ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് തന്നെയാണ് സംഘടനയുടെ നിലപാടെന്ന് ആര്‍.എസ്.എസ്
Sabarimala women entry
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് തന്നെയാണ് സംഘടനയുടെ നിലപാടെന്ന് ആര്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd November 2018, 4:55 pm

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് തന്നെയാണ് സംഘടനയുടെ നിലപാടെന്ന് ആര്‍.എസ്.എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി. താനെയിലെ ആര്‍.എസ്.എസ് സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് തന്നെയാണ് സംഘടനയുടെ നിലപാട്. സമവായത്തിലൂടെയാണ് ഇത് നടപ്പാക്കേണ്ടത്. വിശ്വാസികളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല. ഭക്തരുടെ വികാരം മാനിക്കണം എന്നായിരുന്നു ചോദ്യത്തിന് മറുപടിയായി ഭയ്യാജി ജോഷി പറഞ്ഞത്.

ആര്‍.എസ്.എസ് സമ്മേളനത്തിന് എത്തിയ അമിത് ഷായുമായി ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഭയ്യാജിയുടെ പത്രസമ്മേളനം. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് അടിയന്തിരമായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഉറപ്പാക്കണമെന്നും ആവശ്യമെങ്കില്‍ 1992 മോഡല്‍ പ്രക്ഷോഭം നടത്തുമെന്നും ഭയ്യാജി ജോഷി വ്യക്തമാക്കിയിരുന്നു.

Also Read  ഭയ്യാജി ജോഷി ശബരിമല വിധിയെ അനുകൂലിച്ചെന്ന് തെളിഞ്ഞാല്‍ അഖിലേന്ത്യാ നേതാവ് സ്ഥാനം രാജിവെയ്ക്കാമെന്ന് വി മുരളീധരന്‍ ; തെളിവ് നിരത്തി ഷാനി പ്രഭാകരന്റെ മറുപടി

നേരത്തെയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ആര്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം ആവാമെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്നായിരുന്നു ഭയ്യാജി ജോഷി പറഞ്ഞിരുന്നത്. എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണം. ഇതാണ് ആര്‍.എസ്.എസിന്റെ പൊതുവായ നിലപാടെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കേരളത്തില്‍ ആര്‍.എസ്.എസും ബി.ജെ.പിയും സ്ത്രീ പ്രവേശനത്തിന് എതിരായ നിലപാടാണ് എടുത്തത്. സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികളും ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളും സ്ത്രീ പ്രവേശനത്തിന് എതിരായി നിലനില്‍ക്കുകയും. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന് ഹിന്ദുക്കളെ ശരിയാക്കിയെന്നും കമ്മ്യൂണിസ്റ്റുകാരുടെ ഹിന്ദുവിരുദ്ധതയാണ് ഇങ്ങനൊരു വിധിവരാന്‍ കാരണമെന്നും സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചിരുന്നു.

Also Read  സംഘര്‍ഷമുണ്ടാക്കാന്‍ ഹൈക്കോടതിയെ ഉപയോഗിക്കരുത്; അയ്യപ്പഭക്തന്‍ കൊല്ലപ്പെട്ടെന്ന ആരോപണത്തില്‍ കോടതി

ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. ഒരു പ്രത്യേക പ്രായത്തിനിടയിലുള്ള സ്ത്രീകളെ വിലക്കുന്നത് ശബരിമലയിലെ ആചാരങ്ങളില്‍ അവിഭാജ്യ ഘടകമല്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു. വിശ്വാസത്തില്‍ വിവേചനം പാടില്ലെന്നും ശബരിമലയിലെ ആചാരം വിവേചന പരമാണെന്നും കോടതി പറഞ്ഞു. ദീര്‍ഘകാലമായി തുടരുന്ന കാത്തിരിപ്പുകള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമാണ് ഇതോടെ അറുതിയായത്. ഭരണഘടനാ ബഞ്ചിലെ അഞ്ചില്‍ നാലുപേരാണ് സ്ത്രീപ്രവേശനത്തിന് പച്ചക്കൊടി കാണിച്ചത്.

DoolNews Video