കോഴിക്കോട്: തനിക്കെതിരെ ജനം ടി.വി വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണെന്ന് സി.പി.ഐ.എം മുന്‍ ഏരിയ കമ്മിറ്റി അംഗം ശശികല റഹിം. തന്റെ മരുമകള്‍ ശബരിമലയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത ജനം ടി.വി കെട്ടിച്ചമച്ചതാണെന്ന് ഫേസ് ബുക്ക് ലൈവിലൂടെ ശശികല പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് “തൊടുപുഴ ഉടുമ്പന്നൂരില്‍ സുലേഖ തോമസ് ശബരിമലയിലേക്ക് എന്ന തരത്തില്‍ ജനം ടി.വി വാര്‍ത്ത നല്‍കിയത്. സി.പി.ഐ.എം നേതാവ് ശശികല റഹിമിന്റെ മരുമകളാണ് സുലേഖ തോമസ്. യുക്തിവാദി സംഘത്തോടെപ്പമാണ് സുലേഖ മല കയറുന്നത്. ശബരിമലയിലേക്ക് പോകുന്ന മരുമകളെ സ്വീകരിക്കാന്‍ ശശികല റഹിം പമ്പയിലെത്തും എന്നും ജനം ടി.വി വാര്‍ത്തയില്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തനിക്ക് മുട്ടിന് തേയ്മാനമുണ്ടെന്നും സ്വന്തം വീടിന്റെ മുറ്റത്തേക്ക് പോലും ഇറങ്ങാന്‍ പ്രയാസപ്പെടുന്ന തനിക്കെങ്ങനെയാണ് പമ്പ വരെ പോകാന്‍ കഴിയുക എന്നും ശശികല റഹിം ഫേസ്ബുക്ക് ലൈവില്‍ ചോദിക്കുന്നു. താനോ തന്റെ കുടുംബമോ അറിയാത്ത കാര്യമാണ്. മരുമകള്‍ ഒരു മാസമായി അവളുടെ വീട്ടിലാണ്. അവളെ വിളിച്ചപ്പോള്‍ അവള്‍ക്കും ഇതിനെപ്പറ്റി ഒന്നുമറിയില്ല. അവിടുത്തെ യുക്തിവാദി സംഘത്തിലെ ആളുകളുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു തീരുമാനം അവര്‍ എടുത്തിട്ടില്ല. അത് ഞങ്ങള്‍ക്ക് പോകാനുള്ള സ്ഥലമല്ല എന്നായിരുന്നു അവരുടെ മറുപടി എന്നും ശശികല റഹിം പറുന്നു.
ALSO READ: സന്നിധാനത്ത് 15 വനിതാ പൊലീസുകാരെത്തി
താന്‍ ജനം ടി.വി കാണുന്ന ശീലമില്ലാത്ത ഒരാളാണ്. പണ്ട് കേബിള്‍ ടി.വി എടുത്ത കാലത്ത് ഒരുതവണ മാത്രമേ ആ ചാനല്‍ കണ്ടിട്ടുള്ളൂ. അതുകൊണ്ട് തന്നെ അവര്‍ കൊടുത്ത വാര്‍ത്ത കാണാനും വൈകി. വാര്‍ത്ത കണ്ട് അഭിപ്രായം അറിയാന്‍ ന്യൂസ് 18 ചാനലില്‍ നിന്നും വിളിച്ചപ്പോഴാണ് ഇതിനെക്കുറിച്ച് താന്‍ അറിയുന്നത് പോലും. കൂടെ പ്രവര്‍ത്തിച്ച നിരവധി സഖാക്കള്‍ക്ക് ഇപ്പോള്‍ വിജിലന്‍സില്‍ നിന്നും പൊലീസില്‍ നിന്നും കാള്‍ വരുന്നുണ്ട്. അവരും വിവരങ്ങള്‍ അറിയാന്‍ ഇപ്പോള്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. ശശികല പറയുന്നു.
താനൊരു വിശ്വാസി അല്ല, ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നുമില്ല. എന്നാല്‍ സുപ്രീം കോടതി വിധിക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് തനിക്കും. ഇത്തരത്തില്‍ ഒരു വാര്‍ത്ത നല്‍കിയ ജനം ടി.വി തന്നെയും തന്റെ കുടുംബത്തേയും അപമാനിക്കുകയാണെന്നും ശശികല റഹിം കൂട്ടിച്ചേര്‍ത്തു.
നേരത്തേ ശബരിമലയിലേക്ക് ദര്‍ശനത്തിനായി യുവതികളെ അയക്കാന്‍ സി.പി.ഐ.എം നേതാക്കള്‍ വീടുകള്‍ തോറും പ്രചരണം നടത്തുന്നു എന്ന ജനം ടി.വിയുടെ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ.എം പറ. ഇത് ബോധപൂര്‍വ്വം കലാപമുണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ്. എന്നാല്‍ ഇത് ജനം ടി.വി പടച്ചു വിട്ടതാണെന്നും ശബരിമലയുമായി ബന്ധപ്പെട്ട് ജനം ടി.വിയുടെ ഈ വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ആലോചിക്കുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ് ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.