ന്യൂദല്‍ഹി: ശബരിമല വിഷയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രണ്ട് ഹരജികളും ഫെബ്രുവരി 8 ന് തന്നെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ പരിഗണിക്കേണ്ട കേസുകളുടെ സാധ്യതാ പട്ടികയിലാണ് സര്‍ക്കാരിന്റെ ഹരജിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേരള ഹൈക്കോടതിയിലുള്ള എല്ലാ ഹരജികളും സുപ്രീംകോടതിയിലേക്ക് മാറ്റാനും ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയമിച്ചതിനെതിരായുമാണ് സര്‍ക്കാരിന്റെ ഹരജി.
ഫെബ്രുവരി 8 ന് ഈ ഹരജികള്‍ പരിഗണിച്ചേക്കും എന്ന് ഇന്ന് ഉച്ചക്ക് ശേഷം ആണ് സുപ്രീം കോടതി വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തത്.
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായ ഹരജികള്‍ ഫെബ്രുവരിയില്‍ പരിഗണിക്കേണ്ട കേസുകളുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 8 ന് തന്നെയാണ് ഇതും ക്രമപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ഭരണഘടനാ ബെഞ്ച് അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അവധി കണക്കിലെടുത്ത് ഹരജി പരിഗണിക്കുന്നത് മാറ്റിയിരുന്നു. ഈ മാസം 27 വരെയാണ് ഇന്ദു മല്‍ഹോത്രയുടെ അവധി.
ശസ്ത്രക്രിയയെ തുടര്‍ന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിശ്രമത്തിലാണ്. ജനുവരി 18 വരെയായിരുന്നു ഇന്ദു മല്‍ഹോത്രയുടെ അവധി. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സുപ്രീം കോടതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഇന്ദു മല്‍ഹോത്രയുടെ പേരില്ല.
ഇന്ദു മല്‍ഹോത്ര അവധിയില്‍ പ്രവേശിച്ചതിനാല്‍ ശബരിമല കേസ് 22ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കിയിരുന്നു.
ശബരിമല വിധിക്കെതിരെ അമ്പതിലകം പുനഃപരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ റിട്ട് ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹരജിക്ക് മാത്രം ഇത് വരെ തീയതി നല്‍കിയിട്ടില്ല.
WATCH THIS VIDEO: