| Friday, 28th September 2018, 11:03 pm

ശബരിമല സ്ത്രീപ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും ഒരു സ്ത്രീയും അവിടെ പോകുമെന്ന് താന്‍ കരുതുന്നില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. യുക്തിവാദികളും ബുദ്ധിജീവികള്‍ എന്ന് നടിക്കുന്നവരുമൊക്കെ ഗീര്‍വാണ പ്രഭാഷണം നടത്തും. എന്നാല്‍ ഒരാള്‍ പോലും ശബരിമലയില്‍ പോകുമെന്ന് താന്‍ കരുതുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

താന്ത്രികവിദ്യ അനുസരിച്ച് ശാസ്ത്രീയമായി പ്രാണപ്രതിഷ്ഠ നടത്തുന്ന ക്ഷേത്രത്തിനകത്ത് നിലനില്‍ക്കുന്ന ചൈതന്യത്തെ കുറിച്ച് ബോധ്യമുളളവരും അതിനനുസരിച്ച് പക്വമായി തന്നെ ഈ അനുഷ്ഠാനത്തെ , പാരമ്പര്യത്തെ കൈകാര്യം ചെയ്ത് മുന്നോട്ടുപോകാന്‍ മതവിശ്വാസികളായ സ്ത്രീകള്‍ക്ക് സാധിക്കുമോ ഇല്ലയോ എന്ന് സാംസ്‌കാരിക കേരളം കാണിച്ചുതരുമെന്നാണ് ഈ സമയത്ത് പറയാന്‍ ഉളളതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ALSO READ: അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കല്ല: ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

സ്ത്രീകളുടെ ശബരിമല പ്രവേശനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

സത്രീകള്‍ക്ക് ഏതു സമയത്തും അമ്പലത്തില്‍ പോകാം. ആചാരവും വേണ്ട അനുഷ്ഠാനവും വേണ്ട എന്ന നിലയില്‍ ജനങ്ങളെ ചിന്തിപ്പിക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആരോപണം.

പാരമ്പര്യങ്ങളോട് ആദരവ് പുലര്‍ത്തികൊണ്ട് ആചാര്യസമൂഹമായും മതപണ്ഡിതന്‍മാരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അത്തരം ചര്‍ച്ചകളിലുടെ ഉരുത്തിരിയുന്ന ആശയങ്ങള്‍ വാദമുഖമായി അവതരിപ്പിക്കാനും സര്‍ക്കാര്‍ മുന്നോട്ടുവന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ALSO READ: ഇന്തോനേഷ്യയില്‍ വന്‍ഭൂകമ്പം; ഭൂകമ്പ മാപിനിയില്‍ 7.7 രേഖപ്പെടുത്തി;സുനാമി മുന്നറിയിപ്പ്

അതേസമയം ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നായിരുന്നു ആര്‍.എസ്.എസിന്റെ പ്രതികരണം. ജാതി, ലിംഗ ഭേദമില്ലാതെ ഭക്തജനങ്ങള്‍ക്കെല്ലാം ക്ഷേത്രങ്ങളില്‍ തുല്യ അവകാശമാണുള്ളതെന്ന് ആര്‍.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി പറഞ്ഞു.

വിവിധ അഭിപ്രായങ്ങളെ സമന്വയിപ്പിക്കുന്നതിനാവശ്യമായ സാവകാശവും ബോധവല്‍കരണവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിധിയില്‍ സമ്മിശ്രപ്രതികരണവുമായായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more