കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയിലെ നിലപാടില്‍ മലക്കം മറിഞ്ഞ് സംഘപരിവാര്‍ നേതാക്കള്‍. സ്ത്രീപ്രവേശനമടക്കമുള്ള ഏത് ആചാരാമാറ്റവും നടത്താമെന്ന് തന്നെയാണ് സംഘത്തിന്റെ അഭിപ്രായമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു.
ശബരിമല പ്രക്ഷോഭം പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണെന്ന റെഡി ടു വെയ്റ്റ് ക്യാംപയിന്‍ നേതാവ് പദ്മപിള്ളയുടെ ആരോപണത്തിന് പിന്നാലെയാണ് ആര്‍.വി ബാബുവിന്‍റെ പ്രതികരണം.
ഇക്കാര്യം വിധി വന്നതിന് ശേഷം ഗോപാലന്‍ കുട്ടി മാസ്റ്റര്‍ ( ആര്‍.എസ്എസ് പ്രാന്ത കാര്യവാഹക്) പ്രസ്താവനയിലൂടെ വ്യക്തമാക്കിയതാണ്. എന്നാല്‍ ആചാര്യന്മാരും തന്ത്രിമാരും ബന്ധപ്പെട്ടവരും ചേര്‍ന്ന് തീരുമാനിക്കണമെന്നാണ് അന്നും ഇന്നും സംഘം പറയുന്നതെന്നാണ് ആര്‍.വി ബാബു ഫേസ്ബുക്കില്‍ കുറിച്ചത്.
ശബരിമല വിഷയത്തിലെടുത്ത നിലപാടുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ തര്‍ക്കം നടക്കുന്നതിനിടയിലാണ് ആചാരാമാറ്റം നടത്താമെന്ന് സമ്മതിച്ച് കൊണ്ട് ഹിന്ദു ഐക്യവേദി നേതാവ് രംഗത്തെത്തുന്നത്.
സര്‍ക്കാര്‍ തെറ്റായ രീതിയില്‍ വിധി നടപ്പിലാക്കാന്‍ പുറപ്പെട്ടപ്പോഴാണ് നാം സമരവുമായി രംഗത്ത് വന്നതെന്നും ബാബു ഫേസ്ബുക്കിലിട്ട കമന്റില്‍ പറയുന്നു.
ശബരിമല പ്രക്ഷോഭത്തിലെ സംഘപരിവാര്‍ നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് റെഡി ടു വെയ്റ്റ് ക്യാംപയിന്‍ നേതാവ് പദ്മ പിള്ള രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളുടെ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ കേരളത്തില്‍ നടന്ന പ്രക്ഷോഭം പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ പറ്റുന്നു എന്നോര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നുവെന്നുമായിരുന്നു പദ്മ പിള്ള പറഞ്ഞത്.
‘ഒരു കാര്യം ഏകദേശം ക്ലിയറായി വരുന്നുണ്ട്. ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടില്‍ ചവിട്ടു കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ, അയ്യപ്പക്ഷേത്രത്തിലോ അവിടത്തെ തന്ത്ര ആഗമങ്ങളോട് ഉള്ള ബഹുമാനമോ കൊണ്ടല്ല പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണ്.
ശബരിമല ഒരു വോട്ടുബാങ്ക്, പൊളിറ്റിക്കല്‍ അടവുനയം മാത്രമായിരുന്നു അവര്‍ക്ക്. ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ പറ്റുന്നു എന്നോര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു’ എന്നായിരുന്നു കമന്റ്.
നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ ശബരിമല സുവര്‍ണാവസരമാണെന്ന പരാമര്‍ശം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. അതിനെ സാധൂകരിക്കുന്ന അഭിപ്രായങ്ങള്‍ നിലവില്‍ ശബരിമല പ്രക്ഷോഭത്തെ പിന്തുണച്ചവരില്‍ നിന്ന് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശബരിമല വിഷയം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം സുവര്‍ണാവസരമാണെന്നും ബി.ജെ.പി മുന്നോട്ട് വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണു എന്നുമായിരുന്നു ശ്രീധരന്‍പിള്ള അന്ന് പറഞ്ഞത്.