തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശബരിമല കര്‍മ്മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
എന്നാല്‍ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. പ്രഖ്യാപിക്കപ്പെട ഹര്‍ത്താലിന് പിന്തുണയും അറിയിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ആലോചിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്ന് ശ്രീധരന്‍പിള്ള വിശദമാക്കി. രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാന്‍ ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം യുവതികളുടെ ശബരിമലപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി നാളെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ടി.നസ്റുദ്ദീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സാധാരണപോലെ നാളെയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. 93 സംഘടനകളുമായി ആലോചിച്ചാണ് തീരുമാനം. മുഖ്യമന്ത്രിയോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയോടും തങ്ങള്‍ ഹര്‍ത്തലുമായി സഹകരിക്കില്ലയെന്ന വിവരം അറിയിച്ചിട്ടുണ്ടെന്നും ടി. നസ്‌റുദ്ദീന്‍ പറഞ്ഞു.
ശബരിമല സുപ്രീംകോടതി വിധി വന്നതിന് ശേഷം ബി.ജെ.പി നടത്തുന്ന ഏഴാമത്തെ ഹര്‍ത്താലാണിത്.
ശബരിമല വിഷയത്തില്‍ തന്നെ ബി.ജെ.പി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇനി ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എന്നിവര്‍ ചേര്‍ന്ന് വ്യക്തമാക്കിയിരുന്നു.
യുവതീപ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. പ്രാദേശികമായി ചിലയിടങ്ങളില്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതം തടസ്സപ്പെടുന്നത് ശബരിമല തീര്‍ഥാടകരെയും ബാധിച്ചു.
കൊല്ലം ജില്ലയില്‍ പരവൂര്‍, കൊട്ടാരക്കര, പട്ടാഴി തുടങ്ങിയ മേഖലകളില്‍ ശബരിമല കര്‍മസമിതി ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.