ശബരിമല വിധി: പുനഃപരിശോധനാ വ്യവഹാരങ്ങളെ പുനര്‍നിര്‍ണയിക്കുന്നതെങ്ങനെ?
Sabarimala women entry
ശബരിമല വിധി: പുനഃപരിശോധനാ വ്യവഹാരങ്ങളെ പുനര്‍നിര്‍ണയിക്കുന്നതെങ്ങനെ?
പി.ബി ജിജീഷ്
Tuesday, 19th November 2019, 12:25 pm

സുപ്രീംകോടതിയുടെ അന്തിമ തീരുമാനങ്ങളില്‍ തെറ്റുണ്ടെന്നു തോന്നിയാല്‍ അതു വീണ്ടും പരിഗണിക്കുവാന്‍, തിരുത്തുവാന്‍ അവസരമൊരുക്കുന്നതാണ് പുനഃപരിശോധനാ ഹര്‍ജികള്‍. ആര്‍ട്ടിക്കിള്‍ 137 പ്രകാരമാണ് റിവ്യൂ ഹര്‍ജികള്‍. സുപ്രീംകോടതി വിധിയുടെ അന്തിമത്വം നിലനിര്‍ത്തുക എന്നത് നിയമവാഴ്ചയുടെ നിലനില്‍പ്പിന് അന്ത്യന്താപേക്ഷിതമായതുകൊണ്ട് അപൂര്‍വമായാണ് റിവ്യൂ പരിഗണിക്കുക.

അതിന് ഒന്നുകില്‍ മുമ്പ് പരിഗണിച്ചിട്ടില്ലാത്ത വളരെ പ്രധാനപ്പെട്ട തെളിവ് വേണം അല്ലെങ്കില്‍ നിലവിലെ വിധിയില്‍ ‘പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാകുന്ന തെറ്റുകള്‍’ (error apparent on the face of record) വേണം. റിവ്യൂ എന്നാല്‍ ഒരു വിധിക്കെതിരെയുള്ള അപ്പീലല്ല. Apparent error on the face of record എന്നു പറഞ്ഞാല്‍ നിയമവ്യാഖ്യാനങ്ങളിലെ പിഴവുകളല്ല. (അവ പരിഗണിക്കുക അപ്പീലില്‍ ആണ്). പ്രഥമദൃഷ്ട്യാ തെറ്റായ വിവരങ്ങള്‍ കാണണം വിധിയില്‍.

ശബരിമല വിധിയില്‍ അങ്ങനെ റിവ്യൂവിന് പരിഗണിക്കാവുന്ന യാതൊരു കാരണങ്ങളും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ പുനഃപരിശോധനാ ഹര്‍ജികള്‍ ഒന്നും അനുവദിച്ചിട്ടില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിലെ സ്വാഭാവിക നടപടി ഹര്‍ജികള്‍ തള്ളുക എന്നതാണ്. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡും ജസ്റ്റിസ് നരിമാനും അതാണ് ചെയ്തതും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും ജസ്റ്റിസ്. ഖാന്‍വല്‍ക്കറും ജസ്റ്റിസ്. ഇന്ദു മല്‍ഹോത്രയും ചേര്‍ന്ന് പുതിയൊരു കീഴ്വഴക്കം സൃഷ്ടിക്കുകയാണ് ഇവിടെ. ജസ്റ്റിസ്. ഖാന്‍വല്‍ക്കര്‍ അന്നത്തെ ചീഫ് ജസ്റ്റിസിന്റെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധിയ്‌ക്കൊപ്പം ചേര്‍ന്നതാണ്, കഴിഞ്ഞ വര്‍ഷം. ഇത്തവണ പുതിയ ചീഫ് ജസ്റ്റിസിനൊപ്പമാണ്.

പുതിയ ഭൂരിപക്ഷ വിധി തുടങ്ങുന്നത് തന്നെ സുപ്രീംകോടതി ചട്ടങ്ങള്‍ അനുസരിച്ചാണ് സാധാരണ റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കേണ്ടത്, എന്നാല്‍ ഇവിടെ റിവ്യൂ ഹര്‍ജികളും ഇതേ വിഷയത്തിലെ മറ്റ് റിട്ട് ഹര്‍ജികളും ഒരുമിച്ചാണ് കേള്‍ക്കുന്നത് എന്ന ആമുഖത്തോടെയാണ്. നിലവിലെ വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുകയാണ് പുനഃപരിശോധനാ ഹര്‍ജികളുടെ ലക്ഷ്യം.

അതു പരിഗണിക്കുക വിധി പറഞ്ഞ അതേ ബെഞ്ചാണ്. ഒരു വിധിക്കെതിരെ മറ്റൊരു റിട്ട് ഫയല്‍ ചെയ്യാനും കഴിയില്ല. പിന്നെ എന്താണ് ഒരുമിച്ചു പരിഗണിക്കുക എന്നത് ന്യായമായ സംശയമാണ്.

വിധിയില്‍ പറഞ്ഞിരിക്കുന്ന സമാന സ്വഭാവമുള്ള കേസുകള്‍. മുസ്ലിം സ്ത്രീകളുടെ മസ്ജിദ് പ്രവേശം, ദാവൂദ ബോറ വിഭാഗത്തില്‍ പെട്ട സ്ത്രീകളുടെ ചേലാകര്‍മം, പാഴ്സി ഫയര്‍ ടെമ്പിളിന്റെ പ്രശ്‌നം തുടങ്ങിയവയൊന്നും റിവ്യൂ ബഞ്ചിന്റെ മുന്നിലുള്ള കാര്യങ്ങളല്ല. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നേക്കാവുന്ന പൊതു സംശയങ്ങളാണ് (ആര്‍ട്ടിക്കിള്‍ 25, 26-ന്റെയൊക്കെ വ്യാഖ്യാനം സംബന്ധിച്ച്), അത് ശബരിമലയിലും ബാധകമായേക്കാം എന്നു നിരീക്ഷിച്ചുകൊണ്ട് ഒരു 7 അംഗ ബെഞ്ചിന് വിട്ടിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവിടെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതാണ്. വന്നേക്കാവുന്ന, ബാധകമായേക്കാവുന്ന എന്നിങ്ങനെയാണ്. അതായത് കോടതിയ്ക്ക് മുന്നില്‍ ഇപ്പോള്‍ ഉള്ള പ്രശ്‌നങ്ങളെ സംബന്ധിച്ചല്ല പ്രതിപാദിച്ചിരിക്കുന്നത്, ശബരിമല വിധിയിലെ വ്യാഖ്യാനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെന്ന് തോന്നിയതുകൊണ്ടും അല്ല, ഇനി വരാവുന്ന കാര്യങ്ങളെപ്രതിയാണ് ആവലാതി. മുന്‍കൂര്‍ വിധി പറയുന്ന ഒരു കീഴ്വഴക്കം സൃഷ്ടിക്കുകയാണോ കോടതി?

മാത്രവുമല്ല റിട്ട് ഹര്‍ജികള്‍ക്ക് നിയതമായ ഒരു വഴിയുണ്ട്. ആദ്യം ഒരു ഡിവിഷന്‍ ബഞ്ച് പരിഗണിക്കും, അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ വാദം കേള്‍ക്കും. അവിടെ ഗൗരവതരമായ ഭരണഘടനാപ്രശ്‌നങ്ങള്‍ ഉണ്ടെന്നു കണ്ടാല്‍ 5 അംഗ ബെഞ്ചിന് വിടും. ഇതൊക്കെ മറികടന്ന് ഒറ്റയടിക്ക് ഈ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച് ഒരു കാരണവും കേള്‍ക്കാതെ 7 അംഗ ബെഞ്ചിന് വിടുന്നത് വിധിയില്‍ പറയുന്നതുപോലെ ജുഡീഷ്യല്‍ അച്ചടക്കത്തിനു സഹായകമാവുകയല്ല മറിച്ച് നിലവിലുള്ള കീഴ്വഴക്കങ്ങളെ അട്ടിമറിക്കുകയാണ് ചെയ്യുക.

32 ജഡ്ജിമാര്‍ ഉള്ള കേസുകള്‍ വിവിധ ബഞ്ചുകളായി തിരിഞ്ഞു കേള്‍ക്കുന്ന സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയിലേതുപോലെ ഉള്ള നിയമ സംവിധാനത്തില്‍ അതു വളരെ പ്രധാനമാണ്. ഒരേ വിഷയത്തില്‍ പല ബഞ്ചുകള്‍ വ്യതസ്ത അഭിപ്രായങ്ങള്‍ പറഞ്ഞാലോ, ഭരണഘടനാ ബഞ്ചേങ്കില്‍ ഒരേ വലിപ്പം ഉള്ള മറ്റൊരു ബഞ്ച് നിലവിലെ ഉത്തരവില്‍ പിശകുണ്ട് എന്നു കണ്ടെത്തിയാലോ ആണ് വിഷയം വിശാല ബഞ്ചിന്റെ പരിഗണനയ്ക്കു വിടുന്നത്.

ഇവിടെ ശബരിമല റിവ്യൂ ബഞ്ച് കഴിഞ്ഞ വര്‍ഷത്തെ വിധിയില്‍ തെറ്റുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകളുടെ വ്യാഖ്യാനത്തിലും അഭിപ്രായ വ്യത്യാസം ഒന്നും രേഖപ്പെടുത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഈ റഫറല്‍ എന്നത് വിധി വായിച്ചാല്‍ മനസിലാക്കാനാകില്ല.

മാത്രമല്ല വിധിയില്‍ പരാമര്‍ശിച്ചിരിക്കുന്ന കേസുകള്‍ നിലവില്‍ വിവിധ ഡിവിഷന്‍ ബഞ്ചുകള്‍ പരിഗണിക്കേണ്ടതാണ്. ശബരിമല വിധിയില്‍ റിവ്യൂ അനുവദിച്ചിട്ടില്ല. ആര്‍ട്ടിക്കിള്‍ 25, 26 സംബന്ധിച്ച വിശാല ബഞ്ചിന്റെ വ്യാഖ്യാനം വരുന്നതുവരെ കേസ് മാറ്റി വച്ചിരിക്കുകയാണ്. അതിനുശേഷം റിവ്യൂ വീണ്ടും പരിഗണിക്കണോ എന്നു തീരുമാനിക്കും.

ഫലത്തില്‍ ശബരിമലയെ സംബന്ധിച്ച വിധി മാറ്റമില്ലാതെ തുടരുന്നു. അതായത് ഇനി പുതിയ വിധിയില്‍ പറയുന്ന കേസുകള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബഞ്ചുകള്‍ക്കും ഈ വിധി പിന്തുടരുവാനേ കഴിയൂ. അപ്പോള്‍ വീണ്ടും നമ്മള്‍ തുടങ്ങിയിടത്തു തന്നെ വന്നു ചേരും. ശബരിമല പുനഃപരിശോധനാ ഹര്‍ജിയിലെ തീരുമാനത്തിന് കാത്തു നിന്നാല്‍ മാത്രമേ ഏതെങ്കിലും ഒരു പുതിയ വ്യാഖ്യാനത്തിന് ഡിവിഷന്‍ ബഞ്ചുകള്‍ക്ക് സാധിക്കൂ. ചീഫ് ജസ്റ്റിസ് ഗോഗോയിയുടെ ബഞ്ച് വ്യാഴാഴ്ച അതില്‍ തീരുമാനം എടുത്തതുമില്ല.

പുനഃപരിശോധനാ ഹര്‍ജിയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത അസാധാരണ നടപടികള്‍ക്ക് മുതിരുകവഴി എന്തിനെക്കുറിച്ചും എല്ലാറ്റിനെക്കുറിച്ചും ഒരുമിച്ചൊരു ഹര്‍ജി ആര്‍ക്കും കൊടുക്കാമെന്നും അതു കോടതി അനുവദിക്കും എന്നുമാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ അത് ജുഡീഷ്യല്‍ അച്ചടക്കത്തിന് എത്രമാത്രം ഗുണകരമാണ് എന്ന കാര്യം ചിന്തനീയമാണ്.

ജസ്റ്റിസ്.ചന്ദ്രചൂഡിനും കൂടി വേണ്ടി ജസ്റ്റിസ്. നരിമാന്‍ എഴുതിയ വിയോജന വിധിന്യായം ഇക്കാര്യങ്ങളൊക്കെ വിശദീകരിക്കുന്നുണ്ട്. വിയോജന വിധിയിലെ തടസവാദങ്ങളില്‍ ഒന്നുപോലും ഭൂരിപക്ഷ വിധിയില്‍ പരാമര്‍ശിക്കപ്പെടുന്നില്ല എന്നു മാത്രമല്ല എന്തുകൊണ്ട് റിവ്യൂ ഹര്‍ജിയില്‍ തങ്ങള്‍ ഇത്തരം ഒരു തീരുമാനത്തിലെത്തിച്ചേരുന്നു എന്നു വിശദീകരിക്കുന്നുപോലും ഇല്ല. എന്തു തന്നെയായാലും നിയമ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാക്കാവുന്ന ഒരു വിധിയല്ല ഭൂരിപക്ഷത്തിന്റേത്.

WATCH THIS VIDEO: