പത്തനംതിട്ട: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എസ്.പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് പരാതി നല്‍കി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കല്‍ മേഖലയുടെ ചുമതലയുള്ള എസ്.പിയുമായി സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാത്തതില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് മന്ത്രി എസ്.പിയോട് പറഞ്ഞപ്പോള്‍ തുടര്‍ന്നുണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കുമോ എന്ന് എസ്.പി തിരിച്ചു ചോദിച്ചിരുന്നു.
യതീഷ് ചന്ദ്രക്കെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വവും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
അതേസമയം കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ പൊലീസ് തടഞ്ഞെന്ന പ്രചരണം ശക്തമാകുന്നതിനിടെ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. മന്ത്രിയുടെ വാഹനം കടന്നുപോയി ഏഴുമിനിറ്റ് കഴിഞ്ഞെത്തിയ കാറാണ് പൊലീസ് സംശയം തോന്നി പരിശോധിച്ചത്. തുടര്‍ന്ന് മന്ത്രിയും സംഘവും തിരികെ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. മന്ത്രിക്കൊപ്പമുള്ളവര്‍ തന്നെയാണ് തടഞ്ഞ കാറിലും ഉണ്ടായിരുന്നതെന്നുസ്ഥിരീകരിച്ചതോടെ വിശദീകരണം നല്‍കി പൊലീസ് പിന്മാറുകയായിരുന്നു.
കേന്ദ്രമന്ത്രി സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞെന്ന പേരിലായിരുന്നു തര്‍ക്കം. എന്നാല്‍, പുലര്‍ച്ചെ പമ്പ ത്രിവേണിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പറയുന്നത് ഇങ്ങനെയാണ്. 1.13നു പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ബി.ജെ.പി നേതാക്കള്‍ സഞ്ചരിച്ച രണ്ട് കാറുകള്‍, പൊലീസ് അകമ്പടിയില്‍ ഇതുവഴി കടന്നുപോകുന്നു. കേന്ദ്രമന്ത്രി നിലക്കല്‍ ഭാഗത്തേക്ക് പോയശേഷം 1.20നു അടുത്ത വാഹനം എത്തുന്നു. മന്ത്രിയുടെ വാഹനംപോയി ഏഴുമിനിറ്റ് കഴിഞ്ഞെത്തിയ കാര്‍ പൊലീസ് തടയുന്നു. പരിശോധിക്കുന്നു.
നേരത്തെ, പമ്പയിലും നിലക്കയ്ക്കല്‍ ഉണ്ടായ സംഘര്‍ഷത്തിലെ പ്രതി ഈ വാഹനത്തില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്നായിരുന്നു പരിശോധനയെന്നും, മന്ത്രിവാഹനം ആരും തടഞ്ഞിട്ടില്ലെന്നും പിന്നീട് പോലീസും വ്യക്തമാക്കി.
എന്നാല്‍, ഈ സംഭവത്തിന് തൊട്ടുമുന്‍പ് ഗണപതികോവിലിന് താഴെ, വാഹനം തടഞ്ഞതുകൊണ്ടാണ് 7 മിനിറ്റ് വൈകിയതെന്നും പൊലീസിന് മൂന്ന് കാറുകളുടെയും നമ്പര്‍ നല്‍കിയിരുന്നതായും ബി.ജെ.പി വിശദീകരിക്കുന്നു.