ശബരിമല: ദേവസ്വം ബോര്‍ഡിന് വിശദീകരണക്കത്ത് നല്‍കി ശബരിമല തന്ത്രി കണ്ഠരര് രാജീവര്. ശ്രീധരന്‍പിള്ള പറഞ്ഞത് പച്ചക്കള്ളമാണെന്നും താന്‍ ആരേയും വിളിച്ചിട്ടില്ലെന്നുമായിരുന്നു തന്ത്രിയുടെ വാദം.
നിയമോപദേശം തേടി താന്‍ വിളിച്ചിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞത് കള്ളമാണെന്നുമായിരുന്നു വിശദീകരണക്കത്തില്‍ കണ്ഠരര് രാജീവര് പറഞ്ഞത്. ശബരിമല വിഷയത്തില്‍ താന്‍ കണ്ഠരര് മോഹനരോട് മാത്രമാണ് ചര്‍ച്ച ചെയ്തത്. അല്ലാതെ മറ്റൊരാളുടെ ഉപദേശവും താന്‍ നേടിയിട്ടില്ലെന്നും കണ്ഠരര് പറഞ്ഞു. തന്ത്രിയുടെ കത്ത് അടുത്ത ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.
നേരത്തെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ നട അടച്ചാല്‍ അത് കോടതിയലക്ഷ്യമാകുമോയെന്ന് തന്ത്രി കണ്ഠരര് രാജീവര് തന്നോട് നിയമോപദേശം തേടി എന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞിരുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ ശ്രമിക്കവേ തന്ത്രി നട അടച്ചിട്ടിരുന്നു. ഇത് തന്നോടു കൂടിയാലോചിച്ചിട്ടായിരുന്നു എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ അവകാശവാദം.
ALSO READ: നിയമോപദേശം തേടി തന്ത്രി തന്നെ വിളിച്ചിട്ടില്ല; മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള
നടയടയ്ക്കുന്നതിനെ കുറിച്ച് അദ്ദേഹം ഏറെ നേരം സംസാരിച്ചു. ആ സമയം ഏറെ അസ്വസ്ഥനായിരുന്നു അദ്ദേഹം. തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും ഞാന്‍ പറഞ്ഞു. ഇതിന് ശേഷമായിരുന്നു തന്ത്രിയുടെ തീരുമാനമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ശ്രീധരന്‍ പിള്ള ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ താന്‍ ആരോടും ഫോണില്‍ വിളിച്ച് നിയമോപദേശം തേടിയിട്ടില്ലെന്ന് രാജീവരര് അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
വിവാദങ്ങള്‍ ശക്തമായതോടെ നിയമോപദേശം തേടി തന്ത്രി തന്നെ വിളിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.