ്താവില്‍ വിലയം പ്രാപിച്ചെന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് അയ്യപ്പനെയും ശാസ്താവിനെയും ഒന്നായി കണക്കാക്കേണ്ടതാണ്. ഒരു സ്ത്രീ ബ്രഹ്മചാരിയൊ സന്യാസിയൊ യോഗിനിയൊ ആണോ എന്നു പരിഗണിക്കാതെതന്നെ സ്ത്രീകള്‍ ആദരിക്കപ്പെടണമെന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം. ഭഗവാന്‍ ബുദ്ധന്‍ പ്രസേനജിത്ത് മഹാരാജാവിനുള്ള ഉപദേശത്തില്‍ പറഞ്ഞിട്ടുള്ളത് ഭരണാധികാരി ഒരിക്കലും സത്യത്തിനും ധര്‍മ്മത്തിനും എതിരായ ഒന്നിനും പരിഗണന നല്കരുത് എന്നാണ്. ഇന്നലെ ചെയ്ത തെറ്റ് ഇന്നത്തെ ആചാരമായും നാളത്തെ ശാസ്ത്രമായും കാണാന്‍ മൂഢര്‍ക്കേ കഴിയൂ. ഒരു ഭരണാധികാരി അത്തരം തെറ്റുകളെ പിന്‍തുണയ്ക്കരുത്. അജ്ഞതയുടെ ഇരുള്‍മൂടിയ കൊടുംകാട്ടില്‍ അന്ധന്‍ അന്ധനെ നയിക്കുന്ന സ്ഥിതി പരിതാപകരമാണെന്നാണു ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ചിട്ടുള്ളത്.

14. ശബരിമല ശാസ്താപ്രതിഷ്ഠ ഒരിക്കല്‍ ഒരു ബുദ്ധവിഹാരം ആയിരുന്നെന്ന് പ്രാചീനകേരളചരിത്രത്തിലെ ചില പണ്ഡിതര്‍ പറയുന്നുണ്ട്. ശബരിമലയിലെ തീര്‍ത്ഥാടകര്‍ ഉരുവിടുന്ന ചില മന്ത്രങ്ങള്‍ ബുദ്ധാനുയായികളുടെ “ശരണത്രയ”ത്തോടു സാമ്യമുള്ളതാണ് (ബുദ്ധം ശരണം ഗച്ഛാമി, ധര്‍മ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി).

15. എന്തുതന്നെയായാലും ഒരു വിവാദമുണ്ടാക്കാന്‍ സര്‍ക്കാരിനു താല്പര്യമില്ല. പരിപാവനമായ അയ്യപ്പക്ഷേത്രത്തിന്റെ ശ്രീകോവിലിനുമുന്നില്‍ പൂജയിലും ചടങ്ങുകളിലും 50 വയസ്സിനുമുമ്പ് അമ്മ മഹാറാണി പങ്കെടുത്തിട്ടുണ്ടെങ്കിലും രാജാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സര്‍ക്കാര്‍ എല്ലാ രീതിയിലും ബഹുമാനിക്കുന്നുണ്ട്. സര്‍ക്കാര്‍ അതില്‍ അനുചിതമായി എന്തെങ്കിലും കാണുന്നില്ല. പണ്ഡിതരുടെ ഈ സാക്ഷ്യങ്ങള്‍ സത്യമാണെങ്കില്‍, രാജ്യത്തുള്ള എല്ലാ സ്ത്രീകള്‍ക്കും ഈ സൗകര്യവും അവകാശവും അനുവദിക്കണമെന്നും ശബരിമലയില്‍ പ്രവേശിക്കാനും ഭഗവാന്‍ അയ്യപ്പനെ ആരാധിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്നു മാത്രമാണ് ബഹുമാനപ്പെട്ട കോടതി മുമ്പാകെയുള്ള സര്‍ക്കാരിന്റെ അപേക്ഷ.

ഈ നീതിപീഠം ഈ വിഷയത്തിന്മേല്‍ സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞതുകൊണ്ടു മാത്രമാണ് സമഗ്രമായൊരു സത്യവാങ്മൂലം വിനയപൂര്‍വ്വം സമര്‍പ്പിക്കുന്നത്. ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ നിലവിലുള്ള കോടതിനിര്‍ദ്ദേശപ്രകാരം തടയുന്നതിനു സാദ്ധ്യമായ എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.

ഈ വിഷയത്തില്‍ പുതിയ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ബഹുമാനപ്പെട്ട ഈ കോടതിയുടെ ഉത്തരവു വന്നാല്‍ വിധിപ്രകാരം സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.


അനുബന്ധം 2

വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ള ഭരണഘടനയിലെ മൗലികാവകാശങ്ങള്‍

ഭാരതത്തിന്റെ ഭരണഘടനഭാഗം III മൗലികാവകാശങ്ങള്‍

സമത്വത്തിനുള്ള അവകാശം

14. നിയമത്തിനു മുന്‍പാകെ സമത്വം: രാഷ്ട്രം, ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്ത് യാതൊരാള്‍ക്കും നിയമത്തിന്റെ മുന്‍പാകെ സമത്വമോ നിയമങ്ങളുടെ സമമായ സംരക്ഷണമോ നിഷേധിക്കുവാന്‍ പാടുള്ളതല്ല.

17. തൊട്ടുകൂടായ്മ നിര്‍ത്തലാക്കല്‍: “”തൊട്ടുകൂടായ്മ”” നിര്‍ത്തലാക്കുകയും അതിന്റെ ഏതു രൂപത്തിലും ഉള്ള ആചരണം വിലക്കുകയും ചെയ്തിരിക്കുന്നു. “”തൊട്ടുകൂടായ്മ””യില്‍നിന്ന് ഉളവാകുന്ന ഏതെങ്കിലും അവശത നിര്‍ബന്ധിച്ചേല്‍പ്പിക്കുന്നത് നിയമപ്രകാരം ശിക്ഷിക്കാവുന്ന ഒരു കുറ്റമായിരിക്കുന്നതാണ്.

സ്വാതന്ത്ര്യത്തിനുള്ള അവകാശം

21. ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം നിയമംവഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ചല്ലാതെ യാതൊരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഇല്ലാതാക്കുവാന്‍ പാടുള്ളതല്ല. 1 [21 ക. വിദ്യാഭ്യാസത്തിനുള്ള അവകാശം ആറുമുതല്‍ പതിനാലു വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും രാഷ്ട്രം, നിയമം വഴി തീരുമാനിക്കുന്ന അങ്ങനെയുള്ള രീതിയില്‍, സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യേണ്ടതാണ്.] (1. 2002ലെ ഭരണഘടന (എണ്‍പത്തിയാറാം ഭേദഗതി) ആക്റ്റ്, 2-ാം വകുപ്പുപ്രകാരം ഉള്‍ക്കൊള്ളിച്ചത്.)

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

25. മനഃസാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചരണത്തിനും ഉള്ള സ്വാതന്ത്ര്യം – (1) പൊതുസമാധാനത്തിനും സാന്‍മാര്‍ഗികതയ്ക്കും ആരോഗ്യത്തിനും ഈ ഭാഗത്തിലെ മറ്റു വ്യവസ്ഥകള്‍ക്കും വിധേയമായി, എല്ലാ ആളുകളും മനഃസാക്ഷിസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശത്തിനും ഒരു പോലെഅവകാശം ഉള്ളവരാകുന്നു.

(2) ഈ അനുച്ഛേദത്തിലെ യാതൊന്നും
(ക) മതാചരണത്തോട് ബന്ധപ്പെടാവുന്ന സാമ്പത്തികമോ ധനപരമോ രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രവര്‍ത്തനത്തെയോ മതേതരമായ മറ്റ് ഏതെങ്കിലും പ്രവര്‍ത്തനത്തെയോ ക്രമപ്പെടുത്തുന്നതോ നിയന്ത്രിക്കുന്നതോ;
(ഖ) സാമൂഹ്യക്ഷേമത്തിനും, സാമൂഹ്യപരിഷ്‌ക്കരണത്തിനും അല്ലെങ്കില്‍ പൊതുസ്വഭാവമുള്ള ഹിന്ദുമതസ്ഥാപനങ്ങള്‍ എല്ലാ ഇനത്തിലും വിഭാഗത്തിലുംപെട്ട ഹിന്ദുക്കള്‍ക്ക് തുറന്നു കൊടുക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതോ,
ആയ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയോ അങ്ങനെയുള്ള ഏതെങ്കിലും നിയമം നിര്‍മ്മിക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ തടയുകയോ ചെയ്യുന്നതല്ല.

വിശദീകരണം I കൃപാണുകള്‍ ധരിക്കുന്നതും കൊണ്ടുനടക്കുന്നതും സിക്കുമതവിശ്വാസത്തില്‍ ഉള്‍പ്പെടുന്നതായി കരുതപ്പെടേണ്ടതാണ്.
വിശദീകരണം II (2)-ാം ഖണ്ഡത്തിലെ (ഖ) ഉപഖണ്ഡത്തില്‍ ഹിന്ദുക്കളെപ്പറ്റിയുള്ള പരാമര്‍ശത്തിന് അതില്‍ സിക്കുമതത്തിലോ ജൈനമതത്തിലോ ബുദ്ധമതത്തിലോ വിശ്വസിക്കുന്ന ആളുകളെപ്പറ്റിയുള്ള ഒരുപരാമര്‍ശം ഉള്‍പ്പെടുന്നതായി അര്‍ത്ഥം കല്പിക്കേണ്ടതും ഹിന്ദുമതസ്ഥാപനങ്ങളെപ്പറ്റിയുള്ള പരാമര്‍ശത്തിന് അതനുസരിച്ച് അര്‍ത്ഥം കല്പിക്കേണ്ടതുമാകുന്നു.

26. മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം – പൊതുസമാധാനത്തിനും സാന്‍മാര്‍ഗ്ഗികതയ്ക്കും ആരോഗ്യത്തിനും വിധേയമായി
ഒരോ മതവിഭാഗത്തിനും അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും ഭാഗത്തിനും
(ക) മതപരവും ധര്‍മ്മപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും;
(ഖ) മതപരമായ വിഷയങ്ങളില്‍ അതിന്റേതായ കാര്യങ്ങള്‍ നടത്തുന്നതിനും;
(ഗ) സ്ഥാവരവും ജംഗമവുമായ വസ്തുക്കള്‍ ഉടമയില്‍ വെക്കുന്നതിനും ആര്‍ജ്ജിക്കുന്നതിനും;
(ഘ) അങ്ങനെയുള്ള വസ്തുവിന്റെ ഭരണം നിയമാനുസൃതമായി നടത്തുന്നതിനും, അവകാശമുണ്ടായിരിക്കുന്നതാണ്.
അവലംബം: ഭാരതത്തിന്റെ ഭരണഘടന (ദ്വിഭാഷ പതിപ്പ്). കേന്ദ്രസര്‍ക്കാരിനുവേണ്ടി കേരള ഔദ്യോഗികഭാഷ (നിയമനിര്‍മ്മാണ) കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്. എഡിഷന്‍: 2016


അനുബന്ധം 3

വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ള കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വര്‍ഷിപ് (ആതറൈസേഷന്‍ ഓഫ് എന്‍ട്രി) ആക്റ്റ്, 1965-ലെ 3, 4 വ്യവസ്ഥകളും അതുപ്രകാരം റദ്ദാക്കിയ കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വര്‍ഷിപ് (ആതറൈസേഷന്‍ ഓഫ് എന്‍ട്രി) റൂള്‍സ്, 1965-ലെ ചട്ടം 3 (ബി)-ഉം

കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വര്‍ഷിപ് (ആതറൈസേഷന്‍ ഓഫ് എന്‍ട്രി) ആക്റ്റ്, 1965

3. പൊതു ആരാധനാസ്ഥലങ്ങള്‍ ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങള്‍ക്കും വര്‍ഗ്ഗങ്ങള്‍ക്കും പ്രാപ്യമാക്കേണ്ടതാണ് തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിലോ ആചാരത്തിലോ അനുഷ്ഠാനത്തിലോ അത്തരം ഏതെങ്കിലും നിയമം മുഖേന പ്രഭാവമുള്ള ഏതെങ്കിലും പ്രമാണത്തിലോ കോടതിയുടെ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഹിന്ദുക്കള്‍ക്കു പൊതുവായോ അതിലെ ഏതെങ്കിലും വിഭാഗത്തിനോ വര്‍ഗ്ഗത്തിനോ പ്രാപ്യമായ എല്ലാ പൊതു ആരാധനാസ്ഥലങ്ങളും ഹിന്ദുക്കള്‍ക്കു പൊതുവായോ അല്ലെങ്കില്‍ അതിലെ ഏതെങ്കിലും വിഭാഗത്തിനോ വര്‍ഗ്ഗത്തിനോ പ്രാപ്യമാക്കിയിട്ടുള്ള എല്ലാ പൊതു ആരാധനാസ്ഥലവും ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങള്‍ക്കും വര്‍ഗ്ഗങ്ങള്‍ക്കും പ്രാപ്യമാക്കേണ്ടതും അത്തരം പൊതു ആരാധനാസ്ഥലത്ത് പ്രവേശിക്കുന്നതില്‍നിന്നോ ആരാധിക്കുന്നതില്‍നിന്നോ പ്രാര്‍ഥിക്കുന്നതില്‍നിന്നോ അത്തരം പൊതു ആരാധനാസ്ഥലത്ത് ഏതെങ്കിലും മതപരമായ ചടങ്ങ് ആചരിക്കുന്നതില്‍നിന്നോ ഏതെങ്കിലും വിഭാഗത്തിലോ വര്‍ഗ്ഗത്തിലോ പെട്ട മറ്റ് ഏതൊരു ഹിന്ദുവിനും പ്രവേശിക്കുവാനോ ആരാധിക്കുവാനോ പ്രാര്‍ത്ഥിക്കുവാനോ കഴിയുന്ന അതേ രീതിയിലും അതേവ്യാപ്തിയിലും അത്തരം ഒരു പൊതു ആരാധനാസ്ഥലത്തില്‍ പ്രവേശിപ്പിക്കുന്നതില്‍നിന്നും ഏതൊരു വിഭാഗത്തിലോ വര്‍ഗ്ഗത്തിലോപെട്ട ഏതൊരു ഹിന്ദുവിനെയും നിരോധിക്കുവാനോ തടസ്സപ്പെടുത്തുവാനോ അല്ലെങ്കില്‍ നിരുത്സാഹപ്പെടുത്തുവാനോ പാടുള്ളതല്ല:

എന്നാല്‍ ഏതെങ്കിലും മതവിഭാഗത്തിന്റെയോ അതിന്റെ ഭാഗത്തിന്റെയോ താത്പര്യത്തിനുവേണ്ടി സ്ഥാപിതമായിട്ടുള്ള ഒരു പൊതു ആരാധനാസ്ഥലത്തിന്റെ സംഗതിയില്‍ മതപരമായ വിഷയങ്ങളില്‍ അതിന്റേതായ കാര്യങ്ങള്‍ നടത്തുന്നതിന് ഈ വകുപ്പിലെ വ്യവസ്ഥകള്‍, അതതു സംഗതിപോലെ, മതവിഭാഗത്തിന്റെയോ അതിന്റെ ഭാഗത്തിന്റെയോ അവകാശത്തിനു വിധേയമായിരിക്കുന്നതാണ്.

4. പൊതു ആരാധനാസ്ഥലങ്ങളില്‍ ആചാരാനുഷ്ഠാനങ്ങളിലെ ക്രമവും ഔചിത്യവും നടത്തുന്നതിനും യഥാവിധി പരിപാലിക്കുന്നതിനുമുള്ള റഗുലേഷനുകള്‍ ഉണ്ടാക്കുന്നതിനുള്ള അധികാരം. (1) ക്ഷമതയുള്ള അധികാരസ്ഥാനത്തിന്റെയും പ്രസ്തുത അധികാരസ്ഥാനം ഉണ്ടാക്കുന്ന ഏതെങ്കിലും ചട്ടങ്ങളുടെയും നിയന്ത്രണത്തിനു വിധേയമായി, ഏതെങ്കിലും പൊതുആരാധനാസ്ഥലത്തിന്റെ ട്രസ്റ്റിക്കോ ചുമതലയുള്ള മറ്റേതെങ്കിലും വ്യക്തിക്കോ പൊതു ആരാധനാസ്ഥലങ്ങളില്‍ ആചാരാനുഷ്ഠാനങ്ങളിലെ ക്രമവും ഔചിത്യവും നടത്തുന്നതിനും യഥാവിധി പരിപാലിക്കുന്നതിനുമുള്ള റഗുലേഷനുകള്‍ ഉണ്ടാക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.

എന്നാല്‍ ഏതൊരു ഹിന്ദുവും അയാളൊരു പ്രത്യേക വിഭാഗത്തിലോ വര്‍ഗ്ഗത്തിലോ ഉള്‍പ്പെടുന്നുവെന്ന കാരണത്താല്‍ ഈ ഉപവകുപ്പിനുകീഴില്‍ ഉണ്ടാക്കുന്ന യാതൊരു റഗുലേഷനും വിവേചനപരമാകുവാന്‍ പാടുള്ളതല്ല.

(2) (1) -ാം ഉപവകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള ക്ഷമതയുള്ള അധികാരസ്ഥാനം,

(I) 1950ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമതസ്ഥാപനങ്ങള്‍ ആക്റ്റ് (1950ലെ XV, തിരുവിതാംകൂര്‍ കൊച്ചി ആക്റ്റ്) I-ാം ഭാഗത്തിനുവ്യാപ്തിയുള്ള ഏതെങ്കിലും പ്രദേശത്ത് സ്ഥിതിചെയ്യുന്ന പൊതുആരാധനാസ്ഥലത്തെ സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും;

(II) പ്രസ്തുത ആക്റ്റിന്റെ II-ാം ഭാഗത്തിനു വ്യാപ്തിയുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പൊതു ആരാധനാസ്ഥലത്തെ സംബന്ധിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും;
(III) കേരളസംസ്ഥാനത്തെ മറ്റേതെങ്കിലും പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതു ആരാധനാസ്ഥലത്തെ സംബന്ധിച്ച് സര്‍ക്കാരും; ആയിരിക്കുന്നതാണ്.

കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വര്‍ഷിപ് (ആതറൈസേഷന്‍ ഓഫ് എന്‍ട്രി) റൂള്‍സ് 1965

3. താഴെ പറഞ്ഞിട്ടുള്ള വിഭാഗത്തിലെ ആളുകള്‍ക്ക് ഏതെങ്കിലും പൊതുസ്ഥലത്ത്, ആരാധന അര്‍പ്പിക്കുന്നതിനോ ഒരു പൊതു ആരാധനാസ്ഥലത്തിനകത്തോ അതിന്റെ പരിസരത്തിനു പുറത്തോ അനുബന്ധമായിട്ടുള്ള ഏതെങ്കിലും പവിത്രമായ കുളത്തിലോ കിണറിലോ അരുവിയിലോ ജലാശയത്തിലോ സ്‌നാനം ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ കുന്നോ മേടോ ഉള്‍പ്പെടെയുള്ള ഏതെങ്കിലും പവിത്രമായ സ്ഥലമോ പൊതു ആരാധനാസ്ഥലത്തിലേക്കുള്ള പ്രവേശത്തിനാവശ്യമായിട്ടുള്ള ഒരു റോഡോ തെരുവോ നടപ്പാതയോ ഉപയോഗിക്കുന്നതിനോ
അവകാശമുണ്ടായിരിക്കുന്നതല്ല.
(എ) * * *
(ബി) ഒരു പൊതു ആരാധനാസ്ഥലത്ത് ആചാരനുഷ്ഠാനങ്ങളാല്‍
അത്തരം സമയങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടില്ലാത്തതായ
സ്ത്രീകള്‍.
(സി) * * *

കടപ്പാട്: ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ്, കേരള സര്‍ക്കാര്‍


Chief Editor
T.V. Subhash IAS
Director, I&PRD
Coordinating Editor:
P.S. Rajasekharan
Additional Director (General & Administration)
Deputy Chief Editor:
K.P. Saritha
Deputy Director, Publications Division
Editor
Manoj K. Puthiyavila
Information Officer (Research & Reference)
Distribution
Sunil Hassan
Information Officer (Circulation & Distribution)
Pre-Press: Godfrey”s Graphics
Press: Government Press, Mannanthala, Thiruvananthapuram
Published by: Information – Public Relations Department

എഡിറ്റര്‍

We use cookies to give you the best possible experience. Learn more